വീഴ്ചയില്‍ നിന്ന് വിജയത്തിലേക്ക്…

പരാജയം വിജയത്തിന്റെ ചവിട്ടുപടിയാണെന്ന് പൊതുവേ പറയാറുണ്ട്. പക്ഷേ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരുടെ കാര്യത്തില്‍ മാത്രമേ ആ പ്രയോഗം ശരിയായി വരാറുള്ളൂ. അക്കൗണ്ടന്റ് ജോലി ഉപേക്ഷിച്ച് ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയില്‍ ഒരു സംരംഭം കെട്ടിപ്പടുക്കാന്‍ ഇറങ്ങുമ്പോള്‍ തിരുവനന്തപുരം സ്വദേശിയായ അരുണ്‍ എന്ന ചെറുപ്പക്കാരന്‍ സ്വാഭാവികമായും വെല്ലുവിളികളെ പ്രതീക്ഷിച്ചിരുന്നു.
താന്‍ ജോലിയെടുത്തിരുന്ന സ്ഥാപനത്തില്‍ തന്നെ എന്‍ജിനീയറിങ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന നാല് സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് 2019 ല്‍ നാസ ഇന്‍ഫ്രാസ്ട്രക്ചര്‍ (NAAZA) എന്ന പേരില്‍ കണ്‍സ്ട്രക്ഷന്‍ സ്ഥാപനം ആരംഭിക്കുന്നത്.

തുടക്കക്കാര്‍ എന്ന നിലയില്‍ ഒരു പ്രോജക്ട് സ്വന്തമാക്കാന്‍ ഇവര്‍ ഏറെ പണിപ്പെട്ടു. ഒടുവില്‍ കോട്ടയത്ത് നിന്ന് ഒരു ക്ലെയ്ന്റ് ഇവരില്‍ വിശ്വാസമര്‍പ്പിച്ച് വീടുപണി ഏല്‍പ്പിച്ചു. മേഖലയിലെ പരിചയക്കുറവും മറ്റു ചില കാരണങ്ങളും നിമിത്തം സമയബന്ധിതമായി ആ പ്രൊജക്ട് പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വന്നു. ഒടുവില്‍, ആദ്യമായി കിട്ടിയ ഒരു പ്രോജക്ട് കൈവിട്ടു പോകുന്ന സാഹചര്യം വരെ ഉണ്ടായി.
ഇതിനിടെ തിരുവനന്തപുരത്ത് ഒന്ന് രണ്ട് പ്രൊജക്ടുകള്‍ കൂടി കിട്ടിയിരുന്നു. പക്ഷേ അവിടെയും പ്രതിസന്ധികള്‍ വഴിമാറിയില്ല. ഒടുവില്‍ 50 ലക്ഷത്തോളം ബാധ്യതയിലേക്ക് കമ്പനി എത്തുന്നു. എങ്കിലും തളരാന്‍ തയ്യാറല്ലാത്ത മനസ്സോടെ മുന്നോട്ടു തന്നെ നീങ്ങി. തങ്ങളുടെ പോരായ്മകള്‍ എവിടെയാണെന്ന് കൃത്യമായി അരുണ്‍ പഠിച്ചു. അതിനിടെ വിവിധ ഘട്ടങ്ങളിലായി പലവിധ കാരണങ്ങളാല്‍ പരസ്പര ധാരണയോടെ കമ്പനിയില്‍ ഉണ്ടായിരുന്ന മറ്റ് പാര്‍ട്‌ണേഴ്‌സ് എല്ലാം പിരിഞ്ഞു പോയി. ഇപ്പോള്‍ അരുണും ഭാര്യയുമാണ് കമ്പനി പാര്‍ട്‌ണേഴ്‌സ്. അവിടെ നിന്നാണ് പുതിയൊരു ഉയര്‍ത്തെഴുന്നേല്‍പ്പ് തുടങ്ങുന്നത്.
ഇതില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം ആദ്യ പ്രൊജക്ട് ഏല്‍പ്പിച്ച കോട്ടയത്തെ ആ ക്ലെയ്ന്റാണ് അരുണിന്റെ പിന്നീടുള്ള യാത്രയില്‍ ഒരു മെന്റര്‍ എന്ന രീതിയില്‍ എല്ലാവിധ പിന്തുണയുമായി ഒപ്പം നില്‍ക്കുന്നത്. വര്‍ക്ക് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കിലും അരുണിന്റെ ആത്മാര്‍ത്ഥമായ ശ്രമങ്ങളെ തിരിച്ചറിഞ്ഞ അദ്ദേഹം പിന്നീടുള്ള ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും ഒരു വഴികാട്ടി എന്നപോലെ നിലകൊണ്ടു.
ഇന്ന് നാസ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സിന് തിരുവനന്തപുരത്ത് രണ്ട് ഓഫീസുകള്‍ ഉണ്ട്, കവടിയാറിലും തിരുമലയിലും. അടുത്തതായി, യുകെയിലും ദുബായിലും കൂടി ബ്രാഞ്ചുകള്‍ തുടങ്ങാനുള്ള ശ്രമം പുരോഗമിക്കുകയാണ്. മുന്‍പുണ്ടായിരുന്ന സകല കുറവുകളും നികത്തി ഏറ്റവും ഉത്തരവാദിത്വത്തോടെയാണ് നിലവില്‍ ഓരോ പ്രോജക്ടുകളും ഏറ്റെടുത്ത് ചെയ്തുവരുന്നത്.
നമ്മള്‍ എന്ത് സംരംഭം തുടങ്ങിയാലും ആ മേഖലയെ കുറിച്ച് കൃത്യമായ അറിവുണ്ടായിരിക്കണം. സംരംഭം പാര്‍ട്ണര്‍ഷിപ്പാണെങ്കില്‍, പങ്കാളികളായ എല്ലാവര്‍ക്കും ഒരേ പാഷന്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം സ്വന്തമായി തന്നെ തുടങ്ങുന്നതാണ് നല്ലത്. സംരംഭ മേഖലയില്‍ സ്വാഭാവികമായും പിഴവുകളും പോരായ്മകളും സംഭവിക്കാം. എന്തുതന്നെ സംഭവിച്ചാലും സുതാര്യമായി ക്ലെയ്ന്റിനോട് ഇടപെടാന്‍ ശ്രമിക്കണമെന്നും അങ്ങനെയെങ്കില്‍ ക്ലെയ്ന്റ് ഒപ്പം നില്ക്കുമെന്നും സ്വന്തം അനുഭവത്തില്‍ നിന്നും അരുണ്‍ പറയുന്നു.