കരാട്ടെ; ‘ആറ്റിങ്ങല്‍ കരാട്ടെ ടീമില്‍’ ആയോധന കലയും സാമൂഹ്യ ജീവിതത്തിന്റെ വിദ്യാഭ്യാസ ‘കരിക്കുല’വും.
ATTINGAL KARATTE TEAM; A NURTURING GROUND FOR CIVILIZED MAN
സഹ്യന്‍ ആര്‍
മനുഷ്യന്‍ എന്ന സംഘജീവിയുടെ സാമൂഹ്യജീവിതം രൂപപ്പെട്ടിരിക്കുന്നത് വിഭവങ്ങള്‍ക്കായുള്ള മത്സരങ്ങള്‍ക്കിടയിലും വികസിപ്പിച്ചെടുത്ത പരസ്പര ധാരണയിലുള്ള സാമൂഹ്യ ഉടമ്പടിയിലൂടെയാണെന്നു കാണാം. സഹകരണത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യന്‍ പടുത്തുയര്‍ത്തിയ ഈ സാമൂഹ്യ ക്രമീകരണത്തിന്റെ ഉത്പന്നങ്ങളാണ് നാഗരികതയും ആധുനിക ദേശരാഷ്ട്രങ്ങളുമൊക്കെ. ഇവയുടെയൊക്കെ ചാലകശക്തിയെന്നത് ‘സിവിലൈസ്ഡ്’ ആയ പൗരന്മാര്‍ തന്നെയാണ്.
സമൂഹ നിര്‍മാണത്തിനായി സംസ്‌കൃതരായ പൗരന്മാരെ ഉത്പാദിപ്പിക്കുന്നതിനുള്ള സ്‌കൂള്‍ എന്ന സംവിധാനത്തില്‍ ചഇഇ, ചടട പോലുള്ള വോളന്ററി ഓര്‍ഗനൈസേഷനുകളും ഭാഗമാകാറുണ്ട്. പൗരന്മാരെ വാര്‍ത്തെടുക്കുന്ന ആധുനിക സാമൂഹ്യ സംവിധാനങ്ങളുടെ ഈ നിരയിലേക്ക് ആയോധന പരിശീലന കേന്ദ്രങ്ങളെയുംപരിഗണിക്കാന്‍ സാധിക്കും.പക്ഷേ നമ്മുടെ നാട്ടില്‍ ‘കരാട്ടെ’ പോലുള്ള ആയോധനകലകളുടെ പരിശീലന കേന്ദ്രങ്ങളൊക്കെ പലപ്പോഴും പരമ്പരാഗതമായ ഒരു സമ്പ്രദായമെന്നതിന് അപ്പുറത്തേക്ക് സാമൂഹിക ഉത്തരവാദിത്വം വികസിപ്പിക്കുന്ന വിദ്യാഭ്യാസത്തിന്റെ ഇടങ്ങളാകാറില്ല. ഇവിടെയാണ് ആറ്റിങ്ങല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ആറ്റിങ്ങല്‍ കരാട്ടെ ടീം’ എന്ന കരാട്ടെ പരിശീലന കൂട്ടായ്മ വ്യത്യസ്തമാകുന്നത്.
ജാപ്പനീസ് ആയോധനകലയായ കരാട്ടെയെ മികച്ച വ്യക്തിത്വവികാസത്തിനും കായികശേഷിക്കും സുരക്ഷിതത്വബോധം വളര്‍ത്തുന്നതിനും സര്‍വ്വോപരി പൗരന്മാര്‍ക്കിടയില്‍ സാമൂഹിക ഉത്തരവാദിത്തമുണര്‍ത്തുന്നതിനും ഉതകുന്ന വിധത്തില്‍ ആധുനിക സാമൂഹ്യ വിദ്യാഭ്യാസത്തിന്റെ മികച്ച ‘കരിക്കുലമായി’ അവതരിപ്പിക്കുകയാണ് ആറ്റിങ്ങല്‍ കരാട്ടെ ടീം.
കരാട്ടെ മാര്‍ഷല്‍ ആര്‍ട്‌സില്‍ വിദഗ്ധനായ ആറ്റിങ്ങല്‍ നഗരൂര്‍ സ്വദേശി സമ്പത്ത് വി 2008 ല്‍ ആറ്റിങ്ങല്‍ കേന്ദ്രമായി ആരംഭിച്ച കരാട്ടെ പരിശീലന കേന്ദ്രത്തില്‍ നിന്നും ശിക്ഷണം കഴിഞ്ഞിറങ്ങിയ നിരവധി പേര്‍ പിന്നീട് മത്സര രംഗങ്ങളില്‍ മുന്നേറിയതോടെ ഓദ്യോഗികമായി അത് ‘ആറ്റിങ്ങല്‍ കരാട്ടെ ടീം’ എന്ന അക്കാദമിയായി നിലവില്‍ വന്നു. ഇന്നിപ്പോള്‍ വിവിധ ബ്രാഞ്ചുകളിലും സ്‌കൂളുകളിലുമായി ഇരുപത്തഞ്ചോളം ഇന്‍സ്ട്രക്ടര്‍മാര്‍ നല്‍കുന്ന ക്ലാസുകളില്‍ അയ്യായിരത്തോളം പേര്‍ കരാട്ടെ പരിശീലിക്കുന്നുണ്ട്.
മുന്‍പ് സൂചിപ്പിച്ചതുപോലെ കേവലം മാര്‍ഷല്‍ ആര്‍ട്‌സ് ട്രെയിനിങ് എന്നതു മാത്രമല്ല ഇവിടുത്തെ കരിക്കുലത്തിന്റെ പഠന ലക്ഷ്യം. മറിച്ച് സാമൂഹ്യ ജീവിതത്തില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നതിനുള്ള ശാരീരികവും വൈകാരികവുമായ ശേഷി വികസിപ്പിക്കുകയെന്ന ഉദ്ദേശ്യവുമുണ്ട്. അതിനായി കരാട്ടെ എന്ന മാര്‍ഷല്‍ ആര്‍ട്‌സിന്റെ ശാസ്ത്രീയ വശങ്ങളെ ക്രോഡീകരിച്ചുകൊണ്ടുള്ള നൈപുണ്യവികസന പരിശീലനമാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ കൈവരിക്കുന്ന പ്രധാന നേട്ടം ഇന്നത്തെ ജീവിതശൈലിയുടെ ഫലമായുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ ദൂരീകരിച്ച്, പരിണാമപരമായ രീതിയനുസരിച്ച് ‘ഹോമോസാപ്പിയന്‍സ് മനുഷ്യന്‍’ എന്ന ജീവിക്കു സ്വാഭാവികമായി വേണ്ടുന്ന ശാരീരിക ക്ഷമത ഉറപ്പുവരുത്താനാകും എന്നതാണ്. അതിനായി വളരെ ചിട്ടയോടെ ക്രമീകരിച്ച കായിക പരിശീലനത്തിലൂടെ കൃത്യനിഷ്ഠയും സാമൂഹിക ഉത്തരവാദിത്വവും വര്‍ദ്ധിക്കുന്നു.
വളരെ കുറഞ്ഞ റിയാക്ഷന്‍ ടൈമിലുള്ള അംഗചലനങ്ങള്‍ വേണ്ടുന്ന കരാട്ടെയുടെ തീവ്ര പരിശീലനത്തിലൂടെ ജീവിതത്തിലും ഞൊടിയിടയില്‍ തീരുമാനമെടുക്കാനുള്ള ശേഷി, മെയ് വഴക്കം, ചുറ്റുപാടിനെ തനിക്കനുകൂലമായി ഇണക്കാനുള്ള കഴിവ് എന്നിവ ആര്‍ജിക്കാന്‍ സാധിക്കും. നിസ്സാരമൊരു പരീക്ഷയില്‍ ഉണ്ടാകുന്ന തോല്‍വി പോലും നേരിടാന്‍ കഴിയാത്ത യുവതലമുറയ്ക്ക് കരാട്ടെ പരിശീലനത്തിലൂടെ തോല്‍വി എന്നത് സാമൂഹിക ജീവിതത്തിന്റെ ഭാഗമാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ സാധിക്കുന്നു.
കരാട്ടെ എന്നത് മത്സരബുദ്ധിയുടെയും പ്രതിരോധത്തിന്റെയും ഭാഗമാകുമ്പോഴും അതേസമയംഅതിന്റെ റൂള്‍സ് വിട്ടുവീഴ്ചകളുടെയും അച്ചടക്കത്തിന്റെയും പാഠപുസ്തകങ്ങളായി മാറുന്നു.ആ പാഠങ്ങള്‍ പഠിക്കുന്ന ഒരു ശിക്ഷാര്‍ത്ഥി നിയമങ്ങളാല്‍ സ്ഥാപിതമായ മനുഷ്യന്റെ സോഷ്യല്‍ കോണ്‍ട്രാക്ടിനോട് പക്വതയോടെ ഇഴുകിച്ചേരുന്നു. ഇത്തരത്തില്‍ മെച്ചപ്പെട്ട പൗരന്മാരെ വാര്‍ത്തെടുക്കാന്‍ കരാട്ടെയെ ഉപയോഗപ്പെടുത്തുന്നതിനാല്‍ രാഷ്ട്ര നിര്‍മ്മാണത്തിന്റെ ആധുനിക സിസ്റ്റത്തിലെ നിര്‍ണായക കണ്ണിയാണ് ആറ്റിങ്ങല്‍ കരാട്ടെ ടീം.
ഒരു ഒളിമ്പിക്‌സ് അംഗീകൃത കായിക ഇനത്തിന്റെ പരിശീലന കേന്ദ്രമെന്ന നിലയ്ക്ക് ഹൈ ഇന്റന്‍സിറ്റി ട്രെയിനിങ് നല്‍കി ഒരുക്കിയെടുത്ത ഒട്ടനവധി പ്രതിഭകളെ കായികരംഗത്തിന് സംഭാവന ചെയ്യാനും മിന്നുന്ന വിജയങ്ങള്‍ നേടാനും ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്.
നിരവധി പ്രതിഭകള്‍…. തങ്കലിപികളാല്‍ കോറിയിട്ട വിജയങ്ങള്‍…
കൈവരിച്ച നേട്ടങ്ങളില്‍ എടുത്തുപറയേണ്ടത് രാജ്യാന്തര ഒളിമ്പിക്‌സ് ഗെയിമിനു വേണ്ടിയുള്ള കായികതാരങ്ങളെ മികച്ച ട്രെയിനിങ്ങിലൂടെ വാര്‍ത്തെടുക്കാന്‍ സാധിച്ചു എന്നതു തന്നെയാണ്.2023 ല്‍ കാനഡയില്‍ നടന്ന വേള്‍ഡ് പോലീസ് മീറ്റില്‍ ആറ്റിങ്ങല്‍ ടീമില്‍ നിന്നുള്ള രംഗന്‍ ആര്‍ കെ ഇന്ത്യക്കുവേണ്ടി ഒരു സ്വര്‍ണവും വെങ്കലവും നേടി. രാജ്യാന്തരതലത്തിലുള്ള നേട്ടങ്ങള്‍ക്ക് പുറമേ രാജ്യത്തിനകത്തുംഒരുപിടി നേട്ടങ്ങള്‍ ആറ്റിങ്ങല്‍ ടീമിന് ഉയര്‍ത്തിക്കാട്ടാനാകും.
ഓള്‍ ഇന്ത്യ കരാട്ടെ ചാമ്പ്യന്‍ഷിപ്പുകളില്‍ കേരളത്തെ പ്രതിനിധീകരിക്കുന്ന അനേകം താരങ്ങള്‍ ആറ്റിങ്ങല്‍ കാരാട്ടെ ടീമില്‍ നിന്നുള്ളവരാണ്. കായിക താരങ്ങള്‍ക്ക് നേരിട്ട് നിയമനം നല്‍കുന്നതിനായി കേരള സര്‍ക്കാര്‍ പുറത്തിറക്കിയ ലിസ്റ്റില്‍ ആദ്യമായി കരാട്ടെ വിഭാഗത്തില്‍ നിന്നും പ്രാതിനിധ്യമുണ്ടായപ്പോള്‍ അതില്‍ ഉള്‍പ്പെട്ട മൂന്നുപേരും ഇവിടെ നിന്നും പരിശീലിച്ച അനര്‍ഘ, അമല്‍ അശോക്, സൂരജ് എന്നിവരായിരുന്നു.
കഴിഞ്ഞ വര്‍ഷം പഞ്ചാബില്‍ നടന്ന നാഷണല്‍ സ്‌കൂള്‍ ഗെയിംസില്‍ കേരളം നേടിയ ഏക വെള്ളി മെഡല്‍ ആറ്റിങ്ങല്‍ ടീമില്‍ നിന്നുള്ള ഫെമിദ ഹാജത്തിലൂടെയാണ് കൈവരിച്ചത്. ഇതിനുപുറമേ യൂണിവേഴ്‌സിറ്റി ഗെയിംസിലും കൗണ്‍സില്‍ അംഗീകൃത ഡിസ്ട്രിക്ട് സംസ്ഥാന ദേശീയ മത്സരങ്ങളിലുമായി 250 ഓളം മെഡല്‍ പോയ വര്‍ഷം ഈ ടീം നേടിയിട്ടുണ്ട്.
ആറ്റിങ്ങല്‍ പോലീസ് സ്‌റ്റേഷന് സമീപം മുഖ്യ പരിശീലന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആറ്റിങ്ങല്‍ കരാട്ടെ ടീം 45 ഓളം ബ്രാഞ്ചുകളിലും 35 ഓളം സ്‌കൂളുകളിലും കരാട്ടെ പരിശീലനം നല്‍കി വ്യായാമത്തില്‍ ഉറപ്പിച്ച ശരീരവുമായി, ആത്മവിശ്വാസമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യയുമായി ജൈത്രയാത്ര തുടരുന്നു.