സ്വപ്നം കണ്ട ഉയരങ്ങളെയെല്ലാം ഹൃദയപൂര്‍വ്വം കീഴടക്കി ജുനൈസും കൂട്ടുകാരും
വേറിട്ട സംഗീതാധ്യാപന സമീപനങ്ങളിലൂടെ ശ്രദ്ധേയമായ മ്യൂസിക് അക്കാദമി, മലബാറിന്റെ രുചിത്തനിമ വിളമ്പുന്ന റസ്റ്റോറന്റ്, മലപ്പുറത്തിന്റെ രാത്രികള്‍ക്ക് പുത്തനുണര്‍വേകുവാന്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്ന യുവാക്കളുടെ കൂട്ടായ്മ; 24 വയസ്സിനുള്ളില്‍ മലപ്പുറം അങ്ങാടിപ്പുറം സ്വദേശി മുഹമ്മദ് ജുനൈസ് സുഹൃത്തുക്കളോടൊപ്പം തിരികൊളുത്തിയ സംരംഭങ്ങളാണിത്. ഓണ്ഫ്ളോ എന്ന തന്റെ ആര്‍ക്കിടെക്ചര്‍ ഫിര്‍മിനെ വിജയകരമായി നാലാം വര്‍ഷത്തിലേക്ക് നയിച്ചുകൊണ്ടാണ് അദ്ദേഹം ഈ സംരംഭങ്ങളുടെയെല്ലാം അമരക്കാരനായി പ്രവര്‍ത്തിച്ചു വരുന്നത്.
ആര്‍ക്കിടെക്ചറിന്റെ പ്രയോഗശാസ്ത്രവും കലയുടെയും സംസ്കാരത്തിന്റെയും സൗകുമാര്യവും സമന്വയിപ്പിച്ചുകൊണ്ട് ഈ യുവാവ് സമപ്രായക്കാര്‍ സ്വപ്നം കാണുന്ന ഉയരങ്ങളിലേക്കാണ് നടന്നു കയറിയിരിക്കുന്നത്. കരിയര്‍ മുന്നില്‍ക്കണ്ട് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നപ്പോള്‍ ജുനൈസ് മാറ്റിവെച്ച കലാഭിരുചി പുനരുജ്ജീവിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളാണ് പിന്നീട് മൂന്നു സംരംഭങ്ങളായി വഴിപിരിഞ്ഞത്.
സമാന ഹൃദയരായ സുഹൃത്തുക്കളുടെ പ്രയത്നവും കൂടിച്ചേര്‍ന്നപ്പോള്‍ ഹൃദയമെന്ന പേരില്‍ മലപ്പുറത്തിന്റെ സാംസ്കാരിക മണ്ഡലത്തില്‍ വരവറിയിച്ച സംരംഭം പിറന്നു. തലച്ചോറിനൊപ്പം ഹൃദയം പറയുന്നത് കൂടി നാം കേള്‍ക്കേണ്ടതുണ്ടെന്ന സന്ദേശം പങ്കുവയ്ക്കാനാണ് ഹൃദയം എന്നുതന്നെ ഈ സംരംഭങ്ങള്‍ക്ക് പേരിട്ടതും. ജുനൈസും അഷര്‍ അലി, ഷഹബാസ്, അന്‍ഷിദ് എന്നീ സുഹൃത്തുക്കളും സ്കൂള്‍ കാലം മുതലേ മനസ്സില്‍ കൊണ്ടുനടന്ന സ്വപ്നമായിരുന്നു കലയും രുചിയും സംസ്കാരവും ഒരുമിപ്പിക്കുന്ന ‘ഹൃദയം’.
പഠനത്തിനിടയില്‍ പേരിന് ആഴ്ചയില്‍ ഒന്നോ രണ്ടോ ക്ലാസ്സുകളിലൂടെ സംഗീതം അഭ്യസിപ്പിക്കുന്ന സെന്ററുകള്‍ നാട്ടിന്‍പുറങ്ങളില്‍ വരെയുണ്ട്. പക്ഷേ അവിടെ നിന്ന് പഠിച്ചിറങ്ങുന്നവര്‍ ഈ മേഖലയില്‍ ശോഭിക്കുന്നത് വിരളമാണ്. സ്വന്തം അനുഭവത്തില്‍ നിന്നുതന്നെ ഇതു മനസ്സിലാക്കിയ ജുനൈസ് വിദ്യാര്‍ത്ഥികളുടെ മനസ്സിനെ പ്രചോദിപ്പിക്കാന്‍ തക്കതായ ഒരു അന്തരീക്ഷത്തില്‍ തന്നെ തങ്ങളുടെ മ്യൂസിക് അക്കാദമി പ്രവര്‍ത്തിക്കണമെന്ന് നിശ്ചയിച്ചു. ഇതിനായി അദ്ദേഹവും സുഹൃത്തുക്കളും തിരഞ്ഞെടുത്തത് 120 വര്‍ഷം പഴക്കമുള്ള നാട്ടില്‍ തന്നെയുള്ള ഒരു ഇല്ലമാണ്. ഈ വസ്തുവിന്റെ ഉടമയായ സുനില്‍ ജുനൈസിന്റെയും സുഹൃത്തുക്കളുടെയും ആശയത്തെ സസന്തോഷം സ്വീകരിച്ചു. അങ്ങനെ അദ്ദേഹവും ‘ഹൃദയ’ത്തിന്റെ ഭാഗമാകുകയും അതുവഴി ജുനൈസിന്റെയും സുഹൃത്തുക്കളുടെയും സ്വപ്നം സാക്ഷാത്കരിക്കുകയും ചെയ്തു.
പ്രകൃതിയോട് ഇണങ്ങി നില്ക്കുന്ന ഈ അന്തരീക്ഷത്തില്‍ പരിചയസമ്പന്നരായ അധ്യാപകര്‍ ഓരോ കുട്ടികളുടെയും കഴിവ് തിരിച്ചറിഞ്ഞ് അവര്‍ക്ക് ആവശ്യമായ അധ്യയനം നല്കുന്നു. 2023 ജനുവരിയില്‍ എട്ടു വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച സ്ഥാപനത്തില്‍ ഇന്ന് 103 വിദ്യാര്‍ത്ഥികളുണ്ട്.
പ്രകൃതിയോട് ഇണങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്ന ലക്ഷ്യത്തിലുറച്ച് റീസൈക്ലിങ്ങിലൂടെ അസംസ്കൃത വസ്തുക്കള്‍ കണ്ടെത്തുന്ന ഓണ്ഫ്ളോ ആര്ക്കിടെക്റ്റ്സിനൊപ്പം ഗ്രീന്‍ ലാന്‍ഡ്സ്കേപ്പിംഗ് സംരംഭവും ഈ സൗഹൃദക്കൂട്ടായ്മയുടെ ഫലമാണ്.
ഉത്തരകേരളത്തിന്റെ സാംസ്കാരിക രംഗത്തില്‍ ജുനൈസും കൂട്ടരും ഉണര്‍ത്തിവിട്ട തരംഗം സോഷ്യല്‍ മീഡിയയിലും പ്രതിഫലിക്കുന്നുണ്ട്. നമ്മുടെ പൈതൃക മൂല്യങ്ങളുടെ സ്പന്ദനം പുതുതലമുറയിലേക്ക് പകരുന്ന ജുനൈസിന്റെ പരിശ്രമങ്ങള്‍ ലക്ഷ്യങ്ങള്‍ കീഴടക്കാന്‍ വെമ്പുന്ന യുവാക്കള്‍ക്കെല്ലാം പ്രചോദനമാകട്ടെ.