കോവിഡ് പ്രതിസന്ധി; ടൂറിസം മേഖലയ്ക്ക് 34,000 കോടി നഷ്ടമെന്ന് മന്ത്രി പി.എം.മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി മൂലം കേരളത്തിന്റെ ടൂറിസം മേഖലയില്‍ 34,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നു മന്ത്രി പി.എം.മുഹമ്മദ് റിയാസ് അറിയിച്ചു. ഇത് മറികടക്കാന്‍ ആഭ്യന്തര ടൂറിസം ശക്തിപ്പെടുത്തുമെന്നും എല്ലാ പഞ്ചായത്തിലും ഒരു ടൂറിസം കേന്ദ്രമെങ്കിലും കണ്ടെത്തി വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് വ്യാപനം കുറയുന്ന മുറയ്ക്കു ടൂറിസം കേന്ദ്രങ്ങള്‍ തുറക്കണമെന്നു മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ടൂറിസം മേഖലയിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ ജോബ് ഫാക്ടറി തുടങ്ങും. ടൂറിസം മേഖലയിലെ സംരംഭകര്‍ക്കു സാമ്പത്തിക സഹായം നല്കാന് ബാങ്കുകളുമായി ചര്‍ച്ച നടത്തും. 2019ല്‍ 11.89 ലക്ഷം വിദേശ ടൂറിസ്റ്റുകളാണു കേരളത്തിലെത്തിയത്. 2025ല്‍ ഇത് 20 ലക്ഷമാക്കാനാണ് ഉദ്ദേശിക്കുന്നത്. 154 റെസ്റ്റ് ഹൗസുകളില്‍ ജനങ്ങള്‍ക്കു താമസ സൗകര്യമേര്‍പ്പെടുത്തും. പരീക്ഷാ ആവശ്യത്തിനു മറ്റു ജില്ലകളില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് നിരക്കില്‍ ഇളവ് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.