അദ്ധ്യാപക ജോലിയില്‍ നിന്ന് സോപ്പ് നിര്‍മാണത്തിലേയ്ക്ക്
സുരക്ഷിതമായ അദ്ധ്യാപക ജോലി ഉപേക്ഷിച്ച് ബിസിനസ് ആരംഭിക്കുക; അതും തികച്ചും വ്യത്യസ്തമായ രീതിയില്‍ സോപ്പ് നിര്‍മാണം. പിന്നീട് പരിഹസിച്ചവരുടെയും കുറ്റപ്പെടുത്തിവരെയുടെയും മുന്നില്‍ ഒരു സംരഭകയായി പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങുക… പത്രമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും നിറഞ്ഞു നില്ക്കുക… പറഞ്ഞുവരുന്നത് സി എസ് ശ്രീലക്ഷ്മി എന്ന യുവ സംരംഭകയെ കുറിച്ചാണ്. ശ്രീലക്ഷ്മിയുടെ കഠിനാധ്വാനത്തില്‍ ‘എവര്‍ലി ഓര്‍ഗാനിക്’ എന്ന സ്ഥാപനം ഇപ്പോള്‍ ഓരോ മാസവും സ്വന്തമാക്കുന്നത് ലക്ഷങ്ങളുടെ വരുമാനമാണ്.
തൃശ്ശൂര്‍ തൃപ്രയാര്‍ ശ്രീ വിലാസ് യു പി എസില്‍ അധ്യാപികയായിരുന്ന ശ്രീലക്ഷ്മി, കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഒരു ന്യൂസ് ചാനലില്‍ വാര്‍ത്താ അവതാരികയായും എഡിറ്ററായും ജോലിയില്‍ പ്രവേശിച്ചു. ശേഷം, ബ്രില്ല്യന്‍സ് കോളേജില്‍ അധ്യാപികയായി ജോലി ചെയ്യുന്നതിനിടയിലാണ് സ്വന്തമായി ബിസിനസ് എന്ന ചിന്തയിലേക്ക് എത്തുന്നത്.
‘വീട്ടിലിരുന്നുള്ള വരുമാനം’ എന്ന തിരച്ചലില്‍ ശ്രീലക്ഷ്മിയുടെ മുന്നിലേക്ക് അവിചാരിതമായി എത്തിയ ഒരു സോപ്പ് നിര്‍മാണ വീഡിയോയാണ് ഈ യുവ സംരംഭകയുടെ ഉദയത്തിന് കാരണമായതെന്ന് പറയാം. താന്‍ നിര്‍മിക്കുന്ന ഉത്പന്നത്തിന് എന്തെങ്കിലും പുതുമ ഉണ്ടാകണമെന്ന നിര്‍ബന്ധമുണ്ടായിരുന്ന ശ്രീലക്ഷ്മി ആദ്യം സോപ്പ് നിര്‍മാണത്തിന്റെ പരീക്ഷണം നടത്തിയത് തന്നെ കറ്റാര്വാഴയിലായിരുന്നു. പിന്നീട് റെഡ് വൈന്‍, പപ്പായ, ബീറ്റ്റൂട്ട് എന്നിവയില്‍ നിന്ന് സോപ്പ് നിര്‍മിച്ച് വിജയിച്ചു.
ഏറ്റവും ഓര്‍ഗാനിക്കായ ഗുണമേന്മയുള്ള സോപ്പ് നിര്‍മിച്ച് കൊണ്ട് ഈ മേഖലയില്‍ നിറസാന്നിധ്യമാവുകയായിരുന്നു എവര്‍ലി ഓര്‍ഗാനിക് എന്ന സ്ഥാപനം. ഓര്‍ഗാനിക് ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ദ്ധിച്ചതോടെ ഫെയ്സ് ജെല്‍, ഷെയര്‍ ജെല്‍, ലിപ് ബാം, ഹെയര്‍ ഓയില്‍ എന്നിവയും എവര്‍ലി ഓര്‍ഗാനിക് പുറത്തിറക്കി. ഉത്പന്നങ്ങളുടെ എണ്ണം കൂടുമ്പോഴും വിട്ടുവീഴ്ചയില്ലാത്ത ഗുണമേന്മയും പൂര്‍ണമായി പ്രകൃതി സൗഹാര്‍ദപരമായ നിര്‍മാണ രീതിയുമാണ് ഈ സ്ഥാപനത്തെ വ്യത്യസ്തമാക്കുന്നത്.
തുടക്കത്തില്‍ ഉത്പാദനം പൂര്‍ണമായി സ്വന്തം ഫ്ളാറ്റിലായിരുന്നു. എന്നാല്‍ സ്ഥാപനം ആരംഭിച്ച് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍, 2021ല്‍ തൃശൂര്‍ അയ്യന്തോളില്‍ ഒരു വീട് വാടകയ്ക്കെടുത്ത് അവിടേയ്ക്ക് പ്രൊഡക്ഷന്‍ യൂണിറ്റ് മാറ്റി. പിന്നീട് ബാംഗ്ലൂരിലും പ്രൊഡക്ഷന്‍ യൂണിറ്റ് ആരംഭിച്ചു. ഓണ്‍ലൈന്‍ പേജുകളിലൂടെയുള്ള വിപണനത്തിന് അപ്പുറത്തേക്ക് സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ ഗുണമേന്മയുള്ള തന്റെ ഓര്‍ഗാനിക് പ്രോഡക്റ്റുകള്‍ എത്തിച്ചു, മാര്‍ക്കറ്റിങ് കുറച്ചു കൂടി ശക്തമാക്കുക എന്നതാണ് ശ്രീലക്ഷ്മിയുടെ ലക്ഷ്യം.