മനസ്സുണ്ടെങ്കില്‍ മാര്‍ഗവുമുണ്ട്; സ്വപ്ന സാക്ഷാത്കാര പാതയില്‍ ചിന്നു രാജേഷ്
സോഷ്യല്‍ മീഡിയ താരങ്ങളായ ചിന്നുവും രാജേഷും മനസ് തുറക്കുന്നു

”ഒഴുകുന്ന ജലവും പാറയും പലപ്പോഴും ഏറ്റുമുട്ടും. ജയിക്കുന്നത് എപ്പോഴും ജലം ആയിരിക്കും. അതിന്റെ ശക്തി കൊണ്ടല്ല, നിര്‍ത്താതെയുള്ള പരിശ്രമത്താല്‍…!” എന്ന് ശ്രീബുദ്ധന് പറഞ്ഞത് ഒരു പരിധിയിലധികം സത്യമാണെന്ന് തെളിയിച്ച രണ്ടു വ്യക്തികളാണ് ദീപ്തിയും രാജേഷും. മുഖവുര ഒട്ടും ആവശ്യമില്ലാത്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സേഴ്സ്…. ദീപ്തി, രാജേഷ് എന്ന പേരുകളേക്കാള്‍ ആളുകള്‍ക്ക് പരിചിതം ചിന്നു, രാജേഷ് എന്ന് പറയുന്നതാകും.
ടിക് ടോക് ആരംഭിച്ചപ്പോള്‍ ആദ്യമായി കപ്പിള്‍ വീഡിയോ ചെയ്ത് വൈറലായ ദമ്പതികള്‍ എന്ന നിലയിലാണ് ചിന്നുവും രാജേഷും തുടക്കകാലത്ത് ശ്രദ്ധ നേടിയത്. എന്നാല്‍ ഇന്ന് യൂട്യൂബിലും ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും എല്ലാം മില്യണ്‍ കണക്കിന് ഫോളോവേഴ്സും ഒന്നിലധികം ഫാന്‍സ് പേജുകളുമുള്ള നിലയിലേക്ക് ഇവര്‍ എത്തിയെങ്കില്‍ അതിന് കാരണമായത് കഠിനാധ്വാനവും അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശവും ഒന്നുകൊണ്ടുതന്നെയാണ്.
ചിന്നുവിന്റെയും രാജേഷിന്റെയും കൂടുതല്‍ വിശേഷങ്ങള്‍ അറിയാം…
കാസര്കോടുകാരായ രാജേഷും ചിന്നുവും രണ്ടുവര്‍ഷക്കാലത്തോളം പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഒരു പ്രണയ വിവാഹം എന്ന് പറയുമ്പോള്‍ സാധാരണ കുടുംബങ്ങളില്‍ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും ഈ താരജോഡികളും നേരിട്ടിട്ടുണ്ട്. പോലീസ് കേസ് പോലും ഉണ്ടായ സാഹചര്യം തങ്ങളുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ അതിനെയൊക്കെ ഒന്നിച്ചു നിന്ന് നേരിട്ട് ഇരുവരും സിനിമയിലും ജീവിതത്തിലും സോഷ്യല്‍ മീഡിയയിലും ഇപ്പോള്‍ സൂപ്പര്‍ താരജോഡികളായി മാറിയിരിക്കുകയാണ്.
അഭിനയത്തോടുള്ള ഇഷ്ടം കൊണ്ട് മ്യൂസിക്കലി ആപ്പില്‍ തുടക്കകാലത്ത് രാജേഷ് ഒറ്റയ്ക്കായിരുന്നു വീഡിയോകള്‍ ചെയ്തിരുന്നത്. എന്നാല്‍, ചിന്നുവുമായി ചേര്‍ന്നുള്ള ആദ്യ വീഡിയോയ്ക്ക് തന്നെ വലിയ റീച്ച് കിട്ടിയപ്പോള്‍ ഇരുവരും ജോലിയോടൊപ്പം പാഷനേയും ചേര്‍ത്തുകൊണ്ടു പോകുവാന്‍ ശ്രമിച്ചു.
ജോലി കഴിഞ്ഞ് വീട്ടിലെത്തി രാത്രി രണ്ട് മണിക്കും മൂന്നു മണിക്ക് ഒക്കെയായിരുന്നു തങ്ങള്‍ വീഡിയോ ചെയ്തിരുന്നതെന്നും അക്കാലത്ത് ആരും ‘സപ്പോര്‍ട്ട്’ ആയിരുന്നില്ലെന്നും ചിന്നുവും രാജേഷും പറയുന്നു. എന്നാല്‍ ഇന്ന് ‘എല്ലാവരും അറിയുന്ന നിലയിലേക്ക് വളരുകയും ഞങ്ങള്‍ എന്താണെന്ന് മറ്റുള്ളവര്‍ക്ക് തെളിയിച്ചു കൊടുക്കുവാനും കഴിഞ്ഞപ്പോള്‍ എല്ലാവരും ഞങ്ങളെ അംഗീകരിക്കാന്‍ തുടങ്ങി’യെന്ന് വളരെയധികം ആത്മാഭിമാനത്തോടെ തന്നെയാണ് ഇരുവരും പറയുന്നത്.
ടിക് ടോക് വീഡിയോകളില്‍ നിന്ന് തുടങ്ങി ഇന്ന് കണ്ണന് ദേവന്റെ പരസ്യം, ഷോലെ എന്ന ചിത്രം ഉള്‍പ്പെടെ നിരവധി അവസരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുവാന്‍ ഈ താര ദമ്പതികള്‍ക്ക് സാധിച്ചിട്ടുണ്ട്. സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും നാട്ടുകാരുടെയും പൂര്‍ണ പിന്തുണ ഉള്ളതുകൊണ്ടുതന്നെ പുതിയ പുതിയ പടവുകള്‍ താണ്ടാനുള്ള തയ്യാറെടുപ്പിലാണ് ഈ സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍…!