EntreprenuershipSuccess Story

വീഴ്ചകളില്‍ നിന്ന് വിജയത്തിലേക്ക് ഓടിക്കയറി അനീഷ്; വിജയവഴി തുറന്ന് Tradoxi Private Limited

തന്റേതല്ലാത്ത കാരണങ്ങളാല്‍ ആണെങ്കില്‍ പോലും കൈവച്ച മേഖലകളില്‍ ഒന്ന് രണ്ടു പ്രാവശ്യം ഭീമന്‍ നഷ്ടം സംഭവിക്കുന്നതോടെ പലരും ഇഷ്ടപ്പെട്ട തൊഴില്‍ രംഗം ഉപേക്ഷിച്ചു പോകാറുണ്ട്. ഈ നഷ്ടങ്ങള്‍ സ്വന്തം ബിസിനസ് സംരംഭങ്ങളിലാണെങ്കില്‍ തളര്‍ന്നുപോവാതെ പിടിച്ചുനില്‍ക്കുന്നതിന്, അതിനും മാത്രം മനോധൈര്യവും കരളുറപ്പും അത്യാവശ്യവുമാണ്. നഷ്ടം സംഭവിച്ച മേഖലയിലേക്ക് പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തുന്നുണ്ടെങ്കില്‍ അത്തരക്കാര്‍ക്ക് അത്രയും പ്രിയപ്പെട്ടതോ, അവരെ മടക്കിവിളിക്കുന്നതോ ആയ എന്തെങ്കിലും ഒന്നും അവിടെ ബാക്കിനില്‍ക്കുന്നുണ്ടാവണം. ഇത്തരത്തില്‍ ജീവിതത്തില്‍ ഭീമന്‍ നഷ്ടങ്ങളുടെ രൂപത്തില്‍ വലിയ പ്രതിസന്ധികള്‍ മുന്നില്‍ വന്നിട്ടും അതിനെയെല്ലാം മറികടന്ന് വലിയ വിജയം നേടിയവരാണ് Tradoxi ഉം ഉടമ അനീഷ് ഗോപാലനും. ഇതിനെല്ലാം പ്രേരണയായതാവട്ടെ കുഞ്ഞുനാള്‍ മുതലേ ബിസിനസിനോട് ഉണ്ടായിരുന്ന ഇഷ്ടവും.

വലുതാകുമ്പോള്‍ ഡോക്ടറാകണം, ടീച്ചറാകണം തുടങ്ങി പല ഒരു ആഗ്രഹങ്ങളും കുട്ടികളില്‍ ഓടിയെത്താറുണ്ട്. എന്നാല്‍ അനീഷിന് ഒരു ബിസിനസുകാരനായി മാറാനായിരുന്നു ഇഷ്ടം. സാധാരണമായി പ്രായം കൂടുംതോറും ഇത്തരം ഇഷ്ടങ്ങളുടെ മൂര്‍ച്ച കുറയുകയാണ് പതിവെങ്കില്‍, അനീഷിന്റെ കാര്യത്തില്‍ ഇത് നേരെ തിരിച്ചായിരുന്നു. അതുകൊണ്ടുതന്നെ പഠിക്കുന്ന സമയത്ത് തന്നെ അദ്ദേഹം മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങില്‍ ഒരു കൈ പരീക്ഷിച്ചു. അത്തവണ കൈ പൊള്ളിയെന്ന് മാത്രമല്ല ഭീമന്‍ നഷ്ടവുമുണ്ടായി. തുടര്‍ന്ന് ഒരു ശരാശരി മലയാളിയെ പോലെ ജീവിതം ഒന്നില്‍ നിന്നും തുടങ്ങാന്‍ നേരെ ഗള്‍ഫിലേക്ക്.

ഓയില്‍ ആന്‍ഡ് ഗ്യാസുമായി ബന്ധപ്പെട്ട മേഖലയില്‍ ക്വാളിറ്റി കണ്ട്രോള്‍ ഇന്‍സ്ട്രക്ടറായി പുത്തന്‍ ജീവിതത്തിന്റെ തുടക്കം. ജോലിയും തിരക്കുകളുമായി മുന്നോട്ടുപോകുമ്പോഴും അനീഷിന്റെ മനസ്സില്‍ നിന്ന് ബിസിനസിനോടുള്ള ഇഷ്ടം കെട്ടടങ്ങിയിരുന്നില്ല. ബിസിനസ് മോഹം വീണ്ടും ഉദിച്ചതോടെ നാട്ടില്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് ഒരു ഹോട്ടല്‍ സംരംഭത്തിന് തുടക്കം കുറിച്ചു. എന്നാല്‍ ഇത്തവണ ബന്ധങ്ങള്‍ ബന്ധനങ്ങളായി. പ്രതീക്ഷിച്ച മുന്നേറ്റം കാണാതെ വന്നുവെന്ന് മാത്രമല്ല, തകര്‍ച്ചയിലേക്ക് നീങ്ങിയതോടെ സുഹൃത്തുക്കളും പിന്‍വലിഞ്ഞു. ഇതോടെ നഷ്ടം മുഴുവന്‍ സ്വന്തം ചുമലിലുമായി.

രണ്ടുതവണ വലിയ നഷ്ടങ്ങള്‍ നേരിട്ടയാള്‍ പിന്നെയും മറ്റൊരു സംരംഭത്തെക്കുറിച്ച് ചിന്തിക്കുമ്പോഴുണ്ടാവുന്ന വെല്ലുവിളി ചെറുതല്ല. വിജയിച്ചുകാണിക്കണം എന്ന അതിയായ ആഗ്രഹത്തിനൊപ്പം, ഇനിയും പരീക്ഷണങ്ങള്‍ വേണമോ എന്ന ചോദ്യങ്ങളെ കൂടി നേരിടേണ്ടതായുണ്ട്. അതുകൊണ്ടുതന്നെ നല്ലതുപോലെ മനസ്സിലാക്കി വേണം ഇനി ഒരു ബിസിനസ് സംരംഭത്തിലേക്ക് നീങ്ങേണ്ടതെന്ന ഉറച്ച ചിന്തയും അനീഷ് ഗോപാലന് ഉണ്ടായിരുന്നു. എന്നാല്‍ ഇതിനുള്ള ഉത്തരം ലഭിക്കുന്നത് സുഹൃത്തുക്കളുടെ സൗഹൃദ ഗൃഹ സന്ദര്‍ശനങ്ങളില്‍ നിന്നാണ്.

അനീഷിന്റെ ഭാര്യാമാതാവ് ഉണ്ടാക്കി നല്‍കുന്ന ഭക്ഷണത്തോട് സുഹൃത്തുക്കള്‍ക്കെല്ലാം വലിയ മതിപ്പായിരുന്നു. മികച്ച അഭിപ്രായങ്ങള്‍ ലഭിക്കുന്നത് പതിവായതോടെ എന്തുകൊണ്ട് അതൊരു സംരംഭമാക്കി മാറ്റിക്കൂടാ എന്ന ചിന്തയും ഉണര്‍ന്നു. ഇത്തവണയും ഹോട്ടല്‍ തന്നെയാണ് ചിന്തയിലേക്ക് ആദ്യം ഓടിയെത്തിയതെങ്കിലും, മുന്‍ അനുഭവം കൂടി പരിഗണിച്ചു ഫുഡ് പ്രൊഡക്ഷനിലേക്ക് ഇറങ്ങിതിരിക്കാമെന്ന് ഉറപ്പിച്ചു. അങ്ങനെയാണ് 2021 ല്‍ അനീഷും പ്രിയപത്‌നി ശ്രുതി അജയകുമാറും മാനേജിങ് ഡയറക്‌ടേഴ്‌സായുള്ള Tradoxi Private Limited കമ്പനിയുടെ പിറവി.

തങ്ങളുടെ സംരംഭത്തിന്റേതായി ഏത് പ്രൊഡക്റ്റ് വിപണിയിലെത്തിക്കണം എന്നുള്ളതായി ഇവരുടെ പിന്നീടുള്ള ചിന്ത. ഭാര്യാമാതാവിന്റെ കൈപുണ്യത്തിന് ഏറെ അഭിനന്ദനങള്‍ വാരിക്കൂട്ടിയ അച്ചാറുകളില്‍ തന്നെ ആരംഭിക്കാമെന്നും വൈകാതെ മറ്റു ഭക്ഷ്യ വസ്തുക്കളുടെ വിപണനത്തിലേക്ക് കൂടി വ്യാപിപ്പിക്കാമെന്നും ഇവര്‍ തീരുമാനിച്ചു. മാത്രമല്ല ഫുഡ് പ്രൊഡക്ഷന്‍ കമ്പനിയിലെ മുന്‍ പരിചയം ഗുണമാവുമെന്നും ഇവര്‍ക്ക് ഉറപ്പുണ്ടായിരുന്നു. അങ്ങനെ Tradoxi യുടെ ലേബലില്‍ അച്ചാറുകള്‍ ആവശ്യക്കാരിലേക്ക് എത്തിത്തുടങ്ങി.

വന്‍കിട കമ്പനികള്‍ക്കിടയില്‍ മറ്റൊരു ബ്രാന്‍ഡ് കൂടി പിടിച്ചുനില്‍ക്കുമോ എന്ന അനാവശ്യ ചിന്തകളെയെല്ലാം കാറ്റില്‍പറത്തി Tradoxiയുടെ അച്ചാറുകള്‍ കയറി ഹിറ്റായി. ഗുണനിലവാരത്തില്‍ സൂക്ഷിച്ച ശ്രദ്ധയും അനാവശ്യ പ്രിസെര്‍വറ്റീവ്‌സ് ഒഴിവാക്കി തികച്ചും മികച്ച ക്വാളിറ്റിയില്‍ എത്തിയതുകൊണ്ടുതന്നെ Tradoxi അച്ചാറുകള്‍ക്ക് ആവശ്യക്കാരുമേറി. ഇതില്‍ തന്നെ ഇവര്‍ പുറത്തിറക്കുന്ന ബീഫ് അച്ചാറിനും ചെമ്മീന്‍ അച്ചാറിനും നാടന്‍ മാങ്ങ അച്ചാറിനുമെല്ലാം കൂടുതല്‍ ആളുകള്‍ മികച്ച പ്രതികരണങ്ങളുമായി എത്തിതുടങ്ങി.

വലിയ പരസ്യങ്ങളെക്കാള്‍ സ്വാധീനം ഉണ്ടാക്കാനാവുക ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ക്ക് തന്നെയാണെന്നാണ് അനീഷിന്റെയും Tradoxi യുടെ പിന്നിലുള്ള ഓരോരുത്തരുടെയും വിശ്വാസം. അതുകൊണ്ടുതന്നെ ഇവര്‍ ഉപഭോക്താക്കളുമായി സംവദിക്കാറുള്ളതും ഇവരുടെ ഉത്പന്നങ്ങളിലൂടെ തന്നെയാണ്. ആരോഗ്യപ്രദവും സുരക്ഷിതവുമായ ഉത്പന്നങ്ങള്‍ മികച്ച ക്വാളിറ്റിയില്‍ വിപണിയിലെത്തിക്കുക എന്നതാണ് ഇവര്‍ എന്നും ശ്രദ്ധിച്ചിരുന്നതും. ഇത്തരത്തില്‍ മുന്നോട്ടുപോയതോടെ ഉത്പന്നങ്ങള്‍ക്കായി ഓണ്‍ലൈനായും അന്വേഷണങ്ങള്‍ എത്തി. മാത്രമല്ല ഉപഭോക്താക്കള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനാല്‍ ഉത്പന്നങ്ങള്‍ ഡോര്‍ ഡെലിവറിയായും ഇവര്‍ ലഭ്യമാക്കി തുടങ്ങി.

നിലവില്‍ വിജയകരമായി മുന്നോട്ടുപോവുന്ന Tradoxiക്കും അനീഷ് ഗോപാലനും എത്തിപ്പിടിക്കാന്‍ ആഗ്രഹങ്ങള്‍ ഏറെയുണ്ട്. അച്ചാറുകളില്‍ തുടങ്ങിവച്ച വിജയം മറ്റ് ഒരുപാട് ഉത്പന്നങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കണം എന്നതാണ് ഇതിലെ പ്രധാനപ്പെട്ട ഒന്ന്. അതിലേക്കുള്ള ഓട്ടം തുടര്‍ന്നുവെന്ന് വ്യക്തമാക്കി കൊണ്ട് അടുത്തുതന്നെ ഒട്ടേറെ ഉത്പന്നങ്ങള്‍ ലോഞ്ച് ചെയ്യാനൊരുങ്ങുകയാണ് Tradoxi Private Limited. ഉത്പന്നങ്ങളുടെ നിര്‍മാണത്തിനായി വലിയ രീതിയിലുള്ള പ്രൊഡക്ഷന്‍ യുണിറ്റിന്റെ പണിപ്പുരയില്‍ കൂടിയാണ് ഇവര്‍. എല്ലാത്തിലുമുപരി Tradoxi Private Limited ന്റെ പേരും പെരുമയും കേരളവും ഇന്ത്യയും കടന്ന് ലോകത്തിന് പരിചയപ്പെടുത്തണമെന്ന വലിയ സ്വപ്‌നത്തിന് പിന്നാലെയാണ് ഇവര്‍ ഇപ്പോള്‍.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button