ഒരു കുഞ്ഞടുക്കളയില്‍ നിന്നും ജെനിത പടുത്തുയര്‍ത്തുന്നത് ‘വലിയൊരു’ സംരംഭം.
സഹ്യന് ആര്
വലിയൊരു ഫാക്ടറി, തൊഴിലാളികള്‍, മെഷീനുകള്‍… ഒരു മാനുഫാക്ചറിങ് കമ്പനിയെന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ തെളിയുന്ന പരമ്പരാഗത സങ്കല്പമാണിത്.ഇതൊരു ഭക്ഷ്യോത്പന്നം നിര്‍മിക്കുന്ന സംരംഭമാണെന്ന് കരുതുക. എത്രവരെ ചുരുങ്ങിയ സൗകര്യങ്ങളില്‍ അത് നടത്താനാകും? ഒരു ചെറിയ ഹാളോ, ഗോഡൗണോ വരെയൊക്കെ സങ്കല്പ്പിക്കാം.പക്ഷേ ഒരു കൊച്ചു വീടിന്റെ ചെറിയ അടുക്കളയില്‍ പരിമിതമായ സൗകര്യത്തില്‍ ഒരു കേക്ക് നിര്‍മാണ യൂണിറ്റ് ആരംഭിച്ച്, നല്ലൊരു വിതരണ ശൃംഖലയുള്ള കൊമേഴ്ഷ്യല്‍ സംരംഭമാക്കി അതിനെ വളര്‍ത്താന്‍ കഴിയുമോ? കഴിയും എന്നാണ് പാറശ്ശാല തെറ്റിയോട് സ്വദേശി ജെനിത എന്ന എം.എസ്.സി ബിരുദധാരിയുടെ സംരംഭ വിജയം നമ്മോട് പറയുന്നത്.
ഒരു ഗവണ്മെന്റ് സ്കീമില്‍ പഞ്ചായത്തില്‍ നിന്നും അനുവദിച്ചുകിട്ടിയ വീടിന്റെ കുഞ്ഞടുക്കളയില്‍ കേക്കുകള്‍ നിര്‍മിച്ച് അയല്‍വാസികള്‍ക്ക് വിതരണം ചെയ്തു തുടങ്ങി, പ്രീമിയം ബര്‍ത്ത് ഡേ പാര്‍ട്ടികളില്‍ വരെ എത്തിനില്‍ക്കുന്ന ആ യാത്ര സാധാരണക്കാരായ നിരവധി സംരംഭമോഹികള്ക്ക് പ്രതീക്ഷ നല്കുന്ന ഒന്നാണ്.വീടിനടുത്തുള്ള ‘നാഞ്ചില് കത്തോലിക്’ കോളേജില്‍ തന്റെ എം.എസ്.സി പഠനം തുടരുന്നതിനിടയിലാണ് ജെനിത ആയിടെ പുതുതായി നിര്‍മിച്ച വീട്ടിലെ അടുക്കളയില്‍ കേക്കുനിര്‍മാണം പരീക്ഷിച്ചു തുടങ്ങിയത്.
രാവിലെ ഏട്ടുമണിമുതല് ഉച്ചയ്ക്ക് ഒന്നേമുക്കല്‍ വരെയുള്ള ക്ലാസ് കഴിഞ്ഞ്, വീടിന് സമീപത്തുള്ള ഒരു ചെരുപ്പുകടയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. അതും കഴിഞ്ഞാണ് ജെനിത കേക്ക് ബേക്കിങിന് സമയം കണ്ടെത്തിയത്. ആദ്യം അയല്പക്കത്തൊക്കെ വിതരണം ചെയ്തപ്പോള്‍ നല്ല അഭിപ്രായമായിരുന്നു എല്ലാവര്ക്കും.നല്ല ഗുണനിലവാരം പുലര്‍ത്തുന്ന തരത്തിലുള്ള മേക്കിങ് കൊണ്ടാവണം അതിന് ക്രമേണ പുറത്തേക്കും ‘സെയില്‍സ്’ ലഭിക്കാന്‍ തുടങ്ങി. പഠിക്കുന്ന കോളേജില്‍കൂടി താന്‍ നിര്‍മിക്കുന്ന കേക്കുകള്‍ വിതരണം ചെയ്തതോടെ അവിടെ നിന്നും ധാരാളം ആവശ്യക്കാരുണ്ടായി.
പടിപടിയായി ഇങ്ങനെ ജെനിതയുടെ സംരംഭം വളരുന്നത് കോവിഡ് കാലത്തായിരുന്നു. അതിനിടയില്‍ ജനിത തന്റെ എം.എസ്.സി പഠനവും പൂര്‍ത്തിയാക്കി.ശേഷം എച്ച്ഡിബി ഫിനാന്‍സിന്റെ അടുത്തുള്ള ബ്രാഞ്ചില്‍ ഒരു ജോലിക്കു പ്രവേശിച്ചു. ജോലിയും കേക്കുനിര്‍മാണ സംരംഭവും ഒരുമിച്ചു കൊണ്ടുപോകാന്‍ ആയിരുന്നു ആദ്യമൊക്കെ ശ്രമിച്ചത്.പക്ഷേ വര്‍ദ്ധിച്ചുവരുന്ന ഓര്‍ഡറുകളെല്ലാം ഏറ്റെടുക്കാന്‍ ജോലി കഴിഞ്ഞുള്ള സമയം തികഞ്ഞിരുന്നില്ല.അങ്ങനെ ജോലി ഉപേക്ഷിച്ചു തന്റെ പാഷനെ പിന്തുടരാന് തീരുമാനിച്ചു.അതിനുശേഷം കൂടുതല്‍ സമയവും അധ്വാനവും നല്കി ബിസിനസ് വര്‍ധിപ്പിച്ചു.
ഒരു എം.എസ്.സി ബിരുദധാരി മികച്ച ജോലിക്കൊന്നും ശ്രമിക്കാതെ ഇങ്ങനെയൊരു സംരംഭത്തില്‍ സജീവമാകുന്നതിനെ പലരും നിരുത്സാഹപ്പെടുത്തി. പക്ഷേ ആ സംരംഭത്തിന്റെ വളര്‍ച്ച കണ്ട് ആദ്യം കുറ്റപ്പെടുത്തിയവര്‍ക്കെല്ലാം അഭിപ്രായം തിരുത്തേണ്ടി വന്നു. ഇന്നിപ്പോള്‍ വെഡിങ്, ഫസ്റ്റ് ബര്‍ത്ത് ഡേ പോലുള്ള പ്രീമിയം ഫംഗ്ഷനുകളിലെല്ലാം ജെനിതയുടെ കൈകള്‍ കൊണ്ടുണ്ടാക്കിയ മധുരത്തിന്റെ നിറസാന്നിധ്യമുണ്ട്. ഫംഗ്ഷന് നടക്കുന്ന സ്ഥലത്തെത്തി ഡെലിവറി ചെയ്യുന്നതും വേണ്ടുന്ന ക്രമീകരണങ്ങള്‍ ചെയ്യുന്നതുമൊക്കെ ജെനിത ഒറ്റയ്ക്കാണ്. മറ്റു സഹായങ്ങള്‍ക്കെല്ലാം ഇപ്പോള്‍ കുടുംബാംഗങ്ങളുടെ പിന്തുണയുമുണ്ട്.
പുതുതായി സജ്ജീകരിച്ച ബേക്കിങ് റൂമുകളിലേക്കുകൂടി കേക്ക് നിര്‍മാണം മാറ്റിയിട്ടുണ്ട്. നമ്മുടെ സമൂഹത്തില്‍ ഭക്ഷണ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ പ്രത്യേക വൈദഗ്ധ്യമുള്ള നിരവധി വീട്ടമ്മമാരുണ്ട്. മുതല്‍മുടക്കാനുള്ള സാമ്പത്തികമില്ലാത്തതിനാല്‍ സ്വന്തം കഴിവുകളൊയൊക്കെ ഒരു സംരംഭമാക്കുന്നതിനെ കുറിച്ച് പലരും ചിന്തിക്കാറുപോലുമില്ല. എന്നാല്‍ മൂലധന നിക്ഷേപത്തിന്റെ അമിതഭാരമൊന്നുമില്ലാതെ, ഏതൊരു സാധാരണ വീട്ടമ്മയ്ക്കും വീടിന്റെ അടുക്കളയില്‍ പോലും ഒരു ഭക്ഷ്യോത്പന്ന നിര്‍മാണ യൂണിറ്റ് ആരംഭിക്കാമെന്ന് ജെനിത തെളിയിച്ചിരിക്കുന്നു.
ധാരാളം പണം മുടക്കി പരസ്യങ്ങള്‍ നിര്‍മിക്കാതെതന്നെ അയല്പക്കത്തും പഠിക്കുന്ന കോളേജിലും തന്റെ പ്രോഡക്ടുകള്‍ നല്കി അതില്‍ നിന്നുള്ള ‘മൗത്ത് പബ്ലിസിറ്റി’ കൊണ്ടുമാത്രം മാര്‍ക്കറ്റിംഗ് ചെയ്യാമെന്ന് നമുക്ക് കാണിച്ചു തരുന്നു ഈ യുവസംരംഭക. എല്ലാത്തിലുമുപരിയായി ഉന്നതവിദ്യാഭ്യാസം ലഭിച്ച ഒരു വ്യക്തി ഒരു ജോലിയിലേക്കുമാത്രമേ തിരിയാവൂ എന്ന സമൂഹത്തിന്റെ കാഴ്ചപ്പാടിനെ തള്ളിക്കളഞ്ഞുക്കൊണ്ട് അഭ്യസ്തവിദ്യര്‍ക്ക് സംരംഭകനാകുക എന്നതും മികച്ചൊരു കരിയര്‍ ഓപ്ഷനാണെന്ന് ജെനിതയുടെ വിജയം നമ്മെ ഓര്‍മിപ്പിക്കുന്നു. സ്വന്തമായി ഷോപ്പുകള്‍ തുറക്കുകയെന്നതാണ് ഈ സംരംഭകയുടെ ഇനിയുള്ള ലക്ഷ്യം.