ഐപിഒകളിലെത്തുന്നത് കോടികള്‍; ബാങ്കിങ്ങ് സംവിധാനം സമ്മര്‍ദ്ദത്തില്‍
പ്രാരംഭ ഓഹരി വിപണിയിലേക്ക് വന്‍തോതില്‍ അപേക്ഷകളെത്തുന്നത് ബാങ്കിങ് സംവിധാനത്തെ സമ്മര്‍ദത്തിലാക്കുന്നു. ഒരുകോടിയോളം ചെറുകിട നിക്ഷേപകരുടെ അപേക്ഷകളാണെത്തിയത്. ഇതിന്റെ മൊത്തംമൂല്യമാകട്ടെ 1.7 ലക്ഷംകോടി രൂപയുമാണ്. വെള്ളിയാഴ്ച അവസാനിച്ച നാല് പ്രാരംഭ ഓഹരി വില്പനകള്ക്കായി ബാങ്കിങ് സംവിധാനത്തിന് താങ്ങാവുന്നതിലുമപ്പുറമുള്ള ഇടപാടുകളെത്തിയതോടെ അപേക്ഷകള്‍ തള്ളിപ്പോകാനുള്ള സാധ്യത വര്‍ധിച്ചു. ഒടിപി സന്ദേശങ്ങള്‍ വൈകാനും ഇടയാക്കി.
2007നുശേഷം ഇതാദ്യമായാണ് നാല് കമ്പനികള്‍ ഒരേസമയം ഐപിഒക്കുള്ള അപേക്ഷ സ്വീകരിച്ചത്. ദേവയാനി ഇന്റര്‍നാഷണല്‍, എക്സാരോ ടൈല്‍സ്, വിന്ഡ്ലാസ് ബയോടെക്, കൃഷ്ണ ഡയഗ്നോസ്റ്റിക്സ് എന്നിവയാണ് ഒരേദിവസം ഐപിഒയുമായെത്തിയത്. ഏത് കമ്പനി ഐപിഒയുമായി വിപണിയിലെത്തിയാലും നിക്ഷേപകര്‍ ചാടിപുറപ്പെടുന്ന സാഹചര്യമാണ് വിപണിയിലുള്ളത്. കഴിഞ്ഞദിവസമെത്തിയ നാല് കമ്പനികള്‍ക്കും 24 മുതല്‍ 41 ഇരട്ടിവരെ അപേക്ഷകളാണ് ലഭിച്ചത്. 17,000 കോടിയിലേറെ രൂപമൂല്യമുള്ള അപേക്ഷകളാണ് വെള്ളിയാഴ്ചമാത്രം ലഭിച്ചത്.
റീട്ടെയില്‍ നിക്ഷേപകരില്‍നിന്ന് ഒരുദിവസം സമാഹരിച്ച റെക്കോഡ് തുകയാണിതെന്ന് ബാങ്കുകള്‍ പറയുന്നു. നിക്ഷേപകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന പിഴവുമൂലം യുപിഐ വഴിയെത്തുന്ന അപേക്ഷകളില്‍ 30ശതമാനവും തള്ളിപ്പോകാറാണ് പതിവ്. മള്‍ട്ടിപ്പിള്‍ എന്‍ട്രി, പേരും പാനും തമ്മിലുള്ള വ്യത്യാസം, പേയ്മെന്റ് മാന്‍ഡേറ്റ് സ്വീകരിച്ച് പൂര്‍ത്തിയാക്കാത്തത് തുടങ്ങിയവയാണ് കാരണങ്ങള്‍.