പതിനഞ്ചാം വയസ്സില്‍ ബിസിനസ് രംഗത്തേക്ക്; ഇരുപത്തിയൊന്നാം വയസ്സില്‍ സംരംഭക മേഖലയിലെ വേറിട്ട ചിന്തകളുമായി ഷിബിലി
“There are no secrets to
success, It is the result of
preparation, hard work, and
learning from failure.”
മാതാപിതാക്കളുടെ കയ്യില്‍ നിന്ന് പോക്കറ്റ് മണി കണ്ടെത്താതെ സ്വന്തം ചിലവുകള്‍ സ്വയം വഹിക്കുക, അതിന് അവനവനെ തന്നെ പ്രാപ്തമാക്കുക എന്നത് യുവതലമുറയുടെ അടിസ്ഥാന കാര്യ നിര്‍വഹണങ്ങളില്‍ ഒന്നായി മാറിക്കഴിഞ്ഞു. കാറ്ററിങ്ങും, സ്റ്റേജ് ഡെക്കറേഷനും ഒക്കെയായി കുട്ടികള്‍ പുറത്ത് ജോലികള്‍ക്കായി തിരച്ചില്‍ നടത്തുന്ന സമയത്ത് തന്റെ അരികിലുള്ള അവസരങ്ങളെ പ്രയോജനപ്പെടുത്തി ബിസിനസിലേക്ക് ചുവടുവെച്ച് ഇറങ്ങിയ വ്യക്തിയാണ് ഷിബിലി.
മലപ്പുറം തിരൂര്‍ സ്വദേശിയായ ഷിബിലി തന്റെ പത്താം വയസ്സിലാണ് ആദ്യമായി സംരംഭക മേഖലയിലേക്ക് കടന്നുവന്നത്. ട്രാവല്‍ ഏജന്‍സി നടത്തിയിരുന്ന ഉപ്പയെ സഹായിക്കാനായി അദ്ദേഹത്തിന്റെ കമ്പനിയിലെ തൊഴിലാളിയുടെ കുപ്പായം അണിഞ്ഞായിരുന്നു എല്ലാത്തിന്റെയും തുടക്കം. പതിയെ പിതാവിന്റെ പിന്തുണയും സഹായവും ലഭിച്ചതോടെ ബിസിനസില്‍ ഓരോ പടവുകള്‍ കയറാന്‍ ഷിബിലി തയ്യാറാവുകയായിരുന്നു. അതുവരെ സ്വരൂപിച്ചുവച്ച സമ്പാദ്യമായ ഇരുപത്തിഅയ്യായിരം രൂപയുമായി ഇന്ത്യന്‍ ഷെയര്‍ മാര്‍ക്കറ്റിലേക്ക് ഇറങ്ങിയ ഈ സംരംഭകനെ സംബന്ധിച്ച് ആദ്യത്തെ ആറുമാസക്കാലം വിജയങ്ങളുടെതായിരുന്നു.
പലരില്‍ നിന്നും പണം സ്വീകരിച്ച് കൂടുതല്‍ തുക ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചതോടെ ഷിബിലിയുടെ ചുവടുകള്‍ക്ക് അടി തെറ്റുകയായിരുന്നു. ഒരു പതിനാറുകാരന് അഭിമുഖീകരിക്കാവുന്നതിലും അധികം നഷ്ടം മുന്നില്‍ കണ്ടതോടെ ട്രേഡിങ്ങില്‍ നിന്ന് ഒരു ഇടവേളയെടുക്കാന്‍ ഷിബിലി തീരുമാനിച്ചു. വലിയൊരു നഷ്ടം സംഭവിച്ചതിന് പിന്നാലെ ട്രേഡിങ്ങിനെ പറ്റി കൂടുതല്‍ അറിയാനും പഠിക്കാനും ഷിബിലി പിന്നീടുള്ള സമയം വിനിയോഗിച്ചു.
പതിയെ തന്റെ യാത്ര വിജയത്തിലേക്കാണെന്ന് മനസ്സിലാക്കിയ ഷിബിലി തനിക്കുണ്ടായ അനുഭവങ്ങളും അറിവുകളും ട്രേഡിങില്‍ താല്പര്യമുള്ളവര്ക്ക് പകര്‍ന്നു നല്കുവാനും ഉറപ്പിച്ചു. അങ്ങനെയാണ് റോയല്‍ ട്രേഡേഴ്സ് അക്കാഡമി എന്ന സ്ഥാപനത്തിന് ഷിബിലി തറക്കല്ലിട്ടത്.
ഇന്ന് ഈ ഇരുപത്തിയൊന്നുകാരന് ഒരു ട്രേഡര്‍ എന്നതില്‍ നിന്നും വളര്‍ന്ന് വ്യത്യസ്ത സംരംഭങ്ങള്‍ ഒരേസമയം മുന്നോട്ടുകൊണ്ടുപോകുന്നതിന് ചുക്കാന്‍ പിടിക്കുന്നു. ഷിബിലിയുടെ സംരംഭക വഴിയില്‍ സഹയാത്രികനായ തൃശ്ശൂര്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാന്റെ പാര്‍ട്ണര്‍ഷിപ്പോടെ റിച്ചര്സിപ്പ് കഫെ പ്രോജക്ടും കൂടാതെ ഒരു ഐടി ഫേമും ടെക് ഫേമും ഒപ്പം ഒരു സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് ഏജന്‍സിയും ഈ സംരംഭകന്റെ നേതൃത്വത്തില്‍ ഉയര്‍ന്നു വരുന്നുണ്ട്.