ഞാനറിയാതെ ഞാനൊരു സംരംഭകയായി

”അന്ന് ഒരു പാതിരാത്രിയില്‍ തൊട്ടില് വലയുടെ ബോര്‍ഡര്‍ തയ്ച്ചുകൊണ്ടിരിക്കുമ്പോള്‍ ഉമ്മ എന്നോട് ചോദിച്ചു; ഈ ഞൊറിയൊക്കെ തട്ടി കുഞ്ഞുങ്ങളുടെ മൂത്രം, മുറി മുഴുവന്‍ ആവനാണോ? ആദ്യ പരീക്ഷണത്തില്‍ കളിയാക്കിയ ആ ഉമ്മ തന്നെയാണ് ഇന്ന് എന്റെ തൊട്ടില് വലകള്‍ തയ്ച്ചു തരുന്നതും, മാസം ഏറ്റവും കൂടുതല്‍ ശമ്പളം കൈപ്പറ്റുന്ന എന്റെ സ്റ്റാഫും..!”
മലപ്പുറം അരീക്കോട്ടെ വീട്ടിലിരുന്ന് മഞ്ചേരി സ്വദേശിയായ ഹംന അഭിമാനപൂര്‍വം Cradle Store എന്ന സ്ഥാപനത്തെ കുറിച്ച് പറഞ്ഞു തുടങ്ങുന്നത് ഇങ്ങനെയാണ്. ഏകദേശം പത്തു വര്‍ഷം മുന്‍പ് വളരെ യാദൃശ്ചികമായി തുടങ്ങിയ ഒരു കൗതുകം ഇന്ന് തന്റെ കുടുംബത്തിന്റെ ജീവിതവഴിയാക്കിയ ഹംന ആ വിജയ പാതയില്‍ ബഹുദൂരം മുന്നിലാണ്.

ആ കഥ ഇങ്ങനെ; ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെ കുഞ്ഞുങ്ങള്‍ ഉണ്ടാകുമ്പോള്‍ മറ്റുള്ളവരെപ്പോലെ സമ്മാനങ്ങള്‍ വാങ്ങി നല്കുന്നതിനു പകരം എന്തെങ്കിലും വ്യത്യസ്തമായി നിര്‍മിച്ചു കൊടുക്കുന്നതായിരുന്നു ഹംനയുടെ ശീലം. ഒരിക്കല്‍ വളരെ യാദൃശ്ചികമായി ഒരു ബന്ധുവിന്റെ കുഞ്ഞിന് ഒരു കുഞ്ഞുതൊട്ടില്‍ എംബ്രോയ്ഡറി ചെയ്തു നല്കി. കരവിരുതിന്റെ ഭംഗികൊണ്ട് ശ്രദ്ധിക്കപ്പെട്ട തൊട്ടിലിനു വേണ്ടി അവിടം മുതല്‍ ആവശ്യക്കാരും എത്തി തുടങ്ങി.

ആരോഗ്യ മേഖലയില്‍ ജോലി ചെയ്തിരുന്ന ഹംന ആദ്യം സൗജന്യമായി ചെയ്തുകൊണ്ടിരുന്ന തൊട്ടിലുകള്‍ ബിസിനസ്സായി വളര്‍ത്താനുള്ള ആശയം സുഹൃത്തുക്കള്‍ പറഞ്ഞത് ആദ്യം ഗൗരവമായി സ്വീകരിച്ചില്ലെങ്കിലും മറ്റൊരാള്‍ക്ക് സമ്മാനമായി കൊടുക്കാന്‍ വേണ്ടി വിലയ്ക്ക് ഒരു തൊട്ടില് വാങ്ങാന്‍ അടുത്ത ബന്ധു വന്നതോടെ കഥ മാറി. ആദ്യത്തെ തൊട്ടിലിന് വിലയായി ഹംന പറഞ്ഞത് അന്ന് തനിക്ക് ചിലവായ 350 രൂപ മാത്രമാണ്. അവിടെ നിന്ന് പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം മാസം ഏകദേശം ഒരു ലക്ഷത്തിന് വിറ്റുവരവുള്ള, തിരക്കുള്ള സംരംഭകയിലേക്കുള്ള ഹംനയുടെ യാത്രയ്ക്ക് യാദൃശ്ചികതയുടെ കൂടെ വളരെ വലിയ പിന്തുടര്‍ച്ചയുമുണ്ട്. ഒറ്റയ്ക്കുള്ള യാത്രയ്ക്കിടെ ഭര്‍ത്താവ് ജംഷിദ് കൂടി ബിസിനസ്സ് പങ്കാളി ആയതോടുകൂടി കാര്യങ്ങള്‍ ഗൗരവകരമായി നീങ്ങിത്തുടങ്ങി.

പരമ്പരാഗത തൊട്ടിലുകളുടെ മാതൃകയില്‍ തലയും കാലും അല്പം ഉയര്‍ന്നു നില്ക്കുന്ന രീതിയിലുള്ള തൊട്ടിലുകളാണ് ക്രാഡില്‍ സ്റ്റോറിന്റെ മാസ്റ്റര്‍പീസ്. ഇത് കുഞ്ഞുങ്ങള്‍ക്ക് ദീര്‍ഘനേരം സുഖനിദ്ര നല്കുന്നു. ഒരു തവണ വാങ്ങിയവര്‍ തന്നെ വീണ്ടും വാങ്ങുന്നതിലാണ്, പുതിയൊരു ഉപഭോക്താവ് ഉണ്ടാവുന്നതിനേക്കാള്‍ എനിക്ക് സന്തോഷം നല്‍കുന്നത്. ആവശ്യക്കാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ‘കസ്റ്റമൈസ്’ ചെയ്താണ് ഇവിടെ നിന്നും തൊട്ടിലുകളും കിടക്കകളും അടക്കമുള്ള മറ്റ് ഉത്പന്നങ്ങളും നല്‍കുന്നത്.

കസ്റ്റമൈസ് ചെയ്ത് ഓര്‍ഡര്‍ സ്വീകരിക്കുന്നതിലുള്ള പ്രയാസങ്ങളാണ് വെബ്സൈറ്റ് എന്ന ഹംനയുടെ സ്വപ്നത്തെ വിദൂരത്തിലാക്കുന്നത്. ദീര്‍ഘനാള്‍ ഗവേഷണം ചെയ്തു കണ്ടുപിടിച്ച സോഫ്റ്റ് കോട്ടണ്‍, ലിനെന്‍, മസ്ലിന് മെറ്റിരിയലുകള്‍ മാത്രമാണ് ഇവിടെ ഉപയോഗിക്കുന്നത്. കൂടുതല്‍ മെച്ചപ്പെട്ട മേറ്റീരിയലുകള്ക്കായുള്ള ഗവേഷണം ഇപ്പൊഴും തുടര്‍ന്ന് കൊണ്ടിരിക്കുന്നു…!

തുടക്കകാലത്തു വിപണിയില്‍ നിന്നും പറയത്തക്ക പ്രതിസന്ധികളൊന്നും നേരിട്ടിട്ടില്ലെങ്കിലും പില്ക്കാലത്ത് ഈ മേഖലയിലുണ്ടായ അതിപ്രസരം ഉത്പന്നങ്ങളുടെ ഡിമാന്റിനെ ബാധിക്കുമോ എന്ന ആശങ്ക ഹംന പങ്കുവെച്ചു. ആദ്യകാലത്ത് ഫേസ്ബുക്ക് പേജ് ഉണ്ടാക്കാന്‍ താന്‍ തന്നെ ഡിസൈന്‍ ചെയ്ത ലോഗോ ഒരു ദശാബ്ദം തികയുന്ന ഈ വേളയില്‍ പുതുക്കുന്നത് മുതല്‍ ബിസിനസ് പതിയെ പതിയെ വിപുലമാകുന്നതുവരെ നിറയെ ചെറിയ വലിയ ആഗ്രഹങ്ങളുമായി ഹംനയും ഭര്‍ത്താവും ഇന്ന് തങ്ങളുടെ തൊട്ടിലുകളുടെ ലോകത്ത് തിരക്കിലാണ്.
