EntreprenuershipSuccess Story

‘ഹെവന്‍ ഓഫ് ബേബി’ ; കുഞ്ഞിക്കിടക്കകളുടെ വലിയ സ്വര്‍ഗം…. റിഷ നിഷാദ് ദമ്പതികളുടെയും

ദൈവത്തിന്റെ വരദാനമാണ് കുഞ്ഞുങ്ങള്‍. ഓരോ ദമ്പതികളുടെയും ജീവിതം കൂടുതല്‍ സന്തോഷപൂര്‍ണവും അര്‍ത്ഥപൂര്‍ണവുമാകുന്നത് അവര്‍ക്ക് കുഞ്ഞുങ്ങള്‍ ജനിക്കുന്നതോടെയാണ്. കുഞ്ഞുങ്ങളുടെ കളിയും ചിരിയും കൊഞ്ചലും നിറയുമ്പോള്‍, ഏത് വീടും സ്വര്‍ഗതുല്യമാകുന്നു. നാളെയുടെ ലോകത്തെ നയിക്കേണ്ട കുഞ്ഞുങ്ങള്‍ക്ക് എല്ലാതരത്തിലും സുരക്ഷിതമായ ചുറ്റുപാടും സാഹചര്യവും ഒരുക്കേണ്ടത് ഓരോ രക്ഷിതാക്കളുടെയും ഉത്തരവാദിത്വം തന്നെയാണ്. കുഞ്ഞുങ്ങളുടെ സുഖനിദ്രയ്ക്ക് വാത്സല്യത്തിന്റെ സാന്ത്വന സ്പര്‍ശവുമായി, പഞ്ഞിക്കിടക്കകള്‍ തയ്യാറാക്കുന്ന ഒരാളുണ്ട്.

കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി തന്റെ ഉത്തരവാദിത്വമായി തെരഞ്ഞെടുത്ത്, കുഞ്ഞുങ്ങളുടെ പൂവിതള്‍ മേനിയ്ക്ക് യാതൊരു അസ്വസ്ഥതകളും സൃഷ്ടിക്കാത്ത പഞ്ഞിക്കിടക്കകള്‍ നിര്‍മിച്ചു വിതരണം ചെയ്യുന്ന റിഷ നിഷാദ് എന്ന മലപ്പുറംകാരിയായ സംരംഭക ഒരു കുഞ്ഞുമകളുടെ അമ്മ കൂടിയാണ്. ‘ഹെവന്‍ ഓഫ് ബേബി’ എന്ന തന്റെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിലൂടെയാണ് നവജാത ശിശുക്കള്‍ക്ക് ആവശ്യമായ കിടക്കകളും തൊട്ടിലുകളുമടക്കമുള്ള സാധനങ്ങള്‍ ഇവര്‍ വിപണനം ചെയ്യുന്നത്.

2023ല്‍ വളരെ യാദൃശ്ചികമായി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ഹെവന്‍ ഓഫ് ബേബി, വളരെ വേഗം തന്നെ ജനപ്രിയമാവുകയായിരുന്നു. പ്രവാസിയായിരുന്ന ഭര്‍ത്താവ് നിഷാദിനൊപ്പം റിഷ സ്വന്തം വീടിന്റെ ഒരു മുറിയില്‍ വളരെ ചെറിയ നിലയ്ക്ക് ആരംഭിച്ച സംരംഭമാണ് ഇന്ന് ഇന്ത്യയിലുടനീളം ആവശ്യക്കാരും വില്‍പ്പനയുമുള്ള ഓണ്‍ലൈന്‍ ബേബി സ്‌റ്റോര്‍ ആയി മാറിയത്.

നവജാത ശിശുക്കള്‍ക്കുള്ള കിടക്കകള്‍, പല വലുപ്പത്തിലുള്ള തലയിണകള്‍, തൊട്ടിലുകള്‍ മുതലായവ ഉപഭോക്താക്കളുടെ ആവശ്യാനുസരണം നിര്‍മിച്ച് അവര്‍ക്ക് എത്തിച്ചു നല്‍കുകയാണ് റിഷയുടെ രീതി. മുന്‍കൂട്ടി നിര്‍മിച്ച സാധനങ്ങള്‍ വിപണനം ചെയ്യുന്നതിന് പകരം ഉപഭോക്താവിന്റെ ആവശ്യമെന്തോ, അത് പൂര്‍ണമായും മനസ്സിലാക്കിയതിനുശേഷം മാത്രമാണ് ഇവിടെ നിന്നും ഉത്പന്നങ്ങള്‍ നല്‍കാറുള്ളത്.

പൂര്‍ണമായും കസ്റ്റമൈസ് ചെയ്യുന്ന ഉത്പന്നങ്ങളുടെ ഗുണനിലവാരത്തിലും യാതൊരു വിട്ടുവീഴ്ചയ്ക്കും ഇവരുടെ യൂണിറ്റ് തയ്യാറല്ല. കുഞ്ഞുങ്ങള്‍ക്ക് അങ്ങേയറ്റം സുഖകരമായ രീതിയിലാണ് ഇവിടെ നിന്നും കിടക്കകള്‍ ഉള്‍പ്പെടെ നിര്‍മിച്ചു നല്‍കുന്നത്. സന്തുഷ്ടരായ ഉപഭോക്താക്കളുടെ അഭിപ്രായങ്ങളിലൂടെയാണ് തന്റെ സംരംഭം വളര്‍ന്നതെന്ന് പറയുമ്പോള്‍ റിഷയുടെയും നിഷാദിന്റെയും കണ്ണുകളിലെ അഭിമാനത്തിളക്കം നമുക്ക് കാണാം.

നവജാത ശിശുക്കള്‍ക്കായി നിര്‍മിക്കുന്നതാണെങ്കിലും കിടക്കകളും തൊട്ടിലുകളും രണ്ടുവയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സുഖപ്രദമായി യാതൊരു ബുദ്ധിമുട്ടുകളും കൂടാതെ ഉപയോഗിക്കാമെന്ന് ഉറപ്പ് പറയുകയാണ് ഈ സംരംഭകര്‍. പഞ്ഞിക്കിടക്കകള്‍ കഴുകിയുണക്കി ഉപയോഗിക്കാം എന്നതാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത.

സംരംഭം ആരംഭിക്കുന്ന സമയത്ത് കടുത്ത മത്സരമാണ് ഇവര്‍ നേരിട്ടത്. സമാനമായ വിപണനങ്ങള്‍ വളരെ വിപുലമായി ഓണ്‍ലൈന്‍ മാര്‍ഗം പുരോഗമിക്കുന്ന ഒരു മത്സരരംഗത്തേക്കാണ് ആദ്യം തന്നെ എത്തിപ്പെട്ടത്. തുടക്കത്തില്‍ വീട്ടിലും പിന്നീട് എടക്കരയില്‍ വാടകയ്‌ക്കെടുത്ത മുറിയിലുമായി ആരംഭിച്ച യൂണിറ്റ് നിലവില്‍, ഒപ്പമുണ്ടായിരുന്ന ബ്രാന്‍ഡുകളെ ബഹുദൂരം പിന്നിലാക്കി, മുന്നേറിയതിന് പിന്നിലെ രഹസ്യം നൂറുശതമാനം ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ തന്നെയാണ്.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു ഉള്‍പ്പടെ പതിവായി ആവശ്യക്കാര്‍ അന്വേഷിച്ചെത്തുന്നുണ്ടെങ്കിലും ഇന്ത്യയ്ക്ക് പുറത്തേക്ക് നിലവില്‍ ഹെവന്‍ ഓഫ് ബേബിയുടെ സേവനം ലഭ്യമല്ല. കിടക്കകള്‍ക്ക് പുറമെ കുഞ്ഞുടുപ്പുകള്‍ ഉള്‍പ്പെടെയുള്ളവ കൂടി വില്‍ക്കാന്‍ കഴിയുന്ന തരത്തില്‍ ഓണ്‍ലൈന്‍ സ്‌റ്റോറിന് പുറമെ ഒരു ബേബീസ് ബ്രാന്‍ഡ് സ്‌റ്റോര്‍ കൂടി ആരംഭിക്കണം എന്ന തങ്ങളുടെ മോഹവും പങ്കുവച്ച് ഇവര്‍ വീണ്ടും മറ്റൊരു പഞ്ഞിക്കിടക്കയൊരുക്കുന്ന തിരക്കിലേക്ക് തിരിയുകയാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button