ChefX; കൈപുണ്യത്തെ കരിയര്‍ ആയി വളര്‍ത്താം
വിജയ സാധ്യത ഏറ്റവും കൂടിയ സംരംഭക മേഖല ഏതെന്ന് ചോദിച്ചാല്‍ കണ്ണുംപൂട്ടി പറയാവുന്ന ഉത്തരമാണ് ഹോട്ടല്‍ മാനേജ്‌മെന്റ്. ഈ മേഖലയുമായി ബന്ധപ്പെട്ട ഏതുതൊഴിലിനും കേരളത്തിലും പുറത്തും വലിയ സാധ്യതകളുണ്ട്. പുതുമയാര്‍ന്ന രുചികള്‍ പ്ലേറ്റില്‍ എത്തിക്കുന്നവരെ തേടിനടക്കുന്നവരാണ് മലയാളികള്‍. വിദേശരാജ്യങ്ങളിലും ഇന്ത്യയുടെ രുചി പുകഴ്‌പെറ്റതായതിനാല്‍ ഈ മേഖല പ്രദാനം ചെയ്യുന്ന വാതായനങ്ങളും അനവധിയാണ്. എന്നാല്‍ ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലയില്‍ വിജയം പടുത്തുയര്‍ത്തിയവരുടെ ഉദാഹരണങ്ങള്‍ അനവധിയുണ്ടെങ്കിലും ‘മുന്നും പിന്നും’ നോക്കാതെ എടുത്തുചാടി പടുകുഴിയിലായിപ്പോയവരും കുറവല്ല. കൃത്യമായ മുന്നൊരുക്കങ്ങളോ പ്രതിസന്ധികളെ തരണം ചെയ്യാനുള്ള പദ്ധതികളോ ഒന്നുമില്ലാതെയാണ് സ്വന്തമായൊരു റസ്‌റ്റോറന്റ് തുടങ്ങുന്നതെങ്കില്‍ എത്ര മികച്ച രുചിയാണ് പ്ലേറ്റില്‍ എത്തിക്കുന്നതെങ്കിലും മേഖലയില്‍ മുന്നേറാനാവില്ല.
കഴക്കൂട്ടത്തെ ChefXന്റെ സ്ഥാപകനായ അരുണ്‍ദാസ് പറയുന്നത് ഈ മേഖലയുമായി ബന്ധപ്പെട്ട ഏതൊരു തൊഴിലിലും ലോകമെമ്പാടും സ്വീകാര്യതയുണ്ടെന്നാണ്. മികച്ച ഭക്ഷണം ആഗ്രഹിക്കുന്ന ജനങ്ങള്‍ ഉള്ളിടത്തോളം കാലം അത് വിളമ്പുന്നവര്‍ക്ക് സാധ്യതയും ഉണ്ടാകും. കഴക്കൂട്ടം സ്വദേശിയായ അരുണ്‍ദാസ് ഇന്ത്യയിലും പുറത്തുമായി 20 വര്‍ഷത്തോളം ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉയര്‍ച്ച-താഴ്ചകളിലൂടെ കടന്നുപോയ അദ്ദേഹത്തിന്റെ കരിയറില്‍ നിന്ന് കിട്ടിയ അറിവ് മേഖലയിലേക്ക് കടക്കാനാഗ്രഹിക്കുന്ന പുതുതലമുറയ്ക്ക് പകര്‍ന്നു കൊടുക്കുവാനാണ് തന്റെ സ്ഥാപനത്തിലൂടെ അദ്ദേഹം ലക്ഷ്യമിടുന്നത്.
വളരെ കഷ്ടപ്പെട്ട് തിരുവനന്തപുരത്ത് പടുത്തുയര്‍ത്തിയ നാല് റസ്‌റ്റോറന്റുകള്‍ പരാജയപ്പെട്ടതോടെ മനം തകര്‍ന്നു പോയെങ്കിലും തകര്‍ച്ചയില്‍ നിന്നും ഉള്‍ക്കൊണ്ട പാഠങ്ങള്‍ പൂര്‍വാധികം ശക്തിയോടെ തന്റെ പുതിയ സംരംഭം പടുത്തുയര്‍ത്തുന്നതിന് കരുത്തായി. കരിയറിനൊപ്പം ജീവിതവും ‘തരിപ്പണം’ ആകുമെന്ന അവസ്ഥയില്‍ നിന്ന് അത്ഭുതകരമായ തിരിച്ചുവരവ് നടത്തുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
തന്റെ അവസ്ഥയിലൂടെ കടന്നുപോകുന്ന അനേകം പേര്‍ തനിക്ക് ചുറ്റും ഉണ്ടെന്ന് അദ്ദേഹത്തിനറിയാം. കാരണം ഓരോ തവണ കാനഡയില്‍ നിന്ന് അവധിക്ക് വരുമ്പോഴും തന്റെ നാട്ടില്‍ പുതുതായി തുറന്ന റസ്‌റ്റോറന്റുകള്‍ പലതും പൂട്ടിപ്പോകുന്നത് അദ്ദേഹം നേരിട്ട് കണ്ടിട്ടുണ്ട്. ഒരു പ്രാവശ്യം കഴിച്ച് ഇഷ്ടപ്പെട്ട റസ്‌റ്റോറന്റ് അന്വേഷിച്ച് പിന്നീട് വരുമ്പോള്‍ അത് പൂട്ടിപ്പോയെന്നറിയുന്നത് നമുക്കും അനുഭവമുള്ള കാര്യമാണ്. ഭക്ഷണം മോശമായതുകൊണ്ടോ ഉടമകള്‍ക്ക് ആത്മാര്‍ത്ഥത ഇല്ലാത്തതുകൊണ്ടോ അല്ല, മാര്‍ക്കറ്റിന് അനുസരിച്ച് സര്‍വീസിനെ പരുവപ്പെടുത്തിയെടുക്കാന്‍ കഴിയാത്തതുകൊണ്ടാണ് പരാജയം നേരിടേണ്ടി വരുന്നത്. പഠിച്ചിറങ്ങുന്നവര്‍ക്കെല്ലാം മേഖലയിലെ ഏതു പ്രതിസന്ധിയെയും മുന്‍കൂട്ടി കാണുവാനും തരണം ചെയ്യാനും ChefX പര്യാപ്തരാക്കുന്നു. ആ രീതിയിലാണ് കോഴ്‌സുകള്‍.
തിയറി ക്ലാസുകള്‍ എന്ന പേരില്‍ ക്ലാസ് റൂമില്‍ തന്നെ ചടഞ്ഞിരുന്ന് നോട്ടുകള്‍ എഴുതിയെടുക്കുന്ന കോഴ്‌സുകള്‍ വെള്ളത്തില്‍ ഇറങ്ങാതെ നീന്തല്‍ പഠിപ്പിക്കുന്നതിന് സമമാണ്. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ ഭൂരിഭാഗം കുക്കിംഗ് കോഴ്‌സുകളും ഈ രീതി തന്നെയാണ് പിന്തുടരുന്നത്. ഷെഫ് ഡിപ്ലോമയുടെ പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ പലരും ചായയിടാന്‍ പോലും അറിയാത്തവര്‍ ആയിരിക്കും. ഇതിന് വിരുദ്ധമായി ഷെഫെക്‌സിലെ പാചക വിദ്യാര്‍ത്ഥികള്‍ ആദ്യം തന്നെ ക്ലാസിലേക്കല്ല, അടുക്കളയിലേക്കാകും കയറുന്നത്. സ്റ്റൗ ഓണാക്കാന്‍ പോലും അറിയാതെയാണ് കോഴ്‌സിനു ചേരുന്നതെങ്കിലും 10 ദിവസത്തിനുള്ളില്‍ നിങ്ങള്‍ക്ക് ചൈനീസ് ഫുഡ് ഉണ്ടാക്കി വിളമ്പാന്‍ കഴിയുമെന്ന് അരുണ്‍ദാസ് ഉറപ്പു നല്‍കുന്നു.
വിദേശത്തോ സ്വദേശത്തോ കരിയര്‍ ആഗ്രഹിക്കുന്നവര്‍, സ്വന്തമായ റസ്‌റ്റോറന്റ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍, കാറ്ററിംഗ്/ ബേക്കിംഗ് തുടങ്ങി ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്യുന്ന ബിസിനസ് ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ തുടങ്ങിയവര്‍ക്കെല്ലാം കരിയറിന്റെ മാര്‍ഗദര്‍ശിയായി ChefX തെരഞ്ഞെടുക്കാം. മേഖലയില്‍ ബ്രാന്‍ഡ് നെയിമുകളായി മാറിയേക്കാവുന്ന സംരംഭകരെ ഉരുവാക്കി എടുക്കുവാനാണ് ChefX ലക്ഷ്യമിടുന്നത്.