EntreprenuershipSuccess Story

ഗ്രീന്‍വാലി ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍സ്; കേരളത്തിന്റെ സ്വന്തം ഉദ്യാനപാലകന്‍

സഹ്യന്‍ ആര്‍.

സഹ്യാദ്രിയുടെ ഹരിതഭംഗി വിളിച്ചോതുന്ന വയലുകളും മലനിരകളും കണ്ട് എം.സി റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ കൊട്ടാരക്കരയ്ക്കും വാളകത്തിനും ഇടയില്‍ ‘പനവേലി’ എന്ന സ്ഥലത്ത് പശ്ചിമഘട്ടത്തിന്റെ ശീതളച്ഛായയില്‍ സാഹിത്യ രചനകളിലെ കാല്പനികമായ പൂന്തോട്ട വര്‍ണനകളെ അന്വര്‍ത്ഥമാകും വിധം സമൃദ്ധമായ ഒരു ഉദ്യാനം കാണാം…

ഇന്ന് സംസ്ഥാനത്തെ ഏറ്റവും വലിയ, ചെടികളുടെ ഹോള്‍സെയില്‍ വിപണന കേന്ദ്രമായി ആയൂരിനും കൊട്ടാരക്കരയ്ക്കും ഇടയില്‍ വിവിധ സ്ഥലങ്ങളിലായി പതിനെട്ട് ഏക്കറിന്റെ വിസ്തൃതിയില്‍ പരന്നു കിടക്കുന്ന ‘ഗ്രീന്‍വാലി ബോട്ടാണിക്കല്‍ ഗാര്‍ഡന്‍സ്’ നാമ്പിട്ടു തുടങ്ങിയത് കേവലം പത്ത് റോസാ ചെടികളില്‍ നിന്നായിരുന്നു! അതിന് വെള്ളവും വളവും നല്‍കി പരിപാലിച്ച് ഒരു നാടിനാകെ സൗരഭ്യം പകരുന്ന ഗാര്‍ഡന്‍ ആക്കി വളര്‍ത്തിയ മുഹമ്മദ് ഷാഫി എന്ന ഉദ്യാനപാലകന്‍ ഇന്ന് സസ്യ വ്യാപാര മേഖലയിലെ ഒഴിച്ചുകൂടാനാവാത്ത സംരംഭമുഖമാണ്.

വര്‍ഷങ്ങള്‍ക്കു മുമ്പ് തന്റെ വീടിനു മുന്നിലൂടെ കടന്നുപോയ ഒരു വഴിയാത്രക്കാരന്‍ നല്കിയ പത്തോളം റോസാച്ചെടികള്‍ വിറ്റുകൊണ്ടായിരുന്നു ഷാഫിയുടെ സസ്യവ്യാപാര മേഖലയിലേക്കുള്ള ആദ്യ ചുവടുവയ്പ്പ്. വഴിയാത്രക്കാരനായ ആ വ്യക്തി യാത്രാമധ്യേ മറ്റൊരു കച്ചവടക്കാരനില്‍ നിന്നും വാങ്ങിയ റോസാ തൈകള്‍ കൂടെ കൊണ്ടുപോകുന്നതിനുള്ള അസൗകര്യം കാരണം തിരികെ വരും വരെ താല്‍ക്കാലികമായി സൂക്ഷിക്കാന്‍ ഷാഫിയെ ഏല്‍പ്പിക്കുകയായിരുന്നു. വേണമെങ്കില്‍ ഒരു നിശ്ചിത തുക ലാഭത്തില്‍ അവ വില്‍ക്കാം എന്ന് അദ്ദേഹം പറഞ്ഞതനുസരിച്ച് വീട്ടുമുറ്റത്ത് ആ റോസാ തൈകള്‍ ‘ഷോക്കേസ്’ ചെയ്തുകൊണ്ടായിരുന്നു ഷാഫിയിലെ ഉദ്യാനപാലകന്‍ നഴ്‌സറി മേഖലയിലെ സംരംഭകത്വത്തിന് തുടക്കം കുറിച്ചത്. അരങ്ങേറ്റം മോശമായില്ല പത്ത് തൈകളും നിമിഷനേരം കൊണ്ട് വിറ്റുപോയി!

മുന്‍പ് നിരവധി ബിസിനസുകള്‍ ചെയ്തിട്ടുണ്ടെങ്കിലും സസ്യവ്യാപാര മേഖലയിലെ സാധ്യതകള്‍ തിരിച്ചറിഞ്ഞത് അപ്പോഴാണ്. തുടര്‍ന്ന് കുണ്ടറയിലെ വീട്ടുമുറ്റത്ത് ഒരു നഴ്‌സറി ആരംഭിച്ചു. അതിവേഗം പുരോഗമിച്ച ആ സംരംഭം അധികം വൈകാതെ തന്നെ എം സി റോഡിലെ പനവേലിയില്‍ 40 സെന്റ് സ്ഥലത്ത് വ്യവസായികാടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്നിപ്പോള്‍ നൂറിലധികം ജീവനക്കാരുമായി മൂന്നു വ്യത്യസ്ത ഇടങ്ങളിലെ പതിനെട്ട് ഏക്കറോളം സ്ഥലത്ത് ഗ്രീന്‍വാലി ബോട്ടാണിക്കല്‍ ഗാര്‍ഡന്‍സ് പടര്‍ന്നു പന്തലിച്ചത് മുഹമ്മദ് ഷാഫിയുടെ നിരന്തരമായ ഗവേഷണത്തിലൂടെയും അത്യധ്വാനത്തിലൂടെയുമാണ്.

വിദേശിയും സ്വദേശിയുമായ ധാരാളം സസ്യ സമ്പത്ത് നിരന്തര യാത്രയിലൂടെ സമാഹരിച്ച് ഷാഫി ഗ്രീന്‍വാലിയില്‍ എത്തിക്കുമ്പോള്‍ അത് കേരളത്തിന്റെ ഉദ്യാനങ്ങളെ മോടി പിടിപ്പിക്കുക മാത്രമല്ല, മറിച്ച് ഇന്ന് സസ്യ വ്യാപാര മേഖലയില്‍ സര്‍വസാധാരണയായ വ്യാജ വാഗ്ദാനങ്ങളുടെ പൊള്ളത്തരങ്ങള്‍ക്കെതിരെ ‘വിശ്വാസ്യതയുടെ പൂന്തോട്ടം’ ആവുകയും ചെയ്യുന്നു.

വേരുകള്‍ തേടി നിരന്തരം ഗവേഷണം… പ്രവാസം.. നല്ലതു നടാന്‍ ഒരുപിടി തൈകള്‍…

ചെടികളെയും പൂക്കളെയും സ്‌നേഹിക്കുന്ന തന്റെ പ്രിയപ്പെട്ട ഉപഭോക്താക്കള്‍ വൈവിധ്യങ്ങള്‍ തേടി ഗ്രീന്‍ വാലിയില്‍ എത്തുമ്പോള്‍ വ്യത്യസ്തതയ്‌ക്കൊപ്പം ‘വിശ്വാസ്യതയും’ ഉറപ്പു നല്‍കുക എന്നതാണ് മുഹമ്മദ് ഷാഫിയുടെ രീതി. ‘മൂന്നുവര്‍ഷംകൊണ്ട് കായ്ക്കുന്നു’ എന്ന പരസ്യത്തില്‍ തെങ്ങിന്‍തൈകള്‍ വില്‍ക്കുന്ന പ്രവണത സസ്യവിപണനത്തില്‍ ഇന്ന് സര്‍വസാധാരണമാണ്. പക്ഷേ പലതും പത്തുവര്‍ഷം കഴിഞ്ഞാലും കായ്ക്കാറില്ല എന്നതാണ് വാസ്തവം. വാഗ്ദാനങ്ങള്‍ക്കനുസരിച്ചുള്ള ഗുണമേന്മ നല്‍കാത്ത കച്ചവട സംസ്‌കാരം ആവര്‍ത്തിക്കാതിരിക്കാന്‍ ഇന്ത്യയിലും വിദേശത്തും യാത്ര ചെയ്ത് വിശദമായ ഗവേഷണം നടത്തിയാണ് മുഹമ്മദ് ഷാഫി ഏറ്റവും ഗുണമേന്മയുള്ള തൈകള്‍ ഗ്രീന്‍വാലിയില്‍ എത്തിക്കുന്നത്.

വ്യാവസായികമായി ഗാര്‍ഡന്‍ ബിസിനസ് വിപുലീകരിക്കുന്നതിനോടനുബന്ധിച്ച് ആന്ധ്ര, കര്‍ണാടക, പൂനൈ, കല്‍ക്കട്ട തുടങ്ങിയ സ്ഥലങ്ങളിലെ അനേകം ഗാര്‍ഡനുകള്‍ ഷാഫി സന്ദര്‍ശിച്ച് നഴ്‌സറി ബിസിനസിന്റെ A-Z കാര്യങ്ങളും പഠിച്ചു. അതുകൊണ്ടുതന്നെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ പ്ലാന്റുകള്‍ തിരഞ്ഞെടുക്കുന്ന വിപണന തന്ത്രം അദ്ദേഹത്തിന് മനഃപാഠമാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്ക് പുറമേ തായ്‌ലന്‍ഡ്, മലേഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിച്ച അപൂര്‍വയിനം സസ്യങ്ങള്‍ ഗ്രീന്‍വാലി ബോട്ടാണിക്കല്‍ ഗാര്‍ഡന്‍സിന്റെ സസ്യ ശേഖരത്തിലുണ്ട്.

അകത്തളങ്ങളെ അലങ്കരിക്കുന്ന അഗ്ലോനിമയുടെ സൂപ്പര്‍ വൈറ്റ്, ഫിലോഡെന്‍ഡ്രോണ്‍, ബര്‍ക്കിന്‍, ലുപ്പിയം, പത്തിലധികം ഇനത്തിലുള്ള ഫോളിയേജ് ആന്തൂറിയം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഗാര്‍ഡന്‍ കളക്ഷന്‍സ് ഉള്ള ഗ്രീന്‍ വാലിയില്‍ എത്തിയാല്‍ പൂന്തോട്ടങ്ങളെ സ്‌നേഹിക്കുന്നവര്‍ വിഭാവന ചെയ്യുന്ന നൂറു ഉദ്യാനങ്ങള്‍ കാണാം. ഇവിടെയുള്ള അപൂര്‍വയിനം സസ്യങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലേക്കും കയറ്റി അയക്കുന്നുണ്ട്. അത്തരം ചെടികളുടെയെല്ലാം വിത്തും പുതിയ തൈകളും വളര്‍ത്തിയെടുത്തതിനുശേഷം മാത്രമേ വില്‍ക്കാറുള്ളൂ.

അലങ്കാര സസ്യങ്ങള്‍ക്കുപുറമേ വിദേശിയും സ്വദേശിയുമായ ഫലവൃക്ഷത്തൈകളുടെ ശേഖരവും ഉണ്ടിവിടെ. തെങ്ങിന്‍തൈകള്‍, കുള്ളന്‍ കമുക്, പ്ലാവ്, മാവ് തുടങ്ങി ഈ നിരയില്‍പ്പെട്ട എല്ലാം ഇവിടെ തന്നെ ഏറ്റവും പ്രൊഫഷണല്‍ ആയി ഗ്രാഫ്റ്റ് ചെയ്യുന്നു. ഇതോടൊപ്പം നൂറോളം ഔഷധസസ്യങ്ങളും ഗ്രീന്‍വാലിയുടെ ശേഖരത്തിലുണ്ട്.

ഇന്റീരിയര്‍ പ്ലാന്റുകള്‍ വയ്ക്കുന്ന റെസിന്‍ പോട്ട് ഉള്‍പ്പെടെ അകത്തളങ്ങളിലും പുറത്തും അനുയോജ്യമായ ചെടിച്ചട്ടികളുടെ കളക്ഷനും ഇവിടെയുണ്ട്. ഇപ്പോള്‍ ഗ്രീന്‍ വാലിയില്‍ നിന്നും മുന്നൂറിലധികം നഴ്‌സറികള്‍ക്ക് ഹോള്‍സെയില്‍ ആയി ഇന്‍ഡോര്‍ – ഔട്ട്‌ഡോര്‍ സസ്യങ്ങള്‍ വില്‍ക്കുന്നുണ്ട്. കേരളത്തിന്റെ നഴ്‌സറി മേഖലയിലെ ഹോള്‍സെയില്‍ വ്യാപാരത്തിന്റെ അതികായരായി അനുദിനം വളരുകയാണ് മുഹമ്മദ് ഷാഫിയുടെ ഗ്രീന്‍വാലി ബോട്ടാണിക്കല്‍ ഗാര്‍ഡന്‍സ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button