രാജ്യത്തിന്റെ ജിഡിപി ഇരട്ടയക്കമാകും ;നീതി ആയോഗ് വൈസ് ചെയര്‍മാന്‍
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഈ വര്‍ഷം ഇരട്ടയക്ക വളര്‍ച്ച രേഖപ്പെടുത്തുമെന്ന് നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍. കോവിഡ് മഹാമാരി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ആദ്യതരംഗവും രണ്ടാം തരംഗവും സാമ്പത്തീക വളര്‍ച്ചയുടെ ഗ്രാഫ് മന്ദഗതിയിലാക്കി. എങ്കിലും ഇപ്പോള്‍ ആ അവസ്ഥയില്‍ നിന്നെല്ലാം മറികടന്നിരിക്കുകയാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ.
2021 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ സമ്പദ് വ്യവസ്ഥ 7.3 ശതമാനം ചുരുങ്ങിയിരുന്നു. എന്നാല്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുവരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ സാമ്പത്തിക മുന്നേറ്റം ശക്തമാകുമെന്നും ജിഡിപി വര്‍ധിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
രാജ്യത്ത് ഇനിയൊരു കോവിഡ് തരംഗം കൂടിയുണ്ടായാല്‍ അതിനെ നേരിടാന്‍ സര്‍ക്കാര്‍ സുസജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് മുന്‍ തരംഗങ്ങളില്‍ നിന്ന് മഹാമാരിയെ നേരിടുന്നതിനുള്ള പാഠങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മുന്‍പത്തേതിനെ അപേക്ഷിച്ച് വളരെ ദുര്‍ബലമായി മാത്രമേ മൂന്നാം തരംഗം സമ്പദ്വ്യവസ്ഥയെ ബാധിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.