ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 2023ല്‍ 6.5 ശതമാനമായി ഉയരും; കൃഷ്്ണമൂര്‍ത്തി സുബ്രമണ്യന്‍
2023 മുതല്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 6.5 ശതമാനമായിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്‌മണ്യന്‍. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ 7.3 ശതമാനം ചുരുങ്ങിയിരുന്നു. ഡണ്‍ & ബ്രാഡ്‌സ്ട്രീറ്റ് സംഘടിപ്പിച്ച വെര്‍ച്വല്‍ പരിപാടിയിലാണ് അദ്ദേഹം ജിഡിപി വളര്‍ച്ചാ നിരക്കിനെക്കുറിച്ച് സംസാരിച്ചത്.
കഴിഞ്ഞ ഒന്നര വര്‍ഷമായി സംഭവിച്ച സുപ്രധാന പരിഷ്‌കാരങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ വരുന്ന വര്‍ഷം ഉയര്‍ന്ന വളര്‍ച്ചയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.’ 2021 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തിലും മൊത്തത്തില്‍ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയിലും വീണ്ടെടുക്കലിന്റെ വേഗത കുറഞ്ഞത് ഒരു പരിധിവരെ കോവിഡിന്റെ രണ്ടാം തരംഗം ബാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാമത്തെ തരംഗം ആരോഗ്യ രംഗത്ത് വളരെ വിനാശകരമായ അവസ്ഥ സൃഷ്ടിച്ചെങ്കിലും, അതിന്റെ സാമ്പത്തിക ആഘാതം പരിമിതമായിരുന്നു. രണ്ടാമത്തെ തരംഗത്തിന്റെ ആഘാതം വളരെ വലുതായിരിക്കില്ലെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൃഷി, തൊഴില്‍, കയറ്റുമതി പിഎല്‍ഐ പദ്ധതി, എംഎസ്എംഇ നിര്‍വചനത്തിലെ മാറ്റം, ബാഡ് ബാങ്ക് രൂപീകരണം, പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണം തുടങ്ങിയ സര്‍ക്കാരിന്റെ വിവിധ പരിഷ്‌കാരങ്ങള്‍ വളര്‍ച്ചയെ മുന്നോട്ട് നയിക്കുമെന്ന് സുബ്രഹ്‌മണ്യന്‍ പറഞ്ഞു.