മലിനജലത്തില്‍ നിന്ന് ശുദ്ധജലത്തിലേക്ക്; സെഡ്നയുടെ ടെക്നോളജിക്ക് കൊടുക്കാം കയ്യടി!

ലയ രാജന്
മനുഷ്യന്റെ പ്രാഥമിക ആവശ്യഘടകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വെള്ളം. എന്നാല്‍ ഉപഭോഗത്തോടൊപ്പം പരിസ്ഥിതി മലിനീകരണത്തിലും ഒരു വലിയ അളവ് സംഭാവന ചെയ്യുന്നത് മലിനീകരിക്കപ്പെട്ട ജലം തന്നെയാണ്. മലിന ജലത്തിന്റെ പ്രധാന സ്രോതസ്സുകള്‍ കണ്ടെത്തി എന്തുകൊണ്ട് അവയെ ശുദ്ധീകരിച്ചു പുനരുപയോഗിക്കാന്‍ കഴിയുന്ന ഒരു പദ്ധതിക്ക് സ്വയം രൂപം നല്കിക്കൂടാ എന്ന ചിന്തയാണ് സെഡ്ന വാട്ടര്‍ സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ പിറവിക്ക് പിന്നില്‍. ബാക്കി കഥ സെഡ്നയുടെ അമരക്കാരനായ അതുല്‍ തന്നെ പറയും.
മലിനജലം ശുദ്ധീകരിച്ച് പുനരുപയോഗിക്കുന്ന പ്രക്രിയ പാരിസ്ഥിതികമായി ഒട്ടേറെ നേട്ടങ്ങളുള്ള ഒന്നാണ്. വലിയ അളവില്‍ വെള്ളം ആവശ്യമായി വരുന്ന ആശുപത്രികളും ഫഌറ്റുകളും വാണിജ്യ കെട്ടിടങ്ങളും അടക്കമുള്ള ഇടങ്ങളില്‍നിന്ന് പുറന്തള്ളപ്പെടുന്ന മലിനജലത്തിന്റെ അളവും അത്രതന്നെ വലുതാണ്. ഇത് വരുത്തി വയ്ക്കാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ഗുരുതരമാണ്. ഈ തിരിച്ചറിവില്‍ നിന്നാണ് എന്വിയോണ്മെന്റല് എന്‍ജിനീയറിങ്ങില്‍ എം.ടെക് ബിരുദധാരിയായ ആലപ്പുഴ ചേര്‍ത്തല സ്വദേശി അതുല്‍ സെഡ്ന വാട്ടര്‍ സൊല്യൂഷന്‍സ് എന്ന സംരംഭത്തിന് 2017 തിരികൊളുത്തുന്നത്.

ബി.ടെക്കിന് ശേഷം ജലശുദ്ധീകരണ മേഖലയില്‍ തന്നെ ജോലി അന്വേഷിച്ച അതുല്‍ ജല പുനഃചംക്രമണത്തിന്റെ ആവശ്യകതയെ കുറിച്ച് ബോധ്യപ്പെട്ടതോടെയാണ് പൂര്‍ണമായും ഈ മേഖലയിലേക്ക് തിരിഞ്ഞത്. പൂര്ണപിന്തുണയോടെ കുടുംബവും ഒപ്പം നിന്നതോടെ സെഡ്ന വാട്ടര്‍ സൊല്യൂഷന്‍സ് വളരെ വേഗംതന്നെ വളര്‍ച്ചയുടെ പാതയിലേക്ക് എത്തി.

സാങ്കേതികവിദ്യയുടെ സഹായത്തോടുകൂടി ശാസ്ത്രീയമായ രീതിയില്‍ മലിനജലത്തെ പല ഘട്ടമായി ശുദ്ധീകരിച്ച് പുനരുപയോഗം ചെയ്യാന്‍ പ്രാപ്തമാക്കുകയാണ് ഇവിടെ. ജൈവരാസപ്രവര്ത്തനങ്ങളിലൂടെയും ശുചീകരണ മാര്‍ഗങ്ങളിലൂടെയും വെള്ളത്തില്‍ കലര്‍ന്നിരിക്കുന്ന മാലിന്യത്തെ പൂര്‍ണമായും നീക്കം ചെയ്ത് വെള്ളത്തിന്റെ രാസഘടനയില്‍ യാതൊരു മാറ്റവും വരുത്താതെ ഏറ്റവും സുരക്ഷിതമായി ഉപയോഗം ചെയ്യുകയാണ് ഇവിടെ.
ജലത്തില്‍ വായുരഹിത ബാക്ടീരിയയെ ഉപയോഗിച്ച് ജൈവസംസ്കരണം നടത്തുന്നതില്‍ നിന്നാരംഭിക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പല ഘട്ടങ്ങളിലായി പുരോഗമിച്ച് ഉപയോഗയോഗ്യമായ വെള്ളമാക്കി മാറ്റുന്നു. ആവശ്യപ്പെടുന്നതനുസരിച്ച് അതത് സ്ഥലത്ത് നേരിട്ട് ചെന്നാണ് ശുചീകരണ പ്ലാന്റ് സ്ഥാപിച്ച് ജലം പുനഃചംക്രമണം ചെയ്യുന്നത്. 2017ല്‍ ആരംഭിച്ച ഈ സംരംഭം 2020 ഓടെയാണ് പൂര്‍ണമായും ഈ മേഖലയുടെ മുഴുവന്‍ സാധ്യതകളും ഉപയോഗിച്ചു തുടങ്ങുന്നത്.

വ്യവസായിക പ്ലാന്റുകളിലും താരതമ്യേന വെള്ളത്തിന്റെ ഉപയോഗം വളരെ കൂടുതലുള്ള ഫഌറ്റ് സമുച്ചയങ്ങള്‍, ആരാധനാലയങ്ങള്‍ മുതലായ ഇടങ്ങളിലും ദിനംപ്രതി പുറന്തള്ളുന്ന മലിനജലത്തിന്റെ അളവ് അപകടകരമായ വിധം കൂടുതലാണെന്നിരിക്കെ, എഫഌവെന്റ് ട്രീറ്റ്മെന്റ്, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകള്‍ വഴി വെള്ളം ശുദ്ധീകരിച്ച് പുനരുപയോഗം ചെയ്യുന്നത് വളരെ വലിയ അളവില്‍ പരിസ്ഥിതി മലിനീകരണത്തെ പിടിച്ചു കെട്ടാന്‍ സഹായിക്കുന്നു. ഗാര്ഹികപരമായി ചെലവ് കൂടുതലുള്ള പദ്ധതിയാണെങ്കില്‍ പോലും വാണിജ്യപരമായ സാഹചര്യങ്ങളില്‍ മുടക്കുമുതലിന് തക്കതായ പ്രയോജനം ഉറപ്പുനല്‍കുന്ന ഒന്നാണ് ഇത്തരം ട്രീറ്റ്മെന്റ് പ്ലാന്റുകള്‍. നിലവില്‍ കേരളത്തില്‍ എല്ലാ ജില്ലകള്‍ക്കും പുറമേ തമിഴ്നാട്ടിലും കര്‍ണാടകയിലും സെഡ്ന വാട്ടര്‍ സൊല്യൂഷന്‍സിന്റെ സേവനം ലഭ്യമാണ്.

പാരിസ്ഥിതികമായും സൗകര്യങ്ങളുടെ അടിസ്ഥാനത്തിലും ഒട്ടേറെ മെച്ചങ്ങളുള്ള ഇത്തരം ഒരു പദ്ധതിയുടെ സാധ്യതയെ കുറിച്ച് ഇപ്പോഴും പൊതുജനത്തിന് മതിയായ ധാരണയില്ല. മേഖലയിലെ വിദേശ സാങ്കേതികവിദ്യകള്‍ കൂടി ഉള്‍പ്പെടുത്തി സെഡ്ന വാട്ടര്‍ സൊല്യൂഷന്‍സ് കൂടുതല്‍ വിപുലീകരിച്ച് ജനകീയമാക്കുക എന്നതാണ് തന്റെ ആഗ്രഹം എന്ന് അതുല്‍ കൂട്ടിച്ചേര്‍ക്കുന്നു.




