പുട്ടുപൊടി മുതല്‍ ഈന്തപ്പഴക്കുരു കാപ്പിപ്പൊടി വരെ; കഷ്ടപ്പാടില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ രാജേഷിന്റെ വിജയഗാഥ
ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ബേക്കറി പണിക്കാരന്‍… പിന്നീട് ഏഴ് വര്‍ഷത്തോളം നീണ്ട പ്രവാസ ജീവിതം… ഇപ്പോള്‍ നാടറിയുന്ന ബിസിനസുകാരന്‍ ! കണ്ണൂര്‍ കുത്തുപറമ്പ് സ്വദേശി എന്‍. രാജേഷിന്റെ ഇന്നത്തെ വിജയത്തിലേക്കുള്ള യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. കണ്ണൂര്‍ ജില്ലയിലെ പാട്യം പഞ്ചായത്തിലെ ചീരാറ്റയില്‍ എ. ആര്‍. ഫുഡ് പ്രോഡക്റ്റ് കമ്പനി നടത്തി വരുന്ന രാജേഷ് ഭക്ഷ്യ ഉത്പന്ന വിതരണ രംഗത്ത് മാറ്റങ്ങള്‍ക്കു വഴി തെളിക്കുകയാണ്.
ചെറിയ പ്രായത്തില്‍ തന്നെ ബേക്കറി പണി ചെയ്ത ശേഷമാണ് രാജേഷ് കോലപൂരിലെത്തുന്നത്. അവിടെ പല തൊഴിലുകളിലേര്‍പ്പെട്ട ശേഷം പിന്നീട് ഗള്‍ഫിലേക്ക് പോയി. ഏഴ് വര്‍ഷത്തോളം നീണ്ട ഗള്‍ഫ് ജീവിതത്തിനു ശേഷം നാട്ടിലെത്തിയ അദ്ദേഹത്തിന് സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് ഇങ്ങനെ ഒരു സംരംഭം തുടങ്ങാന്‍ കാരണമായത്.
കേരള ഗ്രാമീണ ബാങ്കില്‍ നിന്ന് അഞ്ച് ലക്ഷം വായ്പയെടുത്താണ് അദ്ദേഹം ബിസിനസ് മേഖലയിലേക്ക് ഇറങ്ങിയത്. പിന്നീട് കൂടുതല്‍ മെഷീനുകള്‍ വാങ്ങുന്നതിനായി വീടും സ്ഥലവും പണയം വച്ചു 10 ലക്ഷം കൂടി വായ്പയെടുത്തു. ഇതോടെ ബിസിനസ് കൂടുതല്‍ മെച്ചപ്പെട്ടു. തുടക്കത്തില്‍ പല ഇടങ്ങളില്‍ നിന്നും ഉത്പന്നങ്ങള്‍ തിരസ്‌കരിക്കപ്പെട്ടെങ്കിലും ഇന്ന് കേരളത്തിന് പുറത്തു നിന്ന് വരെ തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ വന്നുകൊണ്ടിരിക്കുന്നു എന്ന് അദ്ദേഹം അഭിമാനത്തോടെ പറയുന്നു. ബാംഗ്ലൂര്‍, ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളില്‍ നിന്നു എ. ആര്‍. ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.
കാപ്പിപ്പൊടിയിലെ മാജിക്
കറി മസാലകള്‍, വിവിധ തരം പുട്ടുപൊടികള്‍ എന്നിവയ്ക്ക് പുറമെ ഈന്തപ്പഴത്തിന്റെ കുരു കൊണ്ടുള്ള കാപ്പിപ്പൊടിയാണ് എ. ആര്‍. പ്രോഡകറ്റ്‌സിന്റെ എടുത്തു പറയേണ്ട ഉത്പന്നം. കാപ്പി പൊടി ഇല്ലാതെ ഈന്തപ്പഴക്കുരു പൊടിച്ചതില്‍ മസാല കൂട്ടുകള്‍ ചേര്‍ത്താണ് ഇവ ഉണ്ടാകുന്നത്. ഈന്തപ്പഴ കുരുവും ജീരകവും ഉലുവയും ചേര്‍ത്തുള്ള ഈ ഉത്പന്നതിനു ആവശ്യക്കാര്‍ ഏറെയാണ്.
ഓരോ ഉത്പന്നവും വിപണിയില്‍ വിജയിക്കുമ്പോള്‍ വ്യത്യസ്തമായ പുതിയ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ ശ്രമിക്കുകയാണ് രാജേഷ്. ഒന്‍പത് തരം പുട്ടുപൊടികളാണ് ഇവര്‍ വിപണിയിലെത്തിക്കുന്നത്. ചോളം, ബജ്‌റ, ജോവര്‍, റാഗി, മള്‍ട്ടി ഗ്രയിന്‍, ചാമ, തിന, ഗോതമ്പ് തുടങ്ങിയ വ്യത്യസ്ത ഇനം പുട്ടുപൊടികള്‍ക്ക് ആവശ്യക്കാര്‍ ഏറെ.
തന്റെ സ്ഥാപനത്തിന്റെ ഈ നേട്ടങ്ങള്‍ക്കു പിന്നിലെ ഒരു ഘടകം തന്റെ തൊഴലാളികളുടെ ആത്മാര്‍ത്ഥതയും, മനോഭാവവും പിന്തുണയും കൂടിയാണെന്നും രാജേഷ് എന്ന സംരംഭകന്‍ ഈ അവസരത്തില്‍ കൂട്ടി ചേര്‍ക്കുന്നു. ആത്മവിശ്വാസം ഉണ്ടെങ്കില്‍ ഏതു ബിസിനസ്സും കേരളത്തില്‍ വിജയിക്കും എന്ന് രാജേഷ് പറയുന്നു. സംരംഭങ്ങള്‍ തുടങ്ങുന്നതിനു വ്യവസായ വകുപ്പും നല്ല പിന്തുണ നല്‍കുന്നുണ്ട്.
ഒറ്റ തൊഴിലാളിയില്‍ തുടങ്ങിയ ഈ സംരംഭത്തില്‍ ഇന്ന് 15 തൊഴിലാളികളാണ് ഉള്ളത്. സ്ഥാപനത്തിന്റെ ഉടമയായി മാത്രമല്ല, പ്രോഡക്ഷനിലും മാര്‍ക്കറ്റിങ്ങിലും രാജേഷ് നേരിട്ട് പ്രവര്‍ത്തിക്കുന്നു എന്നതാണ് സ്ഥാപനത്തിന്റെ വിജയം. 2018 ല്‍ പുട്ടുപൊടിയില്‍ തുടങ്ങിയ സംരംഭത്തിന് ഇന്ന് 57ഓളം ഉത്പന്നങ്ങളാണ് വിപണിയിലുള്ളത്.
വ്യത്യസ്തവും ഗുണനിലവാരവുമുള്ള ഉത്പന്നങ്ങളിലൂടെ വിജയം കൊയ്യുന്ന എ. ആര്‍ ഫുഡ് പ്രോഡക്റ്റ് യുവസംരംഭകര്‍ക്കു പ്രചോദനമാണ്. കണ്ണൂര്‍ ജില്ലയിലെ മികച്ച യുവസംരംഭകനുള്ള അവാര്‍ഡ് രണ്ടു പ്രാവശ്യം (2022, 2024) ഇദ്ദേഹം നേടിയെടുത്തിട്ടുണ്ട്.