സ്വപ്നത്തെ പിന്തുടര്‍ന്ന് വിജയത്തേരിലെത്തിയ സംരംഭക ജീവിതം
ജീവിതത്തില്‍ സ്വപ്നം കാണാത്തവരായി ആരും തന്നെയില്ല. എന്നാല്‍ സമയം കടന്നു പോകുന്നതിനനുസരിച്ച് സ്വപ്നം സ്വപ്നമായി തന്നെ ഒതുങ്ങന്നതാണ് പതിവു കാഴ്ച. എന്നാല്‍ അതിനു വിഭിന്നമായി സഞ്ചരിച്ചു ഓരോ പ്രതിബന്ധങ്ങളെയും അതിജീവിച്ചു തന്റെ ഇഷ്ടങ്ങളെയും സ്വപ്നങ്ങളെയും യാഥാര്‍ത്ഥ്യമാക്കിയ വനിതയാണ് തിരുവനന്തപുരം ജില്ലയിലെ പൂജപ്പുര സ്വദേശിനി ജിജി ജി നായര്‍.
പഠനശേഷം എല്ലാപേരെയും പോലെ ജിജിയും നല്ലൊരു ജോലി നേടുവാനാണ് ശ്രമിച്ചത്. സ്വന്തം കഴിവിനനുസരിച്ചുള്ള ജോലി തന്നെ അവര്‍ക്കു നേടിയെടുക്കാന്‍ സാധിച്ചു. ഉയര്‍ന്ന ജോലി നേടിയിട്ടും തിരക്കുകള്‍ക്കിടയിലും തന്റെ പാഷനോടുള്ള അതിയായ താല്‍പര്യം വിട്ടു കളയാന്‍ തന്റെ മനസ്സ് വിസമ്മതിച്ചപ്പോള്‍ ജിജി സ്വന്തം സ്വപ്‌നങ്ങള്‍ക്ക് നിറം പകരുവാനും അവ യാഥാര്‍ത്ഥ്യമാക്കാനും വേണ്ടി പ്രയത്‌നിക്കാന്‍ തീരുമാനിച്ചു.
കഴിവുകളെ തടവറയിലാക്കുന്ന ആ ജോലി ഉപേക്ഷിക്കുകയും തനിക്ക് അഭിരുചിയുള്ള ഡിസൈനിങ് മേഖലയിലേക്കു ചുവടുവയ്ക്കുകയും ചെയ്തു. അവിടെ നിന്നുമാണ് ജിജി എന്ന സംരംഭകയുടെയും ‘നൈഷ്ഠിക ബോട്ടിക്’ എന്ന സംരംഭത്തിന്റെയും ഉത്ഭവം.
നല്ലൊരു ഫാഷന്‍ ഡിസൈനര്‍ കൂടിയായ ജിജി തന്റെ കരവിരുതിലൂടെ വസ്ത്രങ്ങളില്‍ മനോഹരമായ ഡിസൈനുകള്‍ വരച്ചു ആരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നവിധം വസ്ത്രങ്ങളെ പുനരുജ്ജീവിച്ചപ്പോള്‍ ഉപഭോക്താക്കളും വിപണിയും അവ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഒരു തുടക്കക്കാരി എന്ന നിലയില്‍ ജിജിക്കു കിട്ടിയ വലിയൊരു പ്രചോദനം തന്നെയായിരുന്നു അത്.
നൈഷ്ഠിക എന്ന ബോട്ടിക്കിലൂടെ തന്റെ സംരംഭ ജീവിതത്തിനു തുടക്കം കുറിച്ച ജിജി അതിനു പിന്നാലെ She Arts & Craft Cafe by jiji എന്ന സ്ഥാപനം കൂടി ആരംഭിച്ചു.
പ്ലാസ്റ്റിക,് കുപ്പികള്‍ തുടങ്ങി പ്രകൃതിയെ മലിനീകരിക്കുന്ന നിരവധി പാഴ്‌വസ്തുക്കള്‍ ഉപയോഗിച്ച് മനോഹരവും വര്‍ണശബളവുമായ നിരവധി ക്രാഫ്റ്റുകളാണ് ജിജി നിര്‍മിക്കുന്നത്. വീടുകള്‍ അലങ്കരിക്കുന്നതിനും പല തരത്തിലുള്ള ഇവന്റുകളില്‍ ഉപയോഗിക്കുന്നതിനുമൊക്കെയുള്ള മനോഹരമായ ക്രാഫ്റ്റുകള്‍ ആവശ്യാനുസരണം ചെയ്തു കൊടുക്കുന്നുണ്ട്.
ജിജിയുടെ ‘മാസ്റ്റര്‍പീസ്’ എന്ന് ഉപഭോക്താക്കള്‍ ഒന്നടങ്കം വിശേഷിപ്പിക്കുന്ന ‘ഡ്രീം ക്യാച്ചറി’ന് ഡിമാന്‍ഡ് ഏറെയാണ്. നെഗറ്റീവായ ചിന്തകളെയും സ്വപ്‌നങ്ങളെയും ഒഴിവാക്കി പോസിറ്റീവ് എനര്‍ജി കൊണ്ടുവരാന്‍ ഉപയോഗിക്കുന്നവയാണ് ഡ്രീം ക്യാച്ചറുകള്‍. അവ വ്യത്യസ്തമായ രീതിയിലും നിറങ്ങളുമൊക്കെ ഉപയോഗിച്ച് പൂര്‍ത്തിയാക്കുമ്പോള്‍ അവയുടെ ഭംഗി ഒന്നുകൂടി വര്‍ദ്ധിക്കുന്നു. നിരവധി ക്രാഫ്റ്റുകള്‍ ചെയ്യുന്നുണ്ടെങ്കിലും ജിജിയുടെ ഡ്രീം ക്യാച്ചറിനുള്ള ഡിമാന്‍ഡ് നാള്‍ക്കുനാള്‍ കൂടി വരികയാണ്.
ഫേസ്ബുക്കില്‍ ‘ഷീ ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് ബൈ ജിജി’ എന്ന പേജിലൂടെയും സുഹൃത്തുക്കള്‍ വഴിയും കേട്ടറിഞ്ഞും നിരവധി പേര്‍ ജിജിയുടെ സംരംഭത്തിലേക്ക് എത്തുന്നുണ്ട്. അതുകൂടാതെ, വെള്ളാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കരകൗശല ഗ്രാമത്തിലും ജിജിക്ക് തന്റെ ക്രാഫ്റ്റുകള്‍ പ്രദര്‍ശിപ്പിക്കുവാനുള്ള അവസരമുണ്ട്. നിരവധി ഇവന്റ്മാനേജ്‌മെന്റ് ടീമുകള്‍ക്ക് അലങ്കാരപ്പണിയ്ക്കായി നിരവധി ക്രാഫ്റ്റ് വര്‍ക്കുകള്‍ ചെയ്ത് കൊടുക്കുന്നുണ്ട്.
ഓരോ ഘട്ടത്തിലും അനുയോജ്യമായ തീരുമാനങ്ങളെടുക്കാന്‍ കഴിഞ്ഞതാണ് ഓരോ നേട്ടത്തിനും കാരണമെന്ന് ജിജി പറയുന്നു. ഇന്ന് ഷീ ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റിനു ഉപഭോക്താക്കളേറെയാണ്. പ്രതികൂല ചുറ്റുപാടുകളെയെല്ലാം തന്റെ സ്വപ്‌നങ്ങള്‍ക്ക് വേണ്ടി അതിജീവിച്ചു സാഹചര്യങ്ങളെ മാറ്റിയെടുത്ത ജിജി ഓരോ വനിതകള്‍ക്കും ഒരു വലിയ പാഠം തന്നെയാണ്.
സംരംഭകത്വത്തിനു പുറമെ, പ്രതിഭയുള്ള ഒരു എഴുത്തുകാരി കൂടിയാണ് ജിജി. ചെറുപ്പം മുതല്‍ എഴുത്തും വായനയും ആത്മാര്‍ത്ഥ സുഹൃത്തുക്കളായി കൂടെയുണ്ട്. 2020-ല്‍ ‘സേവ് ദി ഡേറ്റ്’ എന്ന പേരില്‍ ചെറുകഥകള്‍ അടങ്ങിയ പുസ്തകം പ്രസിദ്ധീകരിച്ചു. പുതിയൊരു പുസ്തകത്തിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍. എഴുത്തുകാരിയായ സംരംഭകയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു.