ധനകാര്യ സ്ഥാപനത്തിന് പേര് നിര്‍ദ്ദേശിക്കുക; കേന്ദ്രസര്‍ക്കാരിന്റെ 15 ലക്ഷം സമ്മാനമായി നേടൂ
ഡല്‍ഹി: അടിസ്ഥാനസൗകര്യ വികസനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനായി ആരംഭിക്കുന്ന പുതിയ ധനകാര്യ സ്ഥാപനത്തിന് വേണ്ടി മത്സരം സംഘടിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. സ്ഥാപനത്തിന് അനുയോജ്യമായ പേര്, ടാഗ്ലൈന്, ലോഗോ എന്നിവ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് 15 ലക്ഷം രൂപയാണ് സര്‍ക്കാര്‍ സമ്മാനമായി നല്‍കുക.
മികച്ച പേരിനും ടാഗ്ലൈനും ലോഗോയ്ക്കും 5 ലക്ഷം രൂപ വീതമാണ് സമ്മാനം. രണ്ടാം സമ്മാന ജേതാക്കള്‍ക്ക് 3 ലക്ഷം രൂപയും മൂന്നാം സമ്മാനക്കാര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും നല്‍കും. ഓഗസ്റ്റ് അഞ്ച് ആണ് മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള അവസാന തീയതി. സര്‍ഗ്ഗാത്മകത, ഊര്ജ്ജസ്വലത, ആശയവുമായി അടുത്തുനില്‍ക്കുന്നവ എന്നിവയുടെ അടിസ്ഥാനത്തിലാണ് എന്‍ട്രികള്‍ തിരഞ്ഞെടുക്കുക.
നാഷണല്‍ ബാങ്ക് ഫോര്‍ ഫിനാന്‍സിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്മെന്റ് ആക്ട് 2021 പ്രകാരമാണ് പുതിയ സ്ഥാപനം രൂപീകരിക്കുന്നത്. നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ്ലൈനിന് കീഴില്‍ 7,000 പദ്ധതികളാണുള്ളത്. 111 ലക്ഷം കോടി രൂപയുടെ പദ്ധതി പൂര്‍ത്തീകരണത്തിന് സഹായിക്കുകയെന്നതാണ് ഡിഎഫ്ഐയുടെ ലക്ഷ്യം. ഒരു വികസന ബാങ്കായിട്ടായിരിക്കും സ്ഥാപനം പ്രവര്‍ത്തിക്കുകയെന്നും ധനമന്ത്രാലയം വ്യക്തമാക്കി.