Success Story

കുറ്റാന്വേഷണ നോവലുമായി പ്രശസ്ത കവി അനില്‍ കരുംകുളം

തിരുവനന്തപുരം : ‘ചിരിക്കാത്ത മലയാളികള്‍’ എന്ന കവിതാസമാഹാരത്തിലൂടെ മലയാള കാവ്യരംഗത്ത് ‘പ്രവേശനോത്സവം’ നടത്തി, തുടര്‍ന്ന് നിരവധി കവിതകളിലൂടെയും ഗാനങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും കവിയരങ്ങുകളിലൂടെയും മലയാള സാഹിത്യ ലോകത്ത് കസേരയിട്ട് സ്ഥാനമുറപ്പിച്ച കവിയാണ് അനില്‍ കരുംകുളം. കവിതകളിലൂടെയും ഗാനങ്ങളിലൂടെയും സഞ്ചരിച്ച അനില്‍ കരുംകുളം ഇപ്പോള്‍ വായനക്കാരെ ത്രില്ലടിപ്പിക്കാന്‍ ഉദ്വേഗഭരിതമായ ഒരു കുറ്റാന്വേഷണ നോവലുമായി എത്തുകയാണ്.

‘ഇരുമുഖം’ എന്നാണ് അനിലിന്റെ കുറ്റാന്വേഷണ നോവലിന്റെ പേര്. നോവല്‍ വിഭാഗത്തില്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ കൃതിയാണ് ഇത്. 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു ഇരട്ട കൊലപാതകത്തിന്റെ ചുരുള്‍ നിവര്‍ത്തുന്നതാണ് നോവലിന്റെ ഇതിവൃത്തം. യാതൊരു ഡിജിറ്റല്‍ തെളിവുകളും അവശേഷിക്കാതിരുന്ന ആ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ആളെ വര്‍ഷങ്ങള്‍ക്കിപ്പുറം വളരെ സമര്‍ത്ഥമായി പിടികൂടുന്നു. അത് തന്നെയാണ് ഈ നോവലിന്റെ ‘ഹൈലൈറ്റ്’! മുന്‍ സൈനികന്‍ കൂടിയായ നോവലിസ്റ്റ് വളരെ കരുതലോടെയും കൗശലതയോടെയുമാണ് നോലവിന്റെ ഓരോ ഭാഗങ്ങളും അവതരിപ്പിച്ചിരിക്കുന്നത്.

ഇത്തരമൊരു നോവലിന്റെ രചനയിലേക്ക് പ്രേരണയായ സംഭവം നോവലിസ്റ്റിന്റെ ഭാഷയില്‍ പറഞ്ഞാല്‍, ഡിറ്റക്ടീവ് നോവല്‍ എഴുതുക എന്ന സാഹസമേറ്റെടുക്കാന്‍ തലസ്ഥാന നഗരത്തിലെ ഒരു യുവ എഴുത്തുകാരും തയ്യാറാകുന്നില്ല. കഷ്ടപ്പെടാന്‍ വയ്യ എന്നത് തന്നെയാണ് അതിന് കാരണം. കുറ്റാന്വേഷണ നോവലാകുമ്പോള്‍ അവിടെ പോലീസ് വേണം. പോലീസ് വരുമ്പോള്‍, കോണ്‍സ്റ്റബിള്‍ മുതല്‍ ഡിജിപി വരെയുള്ളവരുടെ റാങ്കുകള്‍ പഠിക്കണം, പ്രോട്ടോക്കോള്‍ പഠിക്കണം. ഇതൊക്കെ അല്‍പം കഠിനാധ്വാനം ആവശ്യമുള്ള പണികളാണ്. അങ്ങനെ പുതുതലമുറ പിന്തിരിഞ്ഞു നില്ക്കുന്ന സാഹചര്യത്തിലാണ് അനില്‍ കരുംകുളം അത്തരമൊരു സാഹസമേറ്റെടുത്ത് പൂര്‍ത്തിയാക്കിയത്.

മൈത്രി ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍. പുസ്തകത്തിന്റെ പ്രകാശനം ജൂണ്‍ 16 ന് വൈകുന്നേരം നാലിന് തിരുവനന്തപുരത്ത് പ്രൊഫ.എന്‍.കൃഷ്ണപിള്ള ഫൗണ്ടേഷന്‍ ഹാളില്‍ കേരള പോലീസ് മുന്‍ ഡിജിപി ഋഷിരാജ് സിംഗ് നിര്‍വഹിക്കും. ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ പുസ്തകം ഏറ്റുവാങ്ങും.

കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് സിനിമ സംവിധായകന്‍ രാജസേനന്‍ ഉദ്ഘാടനം ചെയ്യും. റ്റി. പി ശാസ്തമംഗലം, വിനോദ് വൈശാഖി, ജേക്കബ് എബ്രഹാം, എ ലാല്‍സലാം, എന്‍.എസ് സുമേഷ് കൃഷ്ണന്‍, അജിത് വി.എസ്, ഷാമില ഷൂജ, സുധീര്‍ ചടയമംഗലം, മാറനല്ലൂര്‍ സുധി, ദിനകവി, ഗിരീഷ് കളത്തറ, കോട്ടുകാല്‍ സത്യന്‍ എന്നിവര്‍ പങ്കെടുക്കും. ഇതോടനുബന്ധിച്ച് രണ്ട് മണി മുതല്‍ കാവ്യസംഗമം സംഘടിപ്പിച്ചിട്ടുണ്ട്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button