”കുടുംബ ബന്ധങ്ങള്‍ തകരാനുള്ളതല്ല, മാനസികാരോഗ്യംഏറെ പ്രധാനം”
ശാരീരിക ആരോഗ്യത്തെ പോലെ തന്നെ, പ്രാധ്യാനമേറിയതാണ് മാനസികാരോഗ്യവും. മനസ്സിന്റെ ശക്തിയില്‍ ശാരീരിക അസുഖങ്ങള്‍ ഭേദമായ നിരവധി സംഭവങ്ങള്‍ നമുക്ക് അറിയാം. പ്രമുഖ സൈക്കോളജിസ്റ്റും ഫാമിലി കൗണ്‍സിലറുമായ ഹണി C.R മായി സക്‌സസ് കേരള നടത്തിയ അഭിമുഖ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങളിലേക്ക്…
ഇന്ന് കേരളത്തിലെ പ്രമുഖരായ സൈക്കോളജിസ്റ്റുകളില്‍ ഒരാളാണ് മേഡം. ഈ ഒരു പ്രൊഫഷന്‍ തിരഞ്ഞെടുക്കാനുള്ള കാരണം എന്താണ് ?
ആലപ്പുഴ ജില്ലയിലെ പുത്തനങ്ങാടിയാണ് എന്റെ സ്വദേശം. ഞാന്‍ ഒരു സ്‌കൂള്‍ അധ്യാപികയായിരുന്നു. എക്‌ണോമിക്‌സ് ആയിരുന്നു വിഷയം. അന്ന് മുതല്‍ക്കെ കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അവരെ കേള്‍ക്കാനും എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. ടീനേജിലുള്ള കുട്ടികള്‍ നിരവധി സൈക്കോളജിക്കല്‍ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണ്. അവരെ കേള്‍ക്കാനും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാനും പലപ്പോഴും ആരും ഉണ്ടാകാറില്ല. അങ്ങനെയിരിക്കെയാണ്, സ്‌കൂളില്‍ വച്ച് ഒരു സൈക്കോളജിക്കല്‍ ഡിപ്ലോമ കോഴ്‌സില്‍ ഞാന്‍ പങ്കെടുക്കുന്നത്.
കുട്ടികള്‍ക്ക് വേണ്ടി ഒരു സൈക്കോളജിക് ക്ലിനിക് ആരംഭിക്കണമെന്ന ആഗ്രഹത്തെ തുടര്‍ന്ന് M.Sc സൈക്കോളജി പഠിക്കുകയും ‘മൈന്‍ഡ്രാ കൗണ്‍സിലിങ് സെന്റര്‍’ എന്ന സ്ഥാപനം ആരംഭിക്കുകയും ചെയ്തു. ആ സമയത്താണ് ഫാമിലി കോര്‍ട്ടില്‍ ഫാമിലി കൗണ്‍സിലറായി എനിക്ക് ജോലി ലഭിക്കുന്നത്. തുടര്‍ന്ന് ഞാന്‍ ഫാമിലി തെറാപ്പിയില്‍ കൂടുതല്‍ ഫോക്കസ് ചെയ്യാന്‍ തുടങ്ങി.
ദാമ്പത്യ പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം എന്താണ് ? എങ്ങനെ ഇവ പരിഹരിക്കാം ?
ഓരോ വ്യക്തിയും വ്യത്യസ്തരാണ് എന്ന് മനസിലാക്കണം. വ്യത്യസ്ത ഇഷ്ടങ്ങളും വ്യത്യസ്ത ആഗ്രഹങ്ങളും ഉള്ളവരാണ് ഓരോരുത്തരും. ഇത് പരസ്പരം മനസിലാക്കാതെ പോകുന്നതാണ് മിക്ക പ്രശ്‌നങ്ങള്‍ക്കും കാരണം. ദൈനംദിന ജീവിതത്തിലെ ജോലി, സാമ്പത്തികം എന്നീ സമ്മര്‍ദ്ദങ്ങള്‍, പരസ്പരമുള്ള വിശ്വാസം നഷ്ടപ്പെടല്‍, ആശയവിനിമയം ഇല്ലാത്തത്…. ഇവയൊക്കെ ബന്ധങ്ങളെ തകര്‍ക്കാം.
പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത് തുറന്ന് പറയാന്‍ ഓരോ ദമ്പതിമാരും ശ്രദ്ധിക്കണം. കാരണം ആശയവിനിമയം ആരോഗ്യകരമായ ദാമ്പത്യ ജീവിതത്തില്‍ പ്രധാനമാണ്. ഒരുമിച്ച് സമയം ചിലവഴിക്കല്‍, പങ്കാളിയുടെ അഭിപ്രായങ്ങളെ പരസ്പരം ബഹുമാനിക്കല്‍, സഹായിക്കല്‍ ഇതൊക്കെ നല്ല ജീവിതത്തില്‍ ആവശ്യമാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്ത തരത്തില്‍ ഗുരുതരമാണെങ്കില്‍ വിദഗ്ധരുടെ സഹായം തേടാവുന്നതാണ്.
പുതുതലമുറയിലെ കൗമാരക്കാര്‍ നേരിടുന്ന പ്രധാന മാനസിക വെല്ലുവിളികള്‍ എന്തൊക്കെയാണ് ? കുട്ടികളുടെ ജീവിതത്തെ ഇത് ബാധിക്കുന്നത് എങ്ങനെ ?
ജീവിതത്തിലെ സുപ്രധാനമായ ഒരു കാലഘട്ടമാണ് കൗമാരം. ഈ കാലഘട്ടത്തിലാണ് തിരിച്ചറിവില്ലാതെ വലിയ തെറ്റുകളിലേക്കും മറ്റും കുട്ടികള്‍ പോവുക. പരീക്ഷകള്‍, മറ്റൊരാളുമായുള്ള താരതമ്യം, ശാരീരിക മാറ്റങ്ങള്‍ എന്നിവ മാനസിക സമ്മര്‍ദ്ദത്തിലേക്ക് കുട്ടികളെ നയിക്കുന്നു. സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗവും കുട്ടികളുടെ മാനസികാരോഗ്യത്തെ തകര്‍ക്കാം.
സൈബര്‍ ബുള്ളിയിംഗ്, വയലന്‍സ് ഗെയിംസ് എന്നിവ കുട്ടികളെ അപകടത്തിലേക്കാവും നയിക്കുക. അതുപോലെ തന്നെ സൗഹൃദവലയവും ഈ പ്രായത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. മോശമായ സൗഹൃദങ്ങള്‍ മയക്കുമരുന്നിന്റെ ഉപയോഗത്തിലേക്ക് കുട്ടികളെ നയിക്കാം. സൗഹൃദങ്ങളും പ്രണയബന്ധങ്ങളും തിരഞ്ഞെടുക്കുമ്പോള്‍ വ്യക്തമായ അവബോധം ഈ പ്രായത്തിലെ കുട്ടികള്‍ക്ക് ഉണ്ടായിരിക്കണം.
എങ്ങനെ കൗമാരപ്രായത്തിലെ കുട്ടികളുടെ മാനസികാരോഗ്യം
സംരക്ഷിക്കാം ?
ഈ പ്രായത്തിലെ കുട്ടികളോട് മാതാപിതാക്കള്‍ എപ്പോഴും അവരോട് സംസാരിക്കാനായി ശ്രദ്ധിക്കണം. നമ്മള്‍ കൂടെയുണ്ടെന്ന തിരിച്ചറിവ് അവരുടെ ജീവിതത്തില്‍ വളരെ പ്രധാനമാണ്. സാമൂഹ്യമാധ്യമങ്ങള്‍ ആരോഗ്യകരമായി ഉപയോഗിക്കാനുള്ള അറിവ് കുട്ടികള്‍ക്ക് ഉണ്ടായിരിക്കണം. ഇവയില്‍ നിന്നുള്ള കണ്ടന്റുകള്‍ ജീവിതത്തെ ബാധിക്കുന്നത് പോസിറ്റീവായാണോ, നെഗറ്റീവായാണോ എന്ന അറിവും കുട്ടികള്‍ക്ക് ലഭിക്കണം.
സ്വയം കാര്യങ്ങള്‍ ചെയ്യാനുള്ള പ്രാപ്തി കുട്ടികള്‍ക്ക് ഉണ്ടായിരിക്കണം. അതിനാല്‍ വീട്ടിലെ ഓരോ കാര്യങ്ങളിലും അവരെ കൂടി ഉള്‍പ്പെടുത്തണം. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുകയും കുട്ടികളുമായി നല്ല ആശയവിനിമയം നടത്തുകയും വേണം. കുട്ടികളുടെ പെരുമാറ്റത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ അനുഭവപ്പെട്ടാല്‍ വിദഗ്ധ സേവനം തേടാന്‍ ഒരിക്കലും മടിക്കരുത്. എന്റെ അടുത്ത് കൗണ്‍സിലിങിനായി എത്തുന്ന രക്ഷിതാക്കളോട് കൃത്യമായി ഞാന്‍ ഇത് പറയാറുണ്ട്.
Contact No: 9249519135