വിഴിഞ്ഞം തുറമുഖത്തിന്റെ അനന്ത സാധ്യതകള്‍
വിഴിഞ്ഞം പോര്‍ട്ട് – സാധ്യതകള്‍, അവലോകനങ്ങള്‍ എന്ന വിഷയവുമായി ബന്ധപ്പെട്ട് ONWARD ബിസിനസ്സ് കണ്‍സള്‍ട്ടിംഗ് ആന്‍ഡ് ട്രെയിനിങ് എല്‍എല്‍പി സി.ഇ.ഒ ബാനര്‍ജി ഭാസ്‌കരനുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍…
വിഴിഞ്ഞം പോര്‍ട്ട് നമ്മുടെ രാജ്യത്തിന് പ്രയോജനകരമായി തീരുന്നത് എങ്ങനെയൊക്കെ ആയിരിക്കും? ഇതിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണ്?
വിഴിഞ്ഞം തുറമുഖം ഇന്ത്യയുടെ ട്രാന്‍സ്ഷിപ്പ് ഹബ്ബായിത്തീരുന്നതിനാല്‍ രാജ്യത്തിന് നിരവധി ഗുണങ്ങള്‍ ലഭിക്കും. 20 മീറ്റര്‍ സ്വാഭാവിക ആഴം ഉള്ളതിനാല്‍, മറ്റു തുറമുഖങ്ങളില്‍ പതിവായി ഉണ്ടാകുന്ന ആഴക്കുറവ് പരിഹരിക്കപ്പെടുകയും അതിലൂടെ വലിയ മദര്‍ ഷിപ്പുകള്‍ക്ക് ഇവിടെ അടുക്കുവാനും സാധിക്കും. ഇന്ത്യയുടെ കിഴക്കന്‍ ഭാഗത്തുള്ള കല്‍ക്കട്ട തുറമുഖവും പടിഞ്ഞാറിലുള്ള മുന്ദ്ര തുറമുഖവും വിഴിഞ്ഞത്തില്‍ നിന്ന് ഏകദേശം ഒരേ ദൂരത്തിലാണ്. അതിനാല്‍ ഇന്ത്യയുടെ പ്രധാന തുറമുഖങ്ങളിലേക്ക് ചരക്കുകളെത്തിക്കാന്‍ വേഗം കൂടുകയും ചെലവ് കുറയുകയും ചെയ്യും.
തമിഴ്‌നാട്, ആന്ധ്ര, തെലുങ്കാന, ഒഡീഷ, വഴി രാജ്യത്തിന്റെ വടക്കു കിഴക്കന്‍ പ്രദേശങ്ങളിലേക്ക് റെയില്‍വേ മാര്‍ഗവും റോഡ് മാര്‍ഗവും വിഴിഞ്ഞം പോര്‍ട്ടില്‍ വരുന്ന കാര്‍ഗോകള്‍ എത്തിക്കാന്‍ സാധിക്കും. കര്‍ണാടക, ഗോവ മഹാരാഷ്ട്ര തുടങ്ങിയ പ്രദേശങ്ങളിലേക്കും റോഡ് മാര്‍ഗവും റെയില്‍ മാര്‍ഗവും സാധനങ്ങള്‍ എത്തിക്കാന്‍ സാധിക്കും. അവിടെ നിന്നും വടക്കു പടിഞ്ഞാറന്‍ ഇന്ത്യയിലേക്കും.
കൂടാതെ, കബോട്ടാഷ് നിയമത്തില്‍ ഇളവ് വന്നതുകൊണ്ട് വിദേശ പതാകകളുള്ള കപ്പലുകള്‍ക്ക് രാജ്യത്തിനുള്ളിലുള്ള പോര്‍ട്ടുകളെ തമ്മില്‍ ബന്ധിപ്പിച്ചു, ചരക്കുകള്‍ എത്തിക്കാന്‍ സാധിക്കും. ഇതിലൂടെ രാജയത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കാര്‍ഗോ, വിഴിഞ്ഞത്തേക്ക് വേഗത്തില്‍ തന്നെ എത്തിച്ചു മദിര്‍ഷിപ്പുകളില്‍ ലോഡ് ചെയ്യാനും കഴിയും.
വിഴിഞ്ഞത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ ഈ പോര്‍ട്ടിന് എങ്ങനെ ഗുണം ചെയ്യും?
വിഴിഞ്ഞം തുറമുഖത്തിന് 20 മീറ്ററിലധികം സ്വാഭാവിക ആഴമുണ്ട് എന്ന് നമ്മള്‍ പറഞ്ഞല്ലോ? മദര്‍ കപ്പലുകള്‍ പോര്‍ട്ടുകളില്‍ അടുക്കണമെങ്കില്‍ സ്വാഭാവികമായും തുറമുഖങ്ങള്‍ക്ക് വലിയ ആഴം ഉണ്ടായിരിക്കണം. ലോകത്തിലെ പല തുറമുഖങ്ങളും നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ആഴക്കുറവ്. അതുകൊണ്ടുതന്നെ എല്ലാ തുറമുഖങ്ങളും വര്‍ഷാവര്‍ഷം കോടിക്കണക്കിന് രൂപയാണ് തുറമുഖത്തിന്റെ ആഴം കൂട്ടുന്നതിനായി ചെലവഴിക്കുന്നത്. ഈ സാഹചര്യത്തിലാണ് 20 മീറ്ററില്‍ അധികം സ്വാഭാവിക ആഴമുള്ള വിഴിഞ്ഞം തുറമുഖത്തിന്റെ പ്രാധാന്യം.
കൂടാതെ ഇന്റര്‍നാഷണല്‍ കപ്പല്‍ ചാലില്‍ നിന്നും ഏകദേശം 10 നോട്ടിക്കല്‍ മൈല്‍ ദൂരം മാത്രമേ വിഴിഞ്ഞം തുറമുഖത്തേക്ക് ഉള്ളൂ. അതുകൊണ്ടുതന്നെ ഇതുവഴി പോകുന്ന വലിയ കപ്പലുകള്‍ക്ക് വിഴിഞ്ഞം തുറമുഖത്തേക്ക് വളരെ പെട്ടെന്ന് തന്നെ എത്തിച്ചേരാന്‍ സാധിക്കും.
ലോക ഷിപ്പിംഗ് ഇന്‍ഡസ്ട്രിയില്‍ വിഴിഞ്ഞം തുറമുഖം എന്ത് മാറ്റങ്ങള്‍ സൃഷ്ടിക്കും? ഇന്ത്യയിലെ വ്യവസായങ്ങള്‍ക്ക് ഇത് എങ്ങനെ പ്രയോജനം ചെയ്യും?
ലോകത്തിലെ ഏറ്റവും വലിയ തുറമുഖങ്ങളില്‍ ഭൂരിഭാഗവും ഏഷ്യന്‍ ഭൂഖണ്ഡത്തിലാണ് സ്ഥിതി ചെയ്യുന്നത്. തുറമുഖങ്ങളില്‍ കൈകാര്യം ചെയ്യുന്ന കണ്ടെയ്‌നറുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് തുറമുഖങ്ങളെ തരംതിരിക്കുന്നത്. കപ്പലുകള്‍ക്കും ടെര്‍മിനലുകള്‍ക്കുമുള്ള ശേഷി നിര്‍ണയിക്കാന്‍ ഉപയോഗിക്കുന്ന യൂണിറ്റാണ് ടിഇയു അല്ലെങ്കില്‍ ട്വന്റി ഫൂട്ട് ഇക്വലെന്റ് യൂണിറ്റ് (TEUs).
ലോകത്തെ ഏറ്റവും വലിയ തുറമുഖങ്ങള്‍ ഏഷ്യയിലാണുള്ളതെന്ന് പറഞ്ഞല്ലോ… പ്രത്യേകിച്ച് ചൈന, സിംഗപ്പൂര്‍, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളില്‍. അവിടെയുള്ള മദര്‍ ഷിപ്പുകള്‍ വലിയ രീതിയില്‍ ചരക്കുകള്‍ കൈകാര്യം ചെയ്യുന്നു. വിഴിഞ്ഞത്തിന്റെ നിലയനുസരിച്ചു, ഈ വലിയ രീതിയിലുള്ള ചരക്കു നീക്കം നടത്താന്‍ കഴിയുന്ന ഒരു പോര്‍ട്ട് ആണെന്ന് പറയേണ്ടി വരും.
നമ്മുടെ രാജ്യത്തെ വ്യവസായത്തിന് വിഴിഞ്ഞത്തു നിന്നുള്ള കയറ്റിറക്കുമതി വളരെയേറെ പ്രയോജനം ചെയ്യുക തന്നെ ചെയ്യും. ഒന്നാമതായി, ഇപ്പോള്‍ നമ്മുടെ രാജ്യത്തേക്ക് എന്തെങ്കിലും ഇറക്കുമതി ചെയ്യണമെങ്കില്‍, അല്ലെങ്കില്‍ കയറ്റുമതി ചെയ്യണമെങ്കില്‍, നാം കൊളംബോ, അല്ലെങ്കില്‍ സിംഗപ്പൂര്‍ പോലുള്ള Transshipment ഹബ്ബുകളെ ആശ്രയിക്കേണ്ടി വരുന്നു. വിഴിഞ്ഞത്തു മദര്‍ഷിപ്പുകള്‍ എത്തുന്നതിലൂടെ നമുക്ക് ലോകത്തിലേക്ക് നേരിട്ടുള്ള കണക്ടിവിറ്റിയും ഇന്‍ഫ്രാസ്ട്രക്ചറും ലഭിക്കുകയും അതിലൂടെ ഇന്ത്യയിലെ ഉത്പന്നങ്ങള്‍ കുറഞ്ഞ ചെലവില്‍ വിദേശ രാജ്യങ്ങളിലെത്തിക്കാന്‍ സാധിക്കുകയും ചെയ്യും. അതുപോലെ തന്നെ, ഏതെങ്കിലും അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള ചെലവിലും കുറവ് വരുന്നു.
ചുരുക്കത്തില്‍ ഇറക്കുമതിയിലും കയറ്റുമതിയിലുമുള്ള ലോജിസ്റ്റിക് കോസ്റ്റില്‍ ഗണ്യമായ കുറവുണ്ടാകും. അതുമാത്രമല്ല, സമയലാഭവും. ഇത് ഇന്ത്യന്‍ നിര്‍മാതാക്കള്‍ക്ക് ചെലവു കുറയ്ക്കുകയും, വിദേശ കമ്പനികളെ ഇന്ത്യയില്‍ മാനുഫാക്ചറിങ് ഹബ്ബുകള്‍ സ്ഥാപിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.
സിഎയര്‍ കാര്‍ഗോ (Sea Air Cargo) എന്നത് എന്താണ്, അതിന് ലോക മാരിടൈം ഭൂപടത്തില്‍ എന്ത് പ്രാധാന്യമുണ്ട്?
കടല്‍, വായു മാര്‍ഗങ്ങള്‍ ഒരുപോലെ ഉപയോഗിച്ച് ചരക്ക് ഗതാഗതം സാധ്യമാക്കുന്നതാണ് സിഎയര്‍ കാര്‍ഗോ. എയര്‍ കാര്‍ഗോയുടെ വേഗതയും സീ കാര്‍ഗോയുടെ കുറഞ്ഞ ചിലവും ഇതിലൂടെ സംയോജിപ്പിക്കപ്പെടുന്നു. ലോകത്തിലെ പ്രശസ്തമായ പല കമ്പനികളും സിഎയര്‍ കാര്‍ഗോ രീതിയില്‍ വന്‍ തോതില്‍ ചരക്ക് ഗതാഗതം നടത്തുന്നുണ്ട്. സിംഗപ്പൂരും ദുബായിലെ ജബല്‍ അലി തുറമുഖവും സിഎയര്‍ കാര്‍ഗോ ഏറ്റവും നല്ല രീതിയില്‍ ഉപയോഗിക്കുന്ന തുറമുഖങ്ങളാണ്.
തെക്ക് കിഴക്കന്‍ ഏഷ്യയില്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ കടല്‍ മാര്‍ഗം സിംഗപ്പൂരിലോ, ദുബായിലോ എത്തിച്ചതിനു ശേഷം അവിടെ നിന്ന് വായു മാര്‍ഗം യൂറോപ്പിലെ ഫൈനല്‍ ഡെസ്റ്റിനേഷനില്‍ ഇത് എത്തിച്ചേരുന്നു. ഇതിന്റെ ഏറ്റവും വലിയ ഗുണം, ഡെസ്റ്റിനേഷന്‍ പോയിന്റിലേക്ക് ചരക്ക് ഏറ്റവും വേഗത്തില്‍ എത്തിച്ചു നല്‍കാന്‍ സാധിക്കും എന്നുള്ളതാണ്. കൂടാതെ ജലഗതാഗതം ഉപയോഗിക്കുന്നതുമൂലം വലിയ തോതിലുള്ള ചെലവ് ചുരുക്കാനും ഇത് വഴി കഴിയും.
സിഎയര്‍ കാര്‍ഗോ വിഴിഞ്ഞം തുറമുഖവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
വിഴിഞ്ഞം തുറമുഖം ഭൂമിശാസ്ത്രപരമായി ദുബായിലെ ജബല്‍ അലി തുറമുഖത്തിനും സിംഗപ്പൂര്‍ തുറമുഖത്തിനും മധ്യത്തിലായിട്ടാണ്. വിഴിഞ്ഞം തുറമുഖത്ത് വരുന്ന ഉത്പന്നങ്ങള്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും വളരെ പെട്ടെന്ന് തന്നെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കും. വിഴിഞ്ഞം തുറമുഖവും തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ് എന്നുള്ളത് കൊണ്ട് തന്നെ, രണ്ട് പോര്‍ട്ടുകള്‍ തമ്മിലുള്ള ഓപ്പറേഷനല്‍ ഏകോപനം വളരെ എളുപ്പമുള്ളതായിരിക്കും.
വിഴിഞ്ഞം തുറമുഖത്ത് നിന്ന് തിരുവനന്തപുരം ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലേക്കുള്ള ദൂരം വെറും 15 കിലോമീറ്ററാണ്. അതുകൊണ്ടുതന്നെ സിഎയര്‍ കാര്‍ഗോ വിഴിഞ്ഞം തുറമുഖത്തിന് വളരെ സാധ്യതകള്‍ ഉള്ളതാണ്.
വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകള്‍ ഒന്ന് ചുരുക്കത്തില്‍ പറയാമോ?
വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായതോടെ വിഴിഞ്ഞം എന്ന പ്രദേശത്തിനോ തിരുവനന്തപുരം ജില്ലയ്‌ക്കോ കേരള സംസ്ഥാനത്തിനോ മാത്രമല്ല ഗുണം ചെയ്യുന്നത്. വിഴിഞ്ഞം ഇന്ത്യയുടെ തന്നെ മാരിടൈം ഗേറ്റ് വേ ആയി മാറും. വണ്‍ മില്യന്‍ ടി ഇ യു ആണ് വിഴിഞ്ഞം തുറമുഖം ആദ്യ ഘട്ടം ലക്ഷ്യം വയ്ക്കുന്നത്. അതിലേക്ക് നമ്മള്‍ എത്രയും പെട്ടെന്ന് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കാം. എവറസ്റ്റ് കീഴടക്കാന്‍ പോകുന്നുവെങ്കില്‍ നമ്മള്‍ വീട്ടില്‍ നിന്ന് പുറത്തേക്ക് ആദ്യചുവട് വയ്ക്കണം. അതുപോലെ നമ്മള്‍ ആദ്യചുവട് ഇവിടെ തുടങ്ങി കഴിഞ്ഞു. വിഴിഞ്ഞം തുറമുഖം ഇന്ത്യന്‍ ഉത്പാദകര്‍ക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും അനന്തസാധ്യതകളാണ് തുറന്നു നല്‍കുന്നത്.
Banarji Bhaskaran
CEO, Onward Business Consulting & Training LLP
Trivandrum & Kochi
Mob: +91 9495 8359 88