EntreprenuershipSuccess Story

സ്വപ്‌നം അധ്യാപനം, എന്നാല്‍ നിലവില്‍ ജനപ്രിയ സംരംഭക; ഒരു ‘Allus Hair Oil’ വിജയഗാഥ

താരനും മുടികൊഴിച്ചിലും അകാലനരയുമെല്ലാമായി നമ്മളെയെല്ലാം അലട്ടുന്ന ബുദ്ധിമുട്ടുകള്‍ ഏറെയാണ്. ഇതിനെയെല്ലാം മറികടക്കാമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഒട്ടനവധി വീഡിയോകളും എത്താറുണ്ട്. എന്നാല്‍ ഇവയില്‍ പലതും ശരിയായ പരിരക്ഷയോ കേശസംരക്ഷണ ഉപാധികളോ പങ്കുവയ്ക്കാറില്ല എന്നുമാത്രമല്ല, മറ്റുപലയിടത്തും നിന്നും കേള്‍ക്കുന്ന കേട്ടറിവുകള്‍ സമ്മര്‍ദിച്ച് പോവാറാണ് പതിവ്. ഇത്തരക്കാര്‍ക്കിടയിലാണ് മുടിയിഴകളെക്കുറിച്ചും അതിന്റെ സംരക്ഷണത്തെ കുറിച്ചും ആധികാരികമായി സംസാരിച്ചും വിവരങ്ങള്‍ പങ്കുവച്ചും Allu and Me ജനപ്രിയമായി മാറിയത്. ഇതിനൊപ്പം കേശസംരക്ഷണത്തിനായി പാരമ്പര്യമായി ഇവര്‍ ഉപയോഗിച്ചു പോരുന്നതും ശാസ്ത്രീയമായി പരിശോധനകള്‍ക്ക് വിധേയമാക്കിയതുമായ Allus Herbal Oil കൂടി വിപണിയിലെത്തിച്ചതോടെ ഇവര്‍ക്ക് ആരാധകരും ആവശ്യക്കാരുമേറി.

കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ബിരുദവും ബിരുദാനന്തര ബിരുദവും സ്വന്തമാക്കി അധ്യാപനം സ്വപ്‌നം കണ്ട് നടന്നിരുന്ന അപര്‍ണ, പ്രേക്ഷകരുടെ പ്രിയപ്പെട്ട Allu and Me ആകുന്നത് പ്രതീക്ഷകളില്ലാതെയാണ്. ഐടി എഞ്ചിനീയറായ ഭര്‍ത്താവിനൊപ്പം ബെംഗളൂരുവിലേക്ക് താമസം മാറ്റിയപ്പോഴുണ്ടായ മടുപ്പ് മാറ്റാനായാണ് അപര്‍ണ യൂട്യൂബില്‍ സജീവമാകുന്നത്. സമൂഹമാധ്യമങ്ങളില്‍ സജീവമായതോടെയാണ് യൂട്യൂബില്‍ വീഡിയോകള്‍ അപ്‌ലോഡ് ചെയ്യുന്നതിനെകുറിച്ച് അപര്‍ണ ചിന്തിച്ചുതുടങ്ങുന്നത്. സംഗതി ഭര്‍ത്താവ് വിപിന്‍ദാസിനോട് അറിയിച്ചപ്പോള്‍ അകമഴിഞ്ഞുള്ള സഹകരണം കൂടിയായതോടെയാണ് Allu and Me എന്ന യൂട്യൂബ് ചാനലിന്റെ പിറവി. തുടര്‍ന്ന് മകന്‍ Allu വിന്റെ പേരില്‍ ആരംഭിച്ച ചാനലില്‍ നിത്യേന ഓരോ കണ്ടന്റുകളുമായി അപര്‍ണയെത്തി.

തുടക്കത്തില്‍ ചര്‍മ സംരക്ഷണവും കേശസംരക്ഷണവുമായ കണ്ടന്റുകളുമായി ഇവര്‍ എത്തിയെങ്കിലും, കാഴ്ചക്കാര്‍ ഏറെയുള്ളത് ഹെയര്‍ കെയര്‍ സംബന്ധിച്ച വീഡിയോകള്‍ക്കാണെന്ന് മനസിലാക്കിയതോടെ Allu and Me അങ്ങോട്ടേക്ക് തിരിഞ്ഞു. നാടും നാട്ടിന്‍പുറവും വിട്ട് ബെംഗളൂരുവിലെ നഗരത്തില്‍ ജീവിക്കുന്ന ഇവരെ സംബന്ധിച്ച് വീഡിയോയ്ക്ക് ആവശ്യമായ ഔഷധ സസ്യങ്ങളും ചേരുവകളും കണ്ടെത്തുന്നതിലും ഏറെ ബുദ്ധിമുട്ടും നേരിട്ടു. ഈ സമയത്താണ് കൊവിഡ് പിടിമുറുക്കുന്നതും നാട്ടിലേക്ക് മടങ്ങുന്നതും. മാത്രമല്ല, നാട്ടിലെത്തിയുള്ള ക്വാറന്റൈന്‍ ദിനങ്ങളും അപര്‍ണയ്ക്ക് തിരക്കുള്ള ദിവസങ്ങളുമായി.

കയ്യിലുള്ള സ്മാര്‍ട്ട് ഫോണും പരിമിതമായ സൗകര്യങ്ങളും ഉപയോഗിച്ച് കൂടുതല്‍ വീഡിയോകള്‍ സബ്‌സ്‌ക്രൈബേഴ്‌സില്‍ എത്തിക്കുമ്പോഴാണ് പാരമ്പര്യമായി ഉപയോഗിച്ചുവരുന്ന ഹെയര്‍ ഓയിലിന്റെ നിര്‍മാണ വീഡിയോ പങ്കുവയ്ക്കുന്നതിനെ കുറിച്ച് അപര്‍ണ ചിന്തിക്കുന്നത്. അച്ഛനെയും ഒപ്പം കൂട്ടി ഹെയര്‍ ഓയില്‍ നിര്‍മിക്കുന്ന വീഡിയോ അപ്‌ലോഡ് ചെയ്തതോടെ, ഇതിനായി ആവശ്യക്കാരും അന്വേഷണങ്ങളും എത്തിത്തുടങ്ങി. എന്നാല്‍ ഹെയര്‍ ഓയില്‍ ആവശ്യക്കാരില്‍ എത്തിക്കുന്നതിന് മുമ്പ് അതിന്റെ ഗുണനിലവാരം ബോധ്യപ്പെടുത്തേണ്ടതും വിപണിയിലെത്തിക്കുന്നത് സംബന്ധിച്ചുള്ള അനുമതികള്‍ ലഭിക്കേണ്ടതുണ്ടെന്നും ഇവര്‍ മനസ്സിലാക്കി. എല്ലാം വിചാരിച്ചത് പോലെ നടന്നതോടെ Allus Hair Oil വിപണിയിലേക്കും എത്തി.

ആവശ്യക്കാര്‍ ഏറിയതും ഇതിന്റെ മാര്‍ക്കറ്റിങ് പോലുള്ള മേഖലകളില്‍ ശ്രദ്ധിക്കേണ്ടതും മനസിലാക്കി ഭര്‍ത്താവ് വിപിന്‍ദാസും ഐടി മേഖലയിലെ ജോലി ഉപേക്ഷിച്ച് ഒപ്പം കൂടി. ഇതിനിടെ ബി.എഡിന് പ്രവേശനം ലഭിച്ചുവെങ്കിലും ബിസിനസിനോടുള്ള ആവേശം പരിഗണിച്ച് അപര്‍ണയും അത് ഒഴിവാക്കി.

Allu and Me എന്ന യൂട്യൂബ് ചാനലിനെക്കാള്‍ അപര്‍ണയെ ആളുകള്‍ കൂടുതലായി അറിഞ്ഞുതുടങ്ങുന്നത് Allus Hair Oil ജനശ്രദ്ധ പിടിച്ചുപറ്റിയതോടെയാണ്. ഹെയര്‍ ഓയില്‍ വാങ്ങി ഉപയോഗിച്ചവര്‍ക്ക് റിസള്‍ട്ട് കിട്ടിത്തുടങ്ങിയതോടെ അഭിനന്ദനങ്ങളും സ്‌നേഹവുമറിയിച്ച് നിരവധി പേര്‍ നേരിട്ടുമെത്തി.

ഉപഭോക്താക്കളുടെ സ്‌നേഹ പ്രതികരണങ്ങള്‍ കൂടിയതോടെ അതിരാവിലെ രണ്ടു മണിക്ക് ആരംഭിക്കുന്ന ഹെയര്‍ ഓയില്‍ നിര്‍മാണവും അതിനായുള്ള ചേരുവ കണ്ടെത്തുന്നതിലെ ബുദ്ധിമുട്ടുമെല്ലാം അപര്‍ണയ്ക്കും നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കുന്ന അച്ഛന്‍ ബാബുവിനും അമ്മ ബീലയ്ക്കും ഹെയര്‍ ഓയില്‍ ആവശ്യക്കാരന്റെ കയ്യില്‍ എത്തുന്നതുവരെ എണ്ണയിട്ട യന്ത്രം പോലെ ഓടിനടന്ന് പ്രവര്‍ത്തിക്കുന്ന പ്രിയതമനും ഊര്‍ജവുമായി. എല്ലാത്തിലുമുപരി മികച്ച സംരംഭക എന്ന അഭിമാനത്തോടെ പഠിച്ച ഗുരുവായൂരപ്പന്‍ കോളേജില്‍ അതിഥിയായി അപര്‍ണയെ ക്ഷണിച്ചുവെന്നതും ഇവരെ സംബന്ധിച്ചു വലിയ നേട്ടങ്ങളായി തന്നെ എണ്ണുന്നുണ്ട്.

അതേസമയം Allus Hair Oil ന്റെ വിജയവഴിയില്‍ നേരിട്ട വെല്ലുവിളികളും ഇവര്‍ക്ക് ഊര്‍ജമായിട്ടുണ്ട്. പ്രാരംഭഘട്ടത്തില്‍ കളിയാക്കി ചിരിച്ചവരും വിപണിയിലേക്ക് കാലെടുത്ത് വച്ചപ്പോള്‍ പോര് കാണിച്ചവരും ഉള്‍പ്പടെ ഇതിലുണ്ട്. മാത്രമല്ല ഹെയര്‍ ഓയില്‍ വിജയമായതോടെ ഇവര്‍ക്ക് സമൂഹമാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം നേരിടേണ്ടതായും വന്നിരുന്നു. എന്നാല്‍ എല്ലാം ചിരിച്ചുകൊണ്ട് നേരിട്ട Allus Hair Oil ന് നിലവില്‍ ഇന്ത്യയ്ക്ക് അകത്തും വിദേശരാജ്യങ്ങളില്‍ നിന്ന് പോലും ആവശ്യക്കാരുണ്ട്.

മാത്രമല്ല ഗള്‍ഫ് രാജ്യങ്ങളിലുള്ള മലയാളികള്‍ക്കിടയില്‍ സ്വീകാര്യത വര്‍ധിച്ചതോടെ, UAE പോലുള്ള രാജ്യങ്ങളിലെ എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളിലും Allus Hair Oil ലഭ്യമാക്കുന്ന തരത്തില്‍ ക്രമീകരണങ്ങളുടെ തിരക്കിലാണ് ഇവര്‍. മാത്രമല്ല ഹെയര്‍ ഓയിലിന് പുറമെ ഇവരുടേതായ ഷാംപൂ, സിറം എന്നിവയുടെ പണിപ്പുരയിലുമാണ്. പണ്ടുമുതല്‍ തന്നെയും സഹോദരിയെയും നല്ലനിലയില്‍ എത്തിക്കാന്‍ വിശ്രമമില്ലാതെ ജോലിയെടുത്ത പിതാവിന് മികച്ചൊരു റിട്ടയര്‍മെന്റ് നല്‍കാനായി എന്നതിലുപരി Allus Hair Oil ലിലൂടെ ഒരുപാട് പേര്‍ക്ക് ജോലി നല്‍കാനായി എന്ന സന്തോഷവും അപര്‍ണയ്ക്കുണ്ട്. മാത്രമല്ല വൈറ്റ് കോളര്‍ ജോലികള്‍ മാത്രം തേടി നടക്കുന്നവരോട് ഇഷ്ടപ്പെട്ട മേഖലയിലേക്ക് തിരിഞ്ഞ് സമ്പാദ്യത്തിനൊപ്പം സന്തോഷം കണ്ടെത്തൂ എന്നാണ് അപര്‍ണയ്ക്കും Allus Hair Oil നും പറയാനുള്ളതും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button