ഡോ: രശ്മി പിള്ള; ആറോളം സംരംഭങ്ങളുടെ അമരക്കാരിയായ ഒരു ആയുര്‍വേദ ഡോക്ടര്‍
അഞ്ചാം വയസ്സില്‍ മനസ്സില്‍ കയറിക്കൂടിയ ആഗ്രഹത്തെ പിന്തുടര്ന്നാണ് ഡോ: രശ്മി കെ പിള്ള ബിഎഎംഎസ് എംഡി ആയുര്‍വേദ രംഗത്തേക്ക് എത്തുന്നത്. പിതാവിന്റെ ചികിത്സയ്ക്കായി പത്തനംതിട്ട അടൂരുള്ള ഔഷധി ആയുര്‍വേദ ചികിത്സാകേന്ദ്രത്തിലേക്ക് പോയതും അവിടുത്തെ ഡോക്ടര്‍മാരേ പരിചയപ്പെട്ടതുമാണ് ചെറുപ്രായത്തില്‍ തന്നെ തന്റെ കരിയറേതെന്ന് ഉറപ്പിക്കുവാന്‍ കാരണം.
സ്റ്റെറിലൈസ് ചെയ്ത ആശുപത്രി വരാന്തകളില്‍ നിന്നും വ്യത്യസ്തമായ ഊഷ്മളമായ അന്തരീക്ഷവും വൈദ്യന്മാരുടെ സൗഹാര്‍ദ്ദപൂര്‍ണ്ണമായ പെരുമാറ്റവും അന്നുമുതലേ രശ്മിയെ ആകര്‍ഷിച്ചിരുന്നു. പിതാവിനെ സുഖപ്പെടുത്തിയ വൈദ്യന്മാരോടുള്ള ബഹുമാനം ആയുര്‍വേദം ഒരു ചികിത്സാരീതിയെന്നതിനപ്പുറം സാമൂഹിക സേവനത്തിനുള്ള ഉത്തമ മാര്‍ഗം കൂടിയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ പതിന്മടങ്ങ് വര്‍ദ്ധിച്ചു. മകളുടെ ആഗ്രഹത്തെ പിന്താങ്ങുവാന് രശ്മിയുടെ അച്ഛനും സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ മികച്ച മാര്‍ക്കോടെ എന്‍ട്രന്‍സ് എക്സാം പാസായി എംബിബിഎസിന് യോഗ്യത നേടിയ മകള്‍ ആയുര്‍വേദത്തിന്റെ വഴിയാണ് തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നതെന്നറിഞ്ഞപ്പോള് അതിനു പിന്തുണ നല്കുവാന് അദ്ദേഹത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
ശ്രീ നാരായണ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദിക് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് പുത്തൂരില്‍ നിന്നും ബിഎഎംഎസ് പൂര്‍ത്തിയാക്കി ഡോ: ശാലിനിയുടെ കീഴില്‍ ക്ലിനിക്കല്‍ പ്രാക്ടീസ് ആരംഭിച്ച രശ്മിക്ക് അവരുടെ വര്‍ഷങ്ങള്‍ നീണ്ട അനുഭവപരിചയം തുണയായി. രോഗികളെ ചികിത്സിക്കുവാനായി പ്രത്യേക ട്രീറ്റ്മെന്റുകള്‍ തന്നെ വികസിപ്പിച്ചെടുത്ത ഡോ: ജ്യോതി ശാലിനിയില്‍ നിന്നാണ് ലീച്ച് തെറാപ്പിയടക്കമുള്ള ചികിത്സാരീതികള്‍ രശ്മി സ്വായത്തമാകുന്നത്.
കരിയറിന്റെ ആദ്യ നാളുകളില്‍ തന്നെ കാരുണ്യവും ആതുരസേവനത്തിന്റെ ഭാഗമാണെന്ന് രശ്മിക്ക് തിരിച്ചറിയാനായി. അടൂരിലെ ഏഴംകുളത്തെ ക്ലിനിക്കില്‍ ഇന്റേണ്‍ഷിപ്പ് തുടരുമ്പോള്‍ തന്നെ രോഗികളുടെ ശരീരത്തെ മാത്രമല്ല മനസ്സിനെയും പരിചരിക്കേണ്ടത് ആതുരസേവകരുടെ ഉത്തരവാദിത്തമാണെന്ന് രശ്മി മനസ്സിലാക്കി. കരിയറിനെയും വ്യക്തി താല്പര്യങ്ങളെയും ഒരുമിപ്പിച്ച് 2018ല്‍ ഡോ: ജ്യോതി ശാലിനിയുടെ സഹായസഹകരണങ്ങളുടെ തന്റെ ആദ്യത്തെ ക്ലിനിക്ക് സ്ഥാപിക്കുവാനും ഈ യുവ ആയുര്‍വേദ ഡോക്ടര്‍ക്ക് കഴിഞ്ഞു.
കായചികിത്സയില്‍ മാസ്റ്റേഴ്സ് ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് ഡോ: രശ്മി കെ പിള്ള തന്റെ ക്ലിനിക്കല്‍ പ്രാക്ടീസും തുടര്‍ന്നു പോയിരുന്നത്. ക്ലാസിന്റെ സമയത്തു പോലും രോഗികളെ ചികിത്സിക്കേണ്ടി വന്നിരുന്നു. കരിയറിന്റെ തുടക്കത്തില്‍ വഴികാട്ടിയ ഡോ: ജ്യോതി ശാലിനിതന്നെ ഇവിടെയും രക്ഷയ്ക്കെത്തി. മാസ്റ്റേഴ്സിന്റെ ആദ്യ സെമസ്റ്ററിലാണ് രശ്മിയുടെ വിവാഹം നടക്കുന്നത്. ആദ്യമകള്‍ അവിക്ഷ പ്രസവിച്ച് രണ്ടാം മാസം മുതല്ക്കേ കൈക്കുഞ്ഞുമായി രശ്മിക്ക് ക്ലാസില്‍ പോകേണ്ടതായി വന്നിരുന്നു.
അന്ന് കോഴ്സ് പൂര്‍ത്തിയാക്കാനായി തന്റെ പ്രൊഫസര്‍മാര്‍ അകമഴിഞ്ഞു നല്കിയ സഹായങ്ങളും രശ്മി ഓര്‍ക്കുന്നു. ആയുര്‍വേദ പണ്ഡിതരായ പ്രൊഫസര്‍ ഡോ:ഗോവിന്ദന് നമ്പൂതിരി, ഡോ: കൃഷ്ണകുമാര്‍, ഡോ: കെ വി പ്രദീപ്, ഡോ: വിപിന്‍ എസ് ജി എന്നിങ്ങനെയുള്ള അധ്യാപകരും പ്രിന്‍സിപ്പാളും രശ്മിയുടെ ഉത്സാഹത്തിനനുസൃതമായ സാധ്യതകള്‍ പ്രദാനം ചെയ്ത എസ്എന്‍ ആയുര്‍വേദിക് റിസര്‍ച്ച് സെന്ററും തന്റെ സര്‍വീസിലെ നാഴികകല്ലുകളായിരുന്നുവെന്ന് രശ്മി പറയുന്നു. എങ്കിലും എല്ലാറ്റിലുമുപരി തന്റെ മാതാപിതാക്കളുടെ നിസ്വാര്‍ത്ഥ സഹകരണമാണ് തന്റെ കരിയറിന്റെ മുതല്‍ക്കൂട്ടായി രശ്മി കാണുന്നത്.
മാതാപിതാക്കളുടെയും അധ്യാപകരുടെയും സ്നേഹിതരുടെയും സഹപ്രവര്‍ത്തകരുടെയുമെല്ലാം അനുഗ്രഹാശിസ്സുകളോടെ രണ്ടു പുതിയ ക്ലിനിക്കുകള്‍ കൂടി ആരംഭിക്കുവാന്‍ രശ്മിക്ക് പിന്നീട് സാധിച്ചു. ആയുര്‍വേദ ചികിത്സയുടെ പ്രാരംഭദശയില്‍ തുണയായ ഡോ: ജ്യോതി ശാലിനി തന്നെയാണ് സംരംഭക വഴിയിലും രശ്മിക്ക് കരുത്തേകിയത്.
ജന്മനാടായ അടൂരില്‍ എല്ലാവിധ സൗകര്യങ്ങളോടും കൂടി ഒരു ആയുര്‍വേദ ഹോസ്പിറ്റല്‍ പണികഴിക്കുക എന്ന സ്വപ്നത്തിന് പിറകെയാണ് ഇന്ന് രശ്മി. അതോടൊപ്പം തന്നെ ആയുര്‍വേദ സസ്യങ്ങള്‍ നേരിട്ട് കൃഷി ചെയ്ത് സ്റ്റാന്‍ഡേര്‍ഡ് ലബോറട്ടറി സര്‍ട്ടിഫിക്കേഷനോടെ മരുന്നുകളുണ്ടാക്കുന്ന പ്ലാന്റിന്റെ നിര്‍മ്മാണവും മനസ്സിലുണ്ട്. ആയുര്‍വേദത്തിലൂടെ പ്രകൃതിയിലേക്കുള്ള മടക്കമാണ് ഈ ക്ലിനിക്കുകള്‍ ലക്ഷ്യമിടുന്നത്. നമ്മുടെ പൂര്‍വികരുടെ പ്രകൃതിയോടിണങ്ങിയ ജീവിതരീതി പുതിയ തലമുറയ്ക്കും പകര്ന്നുകൊടുക്കാനാകുമെന്ന് രശ്മി പ്രത്യാശിക്കുന്നു.
അതോടൊപ്പം ചികിത്സയും സൗജന്യ മരുന്നുകളും സാധാരണക്കാരിലേക്കെത്തിക്കുന്ന ഫ്രീ മെഡിക്കല്‍ ക്യാമ്പുകള്‍ക്കും രശ്മി നേതൃത്വം നല്‍കിയിട്ടുണ്ട്. മാതാപിതാക്കളുടെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ ഇതൊന്നും രശ്മിക്ക് സാധ്യമാവുകയില്ലായിരുന്നു. ആയുര്‍വേദ പഠനത്തിന്റെ മറ്റു തലങ്ങളിലേക്ക് കൂടി അറിവിനെ വ്യാപിപ്പിക്കണമെന്ന് രശ്മിക്ക് ആഗ്രഹമുണ്ട്. പക്ഷേ മക്കളോടത്ത് സമയം ചെലവഴിക്കാനായി തന്റെ താല്പര്യങ്ങള്ക്ക് തല്ക്കാലം രശ്മി കടിഞ്ഞാണിട്ടിരിക്കുകയാണ്.
പത്തനംതിട്ട ജില്ലയിലെ പ്രധാന ആയുര്‍വേദ ക്ലിനിക്കുകളായി മാറിയിരിക്കുകയാണ് രശ്മിയുടെ ചികിത്സാകേന്ദ്രങ്ങള്‍. മുടികൊഴിച്ചില്‍, ത്വക്ക് രോഗങ്ങള്‍, അലര്‍ജി എന്നിവയ്ക്കെല്ലാം ശമനം തേടി ജില്ലയ്ക്ക് പുറത്തുനിന്നു കൂടി രോഗികള്‍ ഡോ: രശ്മിയെ തേടിവരുന്നു. പക്ഷേ രശ്മിയെ സംബന്ധിച്ച് തന്റെ സംരംഭകത്വത്തിന്റെ ആദ്യഘട്ടം മാത്രമാണിത്. റീറ്റെയില്‍ ഷോപ്പുകളുടെ ബിസിനസ് പാരമ്പര്യത്തില്‍ നിന്നുവരുന്ന രശ്മി തന്റെ സംരംഭകത്വം വൈവിധ്യവത്കരിക്കാനായി തട്ടയില്‍ മങ്കുഴിയില്‍ ദഹബ് എന്ന പേരുനല്കി ഒരു ഹൈപ്പര്‍മാര്‍ക്കറ്റും ആരംഭിച്ചിട്ടുണ്ട്.
സാധാരണക്കാരന് താങ്ങാനാവുന്ന വിലയില്‍ മികച്ച ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്ന ഈ ഹൈപ്പര്‍ മാര്‍ക്കറ്റിനെയും കുറഞ്ഞ നാളുകള്‍ കൊണ്ട് വിജയത്തിലേക്കെത്തിക്കുവാന്‍ രശ്മിക്ക് കഴിഞ്ഞു. ഇതിനോട് ചേര്‍ന്ന് നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ വിളമ്പുന്ന ഉണ്ണിക്കുട്ടി കഫെയും രശ്മി ആരംഭിച്ചിട്ടുണ്ട്. വെളിച്ചെണ്ണ ഉപയോഗിച്ച് വീട്ടില്‍ തയ്യാറാക്കിയ ഭക്ഷണം വിളമ്പുന്ന ഇവിടെ ഫ്രിഡ്ജ് ഉപയോഗിക്കുന്നില്ല. പരമ്പരാഗതമായി കൈമാറിക്കിട്ടിയ ഡയറി ഫാമില്‍ നിന്ന് ലഭിക്കുന്ന പാലാണ് ഇവിടെ ഉപയോഗിക്കുന്നത്. അതോടൊപ്പം വീട്ടില്‍ തന്നെ ഉല്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികളും ഇവിടെ ഉപയോഗിക്കുന്നു.
ആയുര്‍വേദത്തിന്റെ തത്വങ്ങള്‍ പാലിച്ചുകൊണ്ട് കൃത്രിമനിറങ്ങളോ രാസവസ്തുക്കളോ ഉപയോഗിക്കാതെ തികച്ചും ശുചിയായ അന്തരീക്ഷത്തില്‍ തയ്യാറാക്കുന്ന ആഹാരത്തിന് ഇന്നത്തെ ഭക്ഷ്യസംസ്കാരത്തിലുള്ള പ്രാധാന്യം മനസ്സിലാക്കിയാണ് ഈ സംരംഭത്തിന് രശ്മി തറക്കല്ലിട്ടത്. സുഹൃത്തായ രേണുവിന്റെ സഹായത്തോടെ ആരംഭിച്ച അലോപ്പതി മരുന്നുകള്‍ വിതരണം ചെയ്യുന്ന ഫാര്മസിയുമുള്പ്പെടെ ആറു സംരംഭങ്ങളാണ് ഇങ്ങനെ ഈ യുവഡോക്ടറുടെ നേതൃത്വത്തില്‍ മുന്നേറുന്നത്.
നഗരവല്‍ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന നാട്ടിന്‍പുറങ്ങളില്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ വിപണനത്തിന്റെ പുതിയ സാധ്യതകള്‍ തുറക്കുന്നു. ഇത് തിരിച്ചറിഞ്ഞ് ഉള്‍നാടന്‍ ടൗണുകളില്‍ പുതിയ ബ്രാഞ്ചുകള്‍ തുറക്കുവാനുള്ള പരിശ്രമങ്ങള്‍ക്കും രശ്മി തുടക്കം കുറിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ഡെലിവറി സിസ്റ്റവും ദഹബ് നല്‍കുന്നുണ്ട്. പ്രധാനമായും വൃദ്ധജനങ്ങള്ക്കൊരു സേവനം എന്ന നിലയിലാണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഈ മേഖലയില്‍ വര്‍ഷങ്ങളുടെ പ്രവൃത്തിപരിചയമുള്ള സുമിയുടെയും അജിത്തിന്റെയും അറിവും അര്‍പ്പണബോധവും ആണ് ദഹബിന്റെ ജീവവായു.
സംരംഭകത്വത്തോടൊപ്പം തന്നെ യാത്രകളും െ്രെഡവിങ്ങും ഹരമാണ് രശ്മിക്ക്. കുടുംബത്തോടൊപ്പമുള്ള യാത്രകളില്‍ സ്റ്റിയറിങ് വീല്‍ പിടിക്കുമ്പോള്‍ പുതിയത് പലതും ചെയ്തു തീര്‍ക്കുവാനുള്ള ഊര്‍ജ്ജവും തന്നില്‍ വന്നു നിറയുന്നതായി രശ്മി പറയുന്നു. മസ്താംഗ്, കമാറോ, കോര്‍വെറ്റ്, ജിറ്റി എന്നിങ്ങനെയുള്ള സ്പോര്‍ട്സ് കാറുകളുടെ വളയവും താമസിയാതെ തന്റെ കയ്യിലൊതുങ്ങുമെന്ന് രശ്മി പ്രതീക്ഷിക്കുന്നു. മനുഷ്യര്‍ മാത്രമല്ല, മൃഗങ്ങളും കാരുണ്യമര്ഹിക്കുന്നുവെന്ന് വിശ്വസിക്കുന്ന രശ്മിയുടെ മനസ്സില്‍ തെരുവുനായ്ക്കളെ സംരക്ഷിക്കുവാനായുള്ള ഒരു ഡോഗ് ഷെല്‍ട്ടറിന്റെ പ്ലാനുമുണ്ട്.
തന്റെ മനസ്സിലുള്ള സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുവാനായി പ്രയത്നിക്കുന്ന ജീവനക്കാരാണ് തന്റെ യഥാര്‍ത്ഥ ശക്തിയെന്നാണ് രശ്മി കരുതുന്നത്. തന്റെ രോഗികളുടെ സൗഖ്യത്തിന് പരമ പ്രാധാന്യം നല്കുന്ന രശ്മിക്ക് മറ്റു സംരംഭങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുവാന്‍ സാധിക്കുന്നത് ഉത്തരവാദിത്തബോധമുള്ള ജീവനക്കാരിലൂടെയാണ്.
കരിയറിന്റെ വഴികളില്‍ പലപ്പോഴും താങ്ങായി നിന്ന സുഹൃത്തുക്കളെയും രശ്മി വിസ്മരിക്കുന്നില്ല. ഡോ: ദിവ്യ എസ് ദേവ്, ഡോ: ആര്യ ലക്ഷ്മി, ഡോ: ശരത് എസ്, ഡോ: സിനുമിത്ര, ഡോ: അജിത ബാബു, ഡോ: ലക്ഷ്മി രാജന്, ഡോ: ആതിര ബോബന്, ഡോ: ഷംന, ഡോ: ഊര്‍മ്മിള, ഡോ: അശ്വതി, ഡോ: ലക്ഷ്മി; രശ്മിയുടെ സൗഹൃദനിര നീണ്ടു പോവുകയാണ്.
വിജയ വഴിയില്‍ അനേകം പേര്‍ക്ക് നന്ദി പ്രകാശിപ്പിക്കുന്നുണ്ടെങ്കിലും അച്ഛന് തന്നെയാണ് എന്നും രശ്മിയുടെ ഹീറോ. 43 വര്‍ഷമായി വിദേശത്ത് ജോലിചെയ്യുന്ന പിതാവ് തെങ്ങുവിളയില്‍ രാഘവക്കുറുപ്പ് കുട്ടന്‍പിള്ളയില്‍ നിന്നു ലഭിച്ച ആത്മവിശ്വാസവും അച്ചടക്കവുമാണ് ഇന്നും രശ്മിക്ക് വെളിച്ചമേകുന്നത്. തന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കരുതലേകി കൂടെനിന്ന അമ്മ ലതാദേവിയുടെ സാന്നിധ്യവും ഇന്നും രശ്മിയുടെ പിന്‍ബലമാണ്. കൂടാതെ സ്കൂള്‍കാലം മുതല്‍ തന്നെ സ്വന്തം വഴി തിരഞ്ഞെടുക്കുവാന്‍ ആത്മവിശ്വാസമേകിയ സഹോദരന് കിരണും രശ്മിയുടെ വിജയവീഥിയിലെ സഹയാത്രികനാണ്. എല്ലാറ്റിനും പുറമേ രശ്മിയുടെ ഭര്‍ത്താവ് രമേശും കുടുംബവും നല്കുന്ന കരുതലും ചെറുതല്ല. വിശ്വനാഥക്കുറുപ്പ്, ഇന്ദിര വി കുറുപ്പ് , ശശികുമാര്‍, രവീന്ദ്രനാഥ്, രാജേന്ദ്രകുമാര്‍ എന്നീ ബന്ധുമിത്രാദികളും പല ഘട്ടങ്ങളിലും സഹായഹസ്തവുമായെത്തി. അഭിരുചികള്‍ മനസ്സിലാക്കി ആഗ്രഹങ്ങളെ സാക്ഷാത്കരിക്കാന്‍ പ്രയത്നിക്കുന്ന കുടുംബത്തിന്റെ പിന്തുണയുണ്ടെങ്കില്‍ വിജയം സുനിശ്ചിതമാണെന്നതിന്റെ ഉദാഹരണമാണ് രശ്മി.
പക്ഷേ രശ്മിയെ സംബന്ധിച്ചിടത്തോളം ഡോക്ടറുടെയും സംരംഭകയുടെയും യാത്രികയുടെയും വേഷങ്ങള്‍ ജീവിത വഴിയിലെ നാഴികക്കല്ലുകള്‍ മാത്രമാണ്. ഇച്ഛാശക്തിയോടെ വിജയം വെട്ടിപ്പിടിച്ച വലിയ വ്യക്തിത്വങ്ങളെപ്പോലെ സ്വന്തം മാര്‍ഗ്ഗവും സ്വയം സൃഷ്ടിക്കണമെന്നാണ് രശ്മി ആഗ്രഹിക്കുന്നത്.