ഭാരതപ്പുഴയുടെ ഓരത്ത് നിന്ന് അമേരിക്ക വരെ, കേരളീയ കരകൗശലത്തിലെ സ്ത്രീശക്തിയുടെ വിജയം – Divya Craft World

വര്‍ഷങ്ങള്‍ക്ക് മുമ്പ്, പാലക്കാട്ടെ ഒരു വീട്ടില്‍, പ്ലാസ്റ്റിക് കുപ്പികളും കളര്‍ പേപ്പറുകളും കൊണ്ട് സ്വപ്നങ്ങള്‍ തീര്‍ക്കുന്ന ഒരാളായിരുന്നു ദിവ്യ മോള്. കരകൗശല വസ്തുക്കളോടുള്ള ആഴമായ പാഷനും ഫാഷന്‍ ഡിസൈനിംഗ് പഠിച്ചിട്ടുള്ള ഒരു ദൃഢമായ പശ്ചാത്തലവും ദിവ്യയെ വ്യത്യസ്തമായ വഴിയില്‍ നയിച്ചു.
ഒരിക്കല്‍, ഒരു നെറ്റിപ്പട്ടം തയ്യാറാക്കണമെന്ന ആഗ്രഹം ദിവ്യയില്‍ ഉടലെടുത്തു. ഒരു പ്രാദേശിക അധ്യാപകന്റെ കീഴില്‍ അടിസ്ഥാന വിദ്യകള്‍ കൈവരിച്ച്, തന്റെ ആദ്യത്തെ നെറ്റിപ്പട്ടം ദിവ്യ സ്വന്തം കൈകളില്‍ നിര്‍മിച്ചു. സ്വന്തമായി രൂപപ്പെടുത്തിയ ഈ പരമ്പരാഗത അലങ്കാരവസ്തു സുഹൃത്തുക്കള്‍ക്ക് നല്കിയപ്പോള് ലഭിച്ച മികച്ച പ്രതികരണമാണ് ദിവ്യയുടെ ജീവിതം പുതിയ ദിശയില്‍ കൊണ്ടുപോയത്.
2018ല്‍ വീട്ടിനകത്തുവച്ച് തുടങ്ങിയ സംരംഭം, 2021ല്‍ ‘Divya Craft World’ എന്ന പേരില്‍ പ്രൊഫഷണല്‍ സ്റ്റോറായി മാറി. ഇന്ന്, ഭാരതപ്പുഴയുടെ ഉത്ഭവസ്ഥലമായ പറളിയില്‍ സ്ഥിതിചെയ്യുന്ന Divya Craft World, കേരളീയ കരകൗശലങ്ങള്‍ക്ക് ജന്മം നല്കുന്ന ഒരു പ്രശസ്ത കലാഹബ് ആണ്. നെറ്റിപ്പട്ടം, കതിര്‍ക്കൂട്, തിടമ്പ്, മയില്‍പ്പീലി ഉപയോഗിച്ചുള്ള ഉല്‍പ്പന്നങ്ങള്‍, പരമ്പരാഗത ഫ്രെയിമുകള്‍, ഉപഭോക്താക്കളുടെ ഇഷ്ടാനുസരണമായി രൂപകല്‍പ്പന ചെയ്യുന്ന ഗിഫ്റ്റ് ഐറ്റങ്ങള്‍ എന്നിവയാണ് ഇവിടുത്തെ പ്രധാന ആകര്ഷണങ്ങള്.

സംരംഭത്തിന്റെ വിജയത്തിന് പിന്നില്‍ ദിവ്യയുടെ കുടുംബം നല്കുന്ന പിന്തുണ പ്രകടമാണ്. ഭര്‍ത്താവ് ജ്യോതിരാജ് മാര്‍ക്കറ്റിംഗും അഡ്മിനിസ്ട്രേഷനും ഏറ്റെടുത്തതോടെ, Divya Craft World ഒരു കുടുംബത്തിന്റെ സംയുക്ത ദൗത്യമായി മാറി. ഈ ദമ്പതികളുടെ ഐക്യം പോലെ തന്നെയാണ്, അവരുടെ ടീമും. ഇപ്പോള്‍ സ്റ്റോറില്‍ ഏഴ് വീട്ടമ്മമാര്‍ ജോലി ചെയ്യുന്നു. ഇവരെ കൈപിടിച്ചു ഈ മേഖലയില്‍ പരിശീലിപ്പിച്ചതു വഴി, Divya Craft World അവരുടെ ജീവിതത്തിലും മാറ്റം കൊണ്ടുവന്നിരിക്കുന്നു.
വാമൊഴിയിലൂടെ തുടങ്ങിയ വിപണനം ഇന്ന് കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വരെ ഓര്‍ഡറുകള്‍ വരുംവിധം വളര്‍ന്നു. സീസണലായ മാറ്റങ്ങളോടൊപ്പം പുതിയ തരം ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നതും, നിര്‍മിതിയിലെ കൃത്യതയും, ഉപഭോക്തൃ സംതൃപ്തിക്ക് പ്രാധാന്യം കൊടുക്കുന്നതുമാണ് Divya Craft World-നെ ഈ മേഖലയില്‍ വ്യത്യസ്തരാക്കുന്നത്.
ഭാവിയില്‍, കൂടുതല്‍ സ്ത്രീകള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നല്‍കുകയും, കൂടുതല്‍ കുടുംബങ്ങള്‍ക്ക് വരുമാനമാവുകയും ചെയ്യുന്ന ഒരു വലിയ സംരംഭമായി Divya Craft World വളരുകയെന്നതാണ് ദിവ്യയും ജ്യോതിരാജും കാണുന്ന സ്വപ്നം. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്തുകൊണ്ട് 2024 ലെ കലാഭവന്‍ മെമ്മോറിയല്‍ പുരസ്കാരവും ദിവ്യ ക്രാഫ്റ്റ് വേള്‍ഡിനെ തേടിയെത്തി. Divya Craft World ഇന്നൊരു കരകൗശല സ്റ്റോര്‍ മാത്രമല്ല; അത് ഒരു കുടുംബത്തിന്റെ പരിശ്രമവും, സ്ത്രീശക്തിയുടെ വിജയഗാഥയും, മലയാളത്തിന്റെ ഹൃദയത്തില്‍ കലയെ പേറിയുള്ള ഒരു ജീവിതയാത്രയുമാണ്.