പാത്രം കഴുകിയ കൈകള്‍ ഇന്ന് ഹോട്ടല്‍ സാമ്രാജ്യം ഭരിക്കുന്നു!

ദാലിയ ഗ്രൂപ്പ് ചെയര്മാന് അബ്ദുള്ള ഹംസയുടെ ജീവിതം
അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഹോസ്പിറ്റാലിറ്റി മേഖലയില്‍, സമാനതകളില്ലാത്ത ദൃഢതയും കാഴ്ചപ്പാടും പ്രതിപാദിക്കുന്ന തിളക്കമുള്ള പേരാണ് ദാലിയ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിന്റെ ഊര്‍ജസ്വലനായ ചെയര്മാന് കെ. അബ്ദുള്ള ഹംസ എന്നത്. വിജയം എന്നത് വെറും സ്വപ്നമല്ല, അതിന് പരിശ്രമത്തിന്റെ കരുത്തും മനുഷ്യ സ്നേഹത്തിന്റെ ചൂടും വേണം എന്നതാണ് അദ്ദേഹത്തിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്. അബ്ദുള്ള ഹംസയുടെ ജീവിതയാത്ര ബിസിനസ്സ് വിജയത്തിന്റെ മാത്രമല്ല, ധൈര്യം, മനുഷ്യത്വം, അചഞ്ചലമായ ഇച്ഛാശക്തി എന്നിവയുടെയും കഥയാണ്.

കൊടുങ്ങല്ലൂരിലെ ഒരു അതിസാധാരണ കുടുംബത്തില്‍ ജനിച്ച അബ്ദുള്ള ഹംസയുടെ ബാല്യകാല ജീവിതം കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു. കീറിയ വസ്ത്രങ്ങളുമായി പുസ്തകങ്ങള്‍ക്ക് പണമില്ലാതെ, നാട്ടുകാരുടെ ദയയെ ആശ്രയിച്ചുകൊണ്ട് വളര്‍ന്ന ഒരു കുട്ടിയായിരുന്നു അദ്ദേഹം. മദ്രാസില്‍ ദിവസം വെറും രണ്ട് രൂപയ്ക്ക് പാത്രങ്ങള്‍ കഴുകിയാണ് അദ്ദേഹം തന്റെ തൊഴില്‍ ജീവിതം ആരംഭിച്ചത്. അവിടെ നിന്ന്, വെയിറ്റര്‍, പാചകക്കാരന് എന്നിങ്ങനെ പടിപടിയായുള്ള ഓരോ ജോലിയും ചെയ്ത്, സ്വപ്നങ്ങള്‍ നഷ്ടപ്പെടുത്താതെ മുന്നേറി. സൗഹൃദബന്ധങ്ങള്‍ വഴിയുള്ള അവസരങ്ങള്‍ അദ്ദേഹത്തെ കുവൈറ്റിലേക്ക് നയിച്ചു.

1985ല്‍ അബ്ദുള്ള ഹംസ കുവൈറ്റില്‍ ഒരു വീട്ടു പാചകക്കാരനായി ജോലി ആരംഭിച്ചു. ഏകദേശം 15 വര്‍ഷത്തോളം പാചകക്കാരനായി ജോലി തുടര്‍ന്നു. പിന്നീട് ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി തേടിയ അദ്ദേഹത്തിന്, 2004ല്‍ ആശുപത്രിയില്‍ പിആര്‍ഒ ആയി ജോലി ലഭിച്ചു. ഗള്‍ഫിലെ ജീവിതം അദ്ദേഹത്തെ ജീവിതത്തിന്റെ പല വശങ്ങളും അനുഭവിപ്പിച്ചു. കഷ്ടതകളും തിരിച്ചടികളും അടങ്ങിയ പ്രവാസ ജീവിതത്തിനൊടുക്കം, 2012ല്‍ സുഹൃത്ത് നൗഷാദിനൊപ്പം MHA ഫര്‍ണിഷ്ഡ് അപ്പാര്‍ട്ട്മെന്റുമായി അബ്ദുള്ള ഹംസ തന്റെ സംരംഭകയാത്രക്ക് തുടക്കം കുറിച്ചു.

ശേഷം റിലാക്സ് ഇന്‍, റിലാക്സ് ഇന്‍ ടു, റിലാക്സ് ഇന്‍ ത്രീ എന്നീ ഹോട്ടലുകള്‍ തുടങ്ങുകയും, 2018ല്‍ ദാലിയ ഗ്രൂപ്പിന് രൂപം നല്‍കുകയും ചെയ്തു. ഇന്ന് അബ്ദുള്ള ഹംസ എന്ന ബിസിനസ്മാന്, കുവൈറ്റില്‍ 13 ഹോട്ടല്‍ സമുച്ചയങ്ങളും ഒമാനില്‍ രണ്ട് ഹോട്ടലുകളും ഒരു റസ്റ്റോറന്റും വില്ല പ്രോജക്ടും, ഇന്ത്യ, യുകെ, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള വ്യാപന പദ്ധതികളുമായി അതിവേഗം വളരുന്ന ബ്രാന്‍ഡായ ദാലിയ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിനെ നയിക്കുന്നു.
ദാലിയ ഗ്രൂപ്പിന്റെ ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റുകള്‍ ആഡംബരത്തിന്റെയും ഗാര്‍ഹിക സുഖസൗകര്യങ്ങളുടെയും അതിവിശിഷ്ട സംയോജനമാണ്, അതിഥികളെ ഹൃദയംഗമമായി സേവിക്കുകയും അവര്‍ക്ക് മികച്ച അനുഭവം ഒരുക്കുകയും ചെയ്യുന്നു. അതിഥികളുടെ ഫീഡ് ബാക്ക് അടിസ്ഥാനമാക്കി പുതിയ പ്രോജക്ടുകള്‍ ആരംഭിക്കുന്നതാണ് ഗ്രൂപ്പിന്റെ പ്രധാന പ്രത്യേകത.

ജീവിതത്തിലെ വിജയങ്ങള്‍ക്കൊപ്പം, കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന അബ്ദുള്ള ഹംസക്ക് നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി നന്മ പുരസ്കാരം, ‘മാനവികതയുടെ ഹൃദയം’ എന്ന രാമു കാര്യാട്ട് പുരസ്കാരം എന്നിവയും ധാരാളം ബിസിനസ് എക്സലന്‍സ് അവാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള ഏകദേശം 22 പുരസ്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള അംഗീകാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട് എന്നത് അഭിമാനകരമാണെങ്കിലും, അദ്ദേഹം ഇനിയും അനേകം അംഗീകാരങ്ങള്‍ നേടാന്‍ അര്‍ഹനാണ്.

ഈ വിജയത്തിന് പിന്നില്‍ അബ്ദുള്ള ഹംസക്ക് ശക്തമായ പിന്തുണ നല്കി, ഒപ്പം നില്ക്കുന്ന ശക്തി കേന്ദ്രങ്ങളുണ്ട്. ഭാര്യ താഹിറയും മക്കളായ ഡോക്ടര്‍ ഫര്‍ഹാനയും വിദ്യാര്‍ത്ഥിനിയായ ഫര്‍സാനയും ഫര്‍ഹാനയുടെ ഭര്‍ത്താവ് മുഹമ്മദ് യാസീനും കൊച്ചുമകള്‍ ഐറയും അബ്ദുള്ള ഹംസക്ക് ശക്തി പകരുന്ന കേന്ദ്രങ്ങളാണ്. വിശ്വസ്ത ബിസിനസ്സ് പങ്കാളികളായ അബ്ദുല്‍ മുനീര്‍ (സിഇഒ), നൗഷാദ് എം ഉസ്മാന് (ഓപ്പറേഷന്‍സ് ഡയറക്ടര്‍) എന്നിവരാണ് ദാലിയ സാമ്രാജ്യത്തിന്റെ നട്ടെല്ല്.
അദ്ദേഹത്തിന്റെ യാത്രയിലുടനീളം നെടുംതൂണുകളായി വര്‍ത്തിച്ച സഹോദരങ്ങളും ജീവിതത്തില്‍ അനിവാര്യ പങ്കുവഹിച്ച സുഹൃത്തുക്കളും ഈ വിജയകഥയുടെ അഭിമാനഭാഗമാണ്. ”ഇന്ന് സകല അനുഗ്രഹങ്ങളും ഞാന്‍ അനുഭവിക്കുന്നു. എന്നാല്‍ എന്നെ ഞാനാക്കിയ മാതാപിതാക്കള്‍ എന്റെ വിജയത്തിനൊപ്പം ഇന്നെന്റെ കൂടെയില്ല എന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം”, മരണപ്പെട്ടുപോയ മാതാപിതാക്കളെ അബ്ദുള്ള ഹംസ വേദനയോടെ ഓര്‍ക്കുന്നു.
ആഗോളതലത്തില്‍ കൂടുതല്‍ വികസിക്കുകയും ഏറ്റവും ആവശ്യമുള്ളവര്‍ക്ക് ജോലി അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് അബ്ദുള്ള ഹംസയുടെ ഭാവി ലക്ഷ്യം. ‘കൂടുതല്‍ ആളുകള്‍ക്ക് ജോലി നല്‍കുകയും അവരുടെ ജീവിതം കെട്ടിപ്പടുക്കാന്‍ അവരെ സഹായിക്കുകയും ചെയ്യുക എന്നതാണ് എന്റെ ആഗ്രഹം’, അബ്ദുള്ള ഹംസ പറയുന്നു.

യഥാര്‍ത്ഥ വിജയം സമ്പത്തില്‍ മാത്രമല്ല കഠിനാധ്വാനം, അനുകമ്പ, മനുഷ്യത്വത്തിലുള്ള അചഞ്ചലമായ വിശ്വാസം എന്നിവയിലാണ് എന്ന ശക്തമായ സന്ദേശം അബ്ദുള്ള ഹംസയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. ‘നേടിയതെല്ലാം തനിക്ക് മാത്രമല്ല, തനിക്ക് ചുറ്റുമുള്ളവര്‍ക്ക് കൂടി വേണ്ടിയാണ് എന്ന ഉത്തമ ബോധ്യത്തോടെയാണ് എല്ലാവരെയും നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തി യാത്ര തുടരുന്നത്’, എന്ന വാക്കുകളോടെ, അതിഥിമര്യാദയും മനുഷ്യസ്നേഹവും ലോകത്തിന് മാതൃകയാകണം എന്ന സന്ദേശവുമായി അബ്ദുള്ള ഹംസയുടെ വിജയയാത്ര തുടരുന്നു.