ഡിഎഫ്എല്‍; മുഖം മിനുക്കുന്നവരുടെ അകം മിനുക്കി നേടിയെടുത്ത വിജയം
ഹെയര്‍ സലൂണുകളുടെയും ബ്യൂട്ടിപാര്‍ലറുകളുടെയും അകത്തളമൊരുക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഇന്റീരിയര്‍ ഡിസൈനിങ് സ്ഥാപനം കേരളത്തിലുണ്ടെന്ന് കേട്ടാല്‍ അവിശ്വസനീയമായി തോന്നാം. ഉപഭോക്താക്കളുടെ ഒരു സബ്ഗ്രൂപ്പില്‍ മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിക്കുന്നത് സ്വാഭാവികമായും ഒരു സംരംഭത്തിന്റെ വളര്‍ച്ചാനിരക്ക് കുറയ്‌ക്കേണ്ടതാണ്. പക്ഷേ എറണാകുളത്ത് നാലുവര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ഡിഎഫ്എല്‍ ഇന്റീരിയേഴ്‌സ് അറുപതോളം പ്രോജക്ടുകളാണ് ഇതുവരെ വിജയകരമായി പൂര്‍ത്തിയാക്കിയത്. കൊമേഴ്‌സ്യല്‍ റസിഡന്‍ഷ്യല്‍ പ്രോജക്ടുകളില്‍ ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്റീരിയര്‍ ഡിസൈനിങ് കമ്പനികള്‍ക്ക് പോലും അപ്രാപ്യമായ ഈ വളര്‍ച്ചാനിരക്കിലേക്ക് ഈ ചെറുകിട സംരംഭം ഉയര്‍ന്നതിനു പിന്നില്‍ ഒരു സുവര്‍ണ ആശയത്തിന്റെയും പ്രതികൂല സാഹചര്യത്തെ അനുകൂലമാക്കി മാറ്റിയ ഷനില്‍ ബാലകൃഷ്ണന്‍ എന്ന സംരംഭകന്റെയും കഥയുണ്ട്.
ഡിഎഫ്എല്‍ ഇന്റീരിയേഴ്‌സിന് ചുക്കാന്‍ പിടിക്കുന്നത്തിനു മുന്‍പ് പതിനാറു വര്‍ഷത്തോളം ഷനില്‍ ബാലകൃഷ്ണന്‍ എറണാകുളത്തെ പ്രമുഖ ബ്യൂട്ടികെയര്‍ സ്ഥാപനത്തിലെ സെയില്‍സ് വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു. പക്ഷേ, പെട്ടെന്നൊരു നാള്‍ ജോലി നഷ്ടപ്പെട്ടപ്പോള്‍ അദ്ദേഹത്തിനു മുന്നില്‍ പുതിയ വഴികളൊന്നും തുറന്നു കിട്ടിയില്ല. ഇതേ മേഖലയില്‍ ജോലി സാധ്യത വളരെ കുറവായിരുന്നതുകൊണ്ടും പതിനേഴാമത്തെ വയസ്സില്‍ ജോലിക്കു കയറിയതുകൊണ്ടും മറ്റു കരിയര്‍ മേഖലകള്‍ പിന്തുടരുവാന്‍ സാധിക്കാത്തതുകൊണ്ടും ഷനിലിന്റെ മുന്‍പില്‍ ഓപ്ഷനുകള്‍ വളരെ കുറവായിരുന്നു. പക്ഷേ, വഴി മുട്ടുന്നിടങ്ങളില്‍ പുതുവഴികള്‍ സൃഷ്ടിക്കുന്നവരാണല്ലോ വിജയത്തിലേക്ക് നടന്നടുക്കുന്നത്! ഒന്നര ദശാബ്ദം കൊണ്ട് ബ്യൂട്ടികെയറിന്റെ ലോകത്തുനിന്നും താന്‍ നേടിയ പരിജ്ഞാനമുപയോഗിച്ച് കേരളത്തില്‍ കേട്ടുകേള്‍വി പോലുമില്ലാതിരുന്ന ഒരു സംരംഭത്തിന് അദ്ദേഹം രൂപം നല്‍കി.
കൊമേഴ്‌സ്യല്‍ ബില്‍ഡിങ്ങുകള്‍ എന്ന വിസ്തൃത മേഖലയിലെ ഒരു ചെറുഗ്രൂപ്പില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലെ സാധ്യതകളെക്കുറിച്ച് ഡിഎഫ്എല്‍ രൂപീകരിക്കുമ്പോള്‍ത്തന്നെ ഷനിലിന് ഉത്തമ ബോധ്യമുണ്ടായിരുന്നു. കസ്റ്റമേഴ്‌സിന്റെ സൗകര്യങ്ങള്‍ മാനിച്ചുകൊണ്ടുതന്നെ ബ്യൂട്ടി ആര്‍ട്ടിസ്റ്റിനോ ഹെയര്‍ കെയര്‍ സ്‌പെഷ്യലിസ്റ്റിനോ പരമാവധി വര്‍ക്കിംഗ് സ്‌പേസ് നല്‍കിക്കൊണ്ട് ആവശ്യമായ ഉപകരണങ്ങള്‍ പരിമിതമായ സ്ഥലത്ത് വിന്യസിക്കുന്നതിനോടൊപ്പം ആരുടെയും മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരു അന്തരീക്ഷവും സലൂണുകളില്‍ ഇന്റീരിയര്‍ ഡിസൈനര്‍ സൃഷ്ടിക്കേണ്ടതുണ്ട്. മറ്റ് സ്ഥാപനങ്ങള്‍ ഡിസൈന്‍ ചെയ്യുന്ന രീതിയോ ചിട്ടവട്ടങ്ങളോ ഇവിടെ അവലംബിക്കാനാകില്ല. സലൂണുകളോ ബ്യൂട്ടി കെയര്‍ സെന്ററുകളോ സ്പാകളോ പാര്‍ലറുകളോ ഡിസൈന്‍ ചെയ്യുന്നതിന് പിന്നില്‍ മേഖലയില്‍ പരിചയം സിദ്ധിച്ച കണ്ണുകള്‍ തന്നെ വേണം. അതിനോടൊപ്പം തന്നെ പ്രത്യേകമായി പരിശീലിപ്പിച്ച പണിക്കാരുടെ ഒരു ടീമിനെയും പുലര്‍ത്തേണ്ടതുണ്ട്. ഈ രണ്ട് അനുകൂല സാഹചര്യങ്ങളും ഡിഎഫ്എല്ലിനു മാത്രമേയുള്ളൂ.
കേരളത്തിലെ വനിതാ സംരംഭകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയുണ്ട് ബ്യൂട്ടികെയര്‍ മേഖലയ്ക്ക്. പക്ഷേ പഠിച്ചിറങ്ങുന്ന ബ്യൂട്ടീഷ്യന്‍സിന് പലപ്പോഴും ഒരു സ്ഥാപനം ആരംഭിക്കുന്നതെങ്ങനെയെന്ന് വ്യക്തമായ ധാരണയുണ്ടാവില്ല. ഇവിടെയാണ് ഡിഎഫ്എല്‍ കടന്നുവരുന്നത്.
കടമുറി മുതല്‍ കോംപ്ലക്‌സുകള്‍ വരെ ഏതുതരം കെട്ടിടത്തിലും ബഡ്ജറ്റിനനുസരിച്ച് അകത്തളങ്ങളൊരുക്കുന്നതിനോടൊപ്പം ഒരു ബ്യൂട്ടി സലൂണ്‍ പുലര്‍ത്തുന്നതിനാവശ്യമായ ഉപകരണങ്ങളും ജീവനക്കാരുമടക്കം എല്ലാ സൗകര്യങ്ങളും ഈ സംരംഭം പ്രദാനം ചെയ്യുന്നു. കോഴ്‌സ് പൂര്‍ത്തിയാക്കിയ ഏതൊരു ബ്യൂട്ടീഷ്യനും ഡിഎഫ്എല്ലിനെ സമീപിച്ചുകൊണ്ട് കരിയറിന് തറക്കല്ലിടാനാകുമെന്നതിന് താന്‍ പൂര്‍ത്തീകരിച്ച അനേകം പ്രോജക്ടുകളും ഷനില്‍ ബാലകൃഷ്ണന്‍ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടുന്നു.