മംഗളമുഹൂര്‍ത്തങ്ങളിലേക്ക് പതിനഞ്ചാം വയസില്‍ ക്യാമറ തുറന്ന ഡെന്നീസ് ചെറിയാന്
പതിമൂന്നാം വയസ്സില്‍ ആദ്യമായി ക്യാമറക്കണ്ണിലൂടെ നോക്കിയപ്പോഴേ കോഴിക്കോട് സ്വദേശിയായ ഡെന്നിസ് ചെറിയാന് ഉറപ്പുണ്ടായിരുന്നു ഇതുതന്നെയാണ് തന്റെ വഴിയെന്ന്! ആദ്യമായി മുന്നില്‍ പോസ് ചെയ്ത ബന്ധുക്കള്‍ പറഞ്ഞ നല്ല വാക്കുകളോ, അതോ ക്യാമറ ലെന്‍സ് ഒപ്പിയെടുത്ത തന്റെ കാഴ്ചയിലെ സൗന്ദര്യമോ, എന്തോ ഒന്ന് സ്വന്തം കഴിവിനെ തിരിച്ചറിയുവാന്‍ ഡെന്നിസിന് പ്രചോദനമായി. പതിനഞ്ചാം വയസ്സില്‍ വിവാഹ ഫോട്ടോകള്‍ എടുത്തു തുടങ്ങിയ ഡെന്നിസ് ഇന്നുവരെയും ഒരു ക്യാമറ ക്ലാസിലും ഇരുന്നിട്ടില്ല. ഛായാഗ്രഹണത്തില്‍ ഈ ഫോട്ടോഗ്രാഫര്‍ നേടിയ വിദ്യാഭ്യാസം മുഴുവന്‍ ക്യാമറയുടെ വ്യൂ ഫൈന്ഡറിലൂടെയായിരുന്നു.
ഡെന്നിസ് പകര്‍ത്തിയ ചിത്രങ്ങള്‍ യാദൃശ്ചികമായി ഫേസ്ബുക്കില്‍ കണ്ട ഒരാള്‍ തന്റെ കല്യാണ ഫോട്ടോയെടുക്കുവാന്‍ ക്ഷണിച്ചതോടെ പതിനഞ്ചാം വയസ്സില്‍ ഡെന്നിസ് പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായി മാറി. അന്ന് കതിര്മണ്ഡപത്തിനുമുന്നില് സ്ഥിരം ക്യാമറാസ്ഥാനങ്ങളില് നിന്ന് മാറി പുതിയ ആംഗിളുകളില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ഈ മേഖലയില്‍ ശോഭിക്കാനുള്ള ആത്മവിശ്വാസം ഡെന്നീസിനു നല്‍കിയത്. ഒരുപക്ഷേ കേരളത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ ഡെന്നിസ് ആയിരിക്കും.
പത്താം ക്ലാസ് മുതല്‍ പ്രൊഫഷണലായി പ്രവര്‍ത്തിച്ചു വരുന്ന ഡെന്നിസ്, ഫോട്ടോഗ്രാഫിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി വിദൂര വിദ്യാഭ്യാസത്തിലൂടെയാണ് പ്ലസ് ടുവും ഡിഗ്രിയും പൂര്‍ത്തിയാക്കിയത്. വീട്ടുകാരുടെ എതിര്‍പ്പിനെപ്പോലും അവഗണിച്ച് മുഴുവന്‍ സമയ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫിയിലേക്ക് ഇറങ്ങിത്തിരിച്ചപ്പോഴും ആത്മവിശ്വാസം മാത്രമേ കൈമുതലായി ഉണ്ടായിരുന്നുള്ളൂ.
ഫോട്ടോഗ്രാഫിയിലുള്ള അഭിനിവേശമല്ലാതെ ഒരു പ്രൊഫഷണല്‍ ക്യാമറയോ മറ്റു ഉപകരണങ്ങളോ ഒന്നും സ്വന്തമായി ഉണ്ടായിരുന്നില്ല. എല്ലാം വാടകയ്ക്ക് എടുത്തതാണ് കരിയറിന്റെ ആദ്യഘട്ടത്തില്‍ വിവാഹങ്ങള്‍ ഷൂട്ട് ചെയ്തിരുന്നത്. പിന്നീട് അങ്ങനെ സമ്പാദിച്ച പണം കൊണ്ടുതന്നെ വിവാഹ ഷൂട്ടിംഗിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും വാങ്ങുവാന്‍ കഴിഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ വഴി കൂടുതല്‍ ആവശ്യക്കാര്‍ തേടിവന്നത്തോടെ കല്യാണ വര്‍ക്കുകളില്‍ മാത്രം ഡെന്നീസ് ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി.
പ്രത്യേകം പാക്കേജുകളിലുള്ള വധൂവരന്മാരുടെ ഫോട്ടോഷൂട്ടുകളിലൂടെ കോഴിക്കോട്ടെ എണ്ണം പറഞ്ഞ വെഡിങ് ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറാകുവാന് കുറഞ്ഞകാലം കൊണ്ട് തന്നെ ഡെന്നീസിന് കഴിഞ്ഞു. ഇപ്പോള്‍ ഇരുപതാമത്തെ വയസ്സില്‍ രണ്ടു ഫോട്ടോഗ്രാഫി കമ്പനികളുടെ ഉടമയാണ് ഡെന്നിസ്. വിവാഹം ഷൂട്ട് ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന Stories/ Dennis & Crew, കുട്ടികളുടെ മാമോദീസാചടങ്ങും മറ്റും പകര്‍ത്തുന്ന Tinytoes എന്നീ ചിത്രലേഖന സംരംഭങ്ങളാണ് ഈ യുവാവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്നത്.
ഇന്ത്യയുടെ തുടിപ്പുകള്‍ അറിയാനാകുന്ന സ്ട്രീറ്റ് ഫോട്ടോഗ്രാഫി സീരിസും ടെന്നിസിന്റെ ക്യാമറ പകര്‍ത്തിയിട്ടുണ്ട്. വിവാഹ സീസണ് കഴിയുമ്പോള്‍ ഇന്ത്യയിലെ ഏതെങ്കിലും നഗര പ്രാന്തത്തിലേക്ക് വണ്ടി കയറുന്ന ഡെന്നിസ് തിരിച്ചുവരുന്നത് ആ നഗരത്തിന്റെ ആത്മാവ് പകര്‍ത്തിയ ചിത്രങ്ങളുമായിയായിരിക്കും. ഇങ്ങനെ പല ഇന്ത്യന്‍ നഗരങ്ങളും ഡെന്നിസിന്റെ ക്യാമറയ്ക്ക് പോസ് ചെയ്തിട്ടുണ്ട്. സ്ട്രീറ്റ് ഫോട്ടോഗ്രാഫി ഒരു ഹോബി എന്നതിനപ്പുറം കണ്ണിനെയും ഫ്രെയിം കണ്ടെത്താനുള്ള മനസ്സിനെയും തേച്ചു മിനുക്കിയെടുക്കുന്ന ഒരു പ്രക്രിയ കൂടിയാണ് ഈ ഇരുപതുകാരന്.
ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളെ പകര്ത്തിയെടുക്കുവാനായി ഫോട്ടോഗ്രാഫര്‍മാരെ തിരയുന്നവര്‍ ഇന്ന് വ്യത്യസ്തതയ്ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. അതുകൊണ്ടുതന്നെ ഒരു ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ എപ്പോഴും പുതിയ ട്രെന്‍ഡുകളുടെ മിടിപ്പറിഞ്ഞിരിക്കണം. എങ്കിലും മേഖലയില്‍ മത്സരങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലെന്നാണ് ഡെന്നിസ് പറയുന്നത്. തന്നെപ്പോലുള്ള അനേകം പേരുടെ കൂട്ടായ്മയിലൂടെയാണ് ഓരോ ഷൂട്ടുകളും പൂര്‍ത്തിയാകുന്നത്. അതുകൊണ്ടുതന്നെ അവിടെ വാശിക്കോ മത്സരത്തിനോ സ്ഥാനമില്ലെന്നാണ് ഡെന്നീസിന്റെ പക്ഷം.