നമ്മുടെ ജീവിതത്തില്‍ നാം ഇന്നു കാണുന്ന പല നേട്ടങ്ങളിലേയ്ക്കും കോട്ടങ്ങളിലേയ്ക്കും നമ്മെ നയിച്ചിട്ടുള്ളത് നമ്മള്‍ ഇന്നലെകളില്‍ എടുത്തിട്ടുള്ള തീരുമാനങ്ങളാണ്.
ജീവിതത്തില്‍ നാം എടുക്കുന്ന തീരുമാനങ്ങളാണ് നമ്മുടെ ഭാവി നിര്‍ണ്ണയിക്കുന്നത്. വ്യക്തികളുടെയാണെങ്കിലും, സ്ഥാപനങ്ങളുടെയാണെങ്കിലും വിജയം നിര്‍ണയിക്കുന്നതില്‍ ചില തീരുമാനങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ പ്രാധാന്യമുള്ളതാണ്.
കിങ് ക്യാംപ് ഗില്ലറ്റ്
1903-ല്‍ ബോസ്റ്റണിലെ ഒരു സാധാരണ സെയില്‍സ്മാനായിരുന്ന കിങ് ക്യാംപ് ഗില്ലറ്റ് ഡിസ്‌പോസിബിള്‍ ബ്ലേഡുകള്‍ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചപ്പോള്‍ ആ തീരുമാനത്തെ ഉള്‍ക്കൊള്ളുവാന്‍ പലര്‍ക്കും സാധിച്ചില്ല. ബാര്‍ബര്‍മാരുടേയും മറ്റും അടുക്കല്‍ ചെന്ന് വീണ്ടും മൂര്‍ച്ച കൂട്ടേണ്ടിവരുന്ന റേസറുകളാണ് അതുവരെ ആളുകള്‍ ഷേവിംഗിനായി ഉപയോഗിച്ചുകൊണ്ടിരുന്നത്.
ഒന്നാം ലോക മഹായുദ്ധ കാലഘട്ടത്തില്‍ മാത്രം യു.എസ്.ആര്‍മി, ഗില്ലറ്റില്‍ നിന്നും വാങ്ങിയത് ഏതാണ്ട് 35 ലക്ഷത്തോളം റേസറുകളും, 32 ലക്ഷത്തോളം ബ്ലേഡുകളുമായിരുന്നു. ഈയൊരു ഉത്പന്നം പുറത്തിറക്കുവാനുള്ള തീരുമാനമാണ് കിങ് ഗില്ലറ്റ് എന്ന സാധാരണക്കാരനെ ലോകമറിയുന്ന ഒരു വ്യവസായ പ്രമുഖനാക്കിത്തീര്‍ത്തത്. ജനറല്‍ ഇലക്ട്രിക്‌സ് എന്ന സ്ഥാപനത്തെ ഒരു ലോകോത്തര സ്ഥാപനമാക്കിത്തീര്‍ത്തത് ക്രോറ്റോവിലെയില്‍ സ്വന്തം ട്രെയ്‌നിംഗ് സെന്റര്‍ തുടങ്ങുക എന്ന ജാക്ക് വെല്‍ഷിന്റെ ആശയമായിരുന്നു. ഈ ട്രെയിനിംഗ് അക്കാദമിയാണ് ജനറല്‍ ഇലക്ട്രിക്‌സിന്റെ ഭാഗധേയം നിര്‍ണയിച്ച നൂറൂകണക്കിന് നേതാക്കളെ വാര്‍ത്തെടുത്തത്.
ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായ വാള്‍മാര്‍ട്ടിനെ ആ നിലയിലെത്തിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചത്, മുഴുവന്‍ ജോലിക്കാരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട്, അവരെ പ്രചോദിപ്പിക്കുവാനും തീരുമാനങ്ങള്‍ എടുക്കുവാന്‍ സഹായിക്കുവാനും കമ്പനിയുടെ സംസ്‌കാരം രൂപപ്പെടുത്തിയെടുക്കുതിനും ‘ശനിയാഴ്ച – മീറ്റിംഗ്’ വിളിച്ചു കൂട്ടുക എന്ന തീരുമാനമായിരുന്നു. മോട്ടിവേഷനല്‍ ട്രെയിനിംഗുകളും, മീറ്റിംഗുകളും കമ്പനിയുടെ വളര്‍ച്ചയില്‍ മുഖ്യ പങ്ക് വഹിക്കും എന്ന തിരിച്ചറിവില്‍ നിന്നാണ് ‘ശനിയാഴ്ച- മീറ്റിംഗ്’ കമ്പനിയുടെ സ്ഥാപകനായ സാം വാള്‍ട്ട് ആരംഭിച്ചത്.
നമ്മുടെ ജീവിതത്തിലും നാം ഇന്നു കാണു പല നേട്ടങ്ങളിലേയ്ക്കും കോട്ടങ്ങളിലേയ്ക്കും നമ്മെ നയിച്ചിട്ടുള്ളത് നമ്മള്‍ ഇലെകളില്‍ എടുത്തിട്ടുള്ള തീരുമാനങ്ങളാണെന്ന് വ്യക്തമാകും. നമ്മുടെ ജീവിതത്തില്‍ നാം എടുക്കുന്ന ഓരോ തീരുമാനങ്ങള്‍ക്കും നാം നല്‍കേണ്ടിവരുന്ന വില വളരെ വലുതാണ്. തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമ്പോള്‍ ആ തീരുമാനത്തിന്റെ നെഗറ്റീവും, പോസിറ്റീവും വശങ്ങളെക്കുറിച്ച് ആലോചിച്ച് വേണം നാം തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത്. നാം ഒരു തീരുമാനമെടുക്കുമ്പോള്‍ താഴെപ്പറയുന്ന ഏഴ് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്;
1. മുമ്പിലുള്ള എല്ലാ മാര്‍ഗ്ഗങ്ങളും, പദ്ധതികളും എന്താണെന്ന് മനസ്സിലാക്കുക.
നിങ്ങള്‍ ഒരു പ്രശ്‌നത്തില്‍പെട്ടിരിക്കുന്നതെങ്കില്‍പോലും നിങ്ങളുടെ മുമ്പിലുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് ആലോചിക്കുക. ഒപ്പം പദ്ധതികളും തയ്യാറാക്കുക.
2. സമയക്ലിപ്തത
ഓരോ കാര്യവും ചെയ്തു തീര്‍ക്കുന്നതിന് ഒരു സമയ പരിധി നിശ്ചയിക്കുക. പെട്ടെന്ന് തീരുമാനം എടുക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ എന്ന് ആലോചിക്കുക. കൂടുതല്‍ സമയം ചെലവഴിക്കുന്നതുകൊണ്ട് തീരുമാനം കൂടുതല്‍ മെച്ചപ്പെട്ടതാകുമോ എന്നും ആലോചിക്കാം.
3. വിവരശേഖരണം
ഏറ്റവും മികച്ച തീരുമാനമെടുക്കുന്നതിന് നിങ്ങളെ പര്യാപ്തരാക്കന്ന തരത്തിലുള്ള ഏറ്റവും പുതിയ അറിവുകള്‍ നിങ്ങളുടെ പക്കലുണ്ട് ഉറപ്പു വരുത്തുക. കാലഹരണപ്പെട്ട വിവരങ്ങളാണ് നിങ്ങളുടെ പക്കലുള്ളതെങ്കില്‍ അവയെ ആശ്രയിക്കാതിരിക്കുക.
4. തീരുമാനത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ആലോചിക്കുക.
തെറ്റായ തീരുമാനമാണ് എടുക്കുന്നതെങ്കില്‍ അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാവാം എന്നതിനെക്കുറിച്ച് കൂടി ചിന്തിക്കുക. ശരിയായ തീരുമാനം നമുക്ക് തരുന്ന നേട്ടങ്ങളെക്കുറിച്ചും ആലോചിക്കാം. ഏറ്റവും മോശമായത് സംഭവിച്ചാല്‍പ്പോലും അതിനെയും നേരിടുവാനുള്ള കരുത്ത് നമുക്കുണ്ടാകണം.
5. നിങ്ങളുടെ മൂല്യങ്ങള്‍,
വിശ്വാസങ്ങള്‍
നിങ്ങളുടെ മൂല്യങ്ങള്‍, വിശ്വാസങ്ങള്‍ ഇവയൊക്കെ കണക്കിലെടുത്തുവേണം നിങ്ങള്‍ തീരുമാനങ്ങളെടുക്കേണ്ടത്. മറ്റുള്ളവര്‍ക്ക് ശരി എന്നു തോന്നുന്ന ഒരു തീരുമാനം ഒരുപക്ഷേ നമ്മെ സംബന്ധിച്ചിടത്തോളം ശരിയായ തീരുമാനമാകണമെന്നില്ല.
6. ഗുണദോഷങ്ങള്‍ വേര്‍തിരിക്കാം
നിങ്ങള്‍ കൈക്കൊള്ളുവാന്‍ പോകുന്ന തീരുമാനത്തിന്റെ ഗുണദോഷങ്ങള്‍ ഒരു വെള്ളപേപ്പറെടുത്ത് രണ്ടായി മടക്കി അതിന്റെ രണ്ട് വശങ്ങളിലുമായി എഴുതുക. ഗുണദോഷങ്ങളുടെ തോതില്‍ ഏതാണ് ഉയര്‍ന്നു നില്‍ക്കുതെന്ന് പരിശോധിക്കുക. ഗുണങ്ങളാണ് കൂടുതലെങ്കില്‍ തീര്‍ച്ചയായും ആ തീരുമാനവുമായി നിങ്ങള്‍ക്ക് മുമ്പോട്ട് പോകാം.
7. തീരുമാനം നടപ്പില്‍ വരുത്തുക
ഏറ്റവും പ്രധാന ഘടകമാണിത്. എന്തു തീരുമാനമാണോ എടുത്തത്, അത് സമയബന്ധിതമായി നടപ്പില്‍ വരുത്തുക എന്നുള്ളതാണിത്. നിങ്ങള്‍ തീരുമാനം നടപ്പില്‍ വരുത്തുന്നതിന് മുമ്പ് വലിയ പബ്ലിസിറ്റി നല്‍കണമെന്നില്ല. കാരണം നമ്മുടെ തീരുമാനങ്ങള്‍ മറ്റുള്ളവര്‍ അറിഞ്ഞു കഴിഞ്ഞ ശേഷം അത് നടപ്പില്‍ വരുത്തുന്നതിന് നമുക്ക് സാധിക്കാതെ വന്നാല്‍ അത് ഒരുപക്ഷേ നമുക്ക് നാണക്കേടിന് തന്നെ ഇടയാക്കിയേക്കാം. ഇത്തരത്തില്‍ മികച്ച തീരുമാനങ്ങളെടുത്തുകൊണ്ട്, നിങ്ങള്‍ക്കും മികച്ച ഒരു ജീവിതം സൃഷ്ടിക്കാം. വിജയാശംസകള്‍.
ചിന്ത
എപ്പോഴും ഉപ്പിനെപ്പോലെ അതുല്യ സ്വഭാവസവിശേഷതയുള്ളവരായി
മാറുക. ഉപ്പിന്റെ സാന്നിധ്യം നമുക്ക് അനുഭവപ്പെടുകയില്ല. പക്ഷെ, ഉപ്പില്ലാതെ വന്നാല്‍ അതിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെടും.
- ജോബിന്‍ എസ് കൊട്ടാരം
(രാജ്യാന്തര മോട്ടിവേഷണല്‍ ട്രെയിനറും മാനേജ്‌മെന്റ് വിദഗ്ധനും 25-ഓളം പ്രചോദാത്മക ഗ്രന്ഥങ്ങളുടെ രചയിതാവുമാണ് ജോബിന്‍ എസ്. കൊട്ടാരം)
ഫോണ്‍: 94472 59402,
Email:jskottaram@gmail.com