Success Story

ഡോ: രമണി നായര്‍; സ്വപ്‌നങ്ങള്‍ കൂടുകൂട്ടുന്ന ഒറ്റമരത്തണല്‍

പ്രതിസന്ധികളോട് പടവെട്ടി ജീവിതവിജയം കൈവരിച്ച അനേകം ഉദാഹരണങ്ങള്‍ക്കിടയിലും സ്വപ്‌നക്കൂടിന്റെയും സ്ഥാപക ഡോ: രമണി നായരുടെയും കഥ വേറിട്ടു നില്‍ക്കുന്നു. റോഡപകടത്തില്‍പ്പെട്ട് ഇരുപത്തിയൊന്നാം വയസ്സില്‍ പൊലിഞ്ഞുപോയ മകന്റെ ഓര്‍മകള്‍ നല്‍കിയ കരുത്തില്‍ അശരണര്‍ക്ക് താങ്ങും തണലുമായി മാറുവാന്‍ ഈ അമ്മയ്ക്കു കഴിഞ്ഞു. ദുഃഖം കരിനിഴല്‍ വീഴ്ത്തിയ ഒരുപാട് ജീവിതങ്ങളില്‍ കാരുണ്യത്തിന്റെ വെളിച്ചം പകര്‍ന്ന രമണി നായരുടെ അതിജീവനത്തിന്റെ സ്മാരകമാണ് സ്വപ്‌നക്കൂടെന്ന അഗതി മന്ദിരം.

ഒരു ട്രൈബല്‍ മേഖലയില്‍ സ്‌കൂള്‍ ടീച്ചറായി ജോലി ചെയ്തു വരുന്നതിനിടയ്ക്കായിരുന്നു ഈ അമ്മയുടെ മകന്‍ ബൈക്ക് ആക്‌സിഡന്റില്‍ മരണപ്പെടുന്നത്. ജോലി ചെയ്തിരുന്ന സ്ഥലത്ത് അശരണരായ ഒരുപാടു പേര്‍ക്ക് കഴിയുന്ന സഹായങ്ങള്‍ ചെയ്തുകൊടുക്കുവാന്‍ രമണി നായര്‍ പരിശ്രമിച്ചിരുന്നു. അങ്ങനെ പരിചയപ്പെട്ട സാമൂഹിക പ്രവര്‍ത്തകന്‍ പി ബി ഹാരിസിന്റെ സഹായത്തോടെ മനസ്സിനെ സ്വസ്ഥമാക്കുവാനും ജീവിതത്തിലേക്ക് തിരിച്ചുവരാനും രമണി നായര്‍ കണ്ടെത്തിയ വഴിയായിരുന്നു സ്വപ്‌നക്കൂട്… വയോധികരെ സംരക്ഷിക്കുവാനായി ഒരു ആതുരാലയം…!

പതിനഞ്ചു വര്‍ഷത്തെ സര്‍വീസ് അവസാനിപ്പിച്ചപ്പോള്‍ കിട്ടിയ തുകയും പിന്നെ കുറച്ച് ആഭരണങ്ങളും മാത്രമായിരുന്നു സ്വപ്‌നക്കൂട് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ കയ്യിലുണ്ടായിരുന്ന മൂലധനം. അതുപയോഗിച്ച് തിരുവനന്തപുരത്ത് ഒരു കെട്ടിടം വാടകയ്‌ക്കെടുത്ത് ആതുരാലയം ആരംഭിച്ചു. തിരുവിതാംകൂര്‍ രാജവംശത്തിലെ അശ്വതി തമ്പുരാട്ടിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

ഒരു വര്‍ഷംകൊണ്ട് പന്ത്രണ്ട് അമ്മമാര്‍ അന്തേവാസികളായെത്തി. ഇന്ന് പതിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം സ്വപ്‌നക്കൂടില്‍ എഴുപത് അന്തേവാസികളുണ്ട്. സര്‍ക്കാരില്‍ നിന്നോ മറ്റു പ്രമുഖ വ്യക്തികളില്‍ നിന്നോ ഈ സ്ഥാപനത്തിന് സാമ്പത്തിക സഹായമൊന്നും ലഭിക്കുന്നില്ല. ഇപ്പോഴും എച്ച്.ഡി.എഫ്.സിയിലെ ജോലിയില്‍ നിന്ന് കിട്ടുന്ന ശമ്പളവും കാരുണ്യനിധികള്‍ നല്‍കുന്ന അന്നദാനവും പിന്നെ സര്‍വ്വേശ്വരന്റെ അനുഗ്രഹവും കൊണ്ടാണ് സ്വപ്‌നക്കൂട് അല്ലലില്ലാതെ പുലര്‍ന്നു പോകുന്നതെന്ന് രമണി നായര്‍ പറയുന്നു.

ആദിവാസി കുടുംബങ്ങള്‍ക്ക് നല്‍കുവാനായി വസ്ത്രങ്ങളും പഠനോപകരണങ്ങളും ശേഖരിക്കുന്ന ‘ഗോത്രസഞ്ചലനം’ അടക്കമുള്ള പദ്ധതികള്‍ക്കും ഇതിനൊപ്പം ഡോ: രമണി നായര്‍ നേതൃത്വം നല്‍കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടു രണ്ടു പ്രാവശ്യം ട്രൈബല്‍ യൂത്ത് ക്രിക്കറ്റ് ലീഗ് മത്സരങ്ങളും നടത്താന്‍ സാധിച്ചിട്ടുണ്ട്. ഡോക്ടറേറ്റ്, അയണ്‍ ലേഡി പുരസ്‌കാരം എന്നിവയുള്‍പ്പടെ മുപ്പതോളം ബഹുമതികളാണ് രമണി നായരെ തേടിയെത്തിയത്.

വഴിയരികില്‍ ഉപേക്ഷിക്കപ്പെടുന്ന വാര്‍ദ്ധക്യം ഇന്ന് വാര്‍ത്ത പോലുമല്ല. പോലീസുകാര്‍ കൊണ്ടെത്തിക്കുന്നതും മക്കള്‍ തന്നെ ഏല്‍പ്പിക്കുന്നവരുമായ വയോധികരെയെല്ലാം പുനരധിവസിപ്പിക്കുന്നതിനായി പുതിയൊരു മന്ദിരം കൂടി പണികഴിപ്പിക്കുവാനുള്ള പരിശ്രമങ്ങളിലാണ് രമണി നായര്‍. സ്വപ്‌നക്കൂടിന്റെ മാനേജര്‍, പിആര്‍ഒ, സൂപ്പര്‍വൈസര്‍, വാര്‍ഡന്‍ എന്നിങ്ങനെയുള്ള ജീവനക്കാരുടെ കഠിനപ്രയത്‌നത്തിലൂടെയാണ് സംഘടന മുന്നോട്ടു പോകുന്നത്. തലസ്ഥാനനഗരത്തില്‍ തന്നെ അതിനുള്ള സ്ഥലം വാങ്ങിയെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രണ്ടുവര്‍ഷമായി നിലച്ചിരിക്കുകയാണ്. പക്ഷേ ആശ്രയമറ്റ വയോജനങ്ങള്‍ക്കെല്ലാം തലചായ്ക്കാരിടമൊരുക്കുവാന്‍ സ്വപ്‌നക്കൂടിന് കഴിയുന്ന കാലം വിദൂരമില്ലെന്നും രമണി നായര്‍ വിശ്വസിക്കുന്നു.

മകന്റെ അകാലവിയോഗത്തിന്റെ വേദനയെ കാരുണ്യത്തിന്റെ ശീതളച്ഛായയായി മാറ്റിയ ഈ അമ്മയുടെ വാക്കുകളില്‍ നിശ്ചയദാര്‍ഢ്യം മാറ്റൊലി കൊള്ളുന്നു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button