കൊറോണയും ഹൃദയവും; കോവിഡിനെ നേരിടാന്‍ ഒരു കൈപുസ്തകം
ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ വേട്ടയാടിയ മഹാമാരികളില്‍ ഒന്നാണ് കോവിഡ്-19. 2019 അവസാനം ചൈനയിലെ വുഹാനില്‍ ഹ്വനന്‍ എന്ന സമുദ്രോല്പന്ന മാര്‍ക്കറ്റില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ടതായി കരുതുന്ന ഈ രോഗം വളരെ പെട്ടെന്നാണ് ലോകരാജ്യങ്ങളെ അപ്പാടെ വിഴുങ്ങിയത്. കൊറോണയുടെ ഉത്ഭവത്തെക്കുറിച്ച് പല കിംവദന്തികളും നിലനില്‍ക്കുന്നുണ്ട്. ലോകരാഷ്ട്രങ്ങളുടെ ആരോഗ്യമേഖലയ്ക്ക് വെല്ലുവിളി സൃഷ്ടിച്ചതോടൊപ്പം രാജ്യങ്ങളുടെ സാമ്പത്തിക ഭദ്രതയെയും സാമ്പത്തികവളര്‍ച്ചയെയും സാരമായി ബാധിക്കുകയും ചെയ്ത വിപത്താണ് കോവിഡ് 19.
മനുഷ്യശരീരത്തെ ആക്രമിച്ചു കീഴടക്കി മനുഷ്യന്റെ പ്രതിരോധശേഷിയെയും ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെയുമൊക്കെ സാരമായി അപകടത്തിലാക്കി, ജീവന് വരെ അപഹരിക്കുന്ന ഈ മഹാമാരിയെ കുറിച്ച് പലര്‍ക്കും സാരമായ ഗ്രാഹ്യം ഇതുവരെയും ഉണ്ടായിട്ടില്ല. ഇത്തരമൊരു അവസരത്തിലാണ് കാര്‍ഡിയോളജിസ്റ്റും ഹൃദയാലയ ഹാര്‍ട്ട് ഫൗണ്ടേഷന് സ്ഥാപകനുമായ ഡോ. വി. ജയപാല്‍ ലോകത്തിനു മുന്നിലേക്ക് ‘കൊറോണയും ഹൃദയവും’ എന്ന ഗ്രന്ഥം പരിചയപ്പെടുത്തുന്നത്.
കൊറോണ എന്ന വൈറസ് പടര്‍ന്നു പിടിക്കുന്നത് പോലെ തന്നെ പ്രശ്നമാണ് വ്യക്തമായ ഒരു അറിവ് ഇതിനെക്കുറിച്ച് ഇല്ലാത്തത്. സാധാരണക്കാര്‍ക്കും കൊറോണയ്ക്കെതിരെ 24 മണിക്കൂറും സധൈര്യം പോരാടി കൊണ്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും സഹായകരമാകുന്ന നിലയ്ക്കാണ് ഡോ. വി. ജയപാല്‍ കൊറോണയും ഹൃദയവും എന്ന ഈ ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത്.
എന്താണ് കൊറോണയെന്നും അതിന്റെ ആരംഭം എങ്ങനെയാണെന്നും കൊറോണയുടെ ഘടനനെയും സ്വഭാവത്തെയും കുറിച്ച് ആധികാരികമായിട്ടാണ് അദ്ദേഹം ഈ ഗ്രന്ഥത്തിലൂടെ വിശദീകരിക്കുന്നത്. ലോകത്തുടനീളം വളരെ കുറച്ചു നാളുകള്‍ കൊണ്ട് രോഗികളുടെ നീണ്ടനിര സൃഷ്ടിച്ച കോവിഡ് 19 എന്ന വില്ലനെ അദ്ദേഹം തന്റെ തൂലികയിലൂടെ, ഏതൊരാള്‍ക്കും പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയുന്ന രീതിയിലില്‍ നമുക്കു മുന്നില്‍ വരച്ചുകാട്ടുകയാണ്.
മനുഷ്യന്റെ ശ്വാസകോശം, അതോടൊപ്പം തന്നെ ഹൃദയം, രക്തക്കുഴല്‍, കരള്‍, തലച്ചോര്‍, കിഡ്നി, ചെറുകുടല്‍, വന്‍കുടല്‍ തുടങ്ങിയ ആന്തരികാവയവങ്ങളെയും സാരമായ രീതിയില്‍ ബാധിച്ചു ഒരു വ്യക്തിയുടെ ആരോഗ്യത്തെ കാര്‍ന്നു തിന്നു അവരെ മരണത്തിലേക്ക് തള്ളി വിടുന്ന കൊവിഡ് 19 ന്റെ ഭീകര മുഖം അദ്ദേഹം ഇതില്‍ വരച്ചുകാട്ടുന്നു. കൊറോണ എന്താണെന്ന് പറയുന്നതിനോടൊപ്പം തന്നെ അതിന്റെ ലക്ഷണങ്ങളെയും പരിശോധനാരീതികളെയും ചികിത്സാരീതികളെയുമൊക്കെ വിശദമായിത്തന്നെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നുണ്ട്.
കൊറോണയില്‍ നിന്നും രക്ഷപ്പെടാന്‍ കരുതല്‍ മാത്രമാണ് നമുക്ക് മുന്നിലുള്ള മാര്‍ഗം. ബോധവല്‍ക്കരണവും സാമൂഹിക അകലവും ലോക്ഡൗണുമെല്ലാം ഒരുപരിധിവരെ രോഗതീവ്രത കുറച്ചെങ്കിലും വീണ്ടും രോഗം അതിവേഗം ആള്‍ക്കാരിലേക്ക് പടരുകയാണ്. കേരളവും ഇന്ത്യയും മറ്റു രാജ്യങ്ങളും എല്ലാം ഇതിനെ അതിജീവിക്കാനുള്ള ശ്രമത്തിലാണ്.
പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക, മുന്‍കരുതല്‍ സ്വീകരിക്കുക തുടങ്ങിയ മാര്‍ഗങ്ങളാണ് ഏവരും മുന്നോട്ടുവയ്ക്കുന്നത്. ജയപാലും ഇതേ കാര്യം തന്നെയാണ് സാധൂകരിക്കുന്നത്. വാക്സിന് പരീക്ഷണം നാളിതുവരെയും പൂര്‍ത്തിയായിട്ടില്ല; പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം സാമൂഹ്യ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക എന്നതാണ് എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന നല്ലൊരു ഉപാധിയായി ഡോക്ടര്‍ മഞ്ഞളിനെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. നിരവധി ഗുണങ്ങളുള്ള മഞ്ഞളിന് മനുഷ്യശരീരത്തിലെ ആന്റി ആക്സിഡന്റുകളുടെ അളവ് വര്‍ധിപ്പിക്കാന്‍ കഴിയും. മഞ്ഞളിന്റെ ഉപയോഗത്തിലൂടെ നമ്മുടെ ഉള്ളിലെ വീര്യമുള്ള വൈറസുകളെ പോലും നിര്‍വീര്യമാക്കാന്‍ സാധിക്കും. പുസ്തകത്തില്‍ മഞ്ഞളിനു അദ്ദേഹം പ്രത്യേക പ്രാധാന്യം തന്നെ നല്‍കുന്നുണ്ട്.
പുസ്തകത്തിന്റെ രണ്ടാം ഭാഗത്ത് ശാസ്ത്രീയ അപഗ്രഥനത്തോടുകൂടിയ പഠനമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. ആംഗലേയ ഭാഷയില്‍ എഴുതിയിരിക്കുന്ന രണ്ടാംഭാഗത്തില്‍ രോഗനിര്‍ണയം, ടെസ്റ്റുകള്‍ കോവിഡിന്റെ വിവിധ സ്റ്റേജുകള്‍ തുടങ്ങി വൈദ്യശാസ്ത്രത്തിലെ ടെക്നിക്കല്‍ മേഖലയ്ക്കാണ് മുന്‍തൂക്കം നല്‍കിയിരിക്കുന്നത്.
കൊറോണയും ഹൃദയവും എന്ന ഈ ഗ്രന്ഥം, കോവിഡിനെ അതിജീവിക്കുവാന്‍ സാധാരണക്കാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഒരുപോലെ സഹായകമാകുന്ന രീതിയിലാണ് രചിച്ചിരിക്കുന്നത്.
സാമൂഹ്യ പ്രതിബദ്ധത തന്റെ ഔദ്യോഗിക ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ഡോ. ജയപാല്‍. നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹത്തിന്റെ ആറോളം പ്രബന്ധങ്ങള്‍ ഇതിനകം ഇന്റര്‍നാഷണല്‍ പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും സമൂഹത്തിന് ബോധവല്‍ക്കരണത്തിനു ഉതകുന്ന രീതിയില്‍ ഈ പുസ്തകം തയ്യാറാക്കി അദ്ദേഹം തന്റെ സാമൂഹിക പ്രതിബദ്ധത തന്നെയാണ് ഇവിടെയും തെളിയിച്ചിരിക്കുന്നത്. കോവിഡ് 19 ന് എതിരെ പോരാടാന്‍ കൊറോണയും ഹൃദയവും എന്ന ഈ ഗ്രന്ഥം ഒരു സഹായി ആകുമെന്നതില്‍ യാതൊരു സംശയവുമില്ല…