ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് ഒരു താങ്ങായി കോഫി ടേബിള്‍
”വിജയ് സൂപ്പറും പൗര്‍ണ്ണമി”യും എന്ന സിനിമയില്‍ ക്ലൈമാക്‌സില്‍ സിദ്ദിഖ് പറയുന്നുണ്ട് : ”കോഫി ഉണ്ടാക്കി ഉണ്ടാക്കി ഒരുദിവസം അത് ശരിയായ കടുപ്പത്തിലും മധുരത്തിലും നമുക്ക് ഉണ്ടാക്കാന്‍ സാധിക്കും”. പരാജയങ്ങള്‍ സംഭവിച്ചെങ്കിലും ഇപ്പോള്‍ ശരിയായ കടുപ്പത്തിലും മധുരത്തിലുമാണ് ‘കോഫി ടേബിള്‍’ എന്ന സംരംഭം.
പരാജയത്തില്‍ നിന്ന് വിജയത്തിലേക്ക് എത്തുക നിസ്സാരമല്ല. ഉറ്റ ചങ്ങാതിമാരായ നസറുദ്ദീനും നിഷാനും പഠനകാലം മുതല്‍ കാണുന്ന സ്വപ്‌നം യഥാര്‍ത്ഥമാക്കിയപ്പോള്‍ ആദ്യം നേരിട്ടത് പരാജയമാണ്. ആ പരാജയം അവരുടെ സുഹൃത്ബന്ധത്തിലോ ജീവിതത്തെയോ ബാധിക്കാതെയിരുന്നതിനാല്‍ സ്വപ്‌നം യാഥാര്‍ഥ്യമാക്കാണമെന്ന ആഗ്രഹവും കഠിനപ്രയത്‌നവും ഈ ചങ്ങാതിമാരെ വിജയത്തിലെത്തിച്ചു.
ആദ്യം സ്വപ്‌നം കണ്ടത് ബ്രാന്‍ഡഡ് കോഫി ഷോപ്പുകളുടെ ഒരു ശൃംഖലയായിരുന്നു. ഇരുവരും വിവിധ ജോലികള്‍ ചെയ്ത് പണം സമാഹരിച്ച് 2012 കുറ്റിപ്പുറത്ത് എംഇഎസ് കോളേജിന് സമീപം കോഫി ടേബിള്‍ എന്ന ആദ്യ ഷോപ്പ് ആരംഭിച്ചു. എന്നാല്‍ ആ സംരംഭം പരാജയമായി. ഷോപ്പ് വില്‍ക്കുക എന്നല്ലാതെ മറ്റൊരു വഴിയും മുന്നില്‍ ഇല്ലായിരുന്നു. ഇങ്ങനെയൊക്കെ സംഭവിച്ചെങ്കിലും വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല ഇരുവരും. സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ധനം സമ്പാദിക്കാന്‍ വീണ്ടും പല ജോലികളും ഇവര്‍ ചെയ്തു.
ഷോപ്പ് നടത്തിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ഒരു റസ്റ്റോറന്റിനായി കണ്‍സള്‍ട്ടന്‍സി ചെയ്തു കൊടുത്തിരുന്നു. അതിന്റെ വിജയം അവരുടെ സ്വപ്‌നത്തെ വേറൊരു കാഴ്ചപ്പാടില്‍ നടപ്പിലാക്കിയാലോ എന്ന ചിന്ത അവര്‍ക്കിടയില്‍ ഉണ്ടായി.
കോഫി ഷോപ്പ് സ്വന്തമായി നടത്തുന്നതിലും നല്ലത് തങ്ങള്‍ക്കുണ്ടായ പരാജയത്തില്‍ നിന്ന് ലഭിച്ച അറിവുകളിലൂടെ മറ്റുള്ളവരെ അത് നടത്താന്‍ സഹായിക്കുകയും അതിനുവേണ്ട പശ്ചാത്തലമൊരുക്കി കൊടുക്കുവാനും തങ്ങള്‍ക്ക് സാധിക്കുമെന്ന തിരിച്ചറിവ് പുതിയ ഒരു സംരംഭത്തിന് തുടക്കം കുറിച്ചു.
കോഫി ടേബിള്‍ എന്ന കണ്‍സള്‍ട്ടന്‍സി 2014 കണ്ണൂര്‍, തലശ്ശേരി, തൃശൂര്‍ എന്നിവിടങ്ങളില്‍ പുതിയ റസ്റ്റോറന്റുകള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശം നല്‍കി തുടക്കം കുറിച്ചു. ഒരു സംരംഭകനെ ആ സംരംഭം തുടങ്ങുന്നതിന് ആവശ്യമായ എല്ലാ കാര്യങ്ങളും വളരെ ചിട്ടയോടുകൂടിയും സംരംഭകനെ അറിഞ്ഞും ചെയ്ത് കൊടുക്കുകയാണ് കോഫി ടേബിള്‍ ചെയ്യുന്നത്.
റസ്റ്റോറന്റുകളുടെയും റിസോര്‍ട്ടുകളുടെയും ഇന്റീരിയര്‍ മുതല്‍ പര്‍ച്ചേസിങ് വരെ ചെയ്ത് സംരംഭകനെ എല്ലാവിധ ടെന്‍ഷനുകളില്‍ നിന്നും ഒഴിവാക്കി ഒരു നല്ല സംരംഭം ഉണ്ടാക്കി കൊടുക്കുന്നതിലെ കോഫി ടേബിളിന്റെ വിജയം അഭിനന്ദനാര്‍ഹമാണ്.
സുഹൃത്ബന്ധത്തിന്റെ വിജയം ഈ സംരംഭത്തിലും കാണാന്‍ സാധിക്കും. ചെയര്‍മാനായ നിഷാനും എംഡിയും സിഇഒയുമായ നസറുദ്ദീനും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും സുതാര്യതയും കാത്തുസൂക്ഷിക്കുന്നതിനാല്‍ ബിസിനസ് അവര്‍ക്ക് ആനന്ദകരമായ അനുഭവം സമ്മാനിക്കുന്നു.
ആറു വര്‍ഷം കൊണ്ട് പൂര്‍ണമായ ഒരു ഹോസ്പിറ്റാലിറ്റി കണ്‍സള്‍ട്ടിംഗ് കമ്പനിയായി കോഫി ടേബിളിന് മാറാന്‍ സാധിച്ചു. സംരംഭകന്റെ ആശയത്തിന് അനുസരിച്ച് തീം സെറ്റ് ചെയ്ത് കണ്‍സ്ട്രക്ഷന്‍ മുതല്‍ ഇന്റീരിയര്‍ വരെ ചെയ്തുകൊടുക്കും.
സംരംഭത്തിനെ ബ്രാന്‍ഡ് ചെയ്യാനും ഓണ്‍ലൈന്‍ – ഓഫ്‌ലൈന്‍ സാന്നിധ്യം വര്‍ദ്ധിപ്പിക്കാനും കൂടാതെ ആവശ്യമായ മിഷനറികള്‍, കിച്ചണ്‍ ഉപകരണങ്ങള്‍ എന്നിവയെല്ലാം ഒരുക്കി നല്‍കാനും കമ്പനിക്ക് സാധിക്കുന്നു. കൂടാതെ മെനു കാര്‍ഡിലെ വിഭവങ്ങള്‍ ഒരുക്കാനുള്ള പരിശീലനവും സ്റ്റാഫുകള്‍ക്ക് കോഫി ടേബിള്‍ ലഭ്യമാക്കും. രുചിഭേദങ്ങളെയും രുചിക്കൂട്ടുകളെയും കണ്ടെത്താന്‍ പ്രമുഖ ഷെഫുകളുടെ നേതൃത്വത്തിലുള്ള ഒരു ഗവേഷണ വിഭാഗം തന്നെ കമ്പനിയ്ക്കുണ്ട്.
കേരളത്തില്‍ തുടങ്ങി ഇന്ന് കര്‍ണാടക, ലക്ഷദ്വീപ്, തമിഴ്‌നാട് എന്നീ സ്ഥലങ്ങളിലായി 200ലധികം റിസോര്‍ട്ട്, ഹോട്ടല്‍ റസ്റ്റോറന്റ്, കോഫി ഷോപ്പ് ക്ലെയിന്റുകള്‍ കോഫി ടേബിളിന് ഉണ്ട്.
പരാജയത്തില്‍ നിന്ന് വിജയത്തിലേക്ക് എത്തിയ ഈ സുഹൃത്തുക്കള്‍ക്ക് പറയാനുള്ളത് നിങ്ങള്‍ക്ക് ഒരു ലക്ഷ്യം ഉണ്ടെങ്കില്‍ ആദ്യം സ്വപ്‌നം കാണുക. പരാജയങ്ങള്‍ ഉണ്ടാകാം. ആളുകള്‍ കഴിവില്ലാത്തവര്‍ എന്നു മുദ്ര കുത്താം. തളരാതെ നിങ്ങളുടെ ലക്ഷ്യത്തിനായി സ്വപ്‌നം കണ്ട് മുന്നോട്ടുപോവുക. വിജയം നിങ്ങളെ തീര്‍ച്ചയായും തേടിയെത്തും.