നാളേയ്ക്ക് കരുതുന്ന നാളികേരം; വിജയത്തിന്റെ ഒരു വേറിട്ട വഴി
മലയാളികള്‍ക്കെന്നും നാളികേരം ഒരു ഹരമാണ്. നാളികേരത്തിന്റെ നാട്ടില്‍ നാളികേരം തന്നെയാണ് മിക്ക വിഭവങ്ങളിലെയും പ്രധാന കഥാപാത്രവും. എന്നാല്‍ തിരക്കേറിയ അടുക്കളയില്‍ അതിരാവിലെ തേങ്ങ പൊതിച്ചുടച്ച് അത് ചിരകി പീരയാക്കിയെടുക്കുക എന്നത് അത്ര എളുപ്പമല്ല. എന്നാല്‍ ഇനി ചിരകിയ നാളികേരം ‘ഫ്രഷാ’യി അടുക്കളയില്‍ എത്തിയാലോ? വീട്ടമ്മമാരുടെ ആ ആഗ്രഹത്തിന്റെ സഫലീകരണമാണ് വിപണിയില്‍ ഇപ്പോള്‍ സജീവമായിക്കൊണ്ടിരിക്കുന്ന ‘കോകോനെന്റ് ഡീഹൈഡ്രേറ്റഡ് ഗ്രേറ്റഡ് കോക്കനട്ട്’ !
നിത്യോപയോഗ സാധനങ്ങളില്‍ ചിലതെങ്കിലും ഉടനടി ഉപയോഗിക്കാന്‍ കഴിയുന്ന രൂപത്തില്‍ അടുക്കളയില്‍ ലഭ്യമായിരുന്നെങ്കില്‍ എന്ന് ഒരു വട്ടമെങ്കിലും ചിന്തിക്കാത്തവര്‍ ചുരുക്കമാണ്. അത്തരം സാധനങ്ങള്‍ക്ക് ഗാര്‍ഹിക അന്തരീക്ഷത്തില്‍ സ്വീകാര്യത ലഭിക്കുമെന്നുള്ള ഉറപ്പാണ് പ്രീജയെന്ന തിരുവനന്തപുരം പേട്ട സ്വദേശിയെ ‘ഡീഹൈഡ്രേറ്റഡ് ഗ്രേറ്റഡ് കോക്കനട്ട്’ എന്ന ആശയത്തിലേക്ക് എത്തിക്കുന്നത്.
നാടന്‍ നാളികേരത്തെ കൃത്യമായി പ്രോസസ്സ് ചെയ്തു പാക്കറ്റുകളിലാക്കി, രാസ പദാര്‍ത്ഥങ്ങള്‍ ഒന്നും ചേര്‍ക്കാത്ത നാളികേരം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഓര്‍ഗോകോര്‍’ എന്ന സംരംഭം ആരംഭിക്കുന്നത്. അതിന്റെ ആദ്യ ബ്രാന്‍ഡ് ഉത്പന്നമാണ് കോകോനെന്റ് ഡീഹൈഡ്രേറ്റഡ് ഗ്രേറ്റഡ് കോക്കനട്ട്.
ഇന്ന് ഇത്തരം പായ്ക്കറ്റ് കോക്കനട്ട് ഉത്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ സുലഭമാണെങ്കിലും കോകോനെന്റ് ഡീഹൈഡ്രേറ്റഡ് ഗ്രേറ്റഡ് കോക്കനട്ടിനെ വ്യത്യസ്തമാക്കുന്നത് ഈ പ്രൊഡക്റ്റിന്റെ ‘ഷെല്‍ഫ് ലൈഫ്’ തന്നെയാണ്. സാധാരണ ഗതിയില്‍ ദിവസങ്ങള്‍ മാത്രം, അതും ഫ്രിഡ്ജില്‍ വച്ച് ഉപയോഗിച്ചാല്‍ കേട് വരാത്ത പാക്കറ്റ് പ്രൊഡക്റ്റുകളില്‍ നിന്നും മാറി ഡീഹൈഡ്രേറ്റഡ് ഗ്രേറ്റഡ് കോക്കനട്ട് ആറുമാസം വരെ ഉപയോഗിക്കാം.
ചിരകിയ നാളികേരത്തിലെ ഈര്‍പ്പം പൂര്‍ണമായും നീക്കി നൈട്രജന്‍ ഫില്ലിങ് മെഷീനുകളുടെ സഹായത്തോടെ പാക്കറ്റുകളിലാക്കുന്ന നാളികേരത്തിന് രുചിയിലും മണത്തിലും യാതൊരു വ്യത്യാസവും ഉണ്ടാകില്ല. പാക്കറ്റ് പൊട്ടിച്ച് ആറുമാസം വരെ ഉത്പന്നം കേടുകൂടാതെ പുറത്തു വയ്ക്കാന്‍ കഴിയുമെന്ന് പ്രീജ പറയുന്നത് ഉത്പാദകയായിട്ടല്ല, ഉപഭോക്താവായിട്ടാണ്.
ഇന്ന് മാര്‍ക്കറ്റില്‍ സുലഭമായ ഈ ഉത്പന്നം ആവശ്യമായ പരിശോധനയ്ക്ക് വിധേയമാക്കി സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷമാണ് മാര്‍ക്കറ്റുകളില്‍ എത്തിക്കുന്നത്. ഒരു വര്‍ഷം വരെ കേടുകൂടാതെ ഉപയോഗിക്കാവുന്ന തരത്തിലാണ് നാളികേരത്തിന്റെ പ്രോസസ്സിങും പാക്കിങ്ങും നടത്തുന്നത്. നൈട്രജന്‍ പാക്കിങ് പൊട്ടിച്ച ശേഷം സിപ് ലോക്ക് ചെയ്തു സൂക്ഷിക്കാവുന്നതാണ്. ഉത്പാദന ചിലവിലെ വര്‍ധനവ് വെല്ലുവിളിയാണെങ്കിലും ആവശ്യക്കാര്‍ ഏറെയാണെന്നത് ഈ സംരംഭത്തിന്റെ വിജയമാണ്.
തുടക്കം കുറേക്കൂടി മികച്ചതാക്കാന്‍ പുതിയ പദ്ധതികളുമായി വെങ്ങാനൂര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓര്‍ഗോകോര്‍ എന്ന സംരംഭം വിപുലീകരണ ഘട്ടത്തിലാണ്. ഇവിടെ കോകോനെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹായ സഹകരണങ്ങളുമായി വെള്ളയാണി കാര്‍ഷിക സര്‍വകലാശാല, വ്യവസായ വകുപ്പ്, ബാങ്ക് ഓഫ് ബറോഡ, കൂടാതെ കൃഷിഭവനുകള്‍ എല്ലാം ഒപ്പമുണ്ട്. നാളികേരത്തിന് പുറമെ, ചക്കയും മരിച്ചീനിയും ഇത്തരത്തില്‍ പ്രൊസസ്സ് ചെയ്ത് മാര്‍ക്കറ്റിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് പ്രീജ. മറ്റു നടപടികളൊക്കെയും പൂര്‍ത്തിയാക്കി ലൈസന്‍സ് ലഭിക്കുന്ന മുറയ്ക്ക് കോകോനെന്റ് ബ്രാന്‍ഡ് കേരളത്തില്‍ കൂടുതല്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്.