കൊച്ചി: കോവിഡ് പ്രതിസന്ധിയില്‍ വസ്ത്രവ്യാപാര മേഖലയില്‍ ഉണ്ടായ നഷ്ടം പരിഹരിക്കാന്‍ മൊബൈല്‍ ആപ്പുമായി വസ്ത്ര നിര്‍മാതാക്കളുടെ സംഘടന. ഹോള്‍സെയില്‍, റീട്ടെയില്‍ വസ്ത്ര വ്യാപാരം സാധ്യമാകുന്ന ആപ് ഡിസംബറില്‍ പുറത്തിറക്കും. സൗത്ത് ഇന്ത്യന്‍ ഗാര്‍മെന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷനാണ് ഈ ആശയത്തിന് പിന്നില്‍.
ലോക്ഡൗണ്‍ നിയന്ത്രണങ്ങളെത്തുടര്‍ന്ന് വസ്ത്രവ്യാപാര മേഖലയിലുണ്ടായ നഷ്ടം 1000 കോടി രൂപയ്ക്കു മുകളിലാണ്. വായ്പകള്‍ക്ക് മൊറട്ടോറിയം ഇല്ലാത്തതും നികുതിയില്‍ സര്‍ക്കാര്‍ ഇളവു പ്രഖ്യാപിക്കാത്തതും വലിയ നഷ്ടമാണ് ഉണ്ടാക്കുന്നതെന്നു വ്യാപാരികള്‍ പറയുന്നു.
വസ്ത്ര നിര്‍മാതാക്കളും ചെറുകിട കച്ചവടക്കാരും ഒരുമിച്ചു ഒറ്റ പ്ലാറ്റ്ഫോമില്‍ അണിനിരത്തുക എന്നതാണ് ആപ് ലക്ഷ്യമിടുന്നത്. സിഗ്മയിലെ അംഗങ്ങള്‍ മാത്രമാണ് നിക്ഷേപകര്‍. കടകള്‍ വഴിയുള്ള കച്ചവടം നിലനിര്‍ത്തി തന്നെ ഓണ്‍ലൈന്‍ വില്പന വ്യാപകമാക്കുകയാണ് ലക്ഷ്യമെന്നു സിഗ്മ ജനറല്‍ സെക്രട്ടറി അബ്ബാസ് അദ്ധറ പറഞ്ഞു. കേരളത്തില്‍ നിന്നുള്ള 2 കമ്പനികളാണ് ആപ് തയാറാക്കുന്നത്.