സ്വപ്‌നങ്ങളില്‍ നിന്നും ഡിസൈനിലേക്ക്; കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും കൊണ്ട് നെയ്‌തെടുത്ത ചിങ്കാരി

ചിലപ്പോള്‍ നിസാരമെന്ന് കരുതി മാറ്റിവെക്കുന്ന നമ്മുടെ ഇഷ്ടങ്ങള്‍ക്കാകും നമ്മുടെ ജീവിതത്തെ മാറ്റിമറിക്കാനുള്ള കരുത്തുണ്ടാവുക. ബാങ്ക് ജീവനക്കാരിയായി തന്നെ സങ്കല്‍പ്പിച്ച കൊല്ലം സ്വദേശിനി സഞ്ജനയെ സംബന്ധിച്ച് അത്തരമൊരു താത്പര്യമായിരുന്നു ജീവിതത്തിലെ വഴിത്തിരിവായതും ഫാഷന്‍ ലോകത്തേക്കുള്ള ചുവടുവെപ്പായതും.
പഠനകാലത്തും കലാപരമായ അഭിരുചികള്‍ സഞ്ജനയുടെ ഉള്ളിലുണ്ടായിരുന്നു. കോളേജ് കാലത്ത് ഒഴിവു സമയങ്ങളില്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതും ക്രാഫ്റ്റിംഗുമായിരുന്നു പതിവ്. ബിടെക് പഠനത്തിന് ശേഷം ബാങ്കില്‍ ജോലി നേടണമെന്നതായിരുന്നു സഞ്ജനയുടെ സ്വപ്‌നം. അധ്യാപികയായി പഠനശേഷം ലഭിച്ച ജോലിയില്‍ നിന്നും ലഭിച്ച പണം കൊണ്ട് ബാങ്ക് കോച്ചിങ് നേടി, ജോലിയും ലഭിച്ചു. കൊവിഡ് കാലത്താണ് സ്വന്തമായി എന്തെങ്കിലും ആരംഭിക്കുകയെന്ന ആശയം സഞ്ജയനയിലുണ്ടാകുന്നത്.
മുത്തശ്ശിയും അമ്മയുമെല്ലാം തങ്ങളാലാകുന്ന ജോലികള്‍ ചെയ്ത് സമ്പാദിക്കുന്നത് കണ്ടായിരുന്നു സഞ്ജനയ്ക്ക് ശീലം. വസ്ത്രങ്ങള്‍ തയ്ച്ചും മേക്കപ്പ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചും അമ്മ ഹസീന നേടിയെടുത്ത സാമ്പത്തിക സ്വാതന്ത്ര്യം കഠിനാധ്വാനം കൊണ്ട് സ്ത്രീകള്‍ക്ക് അവരുടെ വിധി സ്വയം രൂപപ്പെടുത്താന്‍ കഴിയുമെന്ന വിശ്വാസം കുഞ്ഞുനാള്‍ മുതല്‍ക്കേ സഞ്ജനയുടെ ഉള്ളിലുണ്ടാക്കി. ആ വിശ്വാസമായിരുന്നു 2020 ല്‍ ‘ചിങ്കാരി കളക്ഷന്‍സ്’ എന്ന സംരംഭമായി മാറിയതും. യാതൊരു മുതല്‍മുടക്കുമില്ലാതെ ഇന്‍സ്റ്റാഗ്രാമില്‍ ഒരു ചെറിയ റീസെല്ലിംഗ് പേജായി ആരംഭിച്ച സംരംഭം ബ്രാന്‍ഡായി വളര്‍ന്നതിന് പിന്നില്‍ സഞ്ജനയുടെ നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും തന്നെയാണ്.
സംരംഭകയെന്ന നിലയില്‍ സഞ്ജനയുടെ യാത്ര എളുപ്പമായിരുന്നില്ല. ഗര്‍ഭകാലവും മാതൃത്വവും കടന്നുവന്നതോടെ തുടക്കകാലത്ത് ആരംഭിക്കാനുദ്ദേശിച്ചിരുന്ന സ്‌റ്റോര്‍ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. മകളുടെ ജനനശേഷമാണ് സഞ്ജന ബിസിനസ്സില്‍ പൂര്‍ണമായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിക്കുന്നത്. കാത്തിരിപ്പുകള്‍ക്കും കഠിനപ്രയത്‌നങ്ങള്‍ക്കുമൊടുവില്‍ അഞ്ച് മാസം മുന്‍പാണ് കൊല്ലത്ത് ചിങ്കാരിയുടെ സ്‌റ്റോര്‍ ആരംഭിക്കുന്നത്.
സ്റ്റിച്ചിങ്, ഡിസൈനിങ് എന്നിവയ്ക്ക് പുറമെ ചിങ്കാരിയുടെ കളക്ഷനുകള്‍ വാങ്ങാനുള്ള സൗകര്യവും സ്‌റ്റോറില്‍ ഒരുക്കിയിട്ടുണ്ട്. പ്രായഭേദമെന്യേ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായുള്ള എല്ലാ വസ്ത്രങ്ങളും ചിങ്കാരിയില്‍ ഇന്ന് ഒരുങ്ങുന്നുണ്ട്. വസ്ത്രങ്ങള്‍ ഉപഭോക്താക്കളുടെ ആവശ്യപ്രകാരം ‘കസ്റ്റമൈസ്’ ചെയ്യാനും സാധിക്കും. ബ്രൈഡല്‍ വെയര്‍, റെഡി ടു വെയര്‍ ബ്ലൗസ് തുടങ്ങി നിരവധി കളക്ഷനുകളാണ് ചിങ്കാരിയില്‍ ഉപഭോക്താക്കള്‍ക്കായി ഒരുങ്ങുന്നത്.

സാധാരണക്കാരായ ഉപഭോക്താക്കള്‍ക്കും താങ്ങാവുന്ന നിരക്കില്‍ ഗുണമേന്മയോടെ വസ്ത്രങ്ങള്‍ ലഭ്യമാക്കുകയെന്നതാണ് തന്റെ സംരംഭത്തിലൂടെ സഞ്ജന ലക്ഷ്യമാക്കുന്നത്. തന്റെ ബ്രാന്‍ഡിനെ വളര്‍ത്തിയെടുക്കുന്നതോടൊപ്പം ചുറ്റുമുള്ളവര്‍ക്ക് തൊഴില്‍ നല്‍കുകയെന്ന ലക്ഷ്യം കൂടിയുണ്ട് സഞ്ജനയ്ക്ക്. ഇന്ന് വീടിന്റെ സൗകര്യത്തില്‍ നിന്നുകൊണ്ട് തന്നെ തന്റെ സംരംഭത്തിനായി പ്രവര്‍ത്തിക്കുന്ന മൂന്ന് സ്ത്രീ സഹായികളുമുണ്ട് ചിങ്കാരിയ്ക്ക്.
ഭര്‍ത്താവും സംരംഭകനുമായ ലിബു മാത്യുവും മാതാപിതാക്കളുമടങ്ങുന്ന കുടുംബമാണ് സഞ്ജനയെ മുന്നോട്ടു നയിക്കുന്ന കരുത്ത്. സഞ്ജന കെട്ടിപ്പടുത്തത് ഒരു ബ്രാന്‍ഡ് മാത്രമല്ല, ക്ഷമയിലൂടെയും സ്ഥിര പരിശ്രമത്തിലൂടെയും വളര്‍ത്തിയെടുത്ത ഒരു സ്വപ്‌നം കൂടിയാണ്.
ധൈര്യവും കഠിനാധ്വാനവും ഉണ്ടെങ്കില്‍ മാതൃത്വവും കരിയറും ഒരുമിച്ച് മനോഹരമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമെന്ന് സഞ്ജന പറയുന്നു. ഒപ്പം തന്റെ സംരംഭത്തിലൂടെ സ്വപ്‌നങ്ങലെ പിന്തുടരാനുള്ള കരുത്ത് പകരുക കൂടിയാണ് ഈ സംരംഭക.
https://www.instagram.com/chinkaari_collections/?igsh=MTVnaGQ5MXZoaWJhZQ%3D%3D#



