Success Story

രുചി പെരുമയില്‍ വിസ്മയം തീര്‍ത്ത് ‘ഷെഫ് ലിജു ജോസ് മാത്യു’

രുചി ഭേദങ്ങളാല്‍ അറിയപ്പെടുന്ന കേരളത്തില്‍ തനത് പാരമ്പര്യം നിലനിര്‍ത്തി ‘ബേക്കിങ്’ മേഖലയില്‍ മുദ്ര പതിപ്പിച്ച ഒരു സംരംഭമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച രുചികരമായ ഭക്ഷണ വിഭവങ്ങള്‍ ഒരു കുടക്കീഴില്‍ എന്ന പോലെ അണിനിരത്തി ഭക്ഷണ പ്രേമികളുടെ മനസ് കവര്‍ന്ന് St. George Gourmet റെസ്‌റ്റോറന്റ്’. പാചക വിദഗ്ധനായ ലിജു ജോസ് മാത്യുവിന്റെയും മികച്ച പാചക വിദഗ്ധരുടെയും സേവനം കൊണ്ട് St. George Gourmet അതിവേഗമാണ് ജനമനസുകളെ കീഴടക്കിയത്.

ലിജു ജോസ് മാത്യുവിന്റെ പിതാവും ഗ്രാന്‍ഡ് ഫാദറും കുടുംബപരമായി തന്നെ ബേക്കിങ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ ആയിരുന്നു. അതിനാല്‍ തന്നെ കുട്ടിക്കാലം മുതല്‍ക്കേ അത് കണ്ടുവളര്‍ന്നത് കൊണ്ടും പാചകത്തിന്റെ ‘രസതന്ത്രം’ അറിഞ്ഞത് കൊണ്ടും താന്‍ പോലും അറിയാതെ ലിജുവിന്റെയുള്ളില്‍ ‘ഷെഫ്’ എന്ന പ്രൊഫഷനോട് അതിയായ ആഗ്രഹം വളര്‍ന്നിരുന്നു. കൊടേക്കനാല്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ഹോട്ടല്‍ മാനേജ്‌മെന്റ് പഠനത്തിനുശേഷം താജ് റെസിഡന്‍സി തിരുവനന്തപുരം, കുമരകം റാഡിസണ്‍ പ്ലാസാ റിസോര്‍ട്ട് ആന്‍ഡ് സ്പാ എന്നിവിടങ്ങളില്‍ ജോലി ചെയ്തു.

2009 ല്‍ ലിജു ഓസ്‌ട്രേലിയയിലേക്ക് തുടര്‍പഠനത്തിന് പോയി. അവിടുത്തെ മികച്ച റെസ്‌റ്റോറന്റുകളില്‍ പാര്‍ട്ട് ടൈം ആയും ജോലി ചെയ്തു. അവിടെ ഒരു ഷെഫിന്റെ കീഴില്‍ ആയിരുന്നു ലിജു ജോലി നോക്കിയിരുന്നത്. പാചകം എന്നത് പണം സമ്പാദിക്കാന്‍ വേണ്ടി മാത്രമുള്ള ഒരു തൊഴില്‍ മേഖല അല്ലെന്നും ഇഷ്ടത്തോടെ ചെയ്താല്‍ ഈ ലോകത്ത് രുചികളാല്‍ അത്ഭുതം തീര്‍ക്കാന്‍ കഴിയുമെന്നും ലിജു മനസിലാക്കിയത് അവിടെ നിന്നായിരുന്നു. വെറുമൊരു ജോലി എന്നതിനെക്കാള്‍ തന്റെ പാഷന്‍ ഇതാണ് എന്ന് ലിജു തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്നതും അങ്ങനെയാണ്.

കഴിക്കുന്ന മനുഷ്യരുടെ മനസ്സ് കൂടി നിറയ്ക്കാന്‍ കഴിവുള്ളവനാണ് യഥാര്‍ഥ ‘ഷെഫ്’. അങ്ങനെയെങ്കില്‍ ആ മേഖലയില്‍ വൈദഗ്ധ്യം തെളിയിച്ച ഒരു വ്യക്തിത്വമാണ് ലിജു ജോസ് മാത്യു. ഓസ്‌ട്രേലിയയില്‍ നിന്നും പിന്നീട് മെല്‍ബണിലെ Geelong എന്ന സ്ഥലത്തെ പഴയ പബ് ആയ Lord of the Islesലേക്ക് ലിജു പോയി. അഞ്ച് വര്‍ഷത്തോളം മെല്‍ബണില്‍ ജോലി ചെയ്തു. അവിടെ നിന്നും പി ആര്‍ എ നേടുകയും ചെയ്തു. അപ്പോഴും രുചികള്‍ കൊണ്ട് ഏതൊരു മനുഷ്യന്റെയും മനസ്സ് കവരാന്‍ ലിജു എന്ന ഷെഫിന് സാധിക്കുന്നുണ്ടായിരുന്നു.

സ്വന്തമായി ഒരു ബ്രാന്‍ഡ് റെസ്‌റ്റോറന്റ് സ്ഥാപനം കേരളത്തില്‍ ആരംഭിക്കണമെന്ന സ്വപ്‌നവുമായാണ് 2017 ല്‍ ലിജു നാട്ടിലേക്ക് തിരികെ എത്തുന്നത്. സഹോദരന്‍ ലിജോഷ് മാത്യു ജോസും ലിജുവും പിതാവ് ജോസ് മാത്യുവും ചേര്‍ന്ന് ‘St. George Gourmet’ എന്ന റെസ്‌റ്റോറന്റിന് അങ്ങനെ തുടക്കം കുറിച്ചു. എന്നാല്‍ ഒരു സംരംഭം തുടക്ക കാലത്ത് നേരിടുന്ന പ്രതിസന്ധികള്‍ ഇവര്‍ക്കും നേരിടേണ്ടി വന്നു. എന്നാല്‍ ആ പ്രയാസങ്ങളില്‍ പതറാതെ വിജയം എഴുതുമെന്ന ദൃഢനിശ്ചിയത്തിലായിരുന്നു ഇവര്‍ മുന്നോട്ട് പോയത്.

ഒരു വിധം ലാഭകരമായി റെസ്‌റ്റോറന്റ് മുന്നോട്ട് പോകാന്‍ തുടങ്ങിയതോടെ ‘കോവിഡി’ന്റെ ‘പിടി’ ഇവരെ വെല്ലുവിളിയിലേക്ക് നയിച്ചു. എന്നാല്‍ കോവിഡ് ഇവരെ പഠിപ്പിച്ചത് കൃത്യമായ മാര്‍ക്കറ്റിങ് തന്ത്രങ്ങളായിരുന്നു. ലിജോഷിന്റെ മാര്‍ക്കറ്റിംഗ് ടെക്‌നിക്കുകള്‍ ഇവരെ സഹായിച്ചു. പ്രതിസന്ധികളിലും അവസരങ്ങള്‍ ഉണ്ടെന്ന തിരിച്ചറിവ് ഇവര്‍ക്ക് ലഭിക്കുന്നത് കോവിഡ് സമയത്തായിരുന്നു. മറ്റ് റെസ്‌റ്റോറന്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് മുന്‍പ് തന്നെ പ്രവര്‍ത്തനം ആരംഭിച്ചത്, തങ്ങളുടെ രുചി വൈവിധ്യങ്ങളെയും പാചക മികവിനെയും ചുറ്റുമുള്ളവരിലേക്ക് എത്തിക്കാന്‍ ലഭിച്ച അവസരം കൂടിയായിരുന്നു ഇവര്‍ക്ക് ഇത്. അതിനാല്‍ തന്നെ വളരെ വേഗം കസ്റ്റമേഴ്‌സിനെ രുചികളാല്‍ കീഴ്‌പ്പെടുത്താന്‍ St. George Gourmet റെസ്‌റ്റോറന്റിന് സാധിച്ചു. ഇന്ന് നിരവധി കസ്റ്റമേഴ്‌സുള്ള ഒരു റെസ്‌റ്റോറന്റാണ് St. George Gourmet.

മറ്റ് റെസ്‌റ്റോറന്റുകളില്‍ നിന്നും ഇവരെ വ്യത്യസ്തമാക്കുന്നത് വര്‍ഷങ്ങളാലുള്ള ഇവരുടെ പാചക പരമ്പര്യവും ഓരോ കസ്റ്റമറോടുമുള്ള ഇവരുടെ മികച്ച പെരുമാറ്റ രീതിയുമാണ്. പഴമയുടെ പാരമ്പര്യം നിലനിര്‍ത്തിയാണ് ഇവര്‍ ഭക്ഷണം പാചകം ചെയ്യുന്നത്. പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന ചിരട്ട ഓവന്‍ ജോസ് മാത്യൂവിന്റെ ബോര്‍മയില്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. അതിലാണ് പഫ്‌സ് തുടങ്ങിയ ബേക്കറി സാധനങ്ങള്‍ ഇവര്‍ നിര്‍മിക്കുന്നത്.

രുചിയ്ക്ക് ഒപ്പം തന്നെ ആരോഗ്യത്തിനും ഇവര്‍ പ്രാധാന്യം നല്‍കുന്നു. ഫുഡ് & സേഫ്റ്റി ലൈസന്‍സോട് കൂടി പ്രവര്‍ത്തിക്കുന്ന മീറ്റ് സ്റ്റാളുകളില്‍ നിന്ന് മാത്രമേ ഇവിടേക്ക് ആവശ്യമായ സാധനങ്ങള്‍ ഇവര്‍ വാങ്ങുകയുള്ളൂ എന്നതും ഏറെ ശ്രദ്ധേയമാണ്. മികച്ച ഗുണമേന്മയുള്ള ചേരുവകള്‍ കൂട്ടി ചേര്‍ത്താണ് ഇവിടുത്തെ പാചക ശൈലി. ഏറ്റവും പ്രൊഫഷണല്‍ രീതിയില്‍ നടത്തുന്ന റെസ്‌റ്റോറന്റ് ആയതിനാല്‍ തന്നെ കഴിക്കാന്‍ എത്തുന്നവര്‍ക്ക് മികച്ച അന്തരീക്ഷവും ഇവര്‍ ഒരുക്കുന്നു. മള്‍ട്ടി ക്യുസൈന്‍ മെനു, നോര്‍ത്ത് & സൗത്ത് ഇന്‍ഡ്യന്‍ ഭക്ഷണങ്ങള്‍, ഓസ്‌ട്രേലിയന്‍, മെക്‌സിക്കന്‍, അറേബ്യന്‍, യൂറോപ്യന്‍, ഇന്‍ഡോ ചൈനീസ് തുടങ്ങി വിവിധ വിഭവങ്ങള്‍ ഇവിടെ ലഭ്യമാണ്.

ലോകോത്തര പാചകത്തെ സംബന്ധിച്ചും ബേക്കിങ്ങിനെ കുറിച്ചുമുള്ള പ്രാവീണ്യവും മികവുമാണ് ഈ കാണുന്ന വിജയം നേടുന്നതിലേക്ക് St. George Gourmet റെസ്‌റ്റോറന്റിനെ നയിച്ചത്. ലോകോത്തര നിലവാരത്തില്‍ കേരളത്തില്‍ നിന്നും പ്രതിനിധീകരിക്കാന്‍ സാധിക്കുന്ന റെസ്‌റ്റോറന്റാക്കി St. George Gourmet നെ മാറ്റണം എന്നതാണ് ഷെഫ് ലിജു ജോസ് മാത്യുവിന്റെ സ്വപ്‌നം. അതിനായുള്ള ശ്രമത്തിലാണ് ലിജു. പാഷനും വിജയിക്കണമെന്ന ആഗ്രഹവും ഉണ്ടെങ്കില്‍ ലോകത്തിന്റെ നെറുകയിലേക്ക് എത്താന്‍ സാധിക്കുമെന്നതിന് വ്യക്തമായ ഉദാഹരണമാണ് ലിജു ജോസ് മാത്യു എന്ന ഈ യുവാവ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button