‘വിശക്കുന്നവന് വിളിപ്പാടകലെ”; ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്ത് പുതിയൊരു അധ്യായമായി ‘മെസ് വാല’
ആഹാരം ദൈവമാണ്. അപ്പോള്‍ ആഹാരം നല്കുന്നവനോ? ദൈവത്തിനു തുല്യം. വിശക്കുന്നവന് ഭക്ഷണം നല്‍കുന്നതിന് സമാനമായ മറ്റൊരു പുണ്യ പ്രവര്‍ത്തി ലോകത്തിന് കീഴിലുണ്ടോ എന്നത് സംശയമാണ്. ഇന്ന് പലരും ഭക്ഷണം നല്കുന്ന കാര്യത്തില്‍ ദൈവത്തെപ്പോലെ കാണുന്നത് സൊമാറ്റോ, സ്വിഗ്ഗി പോലെയുള്ള ഓണ്‍ലൈന്‍ ആപ്പുകളെയാണ്. ആവശ്യമുള്ള ഭക്ഷണം പണം കൊടുത്ത് വാങ്ങാം എന്നതിനപ്പുറം നമ്മുടെ ആവശ്യാനുസരണം വിരല്‍ത്തുമ്പില്‍ ഇഷ്ടപ്പെട്ട ആഹാരം എത്തിക്കുന്നു എന്നത് തന്നെയാണ് ഇത്തരം ആപ്പുകള്‍ ജനപ്രിയമാകാനുള്ള ഏറ്റവും അടിസ്ഥാനപരമായ കാരണങ്ങളിലൊന്ന്. സോഷ്യല്‍ മീഡിയ വളര്‍ന്ന് വികസിച്ചതോടെ ഇത്തരം ഓണ്‍ലൈന്‍ ആപ്പുകളുടെ സേവനവും ലഭ്യതയും വളരെ വ്യാപകമായി വര്‍ദ്ധിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ആളുകള്‍ക്കിടയിലേക്ക് പുതിയൊരു അധ്യായം ആരംഭിക്കുകയാണ് ‘മെസ് വാല’യിലൂടെ…
കഴിഞ്ഞ അഞ്ചുമാസക്കാലമായി എറണാകുളം അടക്കമുള്ള സിറ്റികളില്‍ തങ്ങളുടെ സേവനം നല്കുവാന് മെസ് വാലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് വെജ് – നോണ്‍ വെജ് ആഹാരങ്ങള്‍ എത്തിച്ചു നല്കുന്ന മെസ് വാലയുടെ പ്രവര്‍ത്തനം മറ്റ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകളില്‍ നിന്ന് വളരെയധികം വ്യത്യസ്തമാര്‍ന്നതാണ്.
ഇഷ്ടമുള്ള ഭക്ഷണം അത് ലഭ്യമാകുന്ന റസ്റ്റോറന്റ്, ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത് വാങ്ങാനുള്ള സൗകര്യമാണ് സൊമാറ്റോ, സ്വഗ്ഗി അടക്കമുള്ള ഓണ്‍ലൈന്‍ ആപ്പുകള്‍ ഒരുക്കുന്നത്. എന്നാല്‍ മെസ് വാലയുടെ വ്യത്യസ്തത അവിടെ നിന്ന് ആരംഭിക്കുന്നു. എറണാകുളം പത്തിരിപ്പാലത്തുള്ള മെസ് വാലയുടെത്തന്നെ കിച്ചണില്‍ തയ്യാറാക്കുന്ന ആഹാരങ്ങള്‍ ആവശ്യക്കാരുടെ താല്പര്യമനുസരിച്ച് മെസ് വാലയുടെ ഡെലിവറി ബോയ്സ് കസ്റ്റമര്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്തെത്തിച്ചു നല്കുന്നു.
എറണാകുളം മാമംഗലം കേന്ദ്രീകരിച്ചുള്ള മെസ് വാലയുടെ ആദ്യത്തെ ഔട്ട്ലെറ്റിന്റെ പ്രവര്‍ത്തനമാണ് ഇപ്പോള്‍ എറണാകുളം ജില്ലയില്‍ നടന്നു വരുന്നത്. തൃശ്ശൂര്‍ കുന്നംകുളം വെള്ളറക്കാട് സ്വദേശിയായ ഫൈസല്‍ കെ എച്ച് ആണ് മെസ് വാലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കിവരുന്നത്.
ഒരു കസ്റ്റമറിന് ഒരു മാസക്കാലത്തെ ആഹാരം എന്ന നിലയിലുള്ള പാക്കേജാണ് മെസ് വാല നല്‍കുന്നത്. ഇതിന്റെ പ്രാരംഭഘട്ടം എന്ന നിലയില്‍ ആവശ്യക്കാരന് 3900, 4500, 5000 എന്നീ വിഭാഗങ്ങളില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുത്ത് പണം അടച്ചാല്‍ ഒരു ദിവസം മൂന്ന് നേരം എന്ന കണക്കില്‍ ഭക്ഷണം അവര്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് മെസ്വാല എത്തിച്ചു നല്‍കും.
വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക പാക്കേജും ഇവര്‍ ഒരുക്കിയിട്ടുണ്ട്. പണത്തിന് ബുദ്ധിമുട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യത്തെ 15 ദിവസം പൈസ അടച്ച് മെസ് വാലയുടെ സേവനം ഉപയോഗിക്കാവുന്നതാണ്. കേരളീയ രീതിയിലുള്ള എല്ലാ ആഹാരങ്ങളും മെസ് വാലയില്‍ ലഭ്യമാണ്. ബ്രേക്ക് ഫാസ്റ്റ്, ലഞ്ച്, ഡിന്നര്‍ തുടങ്ങിയ ക്യാറ്റഗറിയിലായി ഭക്ഷണങ്ങളുടെ ഒരു നീണ്ടനിര തന്നെ ഇവര്‍ ഒരുക്കിയിരിക്കുന്നു.
മെസ് വാലയുടെ തുടക്കം
സ്വന്തമായി ഹോട്ടലുകളും ബിസിനസും ഒക്കെയുള്ള ഫൈസല്‍ ഒരു റസ്റ്റോറന്റിന്റെ ലൊക്കേഷന്‍ വേണ്ടി സുഹൃത്തിനെ ബന്ധപ്പെട്ടതാണ് മെസ് വാല എന്ന സംരംഭത്തിന്റെ ആരംഭത്തിന് കാരണമായി തീര്‍ന്നത്. ഒരു ബിസിനസ് എന്നതിനപ്പുറം കുറഞ്ഞ ചെലവില്‍ ആളുകള്‍ക്ക് ഭക്ഷണം എത്തിക്കുന്ന ഒരു ബ്രാന്‍ഡ് ആരംഭിക്കാനുള്ള സാധ്യതകളെ കുറിച്ചുള്ള അന്വേഷണം എത്തിനിന്നത് ഒരേസമയം ആയിരം പേര്‍ക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുന്ന മെസ് വാല എന്ന ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പിന്റെ വളര്‍ച്ചയിലാണ്.
സാധാരണ ഒരു ബിസിനസ് ആരംഭിക്കുമ്പോള്‍ ഇത് വിജയിക്കുമോ എന്ന സംശയമാണ് സംരംഭകര്‍ക്കുണ്ടാകുന്നത്. എന്നാല്‍ മെസ് വാലയുടെ കാര്യം മറിച്ചായിരുന്നു. ആളുകള്‍ക്ക് വളരെ പെട്ടെന്ന് ഉള്‍ക്കൊള്ളാനും സ്വീകരിക്കാനും കഴിയുന്ന ഒരു ഓണ്‍ലൈന്‍ ആപ്പ് എന്ന ചിന്തയില്‍ ആരംഭിച്ച സംരംഭം തുടക്കത്തില്‍ തന്നെ അങ്ങേയറ്റം വിജയിക്കുമെന്ന് ഫൈസല്‍ ഉറച്ചു വിശ്വസിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതുപോലെയായിരുന്നില്ല കാര്യങ്ങള്‍. നോമ്പും പുതിയൊരു ഓണ്‍ലൈന്‍ ആപ്പ് ഏറ്റെടുക്കാനുള്ള ആളുകളുടെ വിമുഖതയും ഒക്കെ മെസ് വാലശുടെ പ്രാരംഭഘട്ടത്തിലെ യാത്രയ്ക്ക് പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ തോറ്റുകൊടുക്കാന്‍ ഫൈസല്‍ അടക്കമുള്ള ഇതിന്റെ പിന്നണി പ്രവര്‍ത്തകര്‍ തയ്യാറായിരുന്നില്ല. ഭക്ഷണത്തിന് ഇവര്‍ നല്കുന്ന ഗുണമേന്മ ആളുകള്‍ക്ക് ബോധ്യപ്പെടുത്തി കൊടുത്തതോടെ മെസ് വാലയുടെ വളര്‍ച്ച ആരംഭിക്കുകയായിരുന്നു.
ആളുകള്‍ ഓര്‍ഡര്‍ ചെയ്ത് പിന്നീട് ക്യാന്‍സല്‍ ചെയ്ത ഭക്ഷണം മാലിന്യ കൂമ്പാരത്തിലേക്ക് തള്ളുന്ന രീതി മെസ് വാലയിലില്ല. പകരം ‘ഇന്ത്യയുടെ പട്ടിണി അകറ്റുക’ എന്ന ലക്ഷ്യത്തോട, ആളുകള്‍ ക്യാന്‍സല്‍ ചെയ്ത ആഹാരങ്ങള്‍ വിശക്കുന്നവര്‍ക്ക് നല്‍കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ തൊട്ടടുത്ത മാസങ്ങളില്‍ ആദ്യം കൊച്ചിയിലും പിന്നീട് തൃശ്ശൂരിലും തുടര്‍ന്ന് മറ്റു നഗരങ്ങളിലും ബോക്സുകള്‍ സ്ഥാപിക്കുവാനും സന്നദ്ധപ്രവര്‍ത്തകരുടെ സഹകരണത്തോടെ സൗജന്യ ഭക്ഷ്യവിതരണം നടത്താനും തങ്ങള്‍ ഒരുങ്ങുകയാണെന്ന് ഫൈസല്‍ പറയുന്നു.
കേരളത്തില്‍ ഒരു സ്റ്റാര്‍ട്ടപ്പ് ആരംഭിക്കുമ്പോള്‍ അതിന്റെ നടത്തിപ്പിനാവശ്യമായ പണം കണ്ടെത്തുക എന്നതാണ് പല സംരംഭകരും അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം. എന്നാല്‍ നല്ല പ്രോജക്ടുകള്‍ വന്നാല്‍ പണം നിക്ഷേപിക്കുവാന്‍ ആളുകള്‍ ഉണ്ടാകും എന്നതിന് ഉദാഹരണമാണ് മെസ് വാല. മൂന്ന് വര്‍ഷത്തിനുള്ളില്‍ 100 കോടി മൂല്യമുള്ള ബിസിനസായി മെസ് വാലയെ വിപുലപ്പെടുത്താനാണ് ശ്രമം. തന്മൂലം കൂടുതല്‍ നിക്ഷേപകരെ കേരളത്തിലെ ആദ്യ ഓണ്‍ലൈന്‍ മെസ് ആപ്പിന്റെ ഭാഗമാക്കുന്നതോടൊപ്പം വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ള നിരവധി ആളുകള്‍ക്ക് തൊഴിലവസരം നല്കാന് കഴിയും എന്നാണ് ഇതിന്റെ പ്രവര്‍ത്തകര്‍ പറയുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഫുഡ് ഓര്‍ഡര്‍ : 8714241013
ബിസിനസ് എന്‍ക്വയറി : 8111881155