അഴകിന്റെ വഴിയേ, വിജയം വരഞ്ഞ്…
ലയ രാജന്‍
സമാനതകളില്ലാത്ത സാധ്യതകള്‍ എന്നുമെക്കാലവും കൈവശമുള്ള മേഖലയാണ് ഫാഷന്‍ ബ്യൂട്ടീഷന്‍ രംഗം. സാധ്യതകള്‍ക്കൊപ്പം തന്നെ സാമ്പത്തികമടക്കമുള്ള വെല്ലുവിളികളും ഭാഗമായ ഈ മേഖലയിലെ ഏറ്റവും അടിസ്ഥാനപരമായ ഒരാവശ്യത്തില്‍ നിന്നും തന്റെ സംരംഭം കെട്ടിപ്പടുത്ത വ്യക്തിയാണ് തിരുവനന്തപുരം സ്വദേശിയായ മീര. തമ്പാനൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നാച്ചുറല്‍സ് ബ്യൂട്ടി അക്കാഡമിയുടെ അമരക്കാരിയായ മീര, തന്റെ സ്ഥാപനത്തിന്റെ വിജയകരമായ രണ്ടാം ഫ്രാഞ്ചൈസി നെയ്യാറ്റിന്‍കരയില്‍ ആരംഭിച്ചിരിക്കുകയാണ്.
ഫാഷന്‍ രംഗത്ത് ഏറ്റവും പുതിയതിനാണ് ഏറ്റവും കൂടുതല്‍ സ്വീകാര്യത ലഭിക്കുക. എന്നാല്‍ ഏറ്റവും പുതിയ സ്‌റ്റൈലുകളും മാര്‍ഗങ്ങളും ജനപ്രിയമാകുന്നതിന് മുന്‍പ് തന്നെ എങ്ങനെ പഠിച്ചു പ്രാവീണ്യം നേടും എന്നത് പലപ്പോഴും ഇതിനനുബന്ധിച്ച് നേരിടേണ്ടി വരുന്ന ഒരു ചോദ്യമാണ്. വേഗം എന്നത് മാറ്റിനിര്‍ത്തിയാലും ഏറ്റവും മികച്ചത് പഠിച്ചു പരിശീലിക്കുക എന്നത് ഈ മേഖലയില്‍ അത്യന്താപേക്ഷിതമാണ്. 2018 മുതല്‍ ആ ആവശ്യത്തിന് തിരുവനന്തപുരത്തുള്ള ഉത്തരമാണ് നാച്ചുറല്‍സ് ബ്യൂട്ടി അക്കാദമി. 2024ല്‍ അക്കാഡമിയുടെ രണ്ടാം പതിപ്പിന് തുടക്കമാകുമ്പോള്‍ ഇതുവരെ പിന്തുടര്‍ന്ന് വന്ന നിലവാരത്തിന് ഒട്ടും കോട്ടം തട്ടാതെയാണ് മീരയുടെ അടുത്ത ചുവടുവയ്പ്പ്.
സ്‌കിന്‍, മേക്കപ്പ്, നെയില്‍, ഹെയര്‍ എന്നിങ്ങനെ സമ്പൂര്‍ണമായ കോസ്മറ്റോളജി പഠനപരിശീലനമാണ് നാച്ചുറല്‍സില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. അതിന് പുറമെ ഏതെങ്കിലും ഒരു വിഭാഗത്തില്‍ വിദഗ്ധപരിശീലനം ആവശ്യപ്പെടുന്നതിനനുസരിച്ച് അതും നല്‍കിപ്പോരാറുണ്ട്. ആദ്യം മുതല്‍ തന്നെ കണ്ടോ വായിച്ചോ മാത്രമുള്ള പഠനത്തിനപ്പുറം പരിശീലനത്തിലൂന്നിയ രീതി അനുവര്‍ത്തിച്ചു പോരുന്നതുകൊണ്ടുതന്നെ ഒരുവര്‍ഷത്തെ പഠനകാലം കഴിയുമ്പോള്‍ തന്നെ അനുബന്ധമേഖലയില്‍ പ്രാവീണ്യവും പ്രവൃത്തി പരിചയവുമുള്ള ആളുകളായാണ് ഇവിടെനിന്നും വിദ്യാര്‍ത്ഥികള്‍ പുറത്തിറങ്ങുന്നത്.
കൃത്യമായ പരിശീലനത്തോടെ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിനാല്‍, പലപ്പോഴും പരീക്ഷയ്ക്ക് മുന്‍പ് തന്നെ പ്രാവീണ്യത്തിന്റെ അടിസ്ഥാനത്തില്‍ പലര്‍ക്കും ഒന്നിലേറെ തൊഴിലവസരങ്ങളും ലഭിക്കാറുണ്ട്. ബ്യൂട്ടി ആന്‍ഡ് വെല്‍നെസ്സ് അഫിലിയേറ്റഡ് സര്‍ട്ടിഫിക്കറ്റ് നേടി പുറത്തിറങ്ങുന്ന നാച്ചുറല്‍സിലെ വിദ്യാര്‍ത്ഥികള്‍ക്ക് നൂറുശതമാനം തൊഴിലവസരം ലഭിക്കുന്നുണ്ട് എന്നതുതന്നെയാണ് ഈ സംരംഭത്തിന്റെ ഏറ്റവും വലിയ വിജയം.
ക്ലാസ്സ് സ്ലോട്ടുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ തിരഞ്ഞെടുക്കാന്‍ സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. ഒരേ കോഴ്‌സ് പഠിക്കുന്ന എല്ലാവരേയും ഒരുമിച്ചു പഠിപ്പിക്കുന്നതിനു പകരം വ്യക്തിഗത ശ്രദ്ധ ഓരോ വിദ്യാര്‍ത്ഥിക്കും നല്‍കി ഓരോരുത്തരുടെയും കഴിവിനെ പ്രത്യേകമായി വികസിപ്പിച്ചെടുക്കുകയാണ് ഇവിടെ ചെയ്തുപോരുന്നത്. പരിശീലനത്തിന് വേണ്ട ഉത്പന്നങ്ങള്‍ക്ക് പുറമേ ഓരോ വിദ്യാര്‍ത്ഥിക്കും ഓരോ കിറ്റുകള്‍ കൂടി പഠനശേഷം നല്‍കാറുണ്ട്. ഏറ്റവും നിലവാരമുള്ള ഭാവി തന്റെ വിദ്യാര്‍ത്ഥികള്‍ക്കും സ്ഥാപനത്തിനും മീര, സദാ ഉറപ്പാക്കുന്നുണ്ട്. നിലവില്‍ നെയ്യാറ്റിന്‍കരയില്‍ ആരംഭിച്ച സ്ഥാപനത്തില്‍ കോഴ്‌സ് ഫീസില്‍ 30% വരെ ഇളവുണ്ട്.
അത്രമേല്‍ ആത്മവിശ്വാസത്തോടെ അധികമാരും തിരഞ്ഞെടുക്കാത്ത ബ്യൂട്ടി അക്കാദമി എന്ന സംരംഭത്തിലേക്ക് തിരിയാന്‍ തന്നെ പ്രോത്സാഹിപ്പിച്ചത് തന്റെ കുടുംബമാണെങ്കില്‍ താനിന്ന് എത്തിപ്പിടിച്ച നേട്ടങ്ങള്‍ക്ക് പിന്നില്‍, താന്‍ മുന്‍പ് ജോലി ചെയ്തിരുന്ന Page 3 എന്ന സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി പാര്‍ട്ണര്‍മാരായിരുന്ന ശങ്കര്‍ – സുമന്‍ ദമ്പതിമാര്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസമാണെന്ന്, ആദ്യ സ്ഥാപനത്തിലെ ഉടമയുടെ ഇരിപ്പിടത്തില്‍ നിന്ന് രണ്ടാം സ്ഥാപനത്തിന്റെ പരിശീലക കൂടിയായ മീര ചിരിയോടെ പറയുന്നു.