Success Story

ബീഗം ഫുഡ്‌സ് നാട്ടുരുചിയില്‍ നിന്ന്നാഷണല്‍ ബ്രാന്റിലേക്ക്

പക്ഷാഘാതം വന്ന് കിടപ്പിലായ പിതാവിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്തുവാനായി കടകളില്‍ ഉണക്കച്ചെമ്മീനും അച്ചാറുകളും കൊണ്ടുനടന്ന് വിറ്റിരുന്ന ഒരു സ്ത്രീ ഇന്ന് വയനാട് ജില്ല മുഴുവന്‍ അറിയപ്പെടുന്ന ഫുഡ് ബ്രാന്‍ഡിന്റെ സ്ഥാപകയാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? അവര്‍ സ്വന്തം കൈ കൊണ്ട് നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ വയനാട്ടിലെ ഓരോ മുക്കിലും മൂലയിലെയും പെട്ടിക്കടകളില്‍ വരെ ലഭ്യമാണെന്ന് പറഞ്ഞാലോ? വയനാട് കാക്കവയലുള്ള ബീഗം ഫുഡ്‌സിനെയും അതിന്റെ സ്ഥാപക ജംഷിന ബീഗത്തിനെയും അടുത്തറിയുന്നവര്‍ക്ക് മാത്രം വിശ്വസിക്കാനാകുന്ന വിജയഗാഥയാണിത്.

വയനാടിന് മാത്രം സ്വന്തമായ നാട്ടുരുചികളായ വടുക, തൊറമാങ്ങ കൂടാതെ വിവിധതരം അച്ചാറുകള്‍, െ്രെഡ ഫ്രൂട്ട്‌സുകള്‍, മസാലപ്പൊടികള്‍, സുഗന്ധവ്യജ്ഞനങ്ങള്‍, കഫ്‌സ/മന്തി പൗഡറുകള്‍ തുടങ്ങി അമ്പത്തഞ്ചോളം ഉല്‍പ്പന്നങ്ങളാണ് ബീഗം ഫുഡ്‌സിന്റെ ബ്രാന്‍ഡ് മാര്‍ക്കോടെ വിപണിയില്‍ എത്തുന്നത്. പ്രത്യേക ബാച്ചുകളായി തയ്യാറാക്കുന്ന ഇവയെല്ലാം ജംഷീന ബീഗം സ്വന്തം കൈകൊണ്ട് വീട്ടില്‍ തയ്യാറാക്കുന്നതാണ്. മധുരവും എരിവും പുളിയുമെല്ലാം പല അളവുകളില്‍ ചേരുന്ന സമവാക്യങ്ങളിലൂടെ മറ്റെങ്ങും ലഭിക്കാത്ത പുതിയ രുചികള്‍ ഗുണമേന്മയിലും തൂക്കത്തിലും വിട്ടുവീഴ്ച ചെയ്യാതെ അവതരിപ്പിച്ചു കൊണ്ടാണ് ബീഗം ഫുഡ്‌സ് കുടുംബശ്രീ യൂണിറ്റുകള്‍ മുതല്‍ ബഹുരാഷ്ട്ര കമ്പനികള്‍ വരെ മത്സരിക്കുന്ന വിപണിയില്‍ പേരെടുത്തത്.

ബീഗം ഫുഡ്‌സിന്റെ സിഗ്‌നേച്ചര്‍ ഉത്പന്നങ്ങളായ വടുകയും തൊറമാങ്ങയും കര്‍ണാടകയിലേക്കും ഹോള്‍സെയിലായി കയറ്റി അയക്കുന്നുണ്ട്. പല ചെറുകിട സംരംഭങ്ങളെയും പോലെ അച്ചാറില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ദീര്‍ഘകാലം കേടുകൂടാതിരിക്കുന്ന അനേകം വിഭവങ്ങള്‍ അവതരിപ്പിക്കുന്നുണ്ട് ബീഗം ഫുഡ്‌സ്. എരിവും മധുരവും ചേരുന്ന മധുരമുളക് അച്ചാറും വെണ്ണയില്‍ വറുത്തെടുത്ത അവില്‍ കൊണ്ട് തയ്യാറാക്കുന്ന അവില്‍ മില്‍ക്ക് കിറ്റും ബീഗം ഫുഡ്‌സിന്റെ മാത്രം പ്രത്യേകതയാണ്. ഇവയ്‌ക്കൊപ്പം ബീഗം ഫുഡ്‌സ് അവതരിപ്പിക്കുന്ന ഇരുപതോളം വെജിറ്റേറിയന്‍ നോണ്‍ വെജിറ്റേറിയന്‍ അച്ചാറുകളും ഉപദംശങ്ങളും വയനാടിന്റെ തനതുരുചപ്പെരുമയുടെ വിളംബരം തന്നെയാണ്.

സാധാരണക്കാരില്‍ സാധാരണക്കാര്‍ക്കും വാങ്ങാവുന്ന വിലയില്‍ വൈവിധ്യമാര്‍ന്ന അളവുകളില്‍ അവതരിപ്പിക്കുന്നതിനാല്‍ ജില്ല മുഴുവന്‍ പടര്‍ന്നു കിടക്കുന്ന ഉപഭോക്താക്കളുടെ കൂട്ടായ്മയെയും ജംഷീന ബീഗത്തിന് കുറഞ്ഞ കാലത്തിനുള്ളില്‍ നേടിയെടുക്കാനായി. കുടുംബശ്രീ രജിസ്‌ട്രേഷനിലൂടെ വിപണനത്തിന്റെ വിപുലമായ സാധ്യതകളും ബീഗം ഫുഡ്‌സിന് ലഭിക്കുന്നു.

പിതാവിന്റെ പക്ഷാഘാതവും കയ്‌പ്പേറിയ ആദ്യവിവാഹവും ചേര്‍ന്ന ജീവിതത്തിന്റെ വളരെ ഇരുണ്ട ഒരു ദശയില്‍ കച്ചിതുരുമ്പുപോലെ ലഭിച്ച ആശയത്തില്‍ നിന്നാണ് ഇന്ന് പാക്കിംഗ് യൂണിറ്റും സ്വന്തമായി ഔട്ട്‌ലെറ്റുമുള്ള ബീഗം ഫുഡ്‌സ് ഉണ്ടായി വന്നതെന്ന് ജംഷീന ബീഗം പറയുന്നു. ഇന്ത്യന്‍ ഓയിലില്‍ അക്കൗണ്ടന്റായി കരിയര്‍ ആരംഭിച്ച ജംഷീന ബീഗം സ്വപ്‌നേപി കരുതിയിരുന്നില്ല, ജീവിതം തന്നെ കൊണ്ടെത്തിക്കുന്നത് സംരംഭകത്വത്തിലേക്കായിരിക്കുമെന്ന്.

ജോലിക്കൊപ്പം പിതാവിന്റെ ചികിത്സാ ചെലവിനും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാനും അനേകം ചെറുതൊഴിലുകള്‍ ചെയ്തിരുന്ന കാലത്ത് പായ്ക്ക് ചെയ്തു വരുന്ന ഉണക്കച്ചെമ്മീന് ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ നല്ല വില്പനയുണ്ടെന്ന് മനസ്സിലാക്കിയത്തോടെയാണ് അധിക വരുമാനത്തിനൊരു മാര്‍ഗമെന്ന രീതിയില്‍ ഈ മേഖലയിലേക്ക് വരുന്നത്.

2016ല്‍ എറണാകുളത്ത് ഇങ്ങനെ തുടങ്ങിയ സംരംഭമാണ് എട്ടു വര്‍ഷത്തിനുള്ളില്‍ രുചി വൈവിധ്യത്തിലൂടെ വയനാടിന്റെ വിഭവസമൃദ്ധിയില്‍ ഒഴിച്ചുകൂടാനാകാത്ത സ്ഥാനം നേടിയെടുത്തത്. ഇപ്പോഴും എറണാകുളത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകള്‍ ബീഗം ഫുഡ്‌സിന് എല്ലാ പിന്തുണയും നല്‍കുന്നു. പിന്നീട് കരിയര്‍ തന്നെ ശ്രദ്ധിക്കേണ്ടി വന്ന സമയത്ത് തന്റെ സംരംഭകത്വത്തില്‍ നിന്ന് ജംഷീന ബീഗത്തിന് ചെറിയൊരു ബ്രേക്ക് എടുക്കേണ്ടി വന്നു. പിന്നീട് 2020ല്‍ അപൂര്‍വ്വാധികം ശക്തിയോടെ സംരംഭകത്വത്തിലേക്ക് തിരിച്ചുവന്ന ജംഷീന ബീഗം വെറും രണ്ടു വര്‍ഷക്കാലം കൊണ്ടാണ് ഇന്നു കാണുന്ന വളര്‍ച്ച കൈവരിച്ചത്.

വയനാട്ടിലെ എല്ലാ ഹൈപ്പര്‍മാര്‍ക്കറ്റുകളിലെയും െ്രെഡ ഫുഡ് സെക്ഷനില്‍ ബീഗം ഫുഡ്‌സിന്റെ സാന്നിധ്യമുണ്ട്. പെട്ടിക്കടകളില്‍പ്പോലും തന്റെ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുവാന്‍ ഈ സംരംഭകയ്ക്ക് സാധിച്ചിട്ടുമുണ്ട്. ഉല്‍പ്പന്നങ്ങളുടെ വിതരണത്തിന്റെ ചുമതല വഹിക്കുന്ന ഭര്‍ത്താവ് മജീദിനാണ് ജംഷീന ബീഗം ഇതിന്റെ ക്രെഡിറ്റ് നല്‍കുന്നത്. തന്റെ ബിസിനസിലേക്ക് കടന്നുവന്ന മജീദ് പിന്നീട് ജംഷീന ബീഗത്തിന്റെ ജീവിതത്തിന്റെയും ഭാഗമാവുകയായിരുന്നു.

സപ്ലൈക്കോ, ത്രിവേണി എന്നീ പൊതുമേഖലാ വ്യാപാര സ്ഥാപനങ്ങളും വിതരണത്തിനായി ബീഗം ഫുഡ്‌സിനെ തിരഞ്ഞെടുത്തിരുന്നു. ഉല്‍പ്പന്നങ്ങളുടെ ക്വാളിറ്റി തന്നെയാണ് ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള ഈ സ്ഥാപനങ്ങളെ ബീഗം ഫുഡ്‌സിലേക്ക് ആകര്‍ഷിച്ചത്. എന്നാല്‍ ചില സാമ്പത്തിക നിബന്ധനകള്‍ ഒത്തു വരാത്തത് കൊണ്ട് മാത്രം കരാറില്‍ നിന്ന് ബീഗം ഫുഡ്‌സ് പിന്മാറുകയായിരുന്നു.

രുചിയില്‍ തന്റെ സംരംഭകത്വം പടുത്തുയര്‍ത്താനുള്ള ആദ്യപാഠം ലഭിച്ചത് തന്റെ വീട്ടടുക്കളയില്‍ നിന്നു തന്നെയാണെന്നാണ് ഈ സംരംഭക പറയുന്നത്. സ്വഭാവങ്ങളും താല്‍പര്യങ്ങളും പോലെതന്നെ രുചിയും ഓരോരുത്തര്‍ക്കും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ കുപ്പിയിലടയ്ക്കുന്ന ഓരോ ഉല്‍പ്പന്നത്തിലും വ്യത്യസ്ത രുചികള്‍ ആവിഷ്‌കരിക്കുവാന്‍ ജംഷീന ബീഗം ശ്രദ്ധിക്കാറുണ്ട്. ബീഗം ഫുഡ്‌സിലേക്ക് വരുന്ന ഉപഭോക്താക്കള്‍ക്ക് എല്ലാ ഉല്പന്നങ്ങളും രുചിച്ചു നോക്കി ഇഷ്ടമുള്ളത് തിരഞ്ഞെടുക്കുവാന്‍ അവസരം നല്‍കുന്നുണ്ട് ബീഗം ഫുഡ്‌സ്. ഏതു രുചിമൂക്കുളത്തെയും ത്രസിപ്പിക്കുവാന്‍ താന്‍ കുപ്പിയിലടച്ച വിഭവങ്ങള്‍ക്ക് കഴിയും എന്ന ആത്മവിശ്വാസം തന്നെയാണ് ഇതിന് പിന്നില്‍. മാത്രമല്ല മലയാളത്തിനൊപ്പം ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് എന്നിങ്ങനെ അഞ്ചോളം ഭാഷകള്‍ സംസാരിക്കാന്‍ അറിയാവുന്നതുകൊണ്ട് ഏത് ഉപഭോക്താവിനോടും നേരിട്ട് ആശയവിനിമയം നടത്താനും ജംഷീന ബീഗത്തിന് കഴിയുന്നു.

വയനാട്ടിലും കോഴിക്കോടും മാത്രം സപ്ലൈ ചെയ്യുന്ന ബീഗം ഫുഡ്‌സിന്, രാജ്യത്തിന് പുറത്തുപോലും ആവശ്യക്കാരുണ്ട്. വിദേശമലയാളികളുടെ ലഗേജിലൂടെ കടല്‍ കടന്ന ബീഗം ഫുഡ്‌സിന്റെ പ്രശസ്തി, എക്‌സ്‌പോര്‍ട്ടിംഗ് ലൈസന്‍സ് എടുക്കുവാനും ജംഷീനക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്. രാജ്യാന്തര വിപണിയില്‍ മത്സരിക്കാന്‍ പോന്ന ബ്രാന്‍ഡായി വയനാടിന്റെ നാട്ടുരുചിയെ മാറ്റിയിരിക്കുകയാണ് ഈ സംരംഭക.

വായിച്ചെറിഞ്ഞതിനുമപ്പുറമുള്ള ബീഗം ഫുഡ്‌സിന്റെ രുചിവിശേഷം ഇന്‍സ്റ്റാഗ്രാമിലൂടെയും വാട്‌സാപ്പിലൂടെയും ആമസോണിലൂടെയും ഓര്‍ഡര്‍ ചെയ്ത് നേരിട്ടുമറിയാം. ലിങ്കുകള്‍ ചുവടെ ;

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button