ബാക്ക് ടു ഹാര്‍മണി; സമ്പൂര്‍ണ സൗഖ്യത്തിന് പാരമ്പര്യ തെറാപ്പികളുടെ പരിരക്ഷ
പുതിയ ജീവിതരീതിയും ചുറ്റുപാടുകളും ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. പകര്‍ച്ചവ്യാധികളും ജീവിതശൈലി രോഗങ്ങളും ഇന്ന് സാധാരണയായിരിക്കുന്നു. ആതുര സേവനമേഖല ഭീമമായ ബിസിനസ് ശൃംഖലയായി വളര്‍ന്നിരിക്കുന്നു. സാധാരണക്കാരന് പോലും ലക്ഷങ്ങള്‍ മുടക്കി മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളില്‍ ചികിത്സ തേടേണ്ടി വരുന്ന സാഹചര്യത്തില്‍ സമാന്തര ചികിത്സാരീതികളും ജനപ്രീതി ആര്‍ജിക്കുന്നു. നൂറ്റാണ്ടുകളുടെ പഴക്കവും പാരമ്പര്യവുമുള്ള തനത് ചികിത്സാരീതികള്‍ പുതിയ ജീവിതശൈലിയ്ക്ക് ഇണങ്ങുന്ന രീതിയില്‍ അവതരിപ്പിക്കുന്ന സംരംഭങ്ങള്‍ നമ്മുടെ നാട്ടിലും വേര് പിടിക്കുന്നുണ്ട്. അവയില്‍ സമീപനം കൊണ്ടും പ്രവര്‍ത്തന രീതി കൊണ്ടും വ്യത്യസ്തമാവുകയാണ് തിരുവനന്തപുരം സ്വദേശി ബിഥുനും അദ്ദേഹത്തിന്റെ സംരംഭമായ ‘ബാക്ക് ടു ഹാര്‍മണി’യും.
അക്യുപങ്ചറും അതിന് അടിസ്ഥാനമാക്കിയുള്ള പരമ്പരാഗത ചൈനീസ് മെഡിസിനിലാണ് പ്രവര്‍ത്തന മേഖല. ലോകത്തിലെ ഏറ്റവും പൗരാണികമായ ഇന്ത്യയുടെയും ചൈനയുടെയും പാരമ്പര്യ വൈദ്യശാസ്ത്രങ്ങളെ സമന്വയിപ്പിച്ചാണ് സമഗ്രമായ ആരോഗ്യ പരിപാലനത്തിനുള്ള ഉപാധികള്‍ ബാക്ക് ടു ഹാര്‍മണി അവതരിപ്പിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം സാധാരണക്കാരുടെ ആരോഗ്യപരിപാലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ഇതിലൂടെ ആരോഗ്യ പരിപാലനത്തെ കുറിച്ചുള്ള കേരളീയരുടെ കാഴ്ചപ്പാടില്‍ താഴെക്കിടയില്‍ നിന്നുള്ള ഒരു മാറ്റമാണ് ബിഥുന്‍ ലക്ഷ്യമിടുന്നത്. കേരളത്തിന്റെ ആരോഗ്യമേഖലയെ സമാന്തര ചികിത്സാരീതികളിലൂടെ പരിഷ്കരിക്കുവാന്‍ ബിഥുന്‍ ആഗ്രഹിക്കുന്നു. രോഗം വന്നിട്ട് ചികിത്സിക്കലല്ല, ഏതു രോഗത്തെയും ശാരീരികമായും മാനസികമായും പ്രതിരോധിക്കുവാന്‍ എല്ലാവരെയും പ്രാപ്തരാക്കുകയാണ് ഈ സംരംഭകന്റെ ലക്ഷ്യം.
ആയുര്‍വേദ ചികിത്സയുടെ കാര്യത്തില്‍ ലോകമെമ്പാടും പ്രശസ്തമാണ് കേരളം. എന്നാല്‍ ഈ പ്രശസ്തിയെ ‘വേണ്ടും വിധം’ ഉപയോഗപ്പെടുത്താന്‍ കേരളത്തിലുള്ളവര്‍ക്ക് സാധിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. സമാന്തര ആരോഗ്യപരിപാലന മേഖലയെ അതിന്റെ സാധ്യതയ്ക്കനുസരിച്ച് ഉയര്‍ത്തുവാനുള്ള എല്ലാ മുന്നൊരുക്കങ്ങളോടും കൂടിയാണ് ബിഥുന്‍ തന്റെ സംരംഭത്തിന് തുടക്കമിട്ടത്. എന്നാല്‍ നിനച്ചിരിക്കാതെ എത്തിയ കോവിഡ് കാലം പദ്ധതികളെയെല്ലാം തകിടം മറിച്ചു. ബിസിനസില്‍ മാത്രമല്ല ജീവിതത്തിലും മിഥുന് കടുത്ത തിരിച്ചടികള്‍ നേരിട്ട കാലമായിരുന്നു അത്. പ്രതിസന്ധികളെയെല്ലാം ഒറ്റയ്ക്ക് നേരിടേണ്ടി വന്നു. എന്നിട്ടും തളരാതെ ശോഭനമായ ഭാവിയിലേക്കുള്ള ആദ്യത്തെ കാല്‍വയ്പുകള്‍ വയ്ക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
ഇന്ന് ശരീരവേദനയ്ക്കും നാഡീ സംബന്ധ രോഗങ്ങള്‍ക്കും ബാക്ക് ടു ഹാര്‍മണിയിലേക്ക് ചികിത്സ തേടിയെത്തുന്നവര്‍ അനവധിയാണ്. എത്ര പഴകിയ രോഗത്തെയും കൃത്യമായ പരിചരണത്തിലൂടെ ചികിത്സിച്ച് ഭേദപ്പെടുത്തുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഹോര്‍മോണ്‍ തകരാറുകള്‍ കൊണ്ടുണ്ടാകുന്ന രോഗങ്ങള്‍ക്കും മാനസികമായ അസ്വസ്ഥതകള്‍ക്കുമെല്ലാം ലോകപ്രശസ്തമായ അക്യുപങ്ചര്‍ ചികിത്സാരീതിയില്‍ പ്രതിവിധികളുണ്ട്. നൂറ്റാണ്ടുകളുടെ പരീക്ഷണങ്ങള്‍ കൊണ്ട് ഫലപ്രദമാണെന്ന് തെളിഞ്ഞ ചികിത്സാരീതികള്‍ സാധാരണക്കാരിലേക്ക് എത്തിക്കുവാന്‍ ആരംഭിച്ചു കുറച്ചു നാളുകള്‍ കൊണ്ട് തന്നെ ബാക്ക് ടു ഹാര്‍മണിക്ക് സാധിച്ചിട്ടുണ്ട്. കാലാകാലങ്ങളായി അലട്ടുന്ന ബുദ്ധിമുട്ടുകള്‍ മാറിയവരുടെ നല്ല വാക്കുകള്‍ മാത്രമായിരുന്നു ബാക്ക് ടു ഹാര്‍മണിയുടെ പരസ്യം.
യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലുമെല്ലാം അക്യുപങ്ചറിന് വലിയ സ്വീകാര്യത ലഭിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയിലാകട്ടെ, പശ്ചിമബംഗാളിലും മഹാരാഷ്ട്രയിലും മാത്രമാണ് ഈ ചികിത്സാരീതിക്ക് പ്രോത്സാഹനം ലഭിക്കുന്നത്. കേരളത്തിലെ ആതുരസേവനമേഖല ഇപ്പോഴും സമാന്തര ചികിത്സയോട് മുഖം തിരിഞ്ഞു നില്‍ക്കുകയാണ്. നമ്മുടെ വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെടുത്തി സമാന്തര ചികിത്സാരീതിയെ വലിയ സാധ്യതകളിലേക്ക് വളര്‍ത്തിയെടുക്കുവാനാകും. ഇതു മനസ്സിലാക്കി അനേകം നിക്ഷേപകരും ബിഥുനെ സമീപിക്കുന്നുണ്ട്. തന്റെ സംരംഭത്തെയും അതു മുന്നോട്ടുവയ്ക്കുന്ന ആരോഗ്യപരിരക്ഷ കാഴ്ചപ്പാടിനെയും ഉടന്‍തന്നെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള പരിശ്രമങ്ങളിലാണ് അദ്ദേഹം.
സ്വന്തമായി ഒരു സംരംഭത്തിന് തറക്കല്ലിടുന്നതിന്റെ ബുദ്ധിമുട്ടുകള്‍ ശരിക്ക് അറിയാവുന്ന ഈ സംരംഭകന് തന്നെപ്പോലുള്ള അനേകര്‍ക്ക് ഉപകാരപ്പെടുവാനായി ക്രിയേറ്റീവ് സ്റ്റുഡിയോ എന്ന ഒരു ബിസിനസ് കണ്‍സള്‍ട്ടിംഗ് പ്ലാറ്റ്ഫോമിനും രൂപം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഒരു ബിസിനസ് തുടങ്ങുമ്പോള്‍ നേരിടേണ്ടിവരുന്ന നൂലാമാലകളെല്ലാം പരിഹരിക്കുവാന്‍ പുതുസംരംഭകര്‍ക്ക് ക്രിയേറ്റീവ് സ്റ്റുഡിയോയെ സമീപിക്കാം.