EntreprenuershipSuccess Story

പാഷനില്‍ നിന്ന് ബ്രാന്‍ഡിലേക്ക്; ബേബി സല്‍മാനും Zebss എന്ന വിജയകഥയും

ജീവിതം മുന്നോട്ട് വയ്ക്കുന്ന വെല്ലുവിളികളെ പാഷനിലൂടെ മറികടക്കുന്നവരാണ് യഥാര്‍ത്ഥ വിജയികള്‍. അത്തരത്തില്‍ സ്വന്തം കഴിവുകളെയും സ്വപ്‌നങ്ങളെയും ചേര്‍ത്ത് വിജയത്തിന്റെ പുതിയ അദ്ധ്യായം എഴുതിയ സ്ത്രീ സംരംഭകയാണ് ബേബി സല്‍മാന്‍. എഴുത്തുകാരി, സംരംഭക, ഫാഷന്‍ ഡിസൈനര്‍, കൂടാതെ പല മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ച് കൊണ്ടാണ് ബേബി സല്‍മാന്‍ തന്റെ യാത്ര തുടരുന്നത്.

എഴുത്തും കലയുമെല്ലാം ഒരുപോലെ നെഞ്ചിലേറ്റിയ ബേബിയുടെ സാഹിത്യജീവിതത്തിന് വലിയ അംഗീകാരമായി മാറിയത് തൃശൂര്‍ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ‘പെയ്‌തൊഴിഞ്ഞ മഴ’ എന്ന പുസ്തകമാണ്. അതോടൊപ്പം തന്നെ, ഫാഷന്‍, ഭക്ഷണം, ആര്‍ട്ട് എന്നിവയിലേക്കും ബേബി തന്റെ സംരംഭക യാത്ര വ്യാപിപ്പിച്ചു.

സ്വന്തമായി ഡ്രസുകള്‍ ഡിസൈന്‍ ചെയ്ത് ധരിക്കുന്നതില്‍ നിന്നാണ് ഒരു ഫാഷന്‍ ഡിസൈനറെന്ന നിലയിലേക്കുള്ള ബേബിയുടെ യാത്ര തുടങ്ങുന്നത്. താന്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ക്ക് ലഭിച്ച പ്രശംസകളാണ് ആദ്യ ഓര്‍ഡറുകളായി മാറിയത്. വീട്ടിലിരുന്ന്, സ്വന്തം പാഷനെ പ്രൊഫഷനാക്കി മാറ്റിയ ബേബി, അതിലൂടെ തന്നെ Zebss Boutique എന്ന ബ്രാന്‍ഡിന് തുടക്കം കുറിച്ചു. ഡ്രസ് ഡിസൈനിനൊപ്പം ഒരു പര്‍ദ കമ്പനിക്കായി പര്‍ദ മോഡലും ബേബി ഡിസൈന്‍ ചെയ്തിട്ടുണ്ട്.

ഒരു തയ്യല്‍ മെഷീനില്‍ മാത്രമായിരുന്നു Zebss ന്റെ തുടക്കം. ഓര്‍ഡറുകള്‍ വര്‍ധിച്ചതോടെ വീടിന്റെ മുകളിലേക്ക് വ്യാപിച്ച സംരംഭം, കൂടുതല്‍ തയ്യല്‍ മെഷീനുകളും രണ്ട് സ്റ്റാഫുകളും ഉള്‍പ്പെടുത്തി മുന്നോട്ട് നീങ്ങി. ഇന്ന് എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് Zebss വലിയൊരു ബുട്ടിക്കായി വളര്‍ന്നിരിക്കുന്നു. എട്ട് വര്‍ഷമായി ആത്മാര്‍ത്ഥതയോടെയും കഠിനാധ്വാനത്തോടെയും ബേബി തന്റെ സംരംഭം വിജയകരമായി നയിച്ചുകൊണ്ടിരിക്കുകയാണ്.

സംരംഭകയാകുന്നതിന് മുമ്പ് തന്നെ എഴുത്തിനോട് അതിയായ താല്‍പര്യമുണ്ടായിരുന്ന ബേബി, തന്റെ തിരക്കഥ നല്‍കാന്‍ ഒരു സംവിധായകനെ കാണാന്‍ പോയതാണ് വലിയ വഴിത്തിരിവായത്. അന്ന് ബേബി ധരിച്ച വസ്ത്രത്തിന് സംവിധായകന്‍ നല്‍കിയ പ്രശംസയും ‘ഇതൊരു ബിസിനസാക്കിക്കൂടേ?’ എന്ന ചോദ്യവുമാണ് Zebss എന്ന ബ്രാന്‍ഡിന്റെ അടിത്തറയായി മാറിയത്.

എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തി വിവാഹിതയായ ബേബി, ജീവിതം അവര്‍ക്കെതിരെ നിന്ന ഘട്ടങ്ങളിലെല്ലാം തളരാതെ, സ്വന്തം കഴിവുകളെ വളര്‍ത്തിയെടുത്താണ് ഇന്നൊരു വിജയകരമായ സംരംഭകയും എഴുത്തുകാരിയുമായി മാറിയത്.

ഫാഷന്‍ ഡിസൈനിനൊപ്പം അച്ചാര്‍ മേക്കിങ്ങിലും ബേബി തന്റെ സംരംഭകത്വം തെളിയിച്ചു. തുടക്കത്തില്‍ പരിചയക്കാര്‍ക്കായി തയ്യാറാക്കിയ രുചിയേറിയ അച്ചാറുകള്‍ പിന്നീട് വിദേശത്തേക്ക് പോകുന്നവരടക്കം ആവശ്യപ്പെടാന്‍ തുടങ്ങി. അങ്ങനെ ആ സംരംഭവും വിജയമായി മാറി.

Zebss എന്ന ബ്രാന്‍ഡിനെ കേരളമൊട്ടാകെ എത്തിക്കുകയാണ് ബേബി സല്‍മാന്റെ ലക്ഷ്യം. Zebss ന്റെ കീഴിലുള്ള എല്ലാ പ്രൊഡക്ടുകളും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനുള്ള ഒരുക്കങ്ങള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. അതോടൊപ്പം തന്നെ, കൂടുതല്‍ ഷോപ്പുകള്‍ ആരംഭിച്ച് കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കണമെന്ന വലിയ സ്വപ്‌നവും ബേബി മനസ്സില്‍ സൂക്ഷിക്കുന്നു.

ഈ വിജയയാത്രയില്‍ ബേബിക്കൊപ്പം ഉറച്ചുനിന്നത് ഭര്‍ത്താവും മൂന്ന് മക്കളും സുഹൃത്തുക്കളുമാണ്. സംരംഭം ആരംഭിച്ചപ്പോള്‍ തളര്‍ത്താന്‍ ശ്രമിച്ചവര്‍ക്ക് മുന്നില്‍ ഒറ്റയ്ക്ക് നിന്ന് Zebss Boutique നെ വളര്‍ത്തിയെടുത്തതാണ് ബേബി സല്‍മാന്റെ വലിയ വിജയം.

എല്ലാത്തിനും മുകളിലായി, സമൂഹത്തില്‍ ആരുമില്ലാതെ കഷ്ടപ്പെടുന്നവര്‍ക്ക് ഒരു കൈത്താങ്ങായി മാറണമെന്നതാണ് ബേബിയുടെ ഏറ്റവും വലിയ സ്വപ്‌നം. സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഈ സംരംഭകയുടെ യാത്ര, എല്ലാ സ്ത്രീകള്‍ക്കും പ്രചോദനമാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button