എലക്ട്രിക്കല്‍ സേവനങ്ങള്‍ക്ക് ഏറ്റവും വിശ്വാസ്യതയോടെ ഓഗ്‌സെറ്റ് എഞ്ചിനീയറിംഗ്‌സ്
ലയ രാജന്‍
ഗാര്‍ഹിക വാണിജ്യ രംഗങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് എലക്ട്രിക്കല്‍ സേവനങ്ങള്‍. ചെറുതും വലുതുമായ നിരവധി രീതികളില്‍ അത് അത്യന്താപേക്ഷിതമാണ്. ഈ സേവനങ്ങളും അവയുടെ വിശദാംശങ്ങളും കൃത്യമായി അറിയേണ്ടതും മനസിലാക്കിയിരിക്കേണ്ടതും ഉപഭോക്താക്കളെ സംബന്ധിച്ചും അതാവശ്യമാണ്. ആ മേഖലയില്‍ കോവിഡ് കാലത്ത് കടന്നുവരികയും ചുരുങ്ങിയ സമയം കൊണ്ട് മികവുറ്റ സേവനങ്ങളിലൂടെ ജനപ്രീതി നേടി മുന്നേറുകയും ചെയ്ത ഒരു ഇലക്ട്രിക്കല്‍ കണ്‍സല്‍ട്ടന്‍സിയുണ്ട്. സുഹൃത്തുക്കളായ ഫെബിന്‍ തോമസും ജിബിന്‍ ജോഷിയും അമല്‍ ദിലീപ്കുമാറും ചേര്‍ന്ന് ആരംഭിച്ച ഓഗ്‌സെറ്റ് എഞ്ചിനിയേഴ്‌സ് എന്ന സ്ഥാപനം. വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ ഗവണ്‍മെന്റ് അംഗീകൃത എലക്ട്രിക്കല്‍ കോണ്‍ട്രാക്ടേഴ്‌സായി മാറിയ ഓഗ്‌സെറ്റിന്റെ കഥ ആത്മവിശ്വാസത്തിന്റേത് കൂടിയാണ്.
ബി.ടെക് ബിരുദം നേടിയശേഷം ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജൂനിയര്‍ പ്രൊഡക്ട് എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു ഫെബിന്‍. പഠിച്ച വിഷയവുമായി ബന്ധപ്പെട്ട് തന്നെ എന്തെങ്കിലും പുതുതായി ചെയ്യണം എന്ന ആഗ്രഹത്തോടെയാണ് ബിസിനസ് മേഖലയില്‍ യാതൊരു മുന്‍പരിചയവുമില്ലാതെ തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ഓഗ്‌സെറ്റിനു രൂപം നല്‍കുന്നത്. അറിവും സംഭവിക്കുന്ന പാളിച്ചകള്‍ തിരുത്തി മുന്നിലേക്ക് പോകാനുള്ള ആര്‍ജവവും കൈമുതലായപ്പോള്‍ ഏകദേശം അഞ്ചു വര്‍ഷത്തിനിപ്പുറം ഓഗ്‌സെറ്റ് നല്‍കുന്നത് അഭിമാനിക്കാനുള്ള വക മാത്രമാണ്.
എലക്ട്രിക്കല്‍ കോണ്‍ട്രാക്ട് ജോലികള്‍, പ്രൊജക്റ്റ് ഇന്‍സ്റ്റലേഷന്‍, ഡിസൈന്‍ എക്‌സിക്യൂഷന്‍ മുതലായ സേവനങ്ങളാണ് മുഖ്യമായും ഓഗ്‌സെറ്റില്‍ നിന്ന് ലഭ്യമാകുന്നത്. എലക്ട്രിക്കല്‍ പ്രൊജക്ടുകളില്‍ പ്രധാനമായും ചെയ്യുന്നത് സോളാര്‍ പാനലുകളുടെ ഇന്‍സ്റ്റലേഷനും സര്‍വീസിങ്ങുമാണ്. അതിനുപുറമെ എലക്ട്രിക്കല്‍ സിസ്റ്റം ഇന്‍സ്റ്റലേഷന് ആവശ്യമായ രൂപരേഖകള്‍ തയാറാക്കുക, സിസ്റ്റം ഡിസൈനിങ്, ടെസ്റ്റിംഗ് മുതലായ ഇതിനോട് അനുബന്ധമായി നില്‍ക്കുന്ന എല്ലാത്തരം സേവനങ്ങളും ഓഗ്‌സെറ്റ് മുന്നോട്ട് വയ്ക്കുന്നുണ്ട്. ഗാര്‍ഹിക വാണിജ്യ ആവശ്യങ്ങള്‍ക്ക് അതിനനുസരിച്ചുള്ള പ്രത്യേക സേവനങ്ങളാണ് ഓഗ്‌സെറ്റില്‍ നിന്ന് ലഭിക്കുന്നത്.
സ്വകാര്യ മേഖലയ്ക്ക് പുറമെ, ഗടഋആ ഉള്‍പ്പെടെയുള്ള ഗവണ്‍മെന്റ് സ്ഥാപനങ്ങളോടൊപ്പം ചേര്‍ന്നുകൂടി പ്രവര്‍ത്തിക്കുന്ന സംരംഭമാണിത്. ഗവണ്‍മെന്റ് ഈ രംഗത്ത് പൊതുജനത്തിന് നല്‍കി വരുന്ന ആനുകൂല്യങ്ങള്‍ തങ്ങളുടെ സേവനങ്ങളിലൂടെ അവര്‍ക്ക് പ്രയോജനപ്പെടുന്നുവെന്ന് ഓഗ്‌സെറ്റ് ഉറപ്പ് വരുത്താറുണ്ട്. സോളാര്‍ പാനല്‍ ഇന്‍സ്റ്റലേഷന് ഗവണ്‍മെന്റ് നല്‍കുന്ന പരമാവധി സബ്‌സിഡി ആനുകൂല്യങ്ങള്‍ തങ്ങളുടെ പ്രോജക്ടിലൂടെ ഉപഭോക്താക്കളിലേക്ക് ഇവര്‍ എത്തിക്കുന്നു. ലൈസന്‍സുള്ള ഇലക്ട്രിക് ടെക്‌നീഷ്യന്‍മാരും എഞ്ചിനീയര്‍മാരും മാത്രമടങ്ങുന്ന വിദഗ്ധരായ വര്‍ക്കിങ് ടീമാണ് ഈ സ്ഥാപനത്തിന്റെ കരുത്ത്.
കോവിഡ് കാലയളവില്‍ ആരംഭിച്ച സ്ഥാപനമായ ഓഗ്‌സെറ്റിന്, സാധാരണയില്‍ നിന്ന് വിഭിന്നമായി ആ കാലഘട്ടം വളര്‍ച്ചയ്ക്ക് സഹായകമാവുകയായിരുന്നുവെന്ന് ഫെബിന്‍ പറയുന്നു. കനത്ത മത്സരം ഉണ്ടാകേണ്ടിയിരുന്ന തുടക്കകാലത്ത് കോവിഡ് നിമിത്തം കൂടുതല്‍ പ്രൊജക്ടുകള്‍ ലഭിക്കുകയും സാഹചര്യങ്ങള്‍ പഴയതിലേക്ക് എത്തിയപ്പോഴേക്കും അക്കാരണം കൊണ്ടുതന്നെ ഈ മേഖലയില്‍ പ്രവൃത്തിപരിചയം നേടിയെടുക്കാന്‍ സഹായകമാവുകയും ചെയ്തുവെന്ന് ഫെബിന്‍ കൂട്ടിച്ചേര്‍ക്കുന്നു. നിലവില്‍ എറണാകുളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് കേരളമൊട്ടാകെ സര്‍വീസ് സൗകര്യമുണ്ട്. അത് പതിയെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു കൂടി വിപുലമാക്കാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കള്‍ മൂന്നുപേരും.