ആറ്റൂര്‍ സന്തോഷ് കുമാര്‍; അക്ഷരങ്ങളില്‍ അത്ഭുതങ്ങള്‍ തീര്‍ത്ത എഴുത്തുകാരന്‍
തൃശൂര്‍ പുറനാട്ടുകര സ്വദേശിയായ ആറ്റൂര്‍ സന്തോഷ് കുമാര്‍ എന്ന എഴുത്തുകാരന്‍ തന്റെ ഓരോ പുസ്തകത്തിലും വ്യത്യസ്തത കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന ഒരു പ്രതിഭയാണ്. അതിനു ഉദാഹരണമാണ് അദ്ദേഹത്തിന്റെ പുറത്തിറങ്ങിയ പുസ്തകവും ഇനി ഇറങ്ങാന്‍ പോകുന്ന പുസ്തകങ്ങളും.
ലോകത്തിലെ ഏറ്റവും ചെറിയ രാമായണം എന്നത് പലരും കേള്‍ക്കുന്നത് തന്നെ ആദ്യമായിട്ടായിരിക്കും. ലോകത്തിലെ തന്നെ ആദ്യത്തെ ഏറ്റവും ചെറിയ സൂക്ഷ്മ സംക്ഷിപ്ത രാമായണമാണ് സന്തോഷ് കുമാര്‍ തയ്യാറാക്കിയിരിക്കുന്നത്.
അഞ്ച് മില്ലീമീറ്റര്‍ നീളവും അഞ്ച് മില്ലീമീറ്റര്‍ വീതിയുമാണ് ഈ പുസ്തകത്തിനുള്ളത്. ലെന്‍സിന്റെ സഹായത്തോടെ മാത്രമേ വായിക്കാന്‍ കഴിയുകയുളളു എന്നതാണ് കൗതുകം. വാത്മീകി രാമായണത്തിലെ ഒന്നും രണ്ടും ഭാഗങ്ങളിലുടെയുളള രാമായണത്തിന്റെ യാത്രയാണ് ഈ പുസ്തകം.
അവിടം കൊണ്ട് തീരുന്നില്ല ഈ പുസ്തകത്തിന്റെ പ്രത്യേകതകള്‍. മലയാളത്തിലെ 51 അക്ഷരങ്ങളായ ‘അ’ മുതല്‍ ‘റ’ വരെയുള്ള അക്ഷരങ്ങള്‍ വച്ചാണ് തയ്യാറാക്കിരിക്കുന്നത്. 201 പേജുകളിലായി 603 വാക്കുകളാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. ലെന്‍സുകള്‍ ഉപയോഗിച്ച് വായിക്കാന്‍ കഴിയാത്തവര്‍ക്കായി, ഒരു ചെറിയ പതിപ്പും ഇറക്കിയിട്ടുണ്ട്.
രാമായണത്തിലെ ശ്രീരാമന്റെ ഇളയ സഹോദരനായ ശത്രുഘ്‌നനെ കുറിച്ചുളള മലയാളത്തിലെ ആദ്യ നോവലായ ‘ശത്രുഘ്‌ന മൗനം’ എന്ന പേരില്‍ മറ്റൊരു പുസ്തകവും ആറ്റൂര്‍ സന്തോഷ് കുമാര്‍ രചിച്ചിട്ടുണ്ട്.
അതിനുപുറമെ, 2024 ജൂലൈ 14 ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് തൃശൂര്‍ കേരള സാഹിത്യ അക്കാദമി വൈലോപ്പള്ളി ഹാളില്‍ അദ്ദേഹത്തിന്റെ പുതിയ പുസ്തകമായ ”അക്ഷരമുഖി അത്ഭുത കണ്ണാടിയിലെ അക്ഷരങ്ങള്‍” എന്ന കുട്ടികള്‍ക്കായുള്ള ബാലശാസ്ത്രകഥസാഹിത്യ പുസ്തകം പ്രകാശനം ചെയ്യുകയാണ്. അതിന്റെ ഒരുക്കത്തിലാണ് അദ്ദഹം ഇപ്പോള്‍. പുസ്തകത്തിന്റെ പേര് പോലെ തന്നെ കണ്ണാടി ഉണ്ടെങ്കില്‍ മാത്രമേ പുസ്തകം വായിക്കാന്‍ സാധിക്കുകയുള്ളൂ, പുസ്തകത്തിന്റെ കൂടെത്തന്നെ കണ്ണാടിയും ലഭ്യമാകുന്ന തരത്തിലാണ് വിപണിയിലേക്ക് ഇറങ്ങാന്‍ പോകുന്നത്.
50 വര്‍ഷത്തെ പാരമ്പര്യമുള്ള എസെന്‍സ് പ്രിന്റിംഗ് പ്രസ് എന്ന സ്ഥാപനം അച്ഛന്‍ ശിവന്‍ പി നായരോടൊപ്പം പങ്കാളിയായി നടത്തി വരുന്ന സമയത്താണ് ആറ്റൂര്‍ സന്തോഷ് കുമാറിന്, മറ്റ് പ്രസുകളില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആശയം തോന്നിയത്. അപ്പോഴായിരുന്നു കൊറോണ മഹാമാരി സമയത്ത് ഒരു സൂക്ഷ്മാണുവിന് ലോകത്തെ ജനങ്ങളെ മുഴുവന്‍ വീട്ടിലിരുത്താന്‍ സാധിക്കുമെങ്കില്‍ എന്തുകൊണ്ട് രാമായണം പോലത്തെ പുസ്തകത്തെ സൂക്ഷ്മ സംക്ഷിപ്ത രൂപത്തില്‍ ഇറക്കിക്കൂടാ എന്ന് ചിന്തിച്ചു തുടങ്ങിയത്. അവിടെനിന്നാണ് ഇതിനെല്ലാം തുടക്കമിട്ടത്. തന്റെ കഠിനാധ്വാനത്തിന്റെ ഫലമായി ലോകത്തിലെ ആദ്യത്തെ സൂക്ഷ്മ സംക്ഷിപ്ത രാമായണത്തിന് ടാലന്റ് റെക്കോഡ് ബുക്കും വേള്‍ഡ് റെക്കോര്‍ഡ് അംഗീകാരവും ലഭിച്ചു.