പ്രതിസന്ധികളെ തരണം ചെയ്യാന്‍ നുറുങ്ങുവിദ്യയില്‍ ആതിര വിനോദിന്റെ സംരംഭപരീക്ഷണം; കേരളത്തിന്റെ MSME മേഖലയ്ക്ക് മുതല്‍ക്കൂട്ടായി ‘ATHI’S HERBALS’
സഹ്യന്‍ ആര്‍.
‘An Entrepreneurial Initiative that can be marked as an in-dicator of the growth of MSME Sector’
കുടുംബത്തിന്റെ നെടുംതൂണായ സ്ത്രീകള്‍ ജീവിത പ്രതിസന്ധികളോടു പൊരുതാന്‍ നിശ്ചയദാര്‍ഢ്യത്തോടെ കൈക്കൊള്ളുന്ന ചില തീരുമാനങ്ങളുടെ ഫലമായാണ് പലപ്പോഴും ചെറുകിട സംരംഭങ്ങള്‍ ഉയര്‍ന്നുവരുന്നത്.ഹെഡ് ലോഡറായ ഭര്‍ത്താവിന് ഒരപകടം സംഭവിച്ചതിനെ തുടര്‍ന്നുണ്ടായ സാഹചര്യത്തില്‍ മൂന്ന് കുട്ടികളടങ്ങിയ കുടുംബത്തെ ചേര്‍ത്തുപിടിക്കാന്‍ സ്വന്തമായി വരുമാനം ഉണ്ടാക്കുക എന്ന ദൃഢനിശ്ചയത്തോടെയാണ് ഇടുക്കി കട്ടപ്പന സ്വദേശി ആതിര വിനോദ് തനിക്കറിയാവുന്ന ‘എണ്ണ കാച്ചലിന്റെ’ നുറുങ്ങുവിദ്യയുമായി ഹെയര്‍ ഓയില്‍ നിര്‍മാണ സംരംഭം ആരംഭിച്ചത്.വിവിധയിനം ഹെര്‍ബല്‍ പ്രോഡക്ടുകളുമായി മുന്നേറുന്ന ‘ATHI’S HERBALS’ എന്ന ആ സംരംഭം രണ്ടര വര്‍ഷം ആകുമ്പോഴേക്കും കേരളത്തിന്റെ സൂക്ഷ്മസംരംഭ രംഗത്തെ സ്ത്രീശബ്ദമായി മാറിക്കഴിഞ്ഞു.
വളരെ ചെറുപ്പത്തിലെ വിവാഹിതയായ ആതിര വിനോദ് കുടുംബത്തോടൊപ്പം സന്തുഷ്ടമായി മുന്നോട്ടു പോകുമ്പോഴാണ് ഭര്‍ത്താവിന് ഒരു അപകടമുണ്ടായി സര്‍ജറി ചെയ്യേണ്ടി വരുന്നത്. ജീവിതം തെല്ലൊരല്പം പരുങ്ങലിലായപ്പോള്‍ സ്വന്തമായി വരുമാനം ഉണ്ടാക്കുന്നതിനെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങി. സമൃദ്ധമായ സ്വന്തം തലമുടിയുടെ പരിപാലനത്തിനായി വീട്ടില്‍ കാച്ചിയ എണ്ണ സ്ഥിരമായി ഉപയോഗിക്കുമായിരുന്നു.അമ്മയില്‍ നിന്നും എണ്ണ കാച്ചലിന്റെ കൂട്ട് പഠിച്ച ആതിര എന്തുകൊണ്ട് ഒരു ഹെയര്‍ഓയില്‍ നിര്‍മാണ യൂണിറ്റ് ആരംഭിച്ചുകൂടാ എന്ന ചിന്തയിലേക്കെത്തി.
പൊതുവേ വീട്ടില്‍ തയ്യാറാക്കാറുള്ള കാച്ചെണ്ണയുടെ ഹെര്‍ബല്‍ ഗുണനിലവാരത്തെപ്പറ്റി ഉത്തമ ബോധ്യമുണ്ടായിരുന്നതിനാല്‍ താന്‍ ഉണ്ടാക്കുന്ന പ്രോഡക്റ്റ് ജനങ്ങള്‍ ഏറ്റെടുക്കുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു.ഔപചാരികമായി ഇത്തരത്തിലൊരു സംരംഭത്തിലേക്ക് കടക്കുന്നതിനു മുന്‍മ്പ് പ്രോഡക്റ്റ് നിര്‍മിക്കാന്‍ സ്വന്തം നിലയ്ക്ക് ക്രിയേറ്റീവായ എന്തെങ്കിലും ആശയം കൊണ്ടുവരണമെന്ന് ആതിരയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് കോവിഡ് കാലത്ത് ഏറെ ഔഷധമൂല്യം കല്‍പ്പിച്ചിരുന്ന ‘കരിഞ്ചീരകം’ (Black Seed) ഹെയര്‍ ഓയില്‍ നിര്‍മാണത്തിന് ഉപയോഗിക്കാം എന്ന ആശയത്തിലേക്ക് എത്തുന്നത്.
കേവലം എസ്എസ്എല്‍സി വിദ്യാഭ്യാസം മാത്രമേയുള്ളൂവെങ്കിലും ഉന്നതവിദ്യാഭ്യാസ നിലവാരമെന്നോണം വളരെ ശാസ്ത്രീയമായാണ് ഒരു പ്രോഡക്റ്റ് അവതരിപ്പിക്കുന്നതിന് മുന്‍പുള്ള ‘ഹോംവര്‍ക്ക്’ ആതിര പൂര്‍ത്തിയാക്കിയത്. കരിഞ്ചീരകത്തിന്റെ ശാസ്ത്രീയമായ പ്രത്യേകതകളെക്കുറിച്ചൊക്കെ വളരെ വിശദമായിത്തന്നെ ഇന്റര്‍നെറ്റിലൂടെ ഒരു ഗവേഷണം നടത്തി.അങ്ങനെ വളരെയധികം ‘മെഡിസിനല്‍ വാല്യു’ ഉള്ള ഒരു ഹെയര്‍ ഓയില്‍ പ്രോഡക്ട് മാര്‍ക്കറ്റില്‍ അവതരിപ്പിക്കാന്‍ സജ്ജമാക്കി.
യാതൊരുവിധ ലേബലുമില്ലാതെ, സുഹൃത്തുക്കള്‍ക്ക് മാത്രം നല്‍കിക്കൊണ്ടായിരുന്നു Athi’s Herbal Black Seed Hair Growth Oil ആദ്യമായി അവതരിപ്പിക്കുന്നത്. തുടക്കം ഗംഭീരമായി എന്നുതന്നെ പറയാം. ഉപയോഗിച്ചവര്‍ മറ്റൊരാള്‍ക്ക് ശുപാര്‍ശ ചെയ്തതിലൂടെ ആദ്യ പ്രോഡക്റ്റിന് ക്രമേണ ആവശ്യക്കാരേറി വന്നു. തുടര്‍ന്ന് തന്റെ സ്ഥാപനത്തെ കുറച്ചുകൂടി ഔപചാരികമായ രീതിയിലുള്ള ചെറുകുട വ്യവസായമാക്കുക എന്ന ലക്ഷ്യത്തോടെ എം.എസ്.എം.ഇ സര്‍ട്ടിഫിക്കറ്റും പാക്കിംഗ് ലൈസന്‍സും എടുത്തു.
ആരംഭിച്ചു കഴിഞ്ഞാല്‍ പിന്നെ ബിസിനസിന്റെ നൈരന്തര്യം നിലനിര്‍ത്തുക എന്നതാണല്ലോ പ്രധാന വെല്ലുവിളി. ആ സമയങ്ങളിലൊക്കെ ആവശ്യക്കാര്‍ക്ക് നല്‍കുന്നതിനായി രാത്രി ഉറക്കമിളച്ചിരുന്നാണ് ആതിര ഹെയര്‍ ഓയില്‍ ഉണ്ടാക്കിയിരുന്നത്. അതോടൊപ്പം ഡാന്‍ഡ്രഫ് ഓയില്‍, ബേബി ഹെയര്‍ ഓയില്‍, ബേബി മസാജ് ഓയില്‍, താളി പൗഡര്‍ തുടങ്ങി നിരവധി ഹെര്‍ബല്‍ പ്രോഡക്റ്റുകളും നിര്‍മിച്ചു തുടങ്ങി. ഇന്ന് അനേകം ഉപഭോക്താക്കള്‍ക്ക് ഹെയര്‍ ഓയില്‍ ഹെര്‍ബല്‍ പ്രോഡക്ടുകളുടെ പ്രിയപ്പെട്ട ‘ചോയിസ്’ ആയി മാറിയിരിക്കുകയാണ് ‘ആതിസ് ഹെര്‍ബല്‍സ്’ എന്ന ആതിര വിനോദിന്റെ എളിയ സംരംഭം.
നമ്മുടെ സൂക്ഷ്മചെറുകിട സ്ത്രീ സംരംഭകര്‍ക്ക് വലിയ ബിസിനസ് തലങ്ങളിലേക്ക് ചിന്തിക്കാനും വളരാനുമുള്ള കരുത്തുണ്ടെന്നതിന് മികച്ച ഉദാഹരണമാണ് ആതിര. നിലവില്‍ ബിസിനസ് ചെയ്തുവരുന്ന ഹെര്‍ബല്‍ പ്രോഡക്ടുകളെ ഒരു ‘ബ്രാന്‍ഡ്’ ആക്കി മാറ്റുകയും അതോടൊപ്പം സ്വന്തമായി ഷോപ്പ് ആരംഭിച്ച്, പതിയെ ആതിസ് ഹെര്‍ബല്‍സില്‍ നിന്നും ‘ആതിസ് ഹെര്‍ബല്‍സ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന ഒരു കമ്പനി ആക്കി മാറ്റുക എന്നാണ് ഈ യുവ സംരംഭക ഇപ്പോള്‍ ലക്ഷ്യമിട്ടിരിക്കുന്നത്. അതിനായി ISO, ഓര്‍ഗാനിക്, സര്‍ട്ടിഫിക്കറ്റുകള്‍ പോലുള്ള ഔ ദ്യോഗിക അംഗീകാരങ്ങള്‍ക്കായുള്ള ശ്രമത്തിലാണ്.വൈകാതെ അതൊക്കെ സാധ്യമായി കട്ടപ്പനയില്‍ നിന്നും വിശാലമായ ബിസിനസ് ലോകത്തേക്ക് ആതിര വിനോദ് ഉയരട്ടെ എന്ന് നമുക്ക് ആശംസിക്കാം.
Contact No: 7907713741