പാചകം എന്ന കലയിലൂടെ ഇന്ത്യയില്‍ നമ്പര്‍ വണ്‍ ആയ ‘അശ്വതി ഹോട്ട് ചിപ്‌സ്’
നല്ല ഭക്ഷണം ഉണ്ടാക്കുകയും മറ്റുള്ളവര്‍ക്ക് മനസ്സറിഞ്ഞ് വിളമ്പികൊടുക്കുകയും ചെയ്യുന്നതില്‍ സംതൃപ്തി കണ്ടെത്തുന്ന ഒട്ടേറേ പേരുണ്ട്. അത്തരത്തിലാണ്, കൊടുങ്കാറ്റിനു പോലും തോല്പിക്കാന്‍ കഴിയാത്ത മനക്കരുത്തുള്ള, ‘കൈപുണ്യം’ വരദാനം പോലെ ലഭിച്ച ഇളവരശി എന്ന സംരംഭക ‘അശ്വതി ഹോട്ട് ചിപ്‌സ്’ എന്ന സംരംഭം പടുത്തുയര്‍ത്തിയത്. ചിപ്‌സുകള്‍ മാത്രമല്ല അച്ചാര്‍, മിക്ച്ചര്‍, അച്ചപ്പം തുടങ്ങി 300 ഓളം പഹാരങ്ങളും മറ്റ് ബേക്കറി സാധനങ്ങളും ഇളവരശിയുടെ അശ്വതി ഹോട്ട് ചിപ്‌സ് എന്ന സ്ഥാപനത്തില്‍ ലഭ്യമാണ്.
ദുരന്തങ്ങള്‍ നിരന്തരം വേട്ടയാടിയിട്ടും അവയെല്ലാം തരണം ചെയ്ത് പൊരുതി വിജയിച്ചയാളാണ് ഇളവരശി. പരിശ്രമിച്ചാല്‍ സാധിക്കാത്തതായി ഒന്നും തന്നെയില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ വനിത സംരംഭക. തൃശൂരില്‍ ഒന്നിലധികം സ്ഥാപനങ്ങളുള്ള ‘അശ്വതി ഹോട്ട് ചിപ്‌സി’ന്റെ സാരഥി ഇളവരശിയുടെ സ്വദേശം തമിഴ്‌നാട് ഉസ്സലാംപെട്ടിയാണ്. ‘ലൈവ് കിച്ചനു’ള്ള സ്ഥാപനങ്ങളാണ് അശ്വതി ഹോട്ട് ചിപ്‌സിന്റേത്.
മാതാപിതാക്കള്‍ കേരളത്തില്‍ എത്തി താമസക്കാരാക്കിയ പലഹാര കച്ചവടക്കാരായിരുന്നു. തന്റെ 18-ാം വയസ്സിലാണ് ഇളവരശിയുടെ വിവാഹം നടക്കുന്നത്. വിവാഹിതയായ ഇളവരശി, പിന്നീട് സ്വന്തമായി ബേക്കറി ബിസിനസ് ആരംഭിച്ചു. വീട്ടില്‍നിന്ന് മധുരപലഹാരങ്ങളും ലഘുഭക്ഷണങ്ങളും ഉണ്ടാക്കുകയും അവ തൊട്ടടുത്ത കടകളിലും വീടുകളിലും മറ്റും വില്‍ക്കാനും തുടങ്ങി.
പ്രത്യേകിച്ച് വരുമാനമൊന്നും ഇല്ലാതിരുന്നപ്പോള്‍, താന്‍ കണ്ടു വളര്‍ന്ന തന്റെ മാതാപിതാക്കളുടെ കച്ചവടം തന്നെയായിരുന്നു ബിസിനസ് തുടങ്ങാന്‍ ഇളവരശിക്ക് പ്രചോദനമായത്. ചെറിയ കടകളില്‍ തുടങ്ങി മാര്‍ജിന്‍ ഫ്രീ, വലിയ സൂപ്പര്‍മാര്‍ക്കറ്റുകളിലേക്ക് പലഹാരങ്ങള്‍ ഉണ്ടാക്കി വില്ക്കാന് തുടങ്ങി. പിന്നീട് ലേബലിങ്, സെയില്‍സ് തുടങ്ങി ബിസിനസ് ഘട്ടം ഘട്ടമായി പഠിച്ച ഇളവരശി പതുക്കെ മികച്ച ജീവിത നിലവാരത്തില്‍ എത്തിച്ചേര്‍ന്നു. 2010 ലാണ് സ്വന്തമായി ഒരു സൂപ്പര്‍മാര്‍ക്കറ്റ് എന്ന തന്റെ സ്വപ്‌ന സാക്ഷാത്കാരത്തിലേക്ക് അവര്‍ എത്തിയത്…!
‘ലൈവ് ബേക്കറി’യൊക്കെയായി കച്ചവടം പൊടിപൊടിച്ചു. എന്നാല്‍ രണ്ടുകൊല്ലം കഴിഞ്ഞപ്പോഴാണ്, ഇളവരശിയുടെ ജീവിതത്തില്‍ ആ ദുരന്തം സംഭവിക്കുന്നത്… ഇളവരശിയുടെ വീട്ടില്‍ മോഷണം നടക്കുകയും സാമ്പത്തിക നഷ്ടം ഉണ്ടാകുകയും അതുവഴി ബിസിനസ് നഷ്ടത്തിലാവുകയും ചെയ്തു. പിന്നെ ഇളവരശിയെ കാത്തിരുന്നത് വന്‍ കടക്കെണി ആയിരുന്നു.
കഷ്ടപ്പെട്ട് ഉണ്ടാക്കിയ സൂപ്പര്‍ മാര്‍ക്കറ്റ് നഷ്ടമായി… ആറ് മാസത്തോളം ഇളവരശി കിടപ്പിലായി… വീട് ജപ്തിചെയ്യുന്ന അവസ്ഥ വരെയെത്തി… എന്നാല്‍ ജില്ലാ ബാങ്ക് മാനേജര്‍ കടമായി നല്‍കിയ അഞ്ച് ലക്ഷം രൂപ കൊണ്ട് അവര്‍ വീട് തിരിച്ചെടുത്തു. പിന്നെ, എല്ലാം ആദ്യം മുതല്‍ തുടങ്ങി. മണ്ണുത്തി ടൗണില്‍ തട്ടുകട തുടങ്ങി, പലഹാരങ്ങള്‍ ഉണ്ടാക്കി വില്ക്കാന് തുടങ്ങി. ഒളിച്ചിരിക്കാതെ, നാടു വിടാതെ ബിസിനസ്സിന്റെ വളര്‍ച്ചയ്ക്ക് കടം നല്കി സഹായിച്ചവര്‍ക്ക് അത് തിരിച്ച് നല്‍കും എന്ന് തലയുയര്‍ത്തി നിന്ന് അവര്‍ ഉറപ്പ് നല്‍കി. പിന്നീട്, അവിടെ നിന്നും ശക്തന്‍ സ്റ്റാന്റിനു മുന്നില്‍ വൈദ്യുതിയും വെള്ളവും പോലും കിട്ടാത്ത വാടക മുറിയില്‍ കച്ചവടം തുടങ്ങി. പതിയെ ചിപ്‌സ് ഉണ്ടാക്കുന്ന കടയിലേക്ക് വളര്‍ത്തി.
2017 ല്‍ അവര്‍ അശ്വതി ഹോട്ട് ചിപ്‌സിന്റെ ആദ്യത്തെ സ്ഥാപനം ആരംഭിച്ചു. അന്നത്തെ മന്ത്രി സുനില്‍കുമാര്‍ അത് ഉദ്ഘാടനം ചെയ്തു. പിന്നീട് ഇളവരശിയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2018 -ല്‍ രണ്ട് സ്ഥാപനങ്ങള്‍ കൂടി ആരംഭിച്ചു. ഒരു സ്ഥാപനം കേക്കുകള്‍ക്ക് മാത്രം. ‘ലൈവ് കിച്ചന്‍’ ആണ് ഇവരുടെ പ്രധാന പ്രത്യേകത. കൊറോണ വന്നപ്പോള്‍ പോലും തളരാതെ തന്റെ പ്രധാന സ്ഥാപനം വിപുലീകരികരിക്കുകയും കേരളത്തിലും പുറത്തും ഓണ്‍ലൈന്‍ വിപണനം ആരംഭിക്കുകയും ചെയ്തു. വിദേശത്ത് ഉള്‍പ്പെടെ കയറ്റുമതി ചെയ്യുന്ന 15 സ്ഥാപനങ്ങളാണ് അശ്വതി ഹോട്ട് ചിപ്‌സിന് ഇന്നുള്ളത്. കൂടാതെ എക്‌സ്‌പോര്‍ട്ടിങ്ങിനായി കിന്‍ഫ്രയില്‍ ഒരു ഫാക്ടറി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍.
ഇന്ന് ഒരു ബിസിനസുകാരി എന്നതിനപ്പുറം ഒരു മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയാണ് ഇളവരശി. വിദ്യാഭ്യാസം എന്നതിന് അപ്പുറം ഈ ലോകത്ത് എങ്ങനെ ജീവിക്കണം എന്ന് ഇനി വരുന്ന തലമുറയ്ക്ക് പറഞ്ഞു നല്‍കുക എന്ന ലക്ഷ്യമാണ് ഈ സംരംഭയ്ക്ക്. അതൊടൊപ്പം മികച്ച സംരംഭകയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്, ഇന്ത്യയിലെ മികച്ച സംരഭകയ്ക്കുള്ള അമേരിക്കന്‍ പീസ് കൗണ്‍സില്‍ അവാര്‍ഡ്, ബ്രിട്ടനില്‍ നിന്നും ഡോക്ടറേറ്റ് തുടങ്ങി 600ല്‍ അധികം ബഹുമതികളും ഇളവരശിയെ തേടിയെത്തിയിട്ടുണ്ട്.