ഡ്രീം ക്രാഫ്റ്ററിലൂടെ ഓര്‍മകള്‍ക്ക് പകിട്ടേകി അര്‍ഷ
അലങ്കാര വസ്തുക്കളോട് പ്രത്യേക താത്പര്യമാണ് എല്ലാവര്ക്കും. കണ്ണിന് കുളിര്മയേകുന്നതും ആളുകളെ ആകര്‍ഷിക്കുന്നതുമായ വസ്തുക്കള്‍ സ്വീകരണ മുറികളിലും കിടപ്പുമുറികളിലുമായി അലങ്കരിച്ച് മോടി കൂട്ടുന്നതില്‍ ശ്രദ്ധിക്കുന്നവരാണ് നാമെല്ലാവരും. എന്നാല്‍ അവ നമ്മുടെ ജീവിതത്തിലെ പ്രധാനപ്പെട്ട മുഹൂര്‍ത്തങ്ങളെ എക്കാലവും ഓര്‍മ്മപ്പെടുത്തുന്നവ ആയിരുന്നെങ്കില്‍ എന്ന് ചിന്തിച്ചിട്ടുണ്ടോ. അത്തരത്തില്‍ സന്തോഷ മുഹൂര്‍ത്തങ്ങളെ പുതുമയുള്ള ഓര്‍മകളാക്കി മാറ്റുകയാണ് ഡ്രീം ക്രാഫ്റ്ററായ അര്‍ഷ.
തിരുവനന്തപുരം അരുവിക്കര സ്വദേശിയായ അര്‍ഷക്ക് ചെറുപ്പം മുതല്‍ ആര്‍ട്ട് വര്‍ക്കുകളോട് പ്രത്യേക താത്പര്യമായിരുന്നു. ബി.ഫാം വിദ്യാര്‍ത്ഥിനിയായ അര്‍ഷ കോവിഡ് കാലത്ത് ഒരു വിനോദം എന്ന നിലയിലാണ് ഡ്രീം ക്രാഫ്റ്റര്‍ ആരംഭിച്ചത്. ഡ്രീം ക്യാച്ചര്‍, റെസിന്‍ ആര്‍ട്ട്, എംബ്രോയിഡറി, ഡ്രോയിങ്, പെന്‍സില്‍ സ്കെച്ച് തുടങ്ങി ഹാന്റ് മെയ്ഡ് ആയ എല്ലാ ക്രാഫ്റ്റുകളും അര്‍ഷക്ക് സുപരിചിതമാണ്. അങ്ങനെ അധികം താമസിയാതെ ഒരു സംരംഭകയിലേക്ക് വഴിമാറുകയായിരുന്നു ഈ വിദ്യാര്‍ത്ഥിനി. എന്നാല്‍ പഠനവും തന്റെ പാഷനോടൊപ്പം കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന അര്‍ഷ ഇപ്പോള്‍ ഒരു വര്‍ഷത്തോളമായി റെസിന്‍ ആര്‍ട്ടില്‍ മാത്രമാണ് ചെയ്തുവരുന്നത്.
ജീവിതത്തിലെ സന്തോഷ മുഹൂര്‍ത്തങ്ങളെ എക്കാലവും ഓര്‍മിക്കാന്‍ സാധിക്കുന്ന രീതിയില്‍ മെനഞ്ഞെടുക്കുകയാണ് അര്‍ഷ. വിവാഹ മൂഹൂര്‍ത്തങ്ങള്‍, കുട്ടികളുടെ ജനനം, പിറന്നാള്‍, പ്രത്യേക ദിനങ്ങള്‍ തുടങ്ങിയ എല്ലാ മൂഹൂര്‍ത്തങ്ങളും അതുമായി ബന്ധപ്പെട്ട വസ്തുക്കളിലൂടെ എക്കാലവും ഓര്‍മിക്കുന്ന രീതിയില്‍ ചിത്രീകരിക്കുകയാണ് ഈ സംരംഭക.
ഉപഭോക്താക്കള്‍ നല്കുന്ന അവരുടെ ഇഷ്ടപ്പെട്ട വസ്തുക്കള്‍ അതിമനോഹരമായി അലങ്കരിച്ചാണ് ഓരോ വര്‍ക്കുകളും അര്‍ഷ പൂര്‍ത്തിയാക്കുന്നത്. അര്‍ഷയുടെ കരവിരുതില്‍ വിരിയുന്ന റെസിന്‍ ആര്‍ട്ട് വര്‍ക്കുകള്‍ കണ്ടാല്‍ അവ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെയാണ് ഡ്രീം ക്രാഫ്റ്റര്‍ ജനശ്രദ്ധ നേടിയതും.
ഡ്രീം ക്രാഫ്റ്റര്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ആര്‍ട്ട് വര്‍ക്കുകളുടെ വിപണി കണ്ടെത്തിയിരിക്കുന്നത്. കൂടാതെ നേരിട്ടെത്തി ഓര്‍ഡറുകള്‍ നല്‍കുന്നവരുമുണ്ട്. ഇവയ്ക്ക് പുറമെ റെസിന്‍ ആര്‍ട്ടില്‍ ഓണ്‍ലൈന്‍, ഓഫ് ലൈന്‍ വര്‍ക്ക്ഷോപ്പുകളും അര്‍ഷ ഇപ്പോള്‍ നടത്തിവരുന്നുണ്ട്. എന്തായാലും പഠനത്തോടൊപ്പം ഒരു വരുമാനം കൂടി കണ്ടെത്താനുള്ള അര്‍ഷയുടെ ശ്രമം യുവതീയുവാക്കള്‍ക്ക് എന്നും മാതൃക തന്നെയാണ്.