“Architects Capturing Architecture”; ആര്‍ക്കിടെക്ചറല്‍ ഫോട്ടോഗ്രഫിയുടെ അനന്തസാധ്യതകളുമായി ‘Marc Frames’
ഓര്‍മകളെ സൂക്ഷിക്കാനുള്ള ഒരു എളുപ്പവഴിയാണ് ഫോട്ടോഗ്രഫി. കടന്നുപോകുന്ന ഓരോ മുഹൂര്‍ത്തത്തെയും തനിമയോടെ ഒപ്പിയെടുക്കാന്‍ സാധിക്കുന്ന അത്ഭുതം. വിവിധ മേഖലകളുമായി ബന്ധപ്പെട്ട് വ്യാപിച്ചുകിടക്കുന്ന ഫോട്ടോഗ്രാഫിയുടെ നൂതനസാധ്യതകളെ തുറന്നുകാട്ടുകയാണ് ആര്‍ക്കിടെക്ചറല്‍ ഫോട്ടോഗ്രഫി. വാസ്തുവിദ്യയുടെ വശ്യമായ സൗന്ദര്യവും പ്രത്യേകതകളും വിളിച്ചേതുന്ന ഉയര്‍ന്ന നിലവാരമുള്ള ചിത്രങ്ങള്‍ പകര്‍ത്തുന്ന പ്രൊഫഷണല്‍ ആര്‍ക്കിടെക്ടറല്‍ ഫോട്ടോഗ്രഫി ആന്റ് സിനിമാറ്റോഗ്രാഫി സ്ഥാപനമാണ് തൃശൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന Marc Frames.
തൃശൂര്‍ സ്വദേശിയായ ആന്റണി ജോബിയുടെ സ്വപ്‌നസാഫല്യമാണ് ഈസ്ഥാപനം. ചെറുപ്പം മുതല്‍ ഫോട്ടോഗ്രഫിയോട് പ്രത്യേക താത്പര്യമായിരുന്നു ആന്റണിക്ക്. വളര്‍ന്നപ്പോള്‍ ആ താത്പര്യം പാഷനായി മാറുകയായിരുന്നു. ഉന്നതപഠനത്തിനായി ആര്‍ക്കിടെക്ചര്‍ തിരഞ്ഞെടുത്തതോടെയാണ് ആന്റണിക്ക് തന്റെ പാഷനെ പ്രൊഫഷനാക്കി മാറ്റാനുള്ള സാഹചര്യം വന്നുചേര്‍ന്നത്.
നാലാം വര്‍ഷത്തെ ഇന്റേണല്‍ഷിപ്പിന്റെ ഭാഗമായി പ്രവേശിച്ച സ്ഥാപനത്തിലെ ചീഫ് ആര്‍ക്കിടെക്ടായ മനുരാജ് സി.ആര്‍ ആണ് ആദ്യമായി ആര്‍ക്കിടെക്ചര്‍ ഫോട്ടോ എടുക്കുന്നതിനായി ആന്റണിക്ക് അവസരം നല്‍കിയത്. ഇതോടെ ആന്റണിയുടെ ഉള്ളിലെ ഫോട്ടോഗ്രാഫറെ തിരിച്ചറിഞ്ഞ അദ്ദേഹം ഇതൊരു ഫ്രൊഫഷനാക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു.
ഇതോടെ ബിസിനസ് എന്ന ചിന്ത മനസിലെത്തിയ ആന്റണി 2020-ല്‍ മൂന്നാം വര്‍ഷത്തെ പഠനത്തിനിടയില്‍ തന്റെ സുഹൃത്തായ ആല്‍ബിന്‍ മാത്യുവുമായി ചേര്‍ന്ന് സംരംഭം ആരംഭിക്കാന്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായി ഇരുവരും 50,000 രൂപ കടംവാങ്ങി ആദ്യ ഇന്‍വെസ്റ്റ്‌മെന്റ് എന്ന നിലയില്‍ ഫോട്ടോഗ്രഫിയുടെ ചില ഉപകരണങ്ങള്‍ വാങ്ങി. പിന്നീട് ജാക്ക് ചാണ്ടി എന്ന അധ്യാപകന്‍ വഴി ആദ്യത്തെ പെയ്ഡ് വര്‍ക്ക് ഇരുവര്‍ക്കും ലഭിച്ചു. അത് ക്ലിക്കായതോടെ സുഹൃത്തുക്കളായ വിഘ്‌നേഷ് കാര്‍ത്തിക്, അഗസ്റ്റിന്‍ കുര്യന്‍, അശ്വിന്‍ പ്രദീപ്, ഗോകുല്‍ പത്മകുമാര്‍ എന്നിവരും കൂട്ടായ്മയുടെ ഭാഗമായി. പ്രൊഫഷണലായി ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിച്ച ഇവര്‍ Marc Frames എന്ന പേരില്‍ തങ്ങളുടെ സ്വപ്‌നസംരംഭം പടുത്തുയര്‍ത്തി. തങ്ങള്‍ താമസിച്ചിരുന്ന വീട് തന്നെ ഓഫീസായി പ്രവര്‍ത്തിപ്പിച്ചാണ് പഠനത്തോടൊപ്പം ഈ വിദ്യാര്‍ത്ഥികള്‍ ബിസിനസിനെയും മുന്നോട്ടു കൊണ്ടുപോയത്.
ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 2021-ല്‍ രക്ഷിതാക്കളില്‍ നിന്നും 50,000 രൂപ വാങ്ങി മൂന്ന് ലക്ഷം രൂപ ഇന്‍വെസ്റ്റ് ചെയ്ത് ക്യാമറ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ വാങ്ങുകയും കമ്പനി ഒഫീഷ്യലായി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. അങ്ങനെ ഒരു വര്‍ഷത്തെ കഠിനാധ്വാനത്തിന് ശേഷം വീട്ടുകാരില്‍ നിന്നും വാങ്ങിയ പണം തിരികെ നല്‍കാന്‍ ഇവര്‍ക്ക് കഴിഞ്ഞു. വളരെകുറഞ്ഞ കാലത്തിനുള്ളില്‍തന്നെ Marc Frames ന് ഈമേഖലയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ സാധിച്ചു.
മനുരാജ് സി.ആര്‍, മനോജ് മധു, ജാക്ക് ചാണ്ടി, ജോസഫ് സര്‍ തുടങ്ങിയവരുടെ പ്രോത്സാഹനം വളര്‍ച്ചയുടെ ഓരോ ചുവടുകളിലും ഇവര്‍ക്ക് താങ്ങായി നിന്നു. വിദ്യാഭ്യാസത്തിന് ശേഷം സംഘത്തിലെ മൂന്ന് പേര്‍ ഉപരിപഠനത്തിന്റെ ഭാഗമായി വഴിപിരിഞ്ഞെങ്കിലും ആന്റണി, ആല്‍ബിന്‍, വിഘ്‌നേഷ് എന്നിവര്‍ സ്ഥാപനത്തിന്റെ ഉയര്‍ച്ചയ്ക്കായി ഇപ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്.
കുറഞ്ഞ കാലത്തിനുള്ളില്‍ ദക്ഷിണേന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 60 ല്‍ അധികം വര്‍ക്കുകള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയ Marc Frames ഇന്‍സ്റ്റഗ്രാമില്‍ 10,000 ല്‍ അധികം ഫോളോവേഴ്‌സോടെയാണ് മുന്നേറുന്നത്. ചുരുങ്ങിയ കാലയളവില്‍തന്നെ Buidofy channel, Architects diary തുടങ്ങിയ പ്രമുഖ രാജ്യാന്തര ആര്‍കിടെക്ചര്‍ മാഗസിനുകളില്‍ ഇവരുടെ വര്‍ക്കുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
സ്ഥാപനത്തിന്റെ വളര്‍ച്ച ആഗ്രഹിക്കുന്ന മൂവരും ആര്‍ക്കിടെക്ചറല്‍ സ്റ്റുഡിയോ എന്ന നിലയില്‍ Marc Studio, Marc Builders, ത്രിഡി വിഷ്വലൈസേഷനായി Marc Viz എന്നീ സ്ഥാപനങ്ങളും ആരംഭിക്കണമെന്ന ആഗ്രഹവുമായാണ് ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. അതിനായി തങ്ങളുടെ ടീം വലുതാക്കാനുള്ള ശ്രമത്തിലാണ് മൂവരും.
ഇവരുടെ എല്ലാപ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കി കുടുംബം കൂടെത്തന്നെയുണ്ട്.