EntreprenuershipSuccess Story

അരണ്യവേദ വെല്‍നസ്സ് ; സ്ത്രീകള്‍ക്ക് ഇവിടം ‘സേഫാ’ണ്

ഏറെ തിരക്കേറിയ ഈ ലോകക്രമത്തില്‍ അനുദിനം പ്രാധാന്യം വര്‍ദ്ധിക്കുന്ന ഒരു സേവന മേഖലയാണ് ഹെല്‍ത്ത് & വെല്‍നസ്സ് സെന്ററുകള്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നമ്മുടെ കേരളത്തില്‍ നിരവധി വെല്‍നസ്സ് സെന്ററുകളാണ് ആരംഭിച്ചിട്ടുള്ളത്; പ്രധാന നഗരങ്ങളില്‍ പ്രത്യേകിച്ചും. ആയുര്‍വേദ വെല്‍നസ്സ് സെന്ററുകളും നിരവധിയുണ്ട്. അങ്ങനെ നോക്കിയാല്‍ ഒന്നുറപ്പിക്കാം, ഈ മേഖലയില്‍ മത്സരത്തിന് ഒരു കുറവുമുണ്ടാകില്ല. മാത്രമല്ല, പൊടുന്നനെ തുടങ്ങുകയും ഒടുങ്ങുകയും ചെയ്തുപോയ ഉദാഹരണങ്ങള്‍ വേറെയുമുണ്ട്.

പുതുതായി ഈ മേഖലയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം പിന്തിരിഞ്ഞുപോകാന്‍ പര്യാപ്തമായ കാരണങ്ങളാണ് ഇവ. പക്ഷേ യുവ വനിതാ ഡോക്ടര്‍മാരായ ശാലിനിയ്ക്കും റോഷ്‌നിയ്ക്കും തങ്ങളുടെ കഴിവിലും അര്‍പ്പണ ബോധത്തിലും ഉറച്ച വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസത്തില്‍ നിന്നാണ് തിരുവനന്തപുരം നഗരത്തില്‍ ശാന്തമായ അന്തരീക്ഷത്തില്‍ ഏറ്റവും ‘ഒതന്റിക്കായി’ സ്ത്രീകള്‍ക്ക് പരമാവധി സുരക്ഷയുറപ്പാക്കുന്ന ഒരു ആയുര്‍വേദ സെന്റര്‍ എന്ന സ്വപ്‌നം ഉടലെടുക്കുന്നത്. ആ ചിരകാല സ്വപ്‌നത്തെ അവരുടെ ജീവിത പങ്കാളികളായ അനീഷും ഡോ. പിയൂഷും ചേര്‍ന്ന് സാക്ഷാത്കരിച്ചു നല്‍കി. അതാണ് ‘അരണ്യവേദ വെല്‍നസ്സ് സെന്റര്‍’.

സ്ത്രീകള്‍ക്ക് മാത്രമായി ഒരു പൂര്‍ണ ആയുര്‍വേദ തെറാപ്പി സെന്റര്‍ എന്ന അടിസ്ഥാന ആശയത്തില്‍ 2024 ഒക്ടോബറില്‍ ആരംഭിച്ച അരണ്യവേദയുടെ യാത്ര അഞ്ചാം മാസത്തില്‍ എത്തിനില്‍ക്കുമ്പോള്‍ പൂര്‍ണ സംതൃപ്തിയിലാണ് ഡോ. ശാലിനിയും ഡോ.റോഷ്‌നിയും. ആയുര്‍വേദ മെഡിസിനില്‍ ബിരുദാനന്തര ബിരുദധാരികളായ ഇവര്‍ ഒരു നിയോഗം പോലെ തങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ ഒന്നിക്കുകയായിരുന്നു.

സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവരുടെ സുരക്ഷിതത്വവും സ്വകാര്യതയും ഏറ്റവും പ്രധാനമാണ്. അത് മറ്റാരെക്കാളും കൂടുതല്‍ ഒരു സ്ത്രീക്ക് തന്നെയാണ് തിരിച്ചറിയാന്‍ കഴിയുന്നത്. ആ തിരിച്ചറിവാണ് അരണ്യവേദയില്‍ പ്രതിഫലിക്കുന്നതും. സ്ത്രീകള്‍ക്ക് മാത്രമാണ് ഇവിടെ പ്രവേശനം. വനിതകള്‍ മാത്രമാണ് ഇവിടെ ജീവനക്കാരായിയുള്ളത്. പൂര്‍ണമായ സുരക്ഷിതത്വം, സ്വകാര്യത, കലര്‍പ്പില്ലാത്ത ഗുണമേന്മ എന്നീ ചേരുവകളാണ് ഇവരുടെ ‘വിജയ ഫോര്‍മുല’!

ഒരു സ്ത്രീ അരണ്യവേദയുടെ പടി കടക്കുന്നത് മുതല്‍ അവരെ ഒരു കുടുംബാംഗമായാണ് പരിഗണിക്കുന്നത്. അന്തരീക്ഷവും അത്തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. നഗരത്തിലാണെങ്കിലും ശാന്തവും സ്വസ്ഥവുമായ ഇടത്താണ് വെല്‍നസ്സ് സെന്റര്‍ സ്ഥിതിചെയ്യുന്നത്. രോഗി – ഡോക്ടര്‍ ബന്ധത്തിനപ്പുറം ചികിത്സയ്‌ക്കെത്തുന്നവരെ കൃത്യമായി കേള്‍ക്കാന്‍ ഇവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. പോസ്റ്റ് നേറ്റല്‍ കെയര്‍, പ്രീ നേറ്റല്‍ കെയര്‍, റെജുവിനേഷന്‍ പാക്കേജുകള്‍, ആയുര്‍വേദ ബ്യൂട്ടി ട്രീറ്റ്‌മെന്റ്, യോഗ മെഡിറ്റേഷന്‍, സ്മൃതി മെഡിറ്റേഷന്‍, വെയിറ്റ് ലോസ് ട്രീറ്റ്‌മെന്റ്, പ്രമേഹം പോലുള്ള ജീവിതശൈലി രോഗങ്ങള്‍ തുടങ്ങി ആയുര്‍വേദവുമായി ബന്ധപ്പെട്ട ഒരുവിധം എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമാണ്.

ബ്യൂട്ടി ട്രീറ്റ്‌മെന്റ് എത്തുന്നവര്‍ക്ക് പോലും കണ്‍സള്‍ട്ടിങ്ങിനു ശേഷമാണ് സേവനം നല്‍കുക. ഓരോ വ്യക്തിയുടെയും ശാരീരിക മാനസിക ഘടനകള്‍ വ്യത്യസ്തമായതിനാല്‍ ഓരോരുത്തര്‍ക്കും കസ്റ്റമൈസ് ചെയ്ത ട്രീറ്റ്‌മെന്റാണ് കൊടുക്കുന്നത്. പരിധിയില്‍ കവിഞ്ഞ് അപ്പോയ്‌മെന്റുകള്‍ ഒരു ദിവസം ഏറ്റെടുക്കാറില്ല. ഗുണമേന്മയുള്ളതും ഫലപ്രദവുമായ സേവനം ഉറപ്പാക്കാനാണ് അത്. ഹോം സര്‍വീസുകളും നല്‍കി വരുന്നുണ്ട്.

ഒരു പ്രായം കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് സ്വയം ശ്രദ്ധിക്കാന്‍ കഴിയാതെ വരികയും മറ്റുള്ളവരെ ശ്രദ്ധിക്കേണ്ടതായും വരുന്നു. അത്തരത്തിലുള്ള നിരവധി പേര്‍ക്ക് അരണ്യവേദ ഇതിനകം ഒരു താങ്ങായി മാറിയിട്ടുണ്ട്. പ്രസവാനന്തര ചികിത്സയ്‌ക്കൊപ്പം തന്നെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് പ്രസവപൂര്‍വ്വ ചികിത്സ. ആദ്യമായി കുഞ്ഞിന് ജന്മം നല്‍കുന്ന ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം നിരവധി സംശയങ്ങളും സന്ദേഹങ്ങളും ഭയവുമൊക്കെ ഉണ്ടാവാം. ആ പ്രശ്‌നങ്ങളെയൊക്കെ നേരിടാന്‍ എല്ലാവിധ പിന്തുണയും ഇവിടെ ഉറപ്പാക്കുന്നുണ്ട്.

ആദ്യമായി വരുന്നവരും മുന്‍പ് പലയിടങ്ങളില്‍ പോയി ചികിത്സ തേടിയവരും അരണ്യവേദയിലേക്ക് എത്തുന്നുണ്ട്. മുന്‍പ് പലയിടങ്ങളില്‍ പോയി പരാജയപ്പെട്ട് ഇവിടെയെത്തി, ഇവിടുത്തെ സേവനത്തില്‍ പൂര്‍ണ തൃപ്തി രേഖപ്പെടുത്തുന്നവരുടെ പ്രതികരണങ്ങള്‍ ഏറെ പ്രചോദനം നല്‍കുന്നവയാണ്. ഇവിടെ വന്നു പോയവരുടെ റഫറന്‍സ് വഴി ചികിത്സയ്ക്ക് എത്തുന്നവരാണ് കൂടുതലും. സ്ത്രീകള്‍ക്ക് പരമാവധി സുരക്ഷിത ബോധമുറപ്പാക്കി മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കി മുന്നേറുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഈ വനിതാ ഡോക്ടര്‍മാര്‍ പറയുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button