പരാജയങ്ങളെ വിജയത്തിന്റെ ചവിട്ടുപടികളാക്കി മാറ്റിയ അറഫാത്ത്
ജീവിതത്തില്‍ അപ്രതീക്ഷിതമായി പ്രതിസന്ധികള്‍ തേടിയെത്തിയേക്കാം. ഇച്ഛാശക്തിയാല്‍ അവ തരണം ചെയ്യുന്നവര്‍ക്ക് മാത്രമേ വിജയിക്കാന്‍ സാധിക്കൂ. നമുക്ക് എന്ത് സാധിക്കില്ല എന്ന് തോന്നുന്നുവോ, അത് കഠിനാധ്വാനത്തിലൂടെ നേടാന്‍ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് മലപ്പുറം സ്വദേശിയായ അറഫാത്ത്.
ഗള്‍ഫില്‍ ജോലി ചെയ്തുവരികയായിരുന്ന അറഫാത്തിന് അവിചാരിതമായി ഡിസ്‌കുമായി ബന്ധപ്പെട്ട് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ചികിത്സയിലാകുകയും തുടര്‍ന്ന് ജോലി നഷ്ടപ്പെടുകയും ചെയ്തു. പിന്നീട് സര്‍ജറിക്ക് ശേഷം ജോലിക്ക് ശ്രമിച്ചെങ്കിലും ‘ഫിസിക്കലി ഫിറ്റല്ലെ’ന്ന കാരണത്താല്‍ അവയെല്ലാം നഷ്ടപ്പെട്ടു. ഇതോടെ സാമ്പത്തിക പ്രതിസന്ധി അലട്ടിത്തുടങ്ങിയപ്പോള്‍ മാനസികമായി തളര്‍ന്നെങ്കിലും ജീവിതത്തോട് തോറ്റുകൊടുക്കാന്‍ അറഫാത്ത് തയ്യാറല്ലായിരുന്നു.
ട്രെയിനിങ് പ്രോഗ്രാമുകള്‍ എന്നും പാഷനായിരുന്നതിനാല്‍ എന്തുകൊണ്ട് തന്റെ പാഷനെ പ്രൊഫഷനാക്കിക്കൂടേ എന്ന് അറഫാത്ത് ചിന്തിച്ചുതുടങ്ങുകയും അതിനുള്ള പരിശ്രമങ്ങള്‍ ആരംഭിക്കുകയുമായിരുന്നു. അങ്ങനെ ബിസിനസ് കോച്ച് സര്‍ട്ടിഫിക്കേഷന്‍, ലൈഫ് കോച്ച് സര്‍ട്ടിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ളവ നേടിയശേഷം ‘അറഫാത്ത് മോട്ടിവേറ്റേഴ്‌സ്’ എന്ന പേരില്‍ ബിസിനസ് കോച്ചിങ് നല്‍കാന്‍ ആരംഭിച്ചു. ഇതോടെ തന്റെ കരിയര്‍ പൂര്‍ണമായും മറ്റൊരു പ്രൊഫഷനിലേക്ക് പറിച്ചുനടുകയായിരുന്നു അറഫാത്ത്.
തന്നെ സമീപിക്കുന്നവര്‍ക്ക് ജീവിതത്തില്‍ വിജയമുണ്ടാകണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നതിനാല്‍ മണിക്കൂറുകള്‍ മാത്രം ആയുസുള്ള മോട്ടിവേഷന്‍ ട്രെയിനിങ് പ്രോഗ്രാമുകളോട് താത്പര്യമില്ലായിരുന്നു അറഫാത്തിന്. അതിനാല്‍ വ്യക്തിപരമായി ക്ലെയിന്റിന്റെ കൂടെ നിന്ന് അവര്‍ക്ക് ആവശ്യമായ ബിസിനസ് കോച്ചിംഗ് നല്‍കി ജീവിതവിജയം നേടാന്‍ സഹായിക്കുക എന്നതിലായിരുന്നു അറഫാത്ത് ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാല്‍ അപ്പോഴേക്കും അവിചാരിതമായി കോവിഡ് കാലമെത്തി. അതോടെ വീണ്ടും പ്രതിസന്ധിയിലായ അറഫാത്ത് അതിജീവനത്തിനായി പുതിയ വഴികള്‍ ആലോചിച്ചുതുടങ്ങി.
പിന്നീട് ഓണ്‍ലൈന്‍ ആയി ആഗോളതലത്തില്‍ കോച്ചിംഗ് നല്‍കുന്നതിനെക്കുറിച്ചായി ആലോചന. ഇത് അറഫാത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറുകയായിരുന്നു. അങ്ങനെ 20 രാജ്യങ്ങളില്‍ നിന്നുള്ള ട്രെയിനേഴ്‌സിനെ ഒരുകുടക്കീഴില്‍ അണിനിരത്തി 20 ദിവസത്തെ മെഗാ ഇവന്റ് സംഘടിപ്പിച്ചു. അത് വന്‍വിജയമായതോടെ ലോകത്തില്‍ ആദ്യമായി 40 രാജ്യങ്ങളില്‍ നിന്നുള്ള 40 സ്പീക്കേഴ്‌സിനെ ഉള്‍പ്പെടുത്തി 40 ദിവസത്തെ ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു. അതോടെ ആഗോളതലത്തില്‍ വിശ്വാസ്യത നേടാനും ലോക ജനശ്രദ്ധ നേടാനും അറഫാത്തിന് സാധിച്ചു.
അങ്ങനെ തുടര്‍ച്ചയായ 4 പരിപാടികള്‍ക്ക് ശേഷം ഇപ്പോള്‍ ലോകറെക്കോര്‍ഡ് നേട്ടം കൈവരിക്കാനായി തയ്യാറെടുക്കുകയാണ് ഇദ്ദേഹം. ജൂലൈ-ആഗസ്റ്റ് മാസങ്ങളില്‍ 90ല്‍പരം രാജ്യങ്ങളില്‍ നിന്നുള്ള 100 സ്പീക്കേഴ്‌സിനെ ഉള്‍പ്പെടുത്തി 15 ദിവസത്തെ ഇവന്റ് സംഘടിപ്പിക്കുന്നതിന്റെ തിരക്കിലാണ് ഇപ്പോള്‍ ഈ യുവാവ്.
കഠിനാധ്വാനത്തിന്റെ ഫലമായി യുകെ വേള്‍ഡ് ബുക്ക് ഓഫ് റെക്കോഡ്‌സിന്റെ സ്റ്റാര്‍ 2020 അവാര്‍ഡ്, 2022ല്‍ ഗ്ലോബല്‍ ഇനൊവേറ്റീവ് ലേണിങ് ഇവന്റ് ഓര്‍ഗനൈസര്‍ അവാര്‍ഡ് എന്നീ നേട്ടങ്ങള്‍ ഈ യുവാവിനെ തേടിയെത്തി. ഇപ്പോള്‍ ഒരു പോളിഷ് കമ്പനിയുമായി പാര്‍ട്ട്ണര്‍ഷിപ്പില്‍ ബിസിനസ് ആരംഭിച്ച അറഫാത്ത് വേള്‍ഡ് വുമണ്‍ ഓര്‍ഗനൈസേഷന്റെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗം കൂടിയാണ്.
‘മാസ്റ്റര്‍ യുവര്‍ ലൈഫ്’ എന്ന സങ്കല്പത്തില്‍ ഊന്നി ഒരാളുടെ ജീവിതത്തിന്റെ എല്ലാ മേഖലയിലും വിജയം നേടിക്കൊടുക്കാന്‍ ആഗ്രഹിക്കുന്ന അറഫാത്ത് അതിനായി ലോകം മുഴുവനുമുള്ള വിദഗ്ധരെ ഒരു കുടക്കീഴില്‍ അണിനിരത്തി എല്ലാ രാജ്യങ്ങളിലും സര്‍വീസ് എത്തിക്കാനാണ് ശ്രമിക്കുന്നത്.